Image

സ്‌പെക്ട്രം കേസ് പ്രധാനമന്ത്രിയുടെ അറിവോടെ: രാജ

Published on 25 July, 2011
സ്‌പെക്ട്രം കേസ് പ്രധാനമന്ത്രിയുടെ അറിവോടെ: രാജ
ന്യൂഡല്‍ഹി: വിവാദമായ സ്‌പെക്ട്രം കേസ് പ്രധാനമന്ത്രിയുടെ അറിവോടെയെന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എം. രാജ ഡല്‍ഹിയിലെ പ്രത്യേക കോടതിയെ അറിയിച്ചു. കേസില്‍ താന്‍ നിരപരാധിയാണ്. സ്‌പെക്ട്രം ലേലം സംബന്ധിച്ച് തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടതെന്നും അന്നത്തെ ധനമന്ത്രിയാണ് ഇതിന് അനുമതി നല്‍കിയതെന്നും കോടതിയെ അറിയിച്ചു.

അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്നപ്പോള്‍ സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. താന്‍ മാത്രമെങ്ങനെ ഈ കേസില്‍ ചോദ്യം ചെയ്യപ്പെടുന്നുവെന്നും സ്‌പെക്ട്രം നടപടികളില്‍ ക്രമക്കേടുണ്ടെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരേയും തന്നോടൊപ്പം ജയിലില്‍ കിടക്കേണ്ടതല്ലേയെന്നും രാജ ചോദിച്ചു. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ കേസില്‍ വാദം നടക്കുമ്പോഴാണ് രാജ മൊഴി നല്‍കിയത്.

ഡിബി റിയാലിറ്റീസുമായുള്ള കരാര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒപ്പിട്ടത്. യൂണിടെക്കുമായുള്ള കരാറില്‍ അധാര്‍മ്മികമായി ഒന്നും ചെയ്തിട്ടില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികള്‍ പിന്തുടരുക മാത്രമാണ് താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ചെയ്തതെന്നും അത് സര്‍ക്കാരിന്റെ നയമായിരുന്നുവെന്നും രാജ കോടതിയെ ബോധിപ്പിച്ചു. രാജയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍കുമാര്‍ ഹാജരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക