Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ ലേസര്‍ സുരക്ഷ

Published on 26 July, 2011
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ ലേസര്‍ സുരക്ഷ
തിരുവനന്തപുരം: നിധിശേഖരം കണ്ടെടുത്ത ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ക്ക്‌ ലേസര്‍ സുരക്ഷ ഏര്‍പ്പെടുത്തും. ക്ഷേത്രത്തിനു പുറമെ, കോട്ടയുടെ ചുറ്റളവില്‍ പോലും നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ച്‌ ഈ പ്രദേശമാകെ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. രാത്രിയും പകലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ക്യാമറകള്‍, സിസിടിവി, ക്ഷേത്രാചാരങ്ങള്‍ക്കു തടസ്സംവരാത്ത വിധം ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്ന എല്ലാ സാധനവും പൊതി തുറക്കാതെ കാണാന്‍ കഴിയുന്ന സ്‌കാനറുകള്‍, ബയോമെട്രിക്‌ സെന്‍സറുകള്‍, ലേസര്‍ സെന്‍സറുകള്‍, മൊബൈല്‍ ജാമറുകള്‍ എന്നിവയാണു സ്‌ഥാപിക്കുന്നത്‌. ക്ഷേത്രത്തിലേക്കുള്ള എല്ലാ കവാടങ്ങളിലും മെറ്റല്‍ ഡിറ്റക്‌ടറുകളും സ്‌ഥാപിക്കും. സെന്‍സറുകള്‍ പ്രധാനമായി ക്ഷേത്രത്തിലെ ചില കേന്ദ്രങ്ങളിലാണു സ്‌ഥാപിക്കുക.

ക്ഷേത്രത്തിനു ചുറ്റും വിന്യസിച്ചിട്ടുള്ള കമാന്‍ഡോകള്‍ക്ക്‌ എം16 ഓട്ടോമാറ്റിക്‌ റൈഫിളുകള്‍ നല്‍കി. കഴിഞ്ഞ ദിവസം കെഎപിയില്‍ നിന്ന്‌ 60 പൊലീസുകാരെ കൂടി ക്ഷേത്ര ഡ്യൂട്ടിക്കു സ്‌ഥിരമായി നിയോഗിച്ചു. എസ്‌എപി, റാപ്പിഡ്‌ ആക്‌്‌ഷന്‍ ഫോഴ്‌സ്‌, കമാന്‍ഡോകള്‍ എന്നീ വിഭാഗങ്ങളെ നേരത്തേ നിയോഗിച്ചിരുന്നു.

നിലവറകളുടെ 300 മീറ്റര്‍ ചുറ്റളവില്‍ വെളിച്ചം തെളിഞ്ഞാല്‍ പോലും കണ്‍ട്രോള്‍ റൂമില്‍ അറിയാന്‍ കഴിയും. ഏതു ഘട്ടത്തിലും ജനങ്ങളോടു പൊതുവായി സംസാരിക്കാന്‍ കഴിയുന്ന മൈക്ക്‌ സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്‌. ക്ഷേത്രത്തിനു പുറത്ത്‌ റോഡിലും കോട്ടയ്‌ക്കു ചുറ്റുമായി നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിക്കും. ഇതോടൊപ്പം പ്രദേശത്തെ സ്‌ഥിരം പട്രോളിങ്ങിനായി അഞ്ചു ജീപ്പും, ആറു ബൈക്കും വാങ്ങും. ഇതിനെല്ലാം പുറമെയാണു സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള കവചിത ജീപ്പുകള്‍ വാങ്ങുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക