Image

കേരള സി.ബി.എസ്‌.ഇ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ അവാര്‍ഡ്‌ ദാനം

Published on 26 July, 2011
കേരള സി.ബി.എസ്‌.ഇ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ അവാര്‍ഡ്‌ ദാനം

കൊച്ചി: കേരള സി.ബി.എസ്‌.ഇ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സംസ്ഥാനത്തില്‍ സി.ബി.എസ്‌.ഇ സ്‌കൂളുകളില്‍ നിന്നും പ്ലസ്‌ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന തിനായി സംഘടിപ്പിച്ച അവാര്‍ഡ്‌ ദാന ചടങ്ങില്‍ കേന്ദ്ര വ്യോമയാന വകുപ്പ്‌ മന്ത്രി വയലാര്‍ രവി ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പൗരന്മാരുടെ വിദ്യാഭ്യാസമാണ്‌ രാഷ്‌ട്രവികസനത്തിന്റെ അടിസ്ഥാനമെന്നും, യുവമനസ്സുകളില്‍ സദ്‌ഗുണങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത്‌ നല്ല അധ്യാപകരാണെന്നും, മക്കളുടെ വിദ്യാഭ്യാസം എവിടെ, ഏതു നിലവാരത്തില്‍ നടത്തണമെന്ന്‌ തീരുമാനിക്കുന്നതിനുള്ള പരിപൂര്‍ണ്ണ അവകാശം രക്ഷിതാക്കള്‍ക്കാണെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.

ചടങ്ങില്‍ വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റര്‍ ഡയറക്‌ടര്‍ ഡോ. പി.എസ്‌. വീരരാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്‌ത്രരംഗത്തെ നേട്ടങ്ങളാണ്‌ അദ്ദേഹം യുവമനസ്സുകളുമായി പങ്കിട്ടത്‌. ശാസ്‌ത്രത്തിന്റെ കുതിപ്പിനും, കാലഘട്ടത്തിന്റെ വികസനത്തിനും അനുസരിച്ച്‌ വരുംതലമുറയെ വളര്‍ത്തിയെടുക്കേണ്ടതായിട്ടുണ്ട്‌. മത്സരാധിഷ്‌ഠിത ലോകത്ത്‌ കുട്ടികള്‍ക്ക്‌ പിടിച്ചുനില്‍ക്കണമെങ്കില്‍ ചെറപ്പത്തിലെ കുട്ടികളില്‍ രാഷ്‌ട്രാഭിരുചി വളര്‍ത്തിയെടുത്തേ മതിയാകൂ. തുടര്‍ന്ന്‌ ശാസ്‌ത്ര രംഗത്തെക്കുറിച്ച്‌ കുട്ടികള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിച്ചുകൊണ്ട്‌ അദ്ദേഹം നടത്തിയ സംവാദം പുതുതലമുറയ്‌ക്ക്‌ പ്രചോദനമേകുന്ന അനുഭവമായി മാറി.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്‌ മാറാത്തതായി മൂല്യങ്ങള്‍ മാത്രമേയുള്ളുവെന്നും, അത്തരം മൂല്യബോധമുള്‍ക്കൊണ്ട്‌ വളരുന്ന ഒരു തലമുറയ്‌ക്കു മാത്രമേ കെട്ടുറപ്പുള്ള ഒരു കുടുംബവും സമൂഹവും അതുവഴി ഒരു രാഷ്‌ട്രവും പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളുവെന്നും ഈ ലക്ഷ്യബോധം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ സി.ബി.എസ്‌.ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിര രാജന്‍ തന്റെ പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു.

ആഗോളവത്‌കരണത്തിന്റെ ഈ വര്‍ത്തമാനകാലത്ത്‌ മത്സരബുദ്ധിയോടുകൂടി വളര്‍ന്നുവരുന്ന ഒരു ജനതയ്‌ക്കുമാത്രമേ നിലനില്‍പ്പുള്ളുവെന്നും അപ്രകാരമുള്ള ഒരു തലമുറയ്‌ക്കായി ഓരോരുത്തരും വളര്‍ന്നുവരണമെന്നും സ്വാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട്‌ കേരള ഐ.ടി അലയന്‍സ്‌ ചെയര്‍മാനും, ഫോര്‍മര്‍ ചീഫ്‌ ടെക്‌നോളജി ഓഫീസറുമായ (യുണൈറ്റഡ്‌ നേഷന്‍സ്‌) ജോര്‍ജ്‌ ഏബ്രഹാം ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ സംസാരിച്ചു.

പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ സി.ബി.എസ്‌.ഇ സ്‌കൂളുകള്‍ വഹിക്കുന്ന പങ്കിനെ ശ്ശാഘിച്ചുകൊണ്ട്‌ ചടങ്ങില്‍ സന്നിഹിതനായിരുന്ന ബെന്നി ബഹനാന്‍ എം.എല്‍.എ സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്‌ ടി.പി.എ അബ്രഹിംഖാന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ അസോസിയേഷന്‍ ഭാരവാഹി ഏബ്രഹാം തോമസ്‌ സ്വാഗതവും ഓര്‍ഗൈനിംഗ്‌ സെക്രട്ടറി ആദര്‍ശ്‌ കാവുങ്കല്‍ നന്ദിയും പറഞ്ഞു.


കേരള സി.ബി.എസ്‌.ഇ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ അവാര്‍ഡ്‌ ദാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക