Image

ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്ക മിഷന്‍ വികാരി ഫാ. ജോയി ആലപ്പാട്ടിന്‌ യാത്രയയപ്പ്‌ നല്‍കും

ജോയിച്ചന്‍ പുതുക്കുളം Published on 28 July, 2011
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്ക മിഷന്‍ വികാരി ഫാ. ജോയി ആലപ്പാട്ടിന്‌ യാത്രയയപ്പ്‌ നല്‍കും
ഗാര്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ ആസ്‌ഥാനമായ ഷിക്കാഗോ ബെല്‍വുഡ്‌ മാര്‍ത്തോമ്മാ കത്തീഡ്രല്‍ പള്ളിയുടെ വികാരിയായി സ്‌ഥലം മാറിപ്പോകുന്ന ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ ഇപ്പോഴത്തെ വികാരി ബഹു. ഫാ: ജോയി ആലപ്പാട്ടിന്‌ സ്‌നേഹാദരവുകളൊടെ യാത്രയയപ്പ്‌ നല്‍കുവാനായി ഗാര്‍ഫീല്‍ഡ്‌ മിഷനിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം തീരുമാനിച്ചു.

ഇതിലേക്കായി ഓഗസ്‌റ്റ്‌ മാസം ഏഴിന്‌ വൈകുന്നേരം, വിപുലമായ പരിപാടികള്‍ നടത്തുന്നതിനായി മിഷന്‍ കൈക്കാരന്മാരായ ഫ്രാന്‍സിസ്‌ പള്ളുപ്പേട്ട, ജോയി ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. ഓഗസ്‌റ്റ്‌ 7 (ഞായര്‍) ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ വിശുദ്ധ കുര്‍ബ്ബാനയോടെ പരിപാടികള്‍ ആരംഭിക്കും.

അതിനുശേഷം നടക്കുന്ന പൊതുയോഗത്തില്‍, അമേരിക്കയിലെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രമുഖരായ സമുദായ, സാമൂഹിക, സാംസ്‌കാരിക, മത നേതാക്കള്‍ പങ്കെടുക്കും. ഗാര്‍ഫീല്‍ഡ്‌ മേയര്‍, പോലീസ്‌ ചീഫ്‌, ഫയര്‍ ചീഫ്‌ എന്നിവര്‍ ഈ യോഗത്തില്‍ വിശിഷ്‌താതിഥികളായിരിക്കും.

പൊതുയോഗത്തിനുശേഷം, മിഷനിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും, അതിനുശേഷം വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കും. ഏകദേശം ഒന്നര പതിറ്റാണ്ടിനു മുമ്പ്‌, ന്യുമില്‍ഫോര്‍ഡിലുള്ള അസന്‍ഷന്‍ പള്ളിയില്‍ അസ്സോസിയേറ്റ്‌ പാസ്‌റ്ററായി സ്‌ഥാനമേറ്റതുമുതല്‍ വടക്കന്‍ ന്യുജേഴ്‌സിയിലെ മലയാളി സമൂഹത്തിന്റെ ഭാഗമായിരുന്നു ജോയി അച്ചന്‍ 2004 ല്‍ ഔദ്യോഗികമായി നിലവില്‍ വന്ന്‌ ഗാര്‍ഫീല്‍ഡിലെ വ്യാകുലമാതാവിന്റെ നാമധേയത്തിലുള്ള പള്ളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സീറോമലബാര്‍ കത്തോലിക്കാ മിഷന്റെ പ്രഥമ വികാരി എന്നതിനു പുറമെ ന്യൂവാര്‍ക്ക്‌ അതിരൂപതയുടെ കീഴിലുള്ള ഈ ദേവാലയത്തിന്റെ ഡയറക്‌ടര്‍ എന്ന നിലയിലും, സ്‌റ്റാറ്റന്‍ഐലണ്ടിലെ ബ്ലസഡ്‌ കുഞ്ഞച്ചന്‍ സീറോമലബാര്‍ കത്തോലിക്കാ മിഷന്റെ വികാരിയായും ഫാ. ജോയി സേവനമനുഷ്‌ഠിച്ചുവരുന്നു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വടക്കു കിഴക്കന്‍ മേഖലയുടെ കോര്‍ഡിനേറ്ററായും, ന്യൂജേഴ്‌സിയിലെ എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ സംഘടനയുടെ പ്രസിഡണ്ട്‌ എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. സൗമ്യതയും, ശാന്തതയും കലര്‍ന്ന തന്റെ സ്വതസിദ്ധമായ നേതൃത്വ ശൈലി അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു. അതുമൂലം തന്റെ സഹപ്രവര്‍ത്തകരുടെയും, ഇടവക ജനങ്ങളുടെയും സ്‌നേഹാദരവുകള്‍ അദ്ദേഹത്തിനു ലഭിച്ചു. ഗാര്‍ഫീല്‍ഡിലെ സീറോ മലബാര്‍ സമൂഹത്തിന്റെ മാത്രമല്ല മറിച്ച, അവിടത്തെ അമേരിക്കക്കാരായ ഇടവകക്കാരുടെയും കണ്ണിലുണ്ണിയായി മാറി അദ്ദേഹം. യുവജനങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്ന ജോയി അച്ചന്റെ സ്‌ഥലം മാറ്റം ഗാര്‍ഫീല്‍ഡിലെ യുവജനങ്ങളെ ദുഃഖത്തിലാഴ്‌ത്തി. പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ സിറിയക്ക്‌ കുര്യന്‍ അറിയിച്ചതാണിത്‌.
ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ കത്തോലിക്ക മിഷന്‍ വികാരി ഫാ. ജോയി ആലപ്പാട്ടിന്‌ യാത്രയയപ്പ്‌ നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക