Image

വെറുക്കപ്പെട്ടവനെ വിശുദ്ധനാക്കിയ ഹസന്‍

ജി.കെ Published on 01 August, 2011
വെറുക്കപ്പെട്ടവനെ വിശുദ്ധനാക്കിയ ഹസന്‍
ഫാരിസ്‌ അബൂബക്കര്‍ക്ക്‌ വെറുക്കപ്പെട്ടവനെന്ന മുദ്ര നെറ്റിയില്‍ ചാര്‍ത്തിക്കൊടുത്തത്‌ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷനേതാവുമായിരിക്കുന്ന സഖാവ്‌ വി.എസ്‌.അച്യുതാനന്ദനാണ്‌. സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിന്റെ അടുപ്പക്കാരനായിരുന്നു എന്നത്‌ മാത്രമായിരുന്നോ ഫാരിസില്‍ അന്ന്‌ വിഎസ്‌ കണ്‌ട അയോഗ്യത എന്നു ചോദിച്ചാല്‍ തല്‍ക്കാലം ഉത്തരമില്ല. ഉത്തരമെന്തായാലും വി.എസിന്റെ അന്നത്തെ ആ പ്രയോഗം ഏറ്റുപിടിക്കാന്‍ സിപിഎമ്മില്‍ അധികം പോരൊന്നുമുണ്‌ടായി എന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ പ്രതിപക്ഷ നിരയില്‍ ഒട്ടേറെപ്പേരുണ്‌ടായി എന്നത്‌ യാഥാര്‍ഥ്യവും. കോണ്‍ഗ്രസ്‌ വക്താവായ എം.എം.ഹസനും യൂത്ത്‌ ലീഗ്‌ നേതാവായ കെ.എം.ഷാജിയുമെല്ലാം പ്രതിപക്ഷനിരയിലെ ഫാരിസ്‌ വിമര്‍ശകരില്‍ മുന്‍പന്തിയിലുമായിരുന്നു.

എന്നാല്‍ ഇന്ന്‌ കാലം മാറി, ഭരണം മാറി, ഒപ്പം ഹസനും മാറി. അല്ലെങ്കിലും ഒരു ചെയ്‌ഞ്ച്‌ ആര്‍ക്കാണ്‌ ഇഷ്‌ടമില്ലാത്തത്‌. അങ്ങനെ പണ്‌ടൊരിക്കല്‍ സിപിഎമ്മിലെ വിഭാഗീയതയുടെ തീയില്‍ എണ്ണയൊഴിക്കാനായിട്ടാണെങ്കിലും ഫാരിസിനെ വെറുക്കപ്പെട്ടവനെന്ന്‌ വിളിക്കേണ്‌ടിവന്നതില്‍ ഹസന്‍ വക്താവ്‌ പരസ്യമായി പശ്ചാത്തപിച്ചു. ചെന്നൈയില്‍ ഫാരിസ്‌ തന്നെ സംഘടിപ്പിച്ച മുസ്ലീം അസോസിയേഷന്റെ ചടങ്ങില്‍ പങ്കെടുത്തുകൊണ്‌ട്‌ ഹസന്‍ വെറുക്കപ്പെട്ടവനായ ഫാരിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇനി കോണ്‍ഗ്രസിലെയും മുസ്‌ലീം ലീഗിലെയും ഏതുനേതാവിനും ധൈര്യപൂര്‍വം ഫാരിസിന്റെ തോളില്‍ കൈയിടാം. ഫാരിസിന്റെ ഹോട്ടലുകളില്‍ താമസിക്കാം. ആരും ചോദിക്കാന്‍ വരില്ല. പണ്‌ടൊരിക്കല്‍ ഫാരിസ്‌ എന്ന അജ്‌ഞാതനെ ജോണ്‍ ബ്രിട്ടാസ്‌ എന്ന മാധ്യമ വേന്ദ്രന്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം ഒരു ചോദ്യം ചോദിച്ചിരുന്നു. താങ്കളും പിണറായി വിജയനും തമ്മില്‍ ബന്ധമുണ്‌ടോ എന്ന്‌. പിണറായിയെ വിശുദ്ധനാക്കാനായി ബ്രിട്ടാസ്‌ ചോദിച്ചതാണെങ്കിലും അന്ന്‌ ഫാരിസ്‌ പറഞ്ഞ മറുപടി താന്‍ കേരളത്തില്‍ വ്യവസായം തുടങ്ങാനോ നിക്ഷേപം നടത്താനോ ഉദ്ദേശിക്കുന്നില്ലെന്നും അതുകൊണ്‌ടു തന്നെ പിണറായിയെപോലുള്ളവരുടെ ചങ്ങാത്തത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു.

ഇപ്പോള്‍ ലീഗിലെ സര്‍വശക്തനായ കുഞ്ഞാപ്പയെന്ന കുഞ്ഞാലിക്കുട്ടി സായ്‌വിനെയും കോണ്‍ഗ്രസിന്റെ നാക്കെന്ന്‌ വിശേഷിപ്പിക്കാവുന്ന ഹസന്‍ വക്താവിനെയും ചെന്നൈയിലേക്ക്‌ വിളിച്ചുവരുത്തി മുഖ്യാതിഥിമാരാക്കിയത്‌ അവരെക്കൊണ്‌ട്‌ വല്ലതും നേടാനാണോ എന്നുമാത്രം ഫീരിസിനോട്‌ ചോദിക്കരുത്‌. ദോഷം പറയരുതല്ലൊ വിഎസ്‌ നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം ഫാരിസിനെ വെറുക്കപ്പെട്ടവനെന്ന്‌ വിളിച്ചു നടന്നപ്പോഴൊന്നും ലീഗിന്റെ കുഞ്ഞാപ്പ അദ്ദേഹത്തിനെതിരെ ഒരക്ഷരം ഉരിയാടിയിരുന്നില്ല. അതുകൊണ്‌ടു തന്നെ ഇപ്പോള്‍ ഫാരിസ്‌ സംഘടിപ്പിച്ച ചടങ്ങില്‍ കുഞ്ഞാപ്പ പങ്കെടുത്തുവെങ്കില്‍ ആരും നെറ്റി ചുളിക്കില്ല. പകരം ഫാരിസ്‌ വിളിച്ചിട്ട്‌ പങ്കെടുക്കാതിരുന്നെങ്കില്‍ മാത്രമെ മോശമായി പോയെന്ന്‌ പറയുമായിരുന്നുള്ളൂ.

കാരണം കുഞ്ഞാപ്പയുടെയും ഫാരിസിന്റെയും പൊതുശത്രു വി.എസ്‌ ആണ്‌. അപ്പോള്‍ ശത്രുവിന്റെ ശത്രു മിത്രമെന്ന ഫോര്‍മുല വെച്ചു നോക്കിയാലും കുഞ്ഞാപ്പയെ തെറ്റുപറയാനാവില്ല. എന്നാല്‍ ലീഗിലെ എല്ലാവര്‍ക്കു ഇത്‌ ബാധകമല്ല. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കുടികിടപ്പ്‌ ഫാരിസിന്റെ വീട്ടിലാണെന്ന്‌ പറഞ്ഞ്‌ പിണറായിയെയും ഫാരിസിനെയും ഒരുപോലെ വെറുക്കപ്പെട്ടവരാക്കാന്‍ അഹോരാത്രം യത്‌നിച്ച അന്നത്തെ യൂത്ത്‌ ലീഗിന്റെ തീപ്പൊരിയും ഇന്നത്തെ ലീഗ്‌ എംഎല്‍എയുമായ കെ.എം.ഷാജിയെപ്പോലുള്ളവര്‍ക്ക്‌ ഇക്കാര്യത്തില്‍ കുഞ്ഞാപ്പയ്‌ക്കുള്ള സംവരണാനുകൂല്യം നല്‍കാനാവില്ല.

കാര്യങ്ങളിങ്ങനെ കൈവിട്ടുപോയെന്ന്‌ കരുതി ഹസന്‍ വക്താവ്‌ അന്തിച്ചു നില്‍ക്കുമ്പോഴാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പില്ലാ ഗ്രൂപ്പിന്റെ നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുരകത്തുമ്പോള്‍ വീട്ടില്‍ വന്ന്‌ വാഴവെട്ടിയത്‌. സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ ഭരിക്കുന്നവരും മുമ്പ്‌ ഭരിച്ചവരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്‌ടെന്നും അത്‌ കണ്‌ടെത്തി തടയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാട്ടണമെന്നും മുല്ലപ്പള്ളി പറഞ്ഞുവെച്ചു. കണ്ണുപൊട്ടന്റെ മാങ്ങയേറായിരുന്നില്ല മുല്ലപ്പള്ളിയുടെ പ്രസ്‌താവനയെന്നത്‌ വ്യക്തം. ഇതോടെ ഹസന്‍ വക്താവിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലായി എന്ന്‌ പറയേണ്‌ടതില്ലല്ലോ.

എന്തായാലും ഫാരിസിനെ വാഴ്‌ത്തപ്പെട്ടവനായി ഉയര്‍ത്തിയ സ്ഥിതിക്ക്‌ ഹസന്‌ ചില ചോദ്യങ്ങള്‍ക്ക്‌ കൂടി ഉത്തരം നല്‍കാന്‍ ബാധ്യതയുണ്‌ട്‌. സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാക്കാന്‍ വേണ്‌ടി മാത്രമാണോ ഫാരിസിനെ കോണ്‍ഗ്രസും കൂട്ടരും വി.എസിന്റെ വെറുക്കപ്പെട്ടവനെന്ന മുദ്രാവാക്യം ഏറ്റുവിളിച്ചത്‌ എന്നതാണ്‌ അതില്‍ പ്രധാനം. ഒപ്പം ഫാരിസ്‌ അബൂബക്കര്‍ വിശുദ്ധനാനാണെന്ന്‌ ഹസനെപ്പോലെ ഒട്ടും ഉളുപ്പില്ലാതെയും ഇന്നലെകളുടെ ഭാരമില്ലാതെയും പറയാന്‍ യുഡിഎഫിലെ എത്ര നേതാക്കള്‍ക്ക്‌ കഴിയുമെന്നും ഹസന്‍ തന്നെ വ്യക്തമാക്കണം. ഫാരിസിനെപ്പറ്റി മോശം പറഞ്ഞവരെല്ലാം ഇപ്പോള്‍ എന്തുകൊണ്‌ട്‌ മാറി ചിന്തിക്കുന്നു എന്ന്‌ വ്യക്തമാക്കാന്‍ കോണ്‍ഗ്രസും തയാറാവണം.

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ ഉത്തരമേ ഉള്ളൂ എന്ന്‌ ജനങ്ങള്‍ക്കുമറിയാം. പണത്തിനു മേലെ പരുന്തും പറക്കില്ലെന്ന ലളിതമായ ഉത്തരം. എന്നാല്‍ പിന്നെ അത്‌ തുറന്നുപറയാനുള്ള സത്യസന്ധതയെങ്കിലും ഹസന്‍ കാണിക്കേണ്‌ടതല്ലെ. എന്തായാലും മുല്ലപ്പള്ളി പറഞ്ഞത്‌ ഒരു പച്ച പരമാര്‍ത്ഥം തന്നെയാണ്‌. ഇന്ന്‌ ഭരിക്കുന്നവരും ഇന്നലെ ഭരിച്ചവരും തമ്മിലുള്ള അവിശുദ്ധബന്ധം തന്നെയാണ്‌ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്‌. ഇതിലൂടെ ഏതു വെറുക്കപ്പെട്ടവനെയും വിശുദ്ധനാക്കാനും ഏത്‌ കൊള്ളരുതായ്‌മയും മറച്ചുവെക്കാനും രാഷ്‌ട്രീയ നേതൃത്വത്തിന്‌ കഴിയുന്നു എന്നത്‌ ജനങ്ങളുടെ തീരാശാപവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക