Image

സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ അനുവദിക്കരുത്‌: കെ.സി.ബി.സി

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2011
സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ അനുവദിക്കരുത്‌: കെ.സി.ബി.സി
കൊച്ചി: ഭാരതത്തിലെ മറ്റ്‌ ഏത്‌ സംസ്ഥാനത്തേയുംക്കാള്‍ മദ്യത്തിന്റെ ലഭ്യത ഏറെ കുടുതലുള്ള നാടാണ്‌ കേരളം. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഇതര സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ്‌ നല്‌കി ഇനിയും കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത വദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്ന്‌ കേരള കത്തോലിക്കാമെത്രാന്‍ സമിതി (കെസിബിസി) ആവശ്യപ്പെട്ടു. ടൂറിസത്തിന്റെ മറവില്‍ ഇനിയും ബാറുകള്‍ തുറക്കാനുള്ള നീക്കം ന്യായീകരിക്കാനാവില്ല. ലൈംഗികതയും മയക്കുമരുന്നും മദ്യവും വിറ്റ്‌ ചില വിദേശരാജ്യങ്ങള്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതുപോലെ നമ്മുടെ പൈതൃകത്തിനും സംസ്‌കാരത്തിനും എതിരായി മദ്യം വിറ്റ്‌ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പരിശ്രമിക്കുന്നത്‌ അധാര്‍മ്മികതയും കേരള ജനതയോട്‌ ചെയ്യുന്ന വഞ്ചനയുമാണ്‌. ബിവറേജസ്‌ കടകള്‍ വഴി മദ്യം വില്‌ക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം പൂര്‍ണമായും സര്‍ക്കാരിനു ലഭിക്കുമ്പോള്‍ ബാറുകളിലെ വരുമാനത്തിന്റെ ഭൂരിഭാഗവും മദ്യമുതലാളിമാരിലാണ്‌ എത്തുന്നതെന്ന കാര്യം സര്‍ക്കാര്‍ തിരിച്ചറിയേണ്ടിതായിട്ടുണ്ട്‌.

യുഡിഎഫ്‌ പ്രകടന പത്രികയില്‍ വാഗ്‌ദാനം നല്‌കിയതുപോലെ ഒരുപ്രദേശത്ത്‌ മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‌കുന്ന പഞ്ചായത്ത്‌ നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ പുതിയ മദ്യനയത്തിലൂടെ പനഃസ്ഥാപിക്കണം. മദ്യപാനത്തിന്റെ പ്രായപരിധി ഉയര്‍ത്തിയതും ബാറുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചതും വ്യക്തികള്‍ക്ക്‌ കൈയില്‍ വയ്‌ക്കാവുന്ന മദ്യത്തിന്റെ അളവ്‌ കുറച്ചതും സ്വീകാര്യമാണെങ്കിലും രാത്രി 12 മണി വരെ ബാറുകള്‍ തുന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‌കുന്ന നീക്കവും പിന്‍വലിക്കണം. ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സമയം രാവിലെ 9 മുതല്‍ രാത്രി 9 വരെ പരിമിതപ്പെടുത്തണം.

ഇന്ത്യന്‍ ഭരണഘടനയുടെ 47-ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഔഷധ ആവശ്യത്തിനു മാത്രമേ മദ്യം ഉത്‌പാദിപ്പിക്കാന്‍ പാടുള്ളൂ. 1975-ലെ സുപ്രീംകോടതി വിധിപ്രകാരം മദ്യമുണ്ടാക്കാന്‍ സര്‍ക്കാരിനു പോലും അവകാശമില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലം മലയാളികളില്‍ നല്ലൊരു ഭാഗം മാനസിക രോഗികളായിത്തീര്‍ന്നിരിക്കുന്നു; റോഡപകടങ്ങളും ആത്മഹത്യകളും സംസ്ഥാനത്ത്‌ വര്‍ദ്ധിക്കുകയും കുടുംബബന്ധങ്ങള്‍ ശിഥിലമാകുകയും ചെയ്‌തിരിക്കുന്നു. മദ്യവില്‌പനയിലൂടെയുള്ള ഭീമമായ വരുമാനം പ്രതീക്ഷിച്ചുകൊണ്ട്‌ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്‌ ജനദ്രോഹമാണെന്ന്‌ കെ.സി.ബി.സി. പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ചു ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ എന്നിവര്‍ സംയുക്തമായി അഭിപ്രായപ്പെട്ടു.


റവ. ഡോ. സ്റ്റീഫന്‍ ആലത്തറ

ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്‌, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക