Image

നമ്മുടെ ഗ്രാമങ്ങള്‍ കൂടുതല്‍ സ്‌മാര്‍ട്ട്‌ ആകണം: മന്ത്രി കുഞ്ഞാലിക്കുട്ടി

ജോയിച്ചന്‍ പുതുക്കുളം Published on 03 August, 2011
നമ്മുടെ ഗ്രാമങ്ങള്‍ കൂടുതല്‍ സ്‌മാര്‍ട്ട്‌ ആകണം: മന്ത്രി കുഞ്ഞാലിക്കുട്ടി
കൊച്ചി: സാങ്കേതികവിദ്യകള്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലത്ത്‌ നമ്മുടെ ഗ്രാമങ്ങള്‍ കൂടുതല്‍ `സ്‌മാര്‍ട്ട്‌' ആകണമെന്ന്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്‌താവിച്ചു. ന്യൂയോര്‍ക്ക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ഐ.ടി. അലയന്‍സിന്റേയും (കിറ്റ), ഐ.ബി.എമ്മിന്റേയും സഹകരണത്തോടെ, കുസാറ്റിലെ സ്‌കൂള്‍ ഓഫ്‌ കംപ്യൂട്ടര്‍ സയന്‍സ്‌ സ്റ്റഡീസ്‌ `സ്‌മാര്‍ട്ടര്‍ വില്ലേജസ്‌ 2015- ഐ.ടി ആസ്‌ എ കോട്ടേജ്‌ ഇന്‍ഡസ്‌ട്രി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോള്‍സെന്ററുകളും ബി.പി.ഒകളും ഉള്‍പ്പടെയുള്ള ഐടി അനുബന്ധ സംരംഭങ്ങള്‍ എന്തുകൊണ്ട്‌ ഗ്രാമങ്ങളിലേക്ക്‌ കൊണ്ടുവന്നുകൂടാ എന്നു ചിന്തിക്കണം. നാം മാറിക്കൊണ്ടിരിക്കുകയാണ്‌. രാജ്യത്തിനും സംസ്ഥാനത്തിനും മാറ്റം വന്നുകൊണ്ടിരിക്കുന്നു.

ഐടി മേഖലയിലെ പ്രൊഫഷണലുകളില്‍ അല്‍പംകൂടി മിനുക്കുപണികള്‍ നടത്തിയാല്‍ ഗ്രാമീണ സാഹചര്യങ്ങളിലും അവര്‍ക്കു ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയും. സ്‌കില്‍ ഡെവലപ്‌മെന്റിനാണ്‌ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്‌. സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന ഐടി നയത്തിലും അതിനു പ്രധാന്യം നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഐടി കണക്‌ടിവിറ്റിയുടെ കാര്യത്തില്‍ മറ്റു പല സംസ്ഥാനങ്ങളേക്കാളും കേരളം മുന്നിലാണെന്ന്‌ ടി.സി.എസ്‌ വൈസ്‌ ചെയര്‍മാന്‍ എസ്‌. രാമദുരൈ പറഞ്ഞു. ഐടിയെ ഗ്രാമ പ്രദേശങ്ങളില്‍ പോലും എത്തിക്കുന്നതിനു ലക്ഷ്യമിട്ടാണ്‌ സര്‍ക്കാര്‍ അക്ഷയ പദ്ധതി നടപ്പാക്കിയത്‌. ഐടി വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍ക്കും വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ നിര്‍ദേശങ്ങള്‍ നല്‍കാം. ഐടി നയരൂപീകരണ വേളയില്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളം പല രംഗങ്ങളിലും മുന്നിലാണെങ്കിലും ഐടി മേഖലയില്‍ പിന്നിട്ടുനില്‍ക്കുന്നത്‌ എന്തുകൊണ്ടാണ്‌ ചിന്തിക്കണമെന്ന്‌ കിറ്റ സ്ഥാപക ചെയര്‍മാനും യുണൈറ്റഡ്‌ നേഷന്‍സ്‌ പെന്‍ഷന്‍ ഫണ്ട്‌ മുന്‍ ചീഫ്‌ ടെക്‌നോളജി ഓഫീസറുമായ ജോര്‍ജ്‌ ഏബ്രഹാം പറഞ്ഞു.

ഐടിയുടെ സാധ്യതകള്‍ ഉപയോഗിച്ച്‌ ഗ്രാമങ്ങളെ ശക്തിപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്ന്‌ ഐബിഎം സൊലൂഷന്‍സ്‌ സ്‌ട്രാറ്റജിസ്റ്റ്‌ ആന്റണി സത്യദാസ്‌ പറഞ്ഞു.

കുസാറ്റ്‌ വൈസ്‌ ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്‌, പ്രോ-വൈസ്‌ ചാന്‍സലര്‍ പ്രൊഫസര്‍ ഗോഡ്‌ഫ്രെ ലൂയീസ്‌, സ്‌കൂള്‍ ഓഫ്‌ കംപ്യൂട്ടര്‍ സ്റ്റഡീസ്‌ ഡയറക്‌ടര്‍ പ്രൊഫ. കെ. പൗലോസ്‌ ജേക്കബ്‌, യു.എ. നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സെഷനുകളില്‍ നാസ്‌കോം ഫൗണ്ടേഷന്‍ സി.ഇ.ഒ റീത സോണി, അസിസ്റ്റന്റ്‌ സി.ഇ.ഒ സുനില്‍ കുമാര്‍, സൈലോഗ്‌ സിസ്റ്റം എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ശിവകുമാര്‍, സി.എസ്‌.എസ്‌ കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ തോമസ്‌ ചെന്നിക്കര, സി.എസ്‌.എസ്‌ ലാബ്‌സ്‌ ഡയറക്‌ടര്‍ ഏഴില്‍ അരശന്‍ ബാബുരാജ്‌, ഐ.സി.എസ്‌.ഐ ഇന്റര്‍നാഷണല്‍ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ശില്‍പ മോഹന്‍, സി.ഇ.ഒ വിപിന്‍ പ്രിയേഷ്‌ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
നമ്മുടെ ഗ്രാമങ്ങള്‍ കൂടുതല്‍ സ്‌മാര്‍ട്ട്‌ ആകണം: മന്ത്രി കുഞ്ഞാലിക്കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക