Image

ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു.

Published on 03 August, 2011
ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു. മിനിമം യാത്രാനിരക്ക് അഞ്ചു രൂപയായും ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ നിരക്ക് ഏഴു രൂപയായും ആണ് ഉയര്‍ത്തിയത്. എന്നാല്‍ ഈ തുകയ്ക്ക് സഞ്ചരിക്കാവുന്ന കുറഞ്ഞ ദൂരപരിധി ഇരട്ടിയാക്കി (അഞ്ച് കിലോമീറ്റര്‍) ഉയര്‍ത്തിയിട്ടുണ്ട്. കിലോമീറ്റര്‍ ചാര്‍ജും വര്‍ധിപ്പിച്ചിട്ടില്ല. നിരക്കുവര്‍ധനയുടെ ഭാരം ഇതിലൂടെ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഗതാഗത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ബസുടമകളുടെ പ്രധാന ആവശ്യമായിരുന്ന വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇവരുടെ മിനിമം നിരക്ക് 50 പൈസയില്‍ നിന്ന് വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ അമ്പത് പൈസയില്‍ താഴെയുള്ള നാണയത്തുട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനാല്‍ ചില പോയിന്റുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ നേരിയ വര്‍ധന വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെ വിളിച്ചു ചര്‍ച്ച ചെയ്‌തെങ്കിലും ചെറിയ വര്‍ധനയ്ക്ക് പോലും അവര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്നാണ് മന്ത്രിസഭയില്‍ പൊതുവേ ഉയര്‍ന്ന നിര്‍ദേശമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ സാഹചര്യത്തില്‍ ഇങ്ങനൊരു തീരുമാനത്തിലേ എത്തിച്ചേരാനാകുവെന്നും ബസുടമകള്‍ ഇത് അംഗീകരിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മിനിമം നിരക്ക് ആറ് രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അഞ്ചാം തീയതിയോടെ ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക