Image

ഫോമാ പ്രസിഡന്റു സ്ഥാനത്തേക്ക്‌ രാജു വര്‍ഗീസ്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

Published on 04 August, 2011
ഫോമാ പ്രസിഡന്റു സ്ഥാനത്തേക്ക്‌ രാജു വര്‍ഗീസ്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള നേതാക്കളിലൊരാളും, ഫോമയുടെ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനുമായ രാജു വര്‍ഗീസ്‌ ഫോമാ പ്രസിഡന്റു സ്ഥാനത്തേക്ക്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. 2014-ലെ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ നടത്തുകയാണ്‌ ലക്ഷ്യം.

കഴിഞ്ഞതവണ പ്രസിഡന്റു സ്ഥാനത്തേക്ക്‌ മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ പിന്മാറുകയായിരുന്നു. സംഘടനയുടെ നന്മയ്‌ക്ക്‌ കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നടക്കേണ്ടത്‌ ആവശ്യമാണെന്ന്‌ പല നേതാക്കളും ചൂണ്ടിക്കാട്ടിയതായി രാജു വര്‍ഗീസ്‌ പറഞ്ഞു. മാത്രവുമല്ല, ബേബി ഊരാളില്‍ പ്രസിഡന്റു സ്ഥാനത്തേക്ക്‌ വരാനുള്ള താത്‌പര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചതുമാണ്‌. അതിനാല്‍ സംഘടനയുടെ നന്മയെ കരുതി പിന്മാറുകയായിരുന്നു. തനിക്ക്‌ അനുകൂലമായി പ്രവര്‍ത്തിക്കാമെന്ന്‌ പല പ്രമുഖ നേതാക്കളും അന്നുതന്നെ വാഗ്‌ദാനം ചെയ്‌തതാണ്‌.

ഫൊക്കാനയെ ശക്തിപ്പെടുത്തിയ ആദ്യ സമ്മേളനങ്ങളിലൊന്ന്‌ ഫിലാഡല്‍ഫിയയിലാണ്‌ നടന്നത്‌. അന്ന്‌ തകഴി അടക്കമുള്ള മഹാരഥര്‍ പങ്കെടുക്കുകയും ചെയ്‌തു. അതിനുശേഷം കാല്‍നൂറ്റാണ്ട്‌ പിന്നിട്ടുകഴിഞ്ഞിട്ടും കണ്‍വെന്‍ഷന്‍ പെന്‍സില്‍വേനിയയിലേക്ക്‌ വന്നില്ല. അതിനാല്‍ അടുത്ത കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയിലായിരിക്കണമെന്ന തങ്ങളുടെ ആഗ്രഹം തികച്ചും ന്യായമാണ്‌.

ഇതുവരെ മറ്റ്‌ പ്രമുഖ നഗരങ്ങളൊന്നും കണ്‍വെന്‍ഷന്‍ അവകാശവാദവുമായി രംഗത്തുവന്നിട്ടില്ല. ഫിലാഡല്‍ഫിയയില്‍ നിന്ന്‌ ജോര്‍ജ്‌ മാത്യു പ്രസിഡന്റു സ്ഥാനത്തേക്ക്‌ മത്തസരിക്കുന്നുണ്ട്‌. അദ്ദേഹത്തിന്‌ മാപ്പ്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്‌.

എന്നാല്‍ സംഘടനയിലെ ദീര്‍ഘകാല പ്രവര്‍ത്തകനെന്ന നിലയില്‍ എല്ലാ തലങ്ങളിലുള്ളവരുമായി തനിക്ക്‌ അടുത്ത പരിചയവും സൗഹാര്‍ദ്ദവുമുണ്ടെന്നും അവരുടെയൊക്കെ പിന്തുണ ഉറപ്പാണെന്നും രാജു വര്‍ഗീസ്‌ പറഞ്ഞു.

ന്യൂയോര്‍ക്ക്‌ കേരളാ സെന്ററില്‍ നടന്ന `ഭാഷയ്‌ക്കൊരുപിടി ഡോളര്‍' കൂപ്പണ്‍ വില്‍പ്പന ഉദ്‌ഘാടന ചടങ്ങില്‍ രാജു വര്‍ഗീസ്‌ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ നിന്നുള്ള ഗോപിനാഥകുറുപ്പ്‌ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌.

അംഗസംഘടനകള്‍ വഴി ഓരോ അംഗങ്ങളില്‍ നിന്നും അഞ്ചുഡോളര്‍ വീതം പിരിച്ചെടുക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. അങ്ങനെ 15,000 ഡോളര്‍ സമാഹരിക്കാനുദ്ദേശിക്കുന്നു. അതിനായുള്ള കൂപ്പണുകളുടെ വിതരണം കവയിത്രി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്‌ നല്‍കി രാജു വര്‍ഗീസ്‌ നിര്‍വ്വഹിച്ചു. പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌ എന്നിവര്‍ കൂപ്പണ്‍ ബുക്കുകള്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റുമാര്‍ക്ക്‌ വിതരണം ചെയ്‌തു.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുമായും, മലയാള മനോരമയുമായും സഹകരിച്ച്‌ മലയാള പഠനത്തിലും ജേര്‍ണലിസം രംഗത്തും മികച്ച വിജയം നേടുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുകയാണ്‌ `ഭാഷയ്‌ക്കൊരുപിടി ഡോളര്‍' പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആദ്യ സ്‌കോളര്‍ഷിപ്പുകള്‍ കേരളത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ വിതരണം ചെയ്യും.

റട്ട്‌ഗേഴ്‌സ്‌ അടക്കം ഏതാനും യൂണിവേഴ്‌സിറ്റികളില്‍ മലയാളം പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചാല്‍ പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന്‌ രാജു വര്‍ഗീസ്‌ പറഞ്ഞു. സംഘടനയ്‌ക്ക്‌ പ്രാതിനിധ്യമില്ലാത്ത സ്ഥലങ്ങളിലേക്ക്‌ സംഘടനയെ വളര്‍ത്തുക മുഖ്യ ലക്ഷ്യമാണ്‌. ഉദാഹരണത്തിന്‌ മിനസോട്ട, ടെന്നസി, ഇന്ത്യാന തുടങ്ങിയ പല സ്റ്റേറ്റുകളിലും മലയാളി സംഘടനകള്‍ ശക്തമല്ല. ആ സ്ഥിതിക്ക്‌ മാറ്റമുണ്ടാക്കും.

യുവജനങ്ങള്‍ക്കായി പല നൂതന കര്‍മ്മപരിപാടികളും മനസ്സിലുണ്ട്‌.

ഫോമ മികവുറ്റ പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നതെന്ന്‌ രാജു വര്‍ഗീസ്‌ വിലയിരുത്തി. കണ്‍വെന്‍ഷനില്‍ നഷ്‌ടം വന്നാലും അത്‌ നികത്താന്‍ പോലും സന്നദ്ധരായ മുന്‍ പ്രസിഡന്റുമാരുടെ ത്യാഗ മനോഭാവം തന്നെ അതിനു തെളിവ്‌. തമ്മില്‍ത്തല്ലും വഴക്കും സംഘടയിലില്ലെന്നുള്ളതാണ്‌ മറ്റൊന്ന്‌. ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞാലും അവസാനം എല്ലാവരും ഒരേ അഭിപ്രായത്തിലെത്തും.


ഫോമാ പ്രസിഡന്റു സ്ഥാനത്തേക്ക്‌ രാജു വര്‍ഗീസ്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക