Image

ലണ്ടനിലെ കലാപം 3 മലയാളികള്‍ക്ക് പരിക്ക്‌

Published on 10 August, 2011
ലണ്ടനിലെ കലാപം 3 മലയാളികള്‍ക്ക് പരിക്ക്‌

ലണ്ടനിലെ ടോട്ടനമില്‍ പൊട്ടിപ്പുറപ്പെട്ട കലാപം മാഞ്ചസ്റ്റര്‍, സാല്‍ഫോര്‍ഡ് നഗരങ്ങളിലേക്കാണ് ചൊവ്വാഴ്ച  വ്യാപിച്ചത്. 560 പേരെ പോലീസ് അറസ്റ്റു ചെയ്തു.

16000 പോലീസ് ഉദ്യോഗസ്ഥരെ കാലാപം നിയന്ത്രിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.

 

മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു. ഗ്രേറ്റര്‍ ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ മെഴ്‌സിഡസ് ബെന്‍സ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഉണ്ണി എസ്. പിള്ള, ക്രോയിഡനിലെ വി.ബി സ്റ്റോഴ്‌സ് ഉടമ തിരുവല്ല സ്വദേശി ബിനു വര്‍ഗീസ്, ഭാര്യ ലിസി എന്നിവര്‍ക്കാണ് തിങ്കളാഴ്ച പരിക്കേറ്റത്.

കലാപകാരികള്‍ കട തല്ലിത്തകര്‍ത്തപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ബിനുവിനും ഭാര്യയ്ക്കും നേരെ കൈയേറ്റമുണ്ടായത്. ഇവരുടെ കാര്‍ കത്തിച്ചു.

ഷോറൂം കൈയേറിയ അക്രമികളില്‍ നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു ഉണ്ണി. ഏറെ മലയാളികളുള്ള മേഖലയാണ് ക്രോയിഡന്‍. ലണ്ടന്‍ സ്ട്രീറ്റിലെ പരേഡില്‍ പ്രധാനമായും മലയാളികള്‍ താമസിക്കുന്ന മൂന്ന് നില ഫ്ലാറ്റ് തീവെച്ച് നശിപ്പിച്ചു.


അക്രമങ്ങള്‍ക്ക് തുടക്കമിട്ടവര്‍ എന്ന് സംശയിക്കുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അവകാശപ്പെട്ടു. 111 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നാണ് ഔദ്യോഗിക കണക്ക്. അക്രമവും കൊള്ളയും ഭയന്ന് കച്ചവടസ്ഥാപനങ്ങള്‍ ദിവസങ്ങളായി നേരത്തെ തന്നെ അടയ്ക്കുകയാണ്.

ക്രോയിഡന്‍ മേഖലയിലാണ് ഒരാള്‍ മരിച്ചത്. കാറില്‍ പോവുകയായിരുന്ന 26 കാരന്റെ കാറിനു നേര്‍ക്ക് അക്രമികള്‍ വെടിവെക്കുകയായിരുന്നു. കെന്‍റ്, ലീഡ്‌സ് എന്നീ പട്ടണങ്ങളിലും അക്രമം തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ഹാക്കനിയില്‍ യുവാക്കള്‍ വ്യാപകമായി തീവെപ്പു നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. വിവിധ വംശീയ വിഭാഗങ്ങള്‍ പാര്‍ക്കുന്ന ഹാക്ക്‌നി അടുത്ത വര്‍ഷം ഒളിമ്പിക്‌സ് നടക്കുന്ന സ്ഥലത്തിന് തൊട്ടുള്ള പ്രദേശമാണ്.

എഡ്ജ്ബാസ്റ്റണില്‍ ബുധനാഴ്ച ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

 

അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക