Image

വാഷിംഗ്‌ടണില്‍ മലയാളി സംഘടനകള്‍ സംയുക്തമായി പിക്‌നിക്ക്‌ നടത്തി

ഡോ. മുരളീരാജന്‍ Published on 14 August, 2011
വാഷിംഗ്‌ടണില്‍ മലയാളി സംഘടനകള്‍ സംയുക്തമായി പിക്‌നിക്ക്‌ നടത്തി
വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണിലെ പ്രമുഖ മലയാളി അസോസിയേഷനുകളായ കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോപ്പോളിറ്റന്‍ വാഷിംഗ്‌ടണ്‍ (കെസിഎസ്‌എംഡബ്ല്യു), കൈരളി ഓഫ്‌ ബാള്‍ട്ടിമോര്‍ എന്നിവര്‍ സംയുക്തമായി ഈ വര്‍ഷത്തെ പിക്‌നിക്ക്‌ ആഘോഷിച്ചു.

മേരിലാന്റിലെ ലോറലില്‍ സ്ഥിതിചെയ്യുന്ന ഹെറിറ്റേജ്‌ പാര്‍ക്കില്‍ വെച്ചായിരുന്നു ഈ മോഡല്‍ പിക്‌നിക്ക്‌ നടത്തിയത്‌. വിവിധ മലയാളി സംഘടനകളിലെ ഇരുനൂറില്‍പ്പരം ആളുകള്‍ പങ്കെടുത്ത പിക്‌നിക്ക്‌ രാവിലെ മുതല്‍ അമേരിക്കയില്‍ നടന്നുവരുന്ന പിക്‌നിക്കുകളില്‍ നിന്നും രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തമായിരുന്നു. നിറമുള്ള വെള്ളംനിറച്ച ബലൂണുകളും, വിവിധ നിറങ്ങളിലുള്ള പൊടികളും നിറക്കൂട്ടുകളും കുട്ടികളും മുതിര്‍ന്നവരും അന്യോന്യം വാരി എറിയുകയും, ചാലിച്ചു പുരട്ടുകയും, ബലൂണുകള്‍ എറിഞ്ഞ്‌ ഉല്ലസിക്കുകയും ചെയ്‌തു.

കെസിഎസ്‌എംഡബ്ല്യുവിലെ യൂത്ത്‌ പ്രസിഡന്റ്‌ ശില്‍പാ രാജിന്റെ നേതൃത്വത്തില്‍ പിക്‌നിക്കിനോടനുബന്ധിച്ച്‌ നടത്തിയ ഈ ഹോളി പിക്‌നിക്ക്‌ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ പിക്‌നിക്കില്‍ നടത്തിയ ആദ്യത്തെ ഉദ്യമംതന്നെയാണ്‌ പറയാം.

കായികതാരങ്ങള്‍ നിറഞ്ഞ കൈരളി ഓഫ്‌ ബാള്‍ട്ടിമോറിലെ അംഗങ്ങള്‍ വോളിബോളും കബഡിയും നടത്തി മത്സരങ്ങളെ സജീവമാക്കി. ഓട്ടത്തിലും ചാട്ടത്തിലും മിഠായി പെറുക്കിലും കസേര കളിയിലും കുട്ടികളും സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ പങ്കുചേര്‍ന്ന്‌ മത്സരിച്ച്‌ പിക്‌നിക്ക്‌ മധുരിക്കുന്ന ഓര്‍മ്മയാക്കി മാറ്റി. അവസാനത്തെ മത്സരമെന്ന നിലയില്‍ വടംവലി മത്സരവും നടന്നു. വിജയികളായ മത്സരാര്‍ത്ഥികള്‍ത്ത്‌ തത്സമയം സമ്മാനദാനം നടത്തി പ്രോത്സാഹിപ്പിച്ചു.

രാവിലെമുതല്‍ തന്നെ കേരളത്തനിമയില്‍ ഭക്ഷണവും, അമേരിക്കന്‍ രീതിയിലുള്ള ഭക്ഷണം `ബാര്‍ബിക്യു' ചെയ്‌തതും, പഴവര്‍ഗ്ഗങ്ങളും നിരന്തരമായി ലഭ്യമായിരുന്നു.

വൈകിട്ട്‌ അഞ്ചുമണിയോടുകൂടി അവസാനിച്ച ഈ പിക്‌നിക്ക്‌ വാഷിംഗ്‌ടണിലെ മലയാളി സമൂഹത്തില്‍ കൂടുതല്‍ കെട്ടുറപ്പും കൂട്ടായ്‌മയും വളര്‍ത്തുമെന്ന്‌ സംഘാടകരായ ഷാംസ്‌ നാസറും, അനില്‍ ചന്ദ്രനും പറഞ്ഞു.
വാഷിംഗ്‌ടണില്‍ മലയാളി സംഘടനകള്‍ സംയുക്തമായി പിക്‌നിക്ക്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക