Image

പ്രശസ്‌ത ചലച്ചിത്രതാരം ഷമ്മി കപൂര്‍ അന്തരിച്ചു

Published on 14 August, 2011
പ്രശസ്‌ത ചലച്ചിത്രതാരം ഷമ്മി കപൂര്‍ അന്തരിച്ചു
മുംബൈ: പ്രശസ്‌ത ഹിന്ദി സിനിമാതാരം ഷമ്മി കപൂര്‍ അന്തരിച്ചു. 79 വയസ്സായിരുന്ന അദ്ദേഹം ഇന്ന്‌ പുലര്‍ച്ചെ മുംബൈയിലെ ബ്രീച്ച്‌ ആശുപത്രിയിലാണ്‌ അന്തരിച്ചത്‌. ഇന്നലെ വൃക്കരോഗം മൂര്‍ഛിച്ചതിനെതുടര്‍ന്ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരുന്നു. മലയാളത്തില്‍ `സുഖം സുഖകരം' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

ഭാര്യ: ഗീത. മക്കള്‍: ആദിത്യരാജ്‌ കപൂര്‍, കഞ്ചന്‍. പത്തുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഗീത മരിച്ചു. തുടര്‍ന്ന്‌ 1969 ല്‍ ഗുജറാത്തിലെ രാജകുടുംബാംഗമായ ലീല ദേവി ഗോഹിലിനെ അദ്ദേഹം രണ്ടാമത്‌ വിവാഹം കഴിച്ചു.

ദാദാ സാഹിബ്‌ ഫാല്‍കെ അവാര്‍ഡ്‌, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌. 1953 ല്‍ പുറത്തിറങ്ങിയ ജീവന്‍ ജ്യോതിയാണ്‌ ആദ്യ ചിത്രം. ബഹുമുഖമായ അഭിനയശേഷി കൊണ്ട്‌ ആരാധകമനസ്സില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. 2006 ല്‍ പുറത്തിറങ്ങിയ സാന്‍വിച്ചാണ്‌ അവസാന ചിത്രം. 1931 ഒക്‌ടോബര്‍ 21 നായിരുന്നു ജനനം. ആദ്യകാല ഹീറോ പൃഥ്വിരാജ്‌ കപൂറാണ്‌ പിതാവ്‌. രാജ്‌ കപൂറും ശശി കപൂറും സഹോദരങ്ങളാണ്‌. സ്‌കൂള്‍ പഠനകാലത്തിന്‌ ശേഷം 1948 ല്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന്‌ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തി. ആദ്യകാലത്ത്‌ മാസം 150 രൂപയായിരുന്നു അഭിനയത്തിനുള്ള ശമ്പളം. ആശ പരേഖ്‌, സൈറ ഭാനു, ഷര്‍മ്മിള ടാഗോര്‍ എന്നിവരോടൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ ഷമ്മി കപൂര്‍ നായകനായി വേഷമിട്ടു. ആദ്യകാലങ്ങളില്‍ റൊമാന്റിക്‌ ഹീറോ എന്ന സങ്കല്‍പത്തിന്‌ അനുയോജ്യമായിരുന്നു ഷമ്മിയുടെ ശരീരഭാഷയും ചലനങ്ങളും. അന്ദാസ്‌ എന്ന ചിത്രമാണ്‌ നായകനായി തിളങ്ങിയ അവസാന ചിത്രത്തിലൊന്ന്‌. 70 കളുടെ ആരംഭത്തില്‍ ശരീരഭാരം കൂടിവരുകയും നായകസങ്കല്‍പത്തിന്‌ യോജിക്കാതെ വരുകയും ചെയ്‌തതോടെ നായകന്റെ സ്ഥാനം മാറ്റിവെച്ച്‌ സഹനടനായി പിന്നെയും ഏറെക്കാലം അഭിനയം തുടര്‍ന്നു.

1968 ല്‍ ബ്രഹ്മചാരി എന്ന ചിത്രത്തിലെ അഭിനയത്തിന്‌ അദ്ദേഹത്തിന്‌ മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മയിലെ സ്ഥിരം നായകനായിരുന്നു ഷമ്മി കപൂര്‍. ഇന്റര്‍നെറ്റ്‌ യൂസേഴ്‌സ്‌ കമ്മ്യൂണിറ്റി ഓഫ്‌ ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമാണ്‌. ഇതിനിടെ 1974 ലില്‍ അഅദ്ദേഹം മനോരഞ്‌ജന്‍ എന്ന ചിത്രം സംവിധാനം ചെയ്‌തു.
പ്രശസ്‌ത ചലച്ചിത്രതാരം ഷമ്മി കപൂര്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക