Image

നഴ്‌സുമാരില്‍ നിന്ന്‌ ബോണ്ടുവാങ്ങുന്നത്‌ ശിക്ഷാര്‍ഷം: ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സില്‍

Published on 31 August, 2011
നഴ്‌സുമാരില്‍ നിന്ന്‌ ബോണ്ടുവാങ്ങുന്നത്‌ ശിക്ഷാര്‍ഷം: ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ നഴ്‌സിങ്‌ സ്‌കൂളുകളുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ ജോലിചെയ്യുന്നതിനു നഴ്‌സുമാരില്‍നിന്നു ബോണ്ട്‌ വാങ്ങുകയും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്‌ക്കുകയും ചെയ്യുന്നതു ശിക്ഷാര്‍ഹമാണെന്ന്‌ ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സില്‍. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ നഴ്‌സിംഗ്‌ സ്ഥാപനങ്ങള്‍ക്കും അയച്ചു.

കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികളെ ബോണ്ടിന്റെ അടിസ്‌ഥാനത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്‌ അധാര്‍മികമാണെന്നു സര്‍ക്കുലറില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. സ്വന്തം താല്‍പര്യത്തിനു വിരുദ്ധമായി അതതു സ്‌ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ ഇതുവഴി നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുകയാണെന്നു കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.

ബോണ്ട്‌ വെയ്‌ക്കണമെന്ന്‌ നിര്‍ദേശിക്കുന്ന നഴ്‌സിങ്‌ സ്‌ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍തന്നെയാണു നഴ്‌സിങ്‌ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടായതെന്നു കൗണ്‍സിലിലെ പാര്‍ലമെന്റ്‌ പ്രതിനിധിയായ ആന്റോ ആന്റണി എംപി പറഞ്ഞു. എന്നാല്‍, സര്‍ക്കുലര്‍ ഇറങ്ങിയപ്പോള്‍ ശിക്ഷാനടപടി എന്നു മാത്രമാണു പരാമര്‍ശം. ഇക്കാര്യം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്‌.

അടുത്ത യോഗത്തില്‍ വീണ്ടും പ്രശ്‌നം ഉന്നയിക്കുമെന്നും കൂടുതല്‍ വ്യക്‌തമായ ഉത്തരവുണ്ടാകുന്നുവെന്ന്‌ ഉറപ്പാക്കുകയും ചെയ്യുമെന്ന്‌ ആന്റോ ആന്റണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക