-->

America

കരച്ചില്‍ വരുന്നുണ്ടോ? (അഷ്‌ടമൂര്‍ത്തി)

Published

on

ഒരു മുന്‍മന്ത്രിയുടെ വാര്‍ത്താസമ്മേളനമാണ്‌. പരാതി പറയാന്‍ വിളിച്ചു കൂട്ടിയതാണെങ്കിലും തുടക്കം ഒരു വിധം സന്തോഷത്തോടെത്തന്നെയായിരുന്നു. പത്രക്കാര്‍ വിടുമോ? തുടരെത്തുടരെ ചോദ്യങ്ങള്‍ തൊടുത്തു. മുന്‍മന്ത്രിയുടെ ഭാവം മാറി. തൊണ്ടയിടറി. കണ്ണു നിറഞ്ഞു. സഹപ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചതും അകാലത്തില്‍ രാജി വെച്ചു പോവേണ്ടിവന്നതും അതോടെ തന്റെ രാഷ്ട്രീയജീവിതം കട്ടപ്പൊകയായതുമൊക്കെ എണ്ണിയെണ്ണിപ്പറയാന്‍ തുടങ്ങി. പിന്നെ അത്‌ ഒരു തേങ്ങിക്കരച്ചിലായി. അതു കണ്ടിട്ട്‌ എനിയ്‌ക്കുകരച്ചില്‍ വന്നു. അപ്പോള്‍ എന്റെ ഒപ്പം ടിവിയുടെ മുന്നിലിരുന്ന ഒരു ഹൃദയശൂന്യന്‍ `മന്ത്രിയായിരുന്നൂത്രേ, ഒന്നിനോക്കോണള്ള ഒരാളായിട്ട്‌ ഇങ്ങനെ കരയാന്‍ നാണാവില്യേ ഇയാള്‍ക്ക്‌' എന്നു ചോദിച്ചു. അതു ശരിയല്ല എന്ന്‌ ഞാന്‍ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. മുതിര്‍ന്നു എന്നതുകൊണ്ടും മുന്‍മന്ത്രിയായിപ്പോയതുകൊണ്ടും ഒരാള്‍ സങ്കടപ്പെടരുതെന്നും കരയാന്‍ പാടില്ല എന്നും വരുന്നത്‌ കഷ്ടമാണ്‌. ഖദര്‍ക്കുപ്പായത്തിനുള്ളിലും ഉണ്ടാവാമല്ലോ ഒരാള്‍ക്ക്‌ ഒരു മൃദുലവിലോലഹൃദയം?

കരയാന്‍ ഖദര്‍ക്കുപ്പായം തന്നെ വേണമെന്ന്‌ നിര്‍ബ്ബന്ധമൊന്നുമില്ല. ആര്‍ക്കുമാവാം. ഒരു നടപ്പു എം എല്‍ എ ഖദര്‍വേഷധാരിയൊന്നുമല്ലായിരുന്നു. പക്ഷേ ചാനല്‍ക്കാമറയ്‌ക്കു മുന്നില്‍ എന്തൊരു കരച്ചിലാണ്‌ അയാള്‍ കരഞ്ഞത്‌! മുന്‍മന്ത്രിയേപ്പോലെ അടക്കിപ്പിടിച്ച കരച്ചിലായിരുന്നില്ല. നെഞ്ചത്തടിച്ചും അലറിവിളിച്ചും കാടിളക്കിക്കൊണ്ടായിരുന്നു. ഒടുവില്‍ ഒരു സഹപ്രവര്‍ത്തകന്‍ അയാളെ പൂണ്ടടക്കം പിടിച്ച്‌ അകത്തേയ്‌ക്കു കൊണ്ടുപോവുകയാണുണ്ടായത്‌. നടേപ്പറഞ്ഞ ആള്‍ ഭാഗ്യത്തിന്‌ എന്റെ ഒപ്പം ഉണ്ടായിരുന്നില്ല ടിവി കാണാന്‍. എങ്കില്‍ എന്തിനാ ഈ എം എല്‍ എ കരയണത്‌, അയാളുടെ കണ്ണില്‍നിന്ന്‌ഒരു തുള്ളി കണ്ണീരുപോലും വന്നില്ലല്ലോ എന്നൊക്കെ പറഞ്ഞേനെ. ദോഷൈകദൃക്കുകള്‍അങ്ങനെയാണ്‌. അവര്‍ക്ക്‌ ഒന്നും ബോധിയ്‌ക്കില്ല. അല്ലെങ്കില്‍ എം എല്‍ എ മാരും മനുഷ്യരല്ലേ?സദാ ചിരിച്ചുകൊണ്ടു നടക്കുന്നു എന്നു വെച്ച്‌ അവര്‍ക്കു ദുഃഖങ്ങളില്ല എന്നുതീരുമാനിയ്‌ക്കാന്‍ വയ്‌ക്ക്വോ? വല്ലപ്പോഴുമൊക്കെ അവര്‍ക്കും കരയണ്ടേ? ദുഃഖങ്ങള്‍ എത്രനാള്‍ ഒരാള്‍ക്ക്‌ അടക്കി വെയ്‌ക്കാനാവും?

എന്നിട്ടും ചിലര്‍ക്ക്‌ ആക്ഷേപമാണ്‌. എന്തിനാണ്‌ അവര്‍ ചാനലിനു മുന്നില്‍ നിന്നു കരയുന്നത്‌ എന്നാണ്‌ അവരുടെ ചോദ്യം. അസ്സലായി! അതിന്‌ വീട്ടിലിരുന്നു കരയാന്‍ അവര്‍ക്കു സമയം കിട്ടിയിട്ടു വേണ്ടേ? നൂറു കൂട്ടം കാര്യങ്ങളല്ലേ അവരുടെ തലയില്‍? നേരം പരപരാവെളുക്കുമ്പോഴേയ്‌ക്കും വരികയായി വോട്ടര്‍മാര്‍ വീടിന്റെ ഉമ്മറത്തേയ്‌ക്ക്‌. അവരുടെ കണ്ണീരൊപ്പാനുള്ള സമയമാണത്‌. പകരം അവരുടെ മുന്നിലിരുന്നു കരയാന്‍ പാട്വോ എം എല്‍ ഏമാര്‌? അതിനു പുറമേയാണ്‌ ഇരുപത്തിയെട്ട്‌, ചോറൂണ്‌, തിരണ്ടുകല്യാണം, താലികെട്ട്‌. എല്ലാ സ്ഥലങ്ങളിലേയ്‌ക്കും ചിരിച്ചുകൊണ്ട്‌ കയറിച്ചെല്ലണം. മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ വല്ലതും കരയേണ്ട സ്ഥലങ്ങളാണോ? മരണവീടുകളിലാണ്‌ ആകെ അതിനൊരു സൗകര്യമുള്ളത്‌. പക്ഷേ അതും ശരിയാണോ? മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിയ്‌ക്കുകയല്ലേ അവരുടെ ദൗത്യം? പക്ഷേ അത്തരം സമ്പഅഭങ്ങള്‍ കുറഞ്ഞു വരികയാണത്രേ ഈയിടെയായി. ആയുര്‍ദൈര്‍ഘ്യം കൂടിയതാണത്രേ കാരണം. പിന്നെ ഒരാശ്വാസം ഇടയ്‌ക്കിടെ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്‌ എന്നതാണ്‌. അവിടേയ്‌ക്ക്‌ തമ്മില്‍ത്തമ്മില്‍ മത്സരിച്ചുകൊണ്ടാണ്‌ അവര്‍ എത്തുക. നേതാവിന്‌ കട്ടിലിന്നടുത്ത്‌ ഒരു കസേര കിട്ടും. നേതാവ്‌ അമ്മയേയും ഭാര്യയേയും ആശ്വസിപ്പിയ്‌ക്കും. അനുയായികള്‍ചുറ്റും വട്ടമിട്ടു നിന്ന്‌ ആരാധനയോടെ അദ്ദേഹത്തെ നോക്കും. പിറ്റേന്ന്‌ പത്രത്തില്‍ ചിത്രസഹിതം വാര്‍ത്ത വരും. ഇത്രയൊക്കെയായാലും നേതാവിന്‌ അതിനിടയ്‌ക്ക്‌ കരയാനുള്ള സമ്പര്‍ഭം കിട്ടുമോ എന്ന്‌ ഉറപ്പില്ല. കൊലപാതകം നടത്തിയവരോടുള്ള രോഷപ്രകടനം, അന്വേഷണം നടത്താനുള്ള ആവശ്യം, ഇരയ്‌ക്ക്‌ നഷ്ടപരിഹാരം കൊടുക്കാനുള്ളആഹ്വാനം ...... അതൊക്കെയായിരിയ്‌ക്കും വിഷയം. അതിനിടയ്‌ക്ക്‌ കരയാനെവിടെ നേരം? എന്നാലും അത്തരം അവസരങ്ങള്‍ പൊതുവെ അവര്‍ മുടക്കാറില്ല. മരണവീട്ടില്‍ വലിഞ്ഞുകെട്ടിയ മുഖവുമായി ചെല്ലുന്ന കെ. എം. മാണിയെ സമാധാനിപ്പിയ്‌ക്കാന്‍ ആവീട്ടുകാര്‍ക്കു തന്നെ നന്നെ കഷ്ടപ്പെടേണ്ടി വരാറുണ്ട്‌ എന്ന്‌ `മാധ്യമരേഖ' എന്ന തന്റെകോളത്തില്‍ ഒരിയ്‌ക്കല്‍ ഡി. ബാബു പോള്‍ എഴുതിയത്‌ ഓര്‍മ്മ വരുന്നുണ്ട്‌. എന്തിനാണ്‌ രാഷ്ട്രീയക്കാരേക്കുറിച്ചു പറയുന്നത്‌? അവര്‍ക്ക്‌ ചാനല്‍ക്കാമറകളുടെ മുന്നില്‍നിന്നെങ്കിലും കരയാം. അതും സാധിച്ചില്ലെങ്കില്‍ നിയമസഭയുണ്ടല്ലോ. അത്യാവശ്യം കാര്യങ്ങളൊക്കെ അവിടെ നടക്കുമെന്നാണ്‌ പറയുന്നത്‌. സാധാരണക്കാരായ നമ്മുടെ കാര്യമാണ്‌ കഷ്ടം. സ്വസ്ഥമായി ഒരിടത്തിരുന്ന്‌ ഒന്നു കരയാന്‍ നമുക്കിപ്പോള്‍ സൗകര്യമുണ്ടോ? വീട്ടിലിരുന്നു കരഞ്ഞാല്‍ ബോധിപ്പിയ്‌ക്കേണ്ടി വരില്ലേ അതിനുള്ള കാര്യ കാരണങ്ങള്‍? യാത്രയ്‌ക്കിടയില്‍ ബസ്സിലിരുന്നോ മറ്റോ കാര്യം സാധിയ്‌ക്കാമെന്നു വെച്ചാല്‍ അതു നടക്കുമോ? ഒപ്പമിരിയ്‌ക്കുന്ന ആളുടെയടക്കം എല്ലാവരുടേയും ശ്രദ്ധ നമ്മളിലാവില്ലേ? മുന്‍മന്ത്രിയ്‌ക്കും എം എല്‍ ഏയ്‌ക്കും കണ്ണീരു വഴി രണ്ടു വോട്ട്‌ കൂടുതല്‍ കിട്ടിയെന്നിരിയ്‌ക്കും. നമുക്ക്‌ അങ്ങനെ വല്ല മെച്ചവുമുണ്ടോ? തലയ്‌ക്ക്‌ സുഖമില്ലാത്ത ആള്‍ എന്നു മുദ്ര കുത്തി ബസ്സ്‌ ഏതെങ്കിലും ആശുപത്രിയിലേയ്‌ക്കു തിരിച്ചു വിട്ടില്ലെങ്കില്‍ ഭാഗ്യം എന്നു കരുതിയാല്‍ മതി. ജോലിസ്ഥലത്തിരുന്ന്‌ ഒന്നു കരയാമെന്നു വെച്ചാലോ? ഉള്ള ജോലി തന്നെ നഷ്ടപ്പെടും. പിന്നെ ആ സങ്കടം തീര്‍ക്കാനുള്ള കരച്ചില്‍ നിര്‍വ്വഹിയ്‌ക്ക ാനുള്ള സൗകര്യം അന്വേഷിച്ചു നടക്കേണ്ടി വരും. `എനിയ്‌ക്കു കുറച്ചു നേരം ഇരുന്ന്‌ സ്വസ്ഥമായൊന്നു കരയണമെന്നുണ്ട്‌; നിങ്ങളുടെ വീട്ടിലേയ്‌ക്കു വന്നോട്ടെ' എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ അതിനുള്ള സൗകര്യം ചെയ്‌തു കൊടുക്കുമോ? ഇതൊക്കെ മുതിര്‍ന്നതിനു ശേഷമുള്ള സങ്കടങ്ങളാണ്‌. കുട്ടിക്കാലത്ത്‌ നല്ല സുഖമായിരുന്നു. എന്തിനും എപ്പോള്‍ വേണമെങ്കിലും പ്രത്യേകിച്ച്‌ ഒരു കാരണവുമില്ലാതെ വലിയ വായില്‍ കരയാം. കരയാന്‍ ഭാവിയ്‌ക്കുമ്പോഴേയ്‌ക്കും എന്റെ ഒരു വല്യച്ഛന്‍ വലിയൊരു ചെമ്പ്‌ മുന്നില്‍ വെച്ചു തന്ന്‌ `ഇഷ്ടം പോലെ കരഞ്ഞോ' എന്ന്‌ സൗകര്യം ചെയ്‌തുതരാറുണ്ട്‌. അതോടെ കരച്ചില്‍ നില്‍ക്കുമെന്നത്‌ വേറെക്കാര്യം. അമ്മയാണ്‌ ലക്ഷ്യം. കുട്ടികളുടെ കരച്ചില്‍ അമ്മമാരേ കേള്‍ക്കൂ എന്ന്‌ മഹാന്മാര്‍ പറഞ്ഞിട്ടുള്ളത്‌ വെറുതെയല്ല.എന്തിനാണ്‌ കരയുന്നതെന്നതൊന്നും ഒരു വിഷയമല്ല. എന്തിനും ഏതിനും കരയാം. അമ്മവന്ന്‌ എടുത്തുകൊണ്ടു പോവും. എന്താവശ്യമുണ്ടെങ്കിലും സാധിപ്പിയ്‌ക്കും. എങ്ങനെയും സമാധാനിപ്പിയ്‌ക്കും. കരയുന്നവര്‍ക്ക്‌ അതൊരു നല്ല കാലമാണ്‌.

വളര്‍ന്നു കഴിഞ്ഞാലാണ്‌ പ്രശ്‌നം. അമിതമായ കരച്ചിലും ചിരിയും ഭ്രാന്തിന്റെലക്ഷണങ്ങളായാണ്‌ കരുതുക. അതുകൊണ്ടാണല്ലോ സിനിമയിലും നാടകത്തിലുമൊക്കെഒരു കഥാപാത്രത്തിന്‌ ഭ്രാന്താണെന്നു സ്ഥാപിയ്‌ക്കാന്‍ ഉറക്കെയുള്ള കരച്ചിലും പൊട്ടിപ്പൊട്ടിയുള്ള ചിരിയും ഇടവിട്ടിടവിട്ടു കാണിയ്‌ക്കുന്നത്‌. അതു സിനിമയും നാടകവും. യഥാര്‍ത്ഥജീവിതത്തിലും ഒരാള്‍ അങ്ങനെ കാണിച്ചാല്‍ വേറെ വ്യാഖ്യാനങ്ങളൊന്നുമല്ല ഉണ്ടാവുക. അതുകൊണ്ടു തന്നെ പരസ്യമായി കരയാനും ചിരിയ്‌ക്കാനുമൊക്കെ നമുക്കു മടിയാണ്‌. രഹസ്യമായി കരയാനാവട്ടെ ഒരു സൗകര്യവും ഇല്ല താനും. ഏതായാലും ജപ്പാനില്‍ അതിനുള്ള സൗകര്യം ഇപ്പോള്‍ ഒത്തുവന്നിരിയ്‌ക്കുന്നു. ടോക്യോവിലെ മിത്‌സുയി ഗാര്‍ഡന്‍ യോത്‌സുയ എന്ന ഹോട്ടല്‍ ശൃംഖല അത്തരത്തില്‍ ഒരു പരീക്ഷണം തുടങ്ങിയിട്ടുണ്ട്‌. മനസ്സു തുറന്ന്‌ ഒന്നു കരയാന്‍ ജപ്പാന്‍കാര്‍ക്ക്‌ ഇനി നേരവും കാലവും സ്ഥലവും നോക്കി നടന്ന്‌ കഷ്ടപ്പെടേണ്ട. നേരെ മേല്‍പ്പറഞ്ഞ ഹോട്ടലിലേയ്‌ക്ക്‌ കയറിച്ചെന്നാല്‍ മതി. മുറി വാടക 83 അമേരിക്കന്‍ ഡോളര്‍. അതായത്‌ 5321 രൂപ.സംഖ്യ കേള്‍ക്കുമ്പോള്‍ത്തന്നെ ചിലരുടെ കരച്ചില്‍ മാറിയെന്നു വരും എന്ന്‌ ആക്ഷേപമുണ്ട്‌. അതു കാര്യമാക്കണ്ട. ഒന്ന്‌ അന്തസ്സായി കരയാന്‍ ഇത്രയല്ലേ ചെലവാക്കേണ്ടൂഎന്നാണ്‌ ചിന്തിയ്‌ക്കേണ്ടത്‌. അതിന്റെ സുഖവും ആശ്വാസവും കണക്കിലെടുക്കുമ്പോള്‍ഈ സംഖ്യ നിസ്സാരം. പോരാത്തതിന്‌ അത്‌ ഒരു രാത്രി മുഴുവനും ഇരുന്ന്‌ കരയാനുള്ള ഫീസാണ്‌ എന്നും മനസ്സിലാക്കണം.

ഇനി നിങ്ങള്‍ക്ക്‌ കാര്യമായി കരച്ചിലൊന്നും വരുന്നില്ല എന്നു വെയ്‌ക്കുക.എന്നാല്‍ ഒന്നു കരയണം എന്ന്‌മോഹവുമുണ്ട്‌. മുറി വാടകയ്‌ക്കെടുത്ത്‌ അതില്‍ കയറിയിരുന്ന്‌ കരയാന്‍ കഴിയാതെ വന്നെങ്കിലോ? കാശും പോയി മാനവും പോയി എന്ന സങ്കടസ്ഥിതിയാവില്ലേ? അതു മുന്‍കൂട്ടി കണ്ട്‌ ഹോട്ടല്‍ ഉടമസ്ഥര്‍ ചില സംവിധാനങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്‌. സങ്കടക്കഥകള്‍ പറയുന്ന സിനിമകള്‍ ഒരുക്കിവെച്ചിട്ടുണ്ടാവും ഹോട്ടല്‍മുറിയില്‍. അതില്‍ 2004ലെ ഷുവെറ്റ്‌സു ഭൂകമ്പത്തെ അതിജീവിച്ച ഒരു നായയുടേയുംമൂന്നു കുട്ടികളുടേയും കദനകഥ പറയുന്ന `ദ ട്രൂ സ്റ്റോറീസ്‌ ഒഫ്‌ എ ഡോഗ്‌ ആന്‍ഡ്‌ ഹേര്‍ പപ്പീസ്‌' എന്ന പ്രസിദ്ധമായ സിനിമ കൂടിയുണ്ട്‌.

കരയാന്‍ വരുന്നവര്‍ എല്ലാവരും സിനിമാ പ്രേമികളായിക്കൊള്ളണമെന്നില്ലല്ലോ.`സിനിമ കണ്ടിട്ടല്ല എന്തെങ്കിലും വായിച്ചാണ്‌ ഞാന്‍ കരയാന്‍ ഉദ്ദേശിയ്‌ക്കുന്നത്‌' എന്ന്‌ആരെങ്കിലും പറയുകയാണെങ്കിലോ? ഉദാരമനസ്‌കരായ ഹോട്ടലുടമകള്‍ അതിനു പറ്റിയപുസ്‌തകങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്‌. കരഞ്ഞു വശം കെട്ടാല്‍ മുഖം തുടയ്‌ക്കാന്‍കാശ്‌മീരിപ്പട്ടു പോലുള്ള കടലാസ്സുകളും മേക്കപ്പ്‌ ശരിയാക്കാനുള്ള സൗകര്യങ്ങളും മുറിയില്‍കരുതി വെച്ചിട്ടുണ്ട്‌. കരയാന്‍ ഇത്രയധികം സൗകര്യമൊരുക്കി വെച്ചിട്ടുള്ളതു കാണുമ്പോള്‍ ഉണ്ടാവുന്ന സന്തോഷത്തില്‍പ്പെട്ട്‌ കരയാന്‍ മറന്നു പോവുമോ എന്നേ ആശങ്കപ്പെടേണ്ടതുള്ളു.

എന്നാല്‍ ഒരു പ്രശ്‌നമുണ്ട്‌. മേല്‍പ്പറഞ്ഞ ഹോട്ടലില്‍ ആണുങ്ങള്‍ക്കു കരയാനുള്ളസൗകര്യമില്ല. ഇപ്പറഞ്ഞതൊക്കെ പെണ്ണുങ്ങള്‍ക്കുള്ളതാണ്‌. എന്താണ്‌ ഈ വിവേചനത്തിനു പിന്നിലുള്ള കാരണം എന്നു മനസ്സിലായില്ല. പാവം ജാപ്പനീസ്‌ ആണുങ്ങളുടെകാര്യം ആലോചിയ്‌ക്കുമ്പോള്‍ത്തന്നെ കരച്ചില്‍ വരുന്നു. അവര്‍ എവിടെപ്പോയി കരയും?അവിടെയുമുണ്ടാവില്ലേ ആദ്യം പറഞ്ഞ മുന്‍മന്ത്രിമാരും നടപ്പു എം എല്‍ ഏമാരും?അവര്‍ക്ക്‌ ചാനല്‍ക്കാമറകള്‍ക്കു മുന്നില്‍ നിന്നു കരയാനുള്ള സൗകര്യം പോലുമുണ്ടാവുമെന്ന്‌ കരുതാന്‍ വയ്യ. കേരളത്തിലുള്ളത്ര സുലഭമായി അവിടെ വാര്‍ത്താചാനലുകള്‍ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ.

കേരളത്തില്‍ എന്തു വ്യവസായം തുടങ്ങണം എന്ന്‌ തലപുകയ്‌ക്കുന്ന യുവസംരംഭകര്‍ക്ക്‌ മിത്‌സുയി ഗാര്‍ഡന്‍ യോത്‌സുയ മോഡല്‍ ഹോട്ടലുകള്‍ പരീക്ഷിച്ചു നോക്കാവുന്നതല്ലേ? ആദ്യം തന്നെ അത്‌ ആണുങ്ങള്‍ക്കു കൂടിയുള്ളതാണെന്ന്‌ ഉറപ്പു വരുത്തണം.ബാറുകള്‍ പൂട്ടിയതിന്റെ സങ്കടം കരഞ്ഞു തീര്‍ക്കാന്‍ നമ്മള്‍ അവസരം കാത്തിരിയ്‌ക്കുകയാണ്‌. ബിവറേജസ്‌ കടകളില്‍ വെയിലും മഴയും കൊണ്ട്‌ ഊഴവരിയില്‍ നില്‍ക്കുന്നതിന്റെസങ്കടം അല്ലെങ്കില്‍ നമ്മള്‍ എവിടെ ഇറക്കി വെയ്‌ക്കും? പറ്റുമെങ്കില്‍ എല്ലാ ബിവറേജസ്‌കടകള്‍ക്കടുത്തും ഇത്തരം ഹോട്ടലുകള്‍ തുറക്കണം. വെയിലും മഴയും കൊണ്ട്‌ കഷ്ടപ്പെട്ട്‌വരിനിന്ന്‌ കടയില്‍നിന്നു വാങ്ങുന്ന സാധനം സ്വസ്ഥമായിരുന്ന്‌ ഒന്നു കുടിയ്‌ക്കാന്‍ ഒരിടമില്ലാത്ത സങ്കടത്തിലാണല്ലോ നമ്മള്‍. കുടിയും കരച്ചിലും ഒന്നിച്ചു നിര്‍വ്വഹിയ്‌ക്കാന്‍ പറ്റുമെങ്കില്‍ അതില്‍പ്പരം സന്തോഷദായകമായി എന്തുണ്ടു വേറെ? ആലോചിയ്‌ക്കുമ്പോള്‍ത്തന്നെ ഒരു പൈന്റ്‌ അടിച്ചതിന്റെ സുഖം തോന്നുന്നുണ്ട്‌. കണ്ണു നിറഞ്ഞതു കണ്ട്‌കരയുകയാണെന്നു തെറ്റിദ്ധരിയ്‌ക്കരുത്‌. ആനമ്പാശ്രുവാണ്‌.

കരയാന്‍ ജപ്പാനിലെ ഹോട്ടലുകളിലുള്ളതുപോലെയുള്ള മുന്തിയ സൗകര്യങ്ങളൊന്നും വേണ്ടിവരില്ല നമുക്ക്‌. വെറുതെയിരുന്ന്‌ ഓരോന്ന്‌ ആലോചിച്ചാല്‍ത്തന്നെ കരച്ചില്‍ വന്നോളും. എന്നിട്ടും കാര്യം നടക്കുന്നില്ലെങ്കില്‍ ഇക്കൊല്ലത്തെ പത്താം ക്ലാസ്സ്‌പരീക്ഷാഫലമോ എണ്ണവില വര്‍ദ്ധനയോ ഒക്കെ വിഷയങ്ങളാക്കാം. രണ്ടാമതു പറഞ്ഞതാണെങ്കില്‍ അതിന്‌ എന്നും അവസരമുണ്ട്‌. എന്നിട്ടും കരച്ചില്‍ വരുന്നില്ലെങ്കില്‍ ഒരു ടിവിവെച്ചു കൊടുക്കുക. അതില്‍ സീരിയലുകളോ റിയാലിറ്റി ഷോകളോ ഉണ്ടാവുമല്ലോ. അല്ലെങ്കില്‍ വാര്‍ത്താ ചാനലുകളുണ്ട്‌. കരച്ചില്‍ വരാന്‍ അതൊക്കെ ധാരാളമാണ്‌.മറ്റൊന്ന്‌ സമയമാണ്‌. കരഞ്ഞു തീരാന്‍ ഒരു രാത്രി മുഴുവന്‍ വേണ്ടിവരില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട്‌ ദുഃഖം തീരാന്‍ വഴിയുണ്ട്‌. മനസ്സു തുറന്ന്‌ കരഞ്ഞു കഴിഞ്ഞാല്‍വേണമെങ്കില്‍ ഒന്നു മുഖം കഴുകി ബസ്സു പിടിച്ച്‌ വീട്ടിലേയ്‌ക്കു തന്നെ തിരിച്ചുപോവാമല്ലോ.വേഗം കരഞ്ഞു തീര്‍ക്കുന്നവര്‍ക്ക്‌ വല്ല ഡിസ്‌കൗണ്ടോ മറ്റോ അനുവദിച്ചാല്‍ വിശേഷമായി. അടുത്ത ആള്‍ക്ക്‌ കയറാമല്ലോ.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിയ്‌ക്കണം ഹോട്ടലുകള്‍ തുറക്കുമ്പോള്‍. മുറികള്‍ക്ക്‌അമിതമായ വാടക പാടില്ല. എങ്കില്‍ അതുതന്നെ കരച്ചിലിനു വഴിവെയ്‌ക്കും. നമ്മളൊന്നും ജപ്പാന്‍കാരേപ്പോലെ സമ്പന്നരല്ലല്ലോ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

View More