Image

അശരണർക്ക് ശാന്തി നൽകിയ ആത്മീയാചാര്യൻ : ജോർജി വർഗീസ് (ഫൊക്കാനാ പ്രസിഡൻ്റ് )

Published on 18 October, 2020
അശരണർക്ക് ശാന്തി നൽകിയ ആത്മീയാചാര്യൻ : ജോർജി വർഗീസ് (ഫൊക്കാനാ പ്രസിഡൻ്റ് )
അശരണർക്ക് ശാന്തി നൽകിയ ആത്മീയ ആചാര്യനായിരുന്നു കാലം ചെയ്ത മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്ത.തിരുമേനിയുമായി എനിക്ക് വ്യക്തി പരമായി അടുപ്പം സൂക്ഷിക്കുവാൻ വർഷങ്ങളായി സാധിച്ചിരുന്നു എന്നത് അഭിമാനത്തോടെ ഓർമ്മിക്കുന്നു. തിരുമേനിയിൽ നമുക്കെല്ലാവർക്കും ദർശിക്കാവുന്നതും അനുകരിക്കാവുന്നതുമായ ഒരു കാര്യം അദ്ദേഹം തന്നെ ആശ്രയിച്ച് എത്തുന്ന ഒരാളെയും കൈവിടില്ല എന്നതായിരുന്നു. 

യേശുക്രിസ്തുവിൻ്റെ പാത പിൻതുടർന്ന നല്ല യിടയൻ ആയിരുന്നു അദ്ദേഹം.ഭദ്രാസന കൗൺസിൽ മെമ്പറായി പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം നിരവധി സമയം പ്രവർത്തിച്ചിട്ടുണ്ട്. ഒരിക്കൽ ന്യൂയോർക്കിൽ കൗൺസിൽ മീറ്റിംഗിന് പങ്കെടുക്കുവാൻ വന്ന സമയത്ത് വളരെ വൈകിയാണദ്ദേഹം എത്തിയത്. ഫ്ലൈറ്റ് വൈകിയതായിരുന്നു കാരണം. കാത്തിരുന്ന ഞങ്ങളെ അദ്ദേഹം ഒട്ടും നിരാശപ്പെടുത്താതെ വന്നപ്പോൾ തന്നെ സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭദ്രാസനത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും വളരെയധികം സംസാരിക്കുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അമേരിക്കൻ ഭദ്രാസനം ഫ്ലോറിഡയിൽ വച്ച് ഫാമിലി കോൺഫറൻസ് നടത്തിയപ്പോൾ സെക്രട്ടറിയിയായി പ്രവർത്തിക്കുവാൻ അവസരം ലഭിച്ചിരുന്നു .

അന്ന് മുഖ്യ പ്രാസംഗികനായി   എത്തിയത് അഭിവന്ദ്യ തിരുമേനിയായിരുന്നു .അന്ന്അദ്ദേഹവുമായി കൂടുതൽ അടുത്തിടപിഴകാനും സാധിച്ചു .അപ്പോഴെല്ലാം സഭയിൽ നടപ്പിലാക്കാൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ചും സഭാ വിശ്വാസികൾക്കും സമൂഹത്തിനും ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും അവയെക്കുറിച്ച് അഭിപ്രായമാരായുകയും ചെയ്തിരുന്നു .ഒരു സഭാ വിശ്വാസിയുടെ അഭിപ്രായത്തെ കേൾക്കുവാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു . അദ്ദേഹവുമായുള്ള   അത്തരം ചർച്ചകളിൽ നിന്നെല്ലാം എനിക്ക് മനസിലായ ഒരു കാര്യം പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും, അവയെ സമൂഹ നന്മയ്ക്കു ഉതകും വിധം നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അപൂർവ്വ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം .

സമൂഹത്തിൽ ശക്തമായ വിവേചനം നേരിട്ട ട്രാൻസ് ജെൻ ഡേഴ്സിനെ പുനരധിവസിപ്പിക്കുന്നതിന് അദ്ദേഹം തീരുമാനമെടുത്തപ്പോൾ തിരുമേനിക്കെതിരായി സഭയിലെ ഒരു വിഭാഗം ആളുകൾ സന്ദേഹം പ്രകടിപ്പിച്ചപ്പോൾ അതിനെയെല്ലാം ക്രിസ്തീയ ആശയത്തിൽ പ്രതിരോധിക്കുകയും തിരുമേനിയുടെ ചിന്താഗതികൾ പൂർണ്ണമായും ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു എന്നത് വസ്തുതയായിരുന്നു. ആരെയും കൂസാതെ തനിക്ക് പറയാനുള്ളത് വെട്ടിത്തുറന്ന് പറയുകയും അത് പിന്നീട് മനസിൽ കൊണ്ടു നടക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.ഒരു പക്ഷെ ഒരു മനുഷ്യന് വേണ്ട ആത്യന്തികമായ ഒരു ഗുണമായും അതിനെ വ്യാഖ്യാനിക്കാം.

ഫൊക്കാനയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. ഫൊക്കാനയുടെ നിരവധി കൺവൻഷനുകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഫൊക്കാന ഷിക്കാഗോ കൺവൻഷനിൽ മതസൗഹാർദ്ദ സമ്മേളനത്തിൻ്റെ ഉദ്ഘാടകനായിരുന്നു അദ്ദേഹം. മത സൗഹാർദ്ദത്തെ തിരുമേനിയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ ആറന്മുള വള്ളം കളിയുടെ നിത്യ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം എന്ന് ഓരോ ആറൻമുള ,കോഴഞ്ചേരി നിവാസികൾക്കും അറിവുള്ള കാര്യമാണ്.

മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ എന്നതിലുപരി വിവിധ സഭകൾ ചില വിഷയങ്ങളിൽ ഏകീകൃതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ നേതൃത്വം വഹിക്കുന്നതിൽ അഭിവന്ദ്യ ജോസഫ് മാർത്തോമ്മാ വഹിച്ച പങ്ക് വളരെ വലുതാണ്. രാഷ്ട്രീയവും മതം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കാലത്ത് മനുഷ്യൻ്റെ നന്മയ്ക്ക് ഉതകുന്ന രാഷ്ട്രീയ ത്തിനും ,അതിനുള്ള തിരുത്തലുകൾക്കായി ഭരണാധിപന്മാരെ ഓർമ്മപ്പെടുത്തുവാനും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും, വാക്കുകളും ഉപകരിച്ചിരുന്നു എന്നതിൽ തർക്കമില്ല.

തിരുമേനിയുടെ വിയോഗം കേരളീയ സമൂഹത്തിനും, പ്രത്യേകിച്ച് ആത്മീയ സമൂഹത്തിനും ഒരു വലിയ നഷ്ടമായി അവശേഷിക്കും എന്നിടത്താണ് ജോസഫ് മാർത്തോമ്മ എന്ന മനുഷ്യ സ്നേഹിയെ കൃത്യമായി അടയാളപ്പെടുത്തുക എന്നതിൽ സംശയമുണ്ടാവാൻ ഇടയില്ല.
അനുവദിച്ചു തന്ന സൗഹൃദവും സ്നേഹവും എന്നും ഹൃദയത്തിൽ സൂക്ഷിച്ചു കൊണ്ട് തിരുമേനിയുടെ ആത്മാവ് നിത്യതയിലേക്ക് ലയിക്കുവാൻ പ്രാർത്ഥിക്കുന്നു.

അശരണർക്ക് ശാന്തി നൽകിയ ആത്മീയാചാര്യൻ : ജോർജി വർഗീസ് (ഫൊക്കാനാ പ്രസിഡൻ്റ് )
Join WhatsApp News
Ravi Varughese Pulimoottil 2020-10-19 02:00:17
I had the privilege of meeting Thirumeni with my Marthomite friends few times. I praise God that he was a strong spiritual leader not only for Marthomites but also for all denominational Christians. Let his soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക