Image

യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകള്‍ ലയിക്കാന്‍ തീരുമാനം

Published on 03 February, 2021
യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകള്‍ ലയിക്കാന്‍ തീരുമാനം

ലണ്ടന്‍: യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകള്‍ ലയിക്കാന്‍ തീരുമാനമായി. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് യുകെ & അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എഐസി നല്‍കിയത്.

സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമീക്ഷ യുകെ , ചേതന യുകെ, ക്രാന്തി അയര്‍ലണ്ട് എന്നീ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. യുകെയിലെ സംഘടനകളായ ചേതനയും സമീക്ഷയുമാണ് ആദ്യ ഘട്ടത്തില്‍ ലയിക്കുന്നത്. അയര്‍ലണ്ടില്‍ ക്രാന്തി ഏക ഇടത് സംഘടനയായി തുടരും. ഒരു രാജ്യത്ത് വ്യത്യസ്ത സംഘടനകളായി നില്‍ക്കാതെ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കണം എന്ന പാര്‍ട്ടി തീരുമാനവും അതിന്റെ പ്രാധാന്യവും ഇതുവരെ കൈക്കൊണ്ട നടപടികളും സെക്രട്ടറി ഹര്‍സെവ്ബയിന്‍സ് യോഗത്തില്‍ വിശദീകരിച്ചു. സമീക്ഷ യുകെ ,ചേതന യുകെ എന്നീ സംഘടനകളുടെ നാഷണല്‍ കമ്മിറ്റികള്‍ ലയനത്തിനായുള്ള എഐസി നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു.

യോഗത്തില്‍ ചേതനയെ പ്രതിനിധീകരിച്ച് സുജു ജോസഫ് (പ്രസിഡന്റ്), ലിയോസ് പോള്‍ (സെക്രട്ടറി), വിനോ തോമസ്, സുനില്‍ ലാല്‍, എബ്രാഹം, ജിന്നി ചാക്കോ എന്നിവരും സമീക്ഷയെ പ്രതിനിധീകരിച്ച് പ്രസാദ് ഒഴാക്കല്‍ (വൈ.പ്രസിഡന്റ്), ബിനോജ് ജോണ്‍ (ജോ. സെക്രട്ടറി), കേന്ദ്രസെക്രട്ടേറിയറ്റ് അംഗങ്ങളായ ആഷിഖ് മുഹമ്മദ് നാസര്‍, അബ്ദുല്‍ മജീദ് , ക്രാന്തി അയര്‍ലന്റിനുവേണ്ടി ഷിനിത്ത്. എ.കെ (പ്രസിഡന്റ്), മനോജ് മന്നത്ത് , പ്രീതി മനോജ് , എഐസി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോഗിന്ദര്‍ ബെയ്ന്‍സ് , രാജേഷ് ചെറിയാന്‍, രാജേഷ് കൃഷ്ണ, ജനേഷ് നായര്‍, ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

നിലവില്‍ മൂന്നു വ്യത്യസ്ത സംഘടനകളായി പ്രവര്‍ത്തിക്കുന്ന കലാസാംസ്‌കാരിക സംഘടനകളുടെ യോജിപ്പിനുള്ള എഐസി നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. ഇതിനായി ഒരു അഡ്ഹോക് കമ്മിറ്റി രൂപീകരിക്കും. അഡ്ഹോക് കമ്മിറ്റിയുടെ കോ-ഓര്‍ഡിനേറ്ററായി ജനേഷ് നായരെ യോഗം ചുമതലപ്പെടുത്തി.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക