Image

ഗായകൻ സോമദാസിൻറെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാൻഡ്സ് പത്ത് ലക്ഷം രൂപ ഉടനെ കൈമാറും.

(ഫോമാ ന്യൂസ് ടീം) Published on 25 February, 2021
ഗായകൻ സോമദാസിൻറെ കുടുംബത്തിന്    ഫോമാ ഹെല്പിങ് ഹാൻഡ്സ്   പത്ത് ലക്ഷം  രൂപ ഉടനെ കൈമാറും.

റിയാലിറ്റി ഷോയിലൂടെയും, നിരവധി സ്റ്റേജ് പരിപാടികളിലൂടെയും, ബിഗ് ബോസിലൂടെയും പ്രശസ്തനായ ഗായകൻ സോമദാസ് ചാത്തന്നൂരിന്റെ അകാല മരണത്തിലൂടെ അനാഥമായ അദ്ദേഹത്തിന്റെ നാലു പെൺമക്കളുടെ വിദ്യാഭ്യാസ ചിലവിലേക്കായി ഫോമയുടെ സഹായ പദ്ധതിയായ ഹെല്പിങ് ഹാൻഡ്സ്  പത്തുലക്ഷം രൂപ സ്വരൂപിച്ചു. അമേരിക്കയിലെ സേവന മനസ്കരായ മലയാളികൾ നൽകിയ സംഭാവന തുക ഫോമാ ഔദ്യോഗികമായി ഉടനെ സോമദാസിന്റെ കുടുംബത്തിന് കൈമാറും. 

   ഒരു ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച സോമദാസ് റിയാലിറ്റി ഷോയിലൂടെയാണ് കേരളമറിയുന്ന ഒരു ഗായകനായി മാറിയത്. . അമേരിക്കയുൾപ്പടെയുള്ള നിരവധി രാജ്യങ്ങളിലെ സ്റ്റേജ് പരിപാടികളിൽ പിറന്നൊരീ മണ്ണും, കണ്ണാണെ കണ്ണേ എന്ന ഗാനവും പാടി ജനഹൃദയങ്ങളെ പുളകം കൊള്ളിച്ച സോമദാസ്‌ കോവിഡ് ഹൃദയാഘാതം മൂലമാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ജനുവരി 31 നു മരണപ്പെട്ടത്.  അമേരിക്കയിലെ ഗ്യാസ്‌ സ്റ്റേഷനുകളിലും ഹോട്ടലുകളിലും മറ്റും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. സ്‌റ്റേജ് ഷോകളിലൂടെ ആരാധകരെ നേടിയ സോമദാസ് ബിഗ് ബോസ്സിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുത്തെങ്കിലും, ആരോഗ്യ പ്രശ്നങ്ങൾ മൂലം ഷോ വിട്ടുപോകേണ്ടി വന്ന ഹതഭാഗ്യനായിരുന്നു. സിനിമകളിലും പാടിയെങ്കിലും ആരോഗ്യ പ്രശ്നങ്ങളും നിർഭാഗ്യവും വിടാതെ പിന്തുടർന്നു. ഏറ്റവും ഒടുവിൽ, സ്റ്റാർട് മ്യൂസിക്കിന്റെ ഷൂട്ടിംഗ് വേദിയിലാണ് അദ്ദേഹം പങ്കെടുത്തത്. 

സോമദാസിന്റെ കുടുംബത്തിന്  തണലേകാൻ ഫോമാ ഹെൽപ്പിങ് ഹാൻഡ്സ് ഏറ്റെടുത്ത ആദ്യത്തെ  സാമ്പത്തിക സഹായ സംരംഭത്തിലേക്ക്   എല്ലാ അമേരിക്കൻ  മലയാളികളും, സ്നേഹിതരും നിറഞ്ഞ മനസ്സോടെയാണ്  സഹകരിച്ചത്. 

നിർദ്ധനരും,ആലംബഹീനരും,അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ ജീവിത പ്രതിസന്ധികളിൽ ഒരു കൈത്താങ്ങാകുവാനും,  ഫോമാ രൂപം നൽകിയ സാമ്പത്തിക സഹായ പദ്ധതിയാണ്  ഹെല്പിങ് ഹാൻഡ്. ആദ്യമായാണ് ഒരു മലയാളി അസോസിയേഷൻ ഇത്തരമൊരു    ഒരു സഹായ പദ്ധതി നടപ്പിലാക്കുന്നത്. നൂറ് ഡോളറിൽ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ പ്രതിമാസമോ, ഒറ്റ തവണയോ ആയി  ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക് സംഭാവനയായി നൽകി ഹെല്പിങ് ഹാന്റിൽ പങ്കാളികളാകാം.അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളിൽ പെടുന്നവർക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ്  ഫോമയുടെ  ഹെല്പിങ് ഹാൻഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക  ക്ലേശമനുഭവിക്കുന്നവർ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങൾക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ, തുടങ്ങിയവരെയാണ്  ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കൾ ആയി കണക്കാക്കുക. 

സോമദാസിന്റെ കുടുംബത്തെ സഹയായിക്കാൻ സഹകരിച്ച  ഫോമയുടെ എല്ലാ അഭ്യുദയകാംഷികളോടും ഫോമാ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്,   ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഹെല്പിങ് ഹാന്റിന്റെ നാഷണൽ കോർഡിനേറ്റർ ഗിരീഷ് പോറ്റി , ചെയർമാൻ സാബു ലൂക്കോസ്, ഹെല്പിങ് ഹാനിന്റെ ഭാരവാഹികളും, കമ്മറ്റി അംഗങ്ങളും നന്ദി അറിയിക്കുകയും, . ഫോമയുടെയും, ഹെല്പിങ് ഹണ്ടിന്റെയും വരും കാല പദ്ധതികളുമായി സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു
ഗായകൻ സോമദാസിൻറെ കുടുംബത്തിന്    ഫോമാ ഹെല്പിങ് ഹാൻഡ്സ്   പത്ത് ലക്ഷം  രൂപ ഉടനെ കൈമാറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക