Image

ഹി ഈസ് ഫൈന്‍- (കഥ: ജയകുമാര്‍ കെ പവിത്രന്‍)

ജയകുമാര്‍ കെ പവിത്രന്‍ Published on 26 February, 2021
ഹി ഈസ് ഫൈന്‍- (കഥ: ജയകുമാര്‍ കെ പവിത്രന്‍)
ആഢംബരവും പൊങ്ങച്ചവും വിളിച്ചറിയിച്ചുകൊണ്ട് ആ വലിയ കാര്‍ ഗേറ്റ് തുറന്നിറങ്ങിവന്നു. കാറിന്റെ പിന്‍സീറ്റില്‍,ധാരാളിത്തവും അഹങ്കാരവും മുറ്റിനില്‍ക്കുന്ന മുഖവും ശരീരപ്രകൃതിയുമുള്ള ഒരു കൊച്ചമ്മസ്വരൂപിണി ഇരിപ്പുണ്ടായിരുന്നു. അവരുടെ മടിയില്‍, സ്വന്തം പുത്രനെപ്പോലെ ഓമനിച്ചുപരിപാലിക്കുന്ന വിലയേറിയ നായ മയങ്ങുന്നു. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയുടെ ആകാരംകൊണ്ടറിയാം,അവള്‍ വലതുവശത്തിരുന്ന് ഡ്രൈവ് ചെയ്യുന്ന പണക്കൊഴുപ്പുകൊണ്ടുചീര്‍ത്ത  ദുര്‍മുഖന്റെയും കൊച്ചമ്മസ്വരൂപിണിയുടെയും പുത്രിതന്നെ. നായുടെ അതേ പ്രകൃതി, അതേ വികൃതി. പട്ടിയെ അടിമുടി തലോടി ആകെ വെപ്രാളപ്പെട്ടാണ് ആ സ്ത്രീ ഇരിക്കുന്നത്. അത് ആഹാരം കഴിക്കുന്നില്ല. എത്രയുംപെട്ടെന്ന് ഡോക്ടറെ കാണണം.
കാര്‍ റോഡിലേക്കിറങ്ങി ഉറക്കെ കുരച്ചുകൊണ്ട് പാഞ്ഞുപോയി.
അപ്പോള്‍, ആളൊഴിഞ്ഞ ആ വീടും പരിസരവും അതിന്റെ മടുപ്പിക്കുന്ന ഏകാന്തതയുമെല്ലാംചേര്‍ന്നുവരച്ചിട്ട ഒരവ്യക്തനിഴല്‍രൂപം, ആ കാര്‍ ഇറങ്ങിപ്പോകുന്നതും നോക്കി അഴികളില്‍പിടിച്ചുകൊണ്ട്  നില്‍പ്പുണ്ടായിരുന്നു.

ദൂരെയെവിടെയോ ഒരു പട്ടിയുടെ തുടര്‍ച്ചയായുള്ള കുര കേള്‍ക്കാം.അത് ഏറിവരികയായിരുന്നു. അഴികളില്‍ പിടിച്ചുകൊണ്ട്, അകലങ്ങളിലെവിടെയോ പരതിനടന്ന് ഉറച്ചുപോയ രണ്ടുകണ്ണുകള്‍ പകര്‍ന്നുകൊടുത്ത നേര്‍ത്തൊരോര്‍മ്മയുടെ ഇത്തിരിവെട്ടത്തില്‍ ആ നിഴല്‍ ചലിച്ചു.,
.........
മണ്ണുകുഴച്ചുകെട്ടിപ്പൊക്കിയ കൊച്ചുകുടിലിന്റെ ചെറുമുറ്റത്ത് കീറിപ്പറിഞ്ഞ നിക്കര്‍ മാത്രം ധരിച്ച ഒരു ബാലന്‍ ഓടിക്കളിക്കുകയാണ്. കുടിലിനകത്ത്, അടുക്കളയോടുചേര്‍ന്നൊരു തൊട്ടില്‍ ആടുന്നുണ്ടായിരുന്നു. അടുപ്പിലെ തീ ഊതിയും  ഇടക്കിടെ തിരിഞ്ഞുനോക്കി തൊട്ടിലാട്ടി രാരീരം പാടിയും  കരുത്തനായ ഒരു ചെറുപ്പക്കാരന്‍ അവിടെ ഉണ്ടായിരുന്നു.മുറ്റത്ത് ഓടിക്കളിച്ചിരുന്ന ബാലന്‍ അകത്തേക്കു കയറിവന്നപ്പോള്‍ അയാള്‍ അവന്റെ കയ്യുംമുഖുമൊക്കെ തുടച്ചശേഷം ഒരു പിഞ്ഞാണത്തില്‍ ചൂടു കഞ്ഞി പകര്‍ന്നു നല്‍കി. അവന്റെ അടുത്ത് ചേര്‍ന്നിരുന്ന് തലയില്‍ തലോടുമ്പോള്‍ അയാളുടെ ഒരു കൈ തൊട്ടിലാട്ടുകയായിരുന്നു.ചുണ്ടില്‍ ഉപ്പിട്ട കഞ്ഞിവെള്ളച്ചേലില്‍ താരാട്ടീണം കിനിഞ്ഞു.
.......
അഴികളില്‍ മുറുകെപിടിച്ചിരുന്ന വിരലുകള്‍ വിറച്ചു.കണ്‍വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. കാര്‍ ഗേറ്റുതുറന്ന് അകത്തേക്കുകയറി.പോര്‍ച്ചില്‍പോയിനിന്ന് റിലാക്‌സ് ചെയ്ത് അപ്പിയിടാന്‍ തയ്യാറെടുക്കുകയായിരുന്ന ആഢംബരക്കാറില്‍നിന്നും നായ ചാടിയിറങ്ങി. ആഹ്‌ളാദത്തിമര്‍പ്പില്‍ വീട്ടുകാരും.ദുര്‍മുഖന്‍ വീടിന്റെ ഡോര്‍ തുറന്നപ്പോള്‍ പട്ടിയും പെണ്‍കുട്ടിയും പതുപതുത്ത സോഫയിലേക്ക് ചാടിക്കയറി തുള്ളാന്‍ തുടങ്ങി. കൊച്ചമ്മസ്വരൂപിണി ഏതോ മുന്തിയതരം ഫുഡ് എടുത്ത് നായയെ തീറ്റി.ഒപ്പം മകളെയും.

ഭര്‍ത്താവായ മാന്യസുകുമാരന്‍ ആട്ടിന്‍തോലിട്ട ആട്ടുകസേരയില്‍ ചാഞ്ചാടിയിരുന്ന് നട്‌സ് കൊറിച്ചു.ശേഷം ടി.വി.ഓണ്‍ ചെയ്ത് പത്രം തലതിരിച്ചുപിടിച്ച് മയങ്ങാന്‍ തുടങ്ങി. അന്നേരം അയാളുടെ ഫോണ്‍ ബൗബൗബോ ബൗബൗബോ എന്ന് നോട്ടിഫിക്കേഷന്‍ ടോണടിച്ചു..വാട്ആപ്പ് മെസേജ്..സഹോദരിയാണ്.''അച്ഛന് സുഖമാണോ'''How Is Our Father''....
അയാള്‍ ഒരുനിമിഷം എന്തോ ആലോചിച്ചശേഷം എഴുന്നേറ്റ് പതിയെ നടന്നുചെന്ന്  ഹാളിലെ ജനലിലൂടെ പുറത്തേക്ക്-അലസമായി ഒരു നോട്ടംവിട്ടു. ബംഗ്‌ളാവിനുസമീപം ഔട്ട്ഹൗസ് എന്നപേരില്‍ നിലനിര്‍ത്തിയിരുന്ന, ഒരുവലിയപട്ടിക്കൂടിനേക്കാള്‍ അല്പംകൂടി വലിപ്പംതോന്നിക്കുന്ന, പഴയൊരുകെട്ടിടത്തിലേക്കാണ് അയാളുടെ നോട്ടമെത്തിയത്. 
അഴികള്‍ക്കപ്പുറത്ത്, പ്രാകൃതരൂപിയായൊരു മനുഷ്യന്‍ ,ഏന്തിവലിഞ്ഞ് ചെറിയ  അലുമിനിയംകോപ്പയിലെ ഇത്തിരി കഞ്ഞിവെള്ളത്തിലേക്ക് ഇഴഞ്ഞുനീങ്ങുന്നു.കൈകള്‍ വിറച്ച് ഒരുവറ്റ് വാരാനാകാതെ നാവുകൊണ്ട് പാത്രത്തില്‍ ആര്‍ത്തിയോടെ പരതുന്നു.മകന്‍ ജനലിലൂടെ അല്പസമയംനോക്കിനിന്നശേഷം  വാട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്തു..,''Yes,He Is Fine'' ''അച്ഛന് സുഖമാണ്''.

ഹി ഈസ് ഫൈന്‍- (കഥ: ജയകുമാര്‍ കെ പവിത്രന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക