Image

നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്

Published on 27 February, 2021
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
 രാവിലെ മൗണ്ട്താരയിൽ ദാസിന്റെ ഓഫീസ്മുറി. 
"വിദേത്...... "
നിരഞ്ജൻ ദാസിന്റെ കൈകളിൽ മുറുകെ പിടിച്ചു. 
"നമ്മൾ ഈ വിഷയം ഇനി സംസാരിക്കേണ്ട. ഈ പറഞ്ഞതൊക്കെയാണ് സംഭവിച്ചതെങ്കിൽ പോലും അതൊന്നും നമ്മൾ അറിഞ്ഞിട്ടില്ല. താൻ സ്വസ്ഥമായി ഒന്ന് കിടന്നുറങ്ങണം. വളരെവേഗം താനും മിലാനുമായുള്ള  വിവാഹം നടക്കണം. അതാണിപ്പോൾ ചർച്ച ചെയ്യേണ്ടത്. നമുക്കു താരാമ്മയെ കണ്ടു വിവാഹക്കാര്യം സംസാരിക്കാം. താൻ വരൂ....  ഞാൻ താരാമ്മയെ കാണട്ടെ. താൻ അല്പം  വിശ്രമിച്ചിട്ടു മനസ്സ് നേരെയാക്കിയിട്ടു താഴേക്കുവന്നാൽ മതി" 
ഒന്നുകൂടി ഊന്നിപ്പറഞ്ഞു നിരഞ്ജൻ താഴേക്കുപോയി. 

ദാസ്  കുറേനേരംകൂടി അങ്ങനെ ഇരുന്നു. പലവിധ ചിന്തകളാൽ കലുഷിതമായിരുന്നു അയാൾ.  കുറച്ചുകഴിഞ്ഞു മുഖം അമർത്തിത്തുടച്ചുകൊണ്ടു അയാൾ  എഴുന്നേറ്റു. 
 താഴേക്കു ഇറങ്ങാൻ തുടങ്ങുമ്പോൾ  മൈത്രേയി മുകളിലേക്കു  ഓടിക്കയറിവരുന്നതുകണ്ടു. 
"അച്ഛാ.... "അവൾ ഓടിവന്നു ദാസിനെ കെട്ടിപ്പിടിച്ചു. 
"അച്ഛാ, അമ്മ പറയുന്നത്  അച്ഛന്റെയും ദീദിയുടെയും വിവാഹം നാളെ വേണം എന്നാണ്.... ഞാനും അതാണ്‌ പറയുന്നത്. "
"നാളെയോ?  എന്താ നീ പറയുന്നത്?  പോലീസുകാർ കയറിയിറങ്ങികൊണ്ടിരിക്കയാണ്. ചടങ്ങുകളിൽ അവരുടെ സാന്നിദ്ധ്യം വേണ്ട. ഒരാഴ്ച കഴിയട്ടെ"
അയാൾ മകളെയുംകൂട്ടി താഴേക്കു നടന്നു. 
.........................................

കരോലിൻ ഭട്ട്നാഗറുടെ ഫോൺ മുഴങ്ങി. 
കരോലിൻ വിസ്മയത്തോടെ ഫോണിലേക്കു നോക്കി. മിലാൻ കാളിങ് !
"ഹായ് മേം,  എന്തെങ്കിലും ന്യൂ അപ്ഡേറ്റ്സ് ഉണ്ടോ? "
തനൂജയുടെ കാര്യമാണ് കരോലിൻ ഉദേശിച്ചത്‌. ഈയിടെയായി തനൂജയുടെ കാര്യം പറയാനല്ലാതെ ആരും വിളിക്കാറില്ല എന്നായിരിക്കുന്നു. 
"യെസ് കാ.... സന്തോഷമുള്ള കാര്യം നിന്നോട് ആദ്യം പറയട്ടെ"
മിലാൻ സ്നേഹപൂർവ്വം സംസാരിച്ചപ്പോൾ വീണ്ടും കരോലിൻ ശങ്കിച്ചു. റായ് വിദേതന്റെയും മിലാന്റെയും ജീവിതത്തിൽ അറിയാതെയാണെങ്കിലും തന്റെ പേര് ഇടയ്ക്കിടെ മുഴങ്ങുന്നുണ്ട്.  ആത്മാർത്ഥമായ സൗഹൃദത്തെയാണ് ഈ സംഭവങ്ങൾ  ഉലച്ചുകളഞ്ഞത്. അതിനെല്ലാം ശേഷം മിലാൻ സ്നേഹത്തോടെ തന്റെ പേര്   ഓർത്തിട്ടുണ്ടാവില്ല എന്നും കരോലിനു അറിയാം. അതുകൊണ്ടുതന്നെയായിരുന്നു കരോലിൻ ശങ്കിച്ചതും. 
"കാ... എന്റെയും വിദേതിന്റെയും വിവാഹമാണ്. വളരെ അടുത്തവർ മാത്രമേയുള്ളൂ. നിന്നോട് ആ വിശേഷം ആദ്യമായി പറയുകയാണ്."
കരോലിൻ രണ്ടുനിമിഷം മിണ്ടാതെ നിന്നു. 
"പ്രണോതി മേം.... " അവൾ പതുക്കെ വിളിച്ചു. 
"യെസ് കാ... എന്റെ സ്വപ്നമാണ് പൂക്കുന്നത് ഈ നിമിഷം. ഒരിക്കലും വാടാതെ ആ വസന്തം എന്നോടുചേർന്നു നിൽക്കട്ടെ. എന്റെ  വിവാഹം എന്നതു കയ്യെത്തും ദൂരത്താണെന്ന്  എനിക്കും കുടുംബത്തിനും ഈ ലോകത്തിനും തന്നെ തോന്നിയ കാലമുണ്ടായിരുന്നു. പക്ഷേ അതങ്ങനെയല്ല എന്നു കാലം തന്നെ തെളിയിക്കുകയാണ്. എങ്കിലും അവസാനം ഞാൻ ജയിച്ചു. ഇല്ലേ കാ...."
കരോലിന്റെ ചുണ്ടിൽ പതുക്കെ ഒരു ചിരി   നനുത്തുവിടർന്നു. 
"ഞാൻ അങ്ങോട്ടു വരാം മേം.... എന്നാണ് വിവാഹം?"
"അതെ, നീ വരണം... റിനുവിനെയും വിളിച്ചിട്ടുണ്ട്. അവളും ഉണ്ടാവും. പിന്നെ നമ്മൾ കുടുംബക്കാർ മാത്രമേയുള്ളൂ. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാവും. നീ നാളെത്തന്നെ ഇങ്ങോട്ടു വരണം"
മിലാന്റെ സ്വരത്തിൽ സന്തോഷം നുരയുന്നുണ്ടെങ്കിലും ലോകം മുഴുവനും കൊണ്ടാടേണ്ടിയിരുന്ന ആ നിമിഷം വളരെ ചെറിയ ചടങ്ങുകളിലേക്കു ചുരുങ്ങിയതിന്റെ  വിഷമവും പടർന്നിട്ടുണ്ടെന്നു  കരോലിൻ അറിഞ്ഞു.
.....................

ദാസ് മട്ടുപ്പാവിൽനിന്നും നീണ്ട ഇടനാഴിയിലേക്കു നടന്നു.
 മൗണ്ട്താരയിൽ ഗാംഭീര്യത്തോടെ  നിൽക്കുന്ന കരിങ്കൽതൂണുകളിൽ ഞാന്നുകിടക്കുന്ന ഓട്ടുവിളക്കുകളിൽ തിരികൾ ഒരുക്കുന്ന  രൂപത്തെ കണ്ടു ദാസ് നിന്നു. 
വെളുത്തസാരിയിലെ കരകളിൽമാത്രം പച്ചയും ഓറഞ്ചും ഇടകലർന്ന  പൂക്കൾ. സാരിയുടെ നീണ്ട പല്ലു നിലത്തിഴയുന്നു.
"നീ എപ്പോൾ വന്നു?" ദാസ് ചോദിച്ചു. 
മേനക തിരിഞ്ഞു. ദാസിനെകണ്ടു പുഞ്ചിരിച്ചു. വളരെ പതുക്കെ വിരിഞ്ഞ  മനോഹരമായ ചിരി!
"ഞാൻ ഇവിടെത്തന്നെ ഉണ്ടല്ലോ വിദേത്....  ആട്ടെ, എന്നാണ് വിവാഹം....  ഈ വിവാഹം കഴിഞ്ഞാൽ മുതിർന്നു വരുന്ന മകളുടെ വിവാഹവും മറക്കേണ്ട."

"അവൾക്കു പ്രായമായോ വിവാഹം കഴിക്കാൻ... അവൾ ബിസിനസൊക്കെ പഠിക്കട്ടെ. ഇതൊക്കെ നോക്കി നടത്താൻ പ്രാപ്തി വരുമ്പോൾ അവൾക്കു പറ്റിയ ഒരാളെ അവൾ കണ്ടെത്തും. പിന്നെ നമ്മൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ.... സമയമുണ്ട്." അയാൾ അല്പം ദൂരെ നിൽക്കുന്ന മകളെ നോക്കി.

മേനക തന്റെ കൈയിൽ പറ്റിയ എണ്ണ ടിഷുപേപ്പറിൽ തുടച്ചു. വിളക്കുകളിൽ എണ്ണ ഒഴിക്കാൻ  ഉപയോഗിച്ച ചിരാതു  താഴെ വെച്ചു അവർ നിവർന്നു.
"ഇപ്പോൾ ഉള്ളവരെല്ലാം എന്നും ഉണ്ടാവില്ല വിദേത്. നിങ്ങൾക്കുതന്നെ ഇപ്പോൾ എത്ര വയസ്സായി.  ഈ പ്രായത്തിൽ ചെറുപ്പക്കാരുടെ ജീവിതവും അവരുടെ വിവാഹവും പോലെ വിദേതിന്റെ വിവാഹവും ജീവിതവും എല്ലാവരും ഏറ്റെടുക്കുന്നതും ചർച്ച ചെയ്യുന്നതും നിങ്ങളോടു കരുതലും സ്നേഹവും ഉള്ളവർ ചുറ്റിലും ഉള്ളതുകൊണ്ടാണ്. മത്സരിക്കാനും വെറുക്കാനും അസൂയപ്പെടുവാനും പ്രതിയോഗികൾ ഉള്ളതിനാലും ആണ്. ഒരുപക്ഷെ നിങ്ങളൊരു സാധാരണ റായ് വിദേതൻ ആയിരുന്നെങ്കിൽ തനൂജ തിരിഞ്ഞുനോക്കുമായിരുന്നില്ല"

ദാസ് തന്റെ ജുബ്ബയുടെ പോക്കറ്റിൽ കൈകൾചേർത്തു പുറത്തേക്കുനോക്കിനിന്നു. 

"വിദേത് എത്രത്തോളം മിത്രയുടെ ഭാവിയെപ്പറ്റി ചിന്തിച്ചിട്ടുണ്ടെന്നു എനിക്കറിയില്ല. പക്ഷേ എനിക്കവൾ ഒരൊറ്റ മകളാണ്. അവളുടെ അച്ഛൻ തകരുന്നതും തോൽക്കുന്നതും കൊലപാതകിയാവുന്നതുമൊന്നും ഞാൻ സഹിക്കുന്ന കാര്യങ്ങളല്ല. നമുക്കു സ്വന്തമായവർ നന്നായി ജീവിക്കുന്നതല്ലേ നമ്മുടെ സന്തോഷം; മിത്ര മുതിർന്നവളായി മാറുമ്പോൾ നിങ്ങളുടെ അച്ഛൻ എന്ന ഉത്തരവാദിത്തവും ഏറുന്നു. എന്റെയും...."

ദാസിന്റെ മിഴികൾ പിടച്ചു. അയാളുടെ കൃതാവിലെ നരച്ച മുടിയിഴകളിൽ കരിങ്കൽത്തൂണിലെ ദീപങ്ങൾ സ്വർണ്ണച്ചായം പൂശി.

"അതുകൊണ്ടാണോ നാളെത്തന്നെ വിവാഹം വേണമെന്ന് നീ പറഞ്ഞത്? തനൂജ എണീക്കും മുൻപേ വേണമെന്നല്ലേ.... നമുക്കു നടത്താം"

"അതുകൊണ്ടല്ല..... " മേനക ചിരിച്ചു.  "അവൾ എഴുന്നേറ്റാലല്ലേ.....  
ആ പേടിയൊന്നും ഇവിടെ ആർക്കും ഇല്ല. ടെട്രോഡോടോക്സിന് അത്ര നിസ്സാരമാണോ? "  മേനകയുടെ കണ്ണുകൾ വല്ലാതെ തിളങ്ങിയത് ദാസ് കണ്ടു. 

"അവൾ എഴുന്നേൽക്കാതെ പിന്നെ?  ഇല്ലേൽ ഞാൻ കുടുങ്ങുമല്ലോ..."

മേനക അയാളുടെ തൊട്ടടുത്തേക്കുവന്നു. ആ കണ്ണുകൾ അയാളുടെ കണ്ണുകളിൽതന്നെ ഉറപ്പിച്ചു  അവർ  മന്ത്രിച്ചു. "തെളിവാണ് കോടതിക്ക് വേണ്ടത് വിദേത്. അവൾ എഴുന്നേറ്റു വന്നാലും മരിച്ചു പോയാലും തെളിവുകൾ എവിടെ?  തനൂജയെ കടിച്ച മൽസ്യം ഇപ്പോൾ ആഴക്കടൽ താണ്ടിയിരിക്കുമല്ലോ.... കടലായ കടലെല്ലാം വറ്റിക്കാൻ അവളെ കടലോളം സ്നേഹിക്കുന്ന ഒരു മുക്കുവൻ വന്നാൽ പോലും പറ്റില്ലല്ലോ...."

"എന്താ നീ പറയുന്നത്? " ദാസ് മേനകയുടെ കൈകളിൽ പിടിച്ചു. 

മേനക വീണ്ടും  ചിരിച്ചു. "ശ്ശ്..... സാരി വിടൂ.... "അയാളുടെ കൈകളിൽനിന്നും തന്റെ സാരി വിടർത്തി എടുത്തു മേനക ചുണ്ടിൽ കൈവെച്ചു. 
"ഐ മീൻ.... അവളുടെ ദേഹത്തിലെ വിഷം എന്നാണ് ഉദ്ദേശിച്ചേ.... അല്ലാതെ മീൻ പാമ്പിനെപ്പോലെ കടിക്കുമെന്നല്ല...."

 ദാസിന്റെ ഉള്ളിൽ എന്തോ പിടഞ്ഞു. അയാൾ മുന്നോട്ടുവന്നു  മേനകയുടെ കുറുകെ നിന്നു. 
"നേര് പറ, നിനക്കറിയാമോ തനൂജയുടെ ഉള്ളിൽ എങ്ങനെ TTX എത്തി എന്ന്?  പ്ലീസ് എന്നോടു പറ.... "

തല ഒരുവശത്തേക്ക് ചെരിച്ചുപിടിച്ചു കൈകൾ രണ്ടുംകെട്ടി മേനക വിദേതിനെ നോക്കി.
"വിദേത്..... എനിക്കറിയുന്നതെല്ലാം  വിദേതിനും അറിയാം. ഇവിടുത്തെ പോലീസുകാർക്കും നാട്ടുകാർക്കും അറിയാം. മതിയോ.... "
അവർ നാലഞ്ചുചുവടു മുന്നോട്ടുനടന്നു ദാസിനെ തിരിഞ്ഞു നോക്കി. ദാസ് അവിടെത്തന്നെ നിൽക്കുന്നു. 
"വന്നു അമ്മയെ കാണൂ.... രാത്രി  എല്ലാവർക്കും ഒരുമിച്ചാണ് അത്താഴം. വെറുതെ ഇരുന്നു ബോറടിക്കുന്നെങ്കിൽ വിളക്കുകൾ തെളിയിക്കാൻ ഞങ്ങളുടെ കൂടെ കൂടിക്കൊള്ളൂ." 

സന്ധ്യ കഴിഞ്ഞപ്പോഴേക്കും വഴിയിലും  മുറ്റത്തും  വീട്ടിലും  ദീപങ്ങൾ നിറഞ്ഞു.    കുറേ നേരമായി മിലാനെ അയാൾ കണ്ടിരുന്നില്ല.  
ദാസ് കുളികഴിഞ്ഞു താഴേക്കുവന്നു.
ദുർഗാദേവിയുടെ മണ്ഡപത്തിൽ നിറയെ പലനിറങ്ങളിൽ വിളക്കുകൾ  തെളിഞ്ഞിരുന്നു.  മൈത്രേയി കുമർതുളിയിൽനിന്നും പ്രത്യേകമായി ഉണ്ടാക്കികൊണ്ടുവന്ന  ദുർഗ്ഗമാതായുടെ കണ്ണുകളിൽ പ്രകാശം പതിന്മടങ്ങായി പ്രതിഫലിച്ചു. 

നിരഞ്ജനും നാരായണസാമിയും താരാദേവിയും എന്തോ സംസാരിക്കുന്നു.  ജോലിക്കാർ ഓരോ ഭാഗങ്ങളിൽ ഓടിനടക്കുന്നു. മേനകയും മിത്രയും രംഗോലി മനോഹരമാക്കുന്നു. 
പ്രതീക്ഷിക്കാത്ത രണ്ടുപേരെ കണ്ടു ദാസിന്റെ മുഖം വിടർന്നു. സഞ്ജയ്‌ പ്രണോതിയും ശാരികയും. 
"എപ്പോൾ വന്നു?  എന്നെ വിളിക്കാമായിരുന്നല്ലോ." അയാൾ അവരുടെ അടുത്തേക്കു വേഗത്തിൽ നടന്നടുത്തു. 
" വന്നപ്പോൾ ഉച്ച കഴിഞ്ഞു. വിശ്രമിക്കുന്നെങ്കിൽ ആവട്ടെ എന്നു കരുതി. നിരഞ്ജനും കൂടിയപ്പോൾ ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു." ശാരിക ചിരിച്ചു. മേഘങ്ങൾ ഒഴിഞ്ഞ ആകാശം പോലെ തെളിഞ്ഞിരുന്നു അവരുടെ മുഖം. അല്പം ദൂരത്തായി ഒരു പീഠത്തിൽ ഇരുന്നു കരോലിനുമായി സംസാരിക്കുന്ന  മിലാനെ ദാസ് കണ്ടു. 
 ഉദയസൂര്യന്റെ നിറം കലർന്ന ഓറഞ്ചു ദാവണിയിൽ അതിസുന്ദരിയായിരുന്നു  മിലാൻ!!
അതെ എല്ലാവരും ഉണ്ട്. 
സ്നേഹമാണ് എല്ലാ മുഖത്തും, എല്ലാ ഹൃദയത്തിലും... 
സന്തോഷത്തരികൾ മിന്നുന്നു. തിരകൾ വന്നു തൊടുന്നു. ജാലകങ്ങളും വാതിലുകളും  സ്നേഹം വിതറുന്നു. 
എന്നും ഇവിടെ ഇങ്ങനെ ജീവിക്കാൻ കഴിഞ്ഞെങ്കിൽ.... 
അയാൾക്ക്‌ മതിയാവുന്നുണ്ടായിരുന്നില്ല.
അയാൾ അവരുടെയെല്ലാം അരികിലൂടെ പലവട്ടം നടന്നു. ജോലിക്കാരെ സ്നേഹത്തോടെ നോക്കി. അവരോട് സംസാരിച്ചു. 
സഞ്ജയും നിരഞ്ജനും അയാളോട് കുശലം പറഞ്ഞു ചിരിച്ചു. 
മേനകയും മകളും ഇടയ്ക്കു അയാളെ പിടിച്ചിരുത്തി ഫോട്ടോ എടുത്തു. 
അയാളുടെ നെറ്റിയിൽ ചന്ദനം തൊട്ടു. 
മിലാനും കരോലിനും അയാളുമായി മുറ്റത്തിറങ്ങി പൂക്കൾക്കരികിൽ നിന്നും ഫോട്ടോ എടുത്തു. 
കരോലിൻ ഒരു പൂ ഇറുത്തു ദാസിനു നീട്ടി. മിലാനെ പിടിച്ചു തിരിച്ചുനിറുത്തി ആ മുടിയിൽ ചൂടിച്ചു. 
ദാസ് ചിരിച്ചു. മിലാനും കരോലിനും  ചേർന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറി. 
വിളക്കുകത്തിക്കാൻ ശാരികയും താരാദേവിയും കാണിച്ചുകൊടുത്തു. 
കൈയിൽ പറ്റിയ എണ്ണ അയാൾ താരാദേവിയുടെ പട്ടുസാരിയിൽ തുടച്ചു. 
"ശോ.... 'അവർ ശാസനയോടെ സാരി വലിച്ചെടുത്തു അയാളെ അടിക്കാൻ കപട ദേഷ്യത്തോടെ കയ്യോങ്ങി. 
അയാൾ അമ്മയെ നോക്കി. 
വെളുത്ത മുടി ഒതുക്കികെട്ടിവെച്ചു സിന്ദൂരം തൊട്ട നെറ്റിയിൽ പതിഞ്ഞു കിടക്കുന്ന  നെറ്റിയാഭരണത്തിൽ തിളങ്ങുന്ന  താരാദേവിയുടെ മുഖം! വിടർത്തിയിട്ട  പട്ടുസാരിയിൽ തിളങ്ങുന്ന  വലിയ പൂക്കൾ....  
അമ്മയുടെ  മുഖത്തേക്കുതന്നെ നോക്കിയിരിക്കവെ അവർ പെട്ടെന്നു മുഖം തിരിച്ചു മകനെ നോക്കി. 
കണ്ണുകൾ ഇടഞ്ഞപ്പോൾ ദാസ് പുഞ്ചിരിച്ചു. 
താരാദേവി  പതുക്കെ നടന്നു അയാളുടെ അടുത്തെത്തി. 
"എന്താ ആലോചന? "
"എല്ലാവരും എപ്പോഴും ഇത്രയും സന്തോഷത്തിൽ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്നൊരു അത്യാഗ്രഹം അമ്മാ...  
ഈ നിമിഷത്തിൽ മുങ്ങിനിൽക്കുകയാണ് ഞാൻ. "
"എല്ലായിപ്പോഴും എല്ലാറ്റിനോടും കൂടെ നിൽക്കൂ എന്നു  പറയാനാവില്ല വിദേത്. നൂറ്റാണ്ടുകൾ നിലനിൽക്കുവാൻ മനുഷ്യനാവില്ല.  അവൻ അവശേഷിപ്പിക്കുന്ന മുദ്രകൾ മാത്രമാണ് നിലനിൽക്കുക.  നമുക്കിത്രമാത്രം ചെയ്യാം. കഴിയുന്നിടത്തോളം ഓരോ സുന്ദരനിമിഷത്തെയും നെഞ്ചോടുചേർക്കാം."

അന്നു രാത്രിയിൽ  ആഹാരമേശയുടെ നീണ്ട രണ്ടറ്റങ്ങളിൽ താരാദേവിയും വിദേതും വന്നിരുന്നു.  ആ കൂറ്റൻ ബംഗ്ളാവിൽ കളിയും ചിരിയും പൊട്ടിച്ചിതറി.  മൗണ്ട് താരയിൽ ജ്വലിച്ചുനിന്ന ദീപനാളങ്ങളിൽ ആകാശത്തിലെ താരകൾ മുഖം നോക്കി മാറ്റുരച്ചു. താരാദേവിയുടെ വജ്രമൂക്കുത്തിയിലെ പ്രഭയിൽ കണ്ണഞ്ചി മാനത്തെ താരകൾ മിഴിചിമ്മി.
............................ 

കുറേക്കഴിഞ്ഞാണ് എല്ലാവരും കിടപ്പറകളിലേക്ക് മടങ്ങിയത്. 
മിലാൻ മുൻപേ മുറിയിലേക്ക് പോയിരുന്നു. 
അടക്കിയിട്ടും അടങ്ങാത്ത അലകളുമായി ദാസും ഉറങ്ങാൻ തയ്യാറെടുത്തു. 
അമ്മയുടെ മുറിയുടെ അരികിൽ എത്തിയപ്പോൾ ദാസ് നിന്നു. 
അകത്തു കയറി അമ്മയെ കാണണം  എന്നയാൾക്ക്‌ അപ്പോൾ തോന്നി. 
അമ്മയുടെ ചൂടുപറ്റി ആ വയറിന്റെ തണുപ്പിൽ കവിൾ അമർത്തി കിടക്കുന്ന അഞ്ചുവയസ്സുകാരനാവാൻ ഉള്ളം കലങ്ങി തുടിക്കുന്നു. 
തന്നെ മുലപ്പാൽ പിഴിഞ്ഞെടുത്തു അതിൽ കുളിപ്പിച്ചിരുന്ന അമ്മ... 
ദേഹത്തു മുഴുവൻ ചോക്ലേറ്റ് പുരട്ടി പനിനീരുകൊണ്ടു കുളിപ്പിച്ചിരുന്ന അമ്മ.... 
മകന്റെ ജീവിതത്തിൽനിന്നും കൊടുങ്കാറ്റുകളെ പിഴുതെറിഞ്ഞ അമ്മ.... 
നെഞ്ചിലേക്ക് ഒരുമിച്ചു മുലപ്പാലും താരാട്ടിന്റെ ഈണവുംവന്നു നെഞ്ചു വിങ്ങി. 
പക്ഷേ ആ മുറിയിലേക്ക് കയറാൻ അയാൾക്കു ധൈര്യമുണ്ടായില്ല. 
വാതിൽ ചാരി ദാസ് പിൻവാങ്ങി. 
ആ കണ്ണുകൾ ചുവന്നു വിങ്ങിയിരുന്നു. 
....................... 

എപ്പോഴോ ഉണർന്ന മിലാൻ തന്റെ മുഖത്ത്   തലോടുന്ന വിരലുകളിൽ തൊട്ടു. 

 "ഉറങ്ങിയില്ലേ.....?"

"ഇല്ല... "

"എന്താ ആലോചിക്കുന്നേ വിദേത്?"

"നിന്നെപ്പറ്റിതന്നെ .... നിന്റെയീ കുഞ്ഞുമൂക്കുത്തിയുടെ വിലയെപ്പറ്റി....."

 മിലാൻ എഴുന്നേറ്റു ആ മുഖത്തേക്കുനോക്കി. അയാൾ അവളെ അരികിലേക്കണച്ചു ചേർത്തു.  അനാവൃതമായ ആ വയറിലേക്കു മുഖം ചേർത്തുവെച്ചു  ദാസ് കണ്ണുകളടച്ചു.

 അതിമനോഹരമായ പൂന്തോട്ടത്തിലെ കടുംപൂക്കളിൽ വന്നുമുത്തുന്ന   ചിത്രശലഭമായി  മിലാൻ പറന്നു. വായുവിൽ പടർന്ന സുഗന്ധത്തോടൊപ്പം  അവളൊരു മുഖത്തെ തന്റെ ജീവനിലേക്ക്  ചേർത്തുപിടിച്ചിരുന്നു. 

 (അവസാനിച്ചു)
സന റബ്‌സ് എഴുതിയ 'നീലച്ചിറകുള്ള മൂക്കുത്തികൾ ' ഇവിടെ പൂർണ്ണമാകുന്നു.
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക