Image

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ആറു മാസം കൂടി വേണമെന്ന് പ്രത്യേക കോടതി; സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

Published on 28 February, 2021
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ആറു മാസം കൂടി വേണമെന്ന് പ്രത്യേക കോടതി; സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു.

നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

കോവിഡ് പശ്ചാത്തലത്തില്‍ വിചാരണ നീണ്ടുപോയി. അതിനിടയില്‍, വിചാരണ കോടതി ജഡ്ജിയുടെ ആവശ്യത്തെ തുടര്‍ന്ന് 2020 ഓഗസ്റ്റില്‍, വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രീം കോടതി അനുവദിച്ചു.

അതിനിടെ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന്‍ രാജി വച്ചു. തുടര്‍ന്ന് വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു.

പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടര്‍ ഹാജരാകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി, സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കത്ത് തിങ്കളാഴ്ച ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക