Image

വാവരൂ (കഥ-തമ്പി ആൻറണി)

Published on 09 March, 2021
വാവരൂ (കഥ-തമ്പി ആൻറണി)

അന്നത്തെ ദിവസം, ഉച്ചവരെയുള്ള കോടതിനടപടികൾ കഴിഞ്ഞു , ജഡ്ജി നീലകണ്ഠൻ നമ്പൂതിരി അടിപിടിക്കേസ്സിലെ മുഖ്യപ്രതി ദേവരൂപനെ നോക്കി ഒന്ന് ചിരിച്ചതാണ് കോടതിമുറിയിലുണ്ടായിരുന്ന എല്ലാവരെയും ആശയകുഴപ്പത്തിലാക്കിയത്. പ്രതിയെ കൊണ്ടുവന്ന ഹെഡ് കോൺസ്റ്റബിൾ കുഞ്ഞുരാമനും അതൊരു പുതിയ അനുഭവമായിരുന്നു. ജഡ്ജി മൂവായിരം രൂപാ എന്ന പിഴ, വെറും ആയിരം രൂപയാക്കി ഇളവു ചെയ്യുകയും ചെയ്തത് എല്ലാവരേയും അമ്പരപ്പിച്ചു.  എത്രയോ പ്രതികളേയും കൂട്ടി വർഷങ്ങളായി ഈ കോടതിമുറിയിലൂടെ തേരാപ്പാരാ കയറിയിറങ്ങിയിട്ടുള്ള ഹെഡ് കോൺസ്റ്റബിൾ കുഞ്ഞുരാമൻ നായർ. അയാളെ നോക്കി ഒരിക്കൽപോലും ചിരിച്ചിട്ടില്ലാത്ത ഗൗരവക്കാരനായ ജഡ്ജി നീലകണ്ഠൻ‍നമ്പൂതിരിയാണ് ഒന്നാം പ്രതിയായ ആദിവാസിചെക്കനെ നോക്കി ചിരിച്ചത്. അപ്പോൾപിന്നെ കുഞ്ഞുരാമൻ ‍ അതെങ്ങനെ സഹിക്കും! ശിക്ഷയ്ക്ക് ഇളവു കൊടുത്തത് ദേവരൂപനു മാത്രമാണെന്നതാണ് ഏറ്റവും ആശ്ചര്യകരം. 

ചെറുതോണിയിലെ സ്റ്റോൺഎയ്‌ജ് ബാറിൽ ‍, തലേദിവസം കൂട്ടുകാരു‍കൂടി നല്ല വീശു വീശിയതാണ് സംഭവങ്ങളുടെ തുടക്കം. ദേവരൂപൻറെ കൂട്ടുകാർക്കെല്ലാം മൂവായിരമാണു പിഴയടച്ചതെന്നോർക്കണം . പക്ഷേ, ഒന്നാംപ്രതിക്ക് ഒരു നിബന്ധനയുണ്ട്: അഞ്ചുമണിവരെ കോടതിപ്പരിസരത്തുണ്ടാവണം. ആ ഉത്തരവാദിത്തം, ഹെഡ് കോൺസ്റ്റബിൾ കുഞ്ഞുരാമനിൽ നിക്ഷിപ്തമാണ്. ഉത്തരവിൽ ‍ അങ്ങനെയാണു പറഞ്ഞിരിക്കുന്നത്. അതു കേട്ട ദേവരൂപന്‍, പോക്കറ്റിൽനിന്ന് ആയിരം രൂപയുമെടുത്ത്, നേരേ ജഡ്ജിന്റെയടുത്തേക്ക് ഓടാനുള്ള പുറപ്പാടിലായിരുന്നു.അപ്പോഴേക്കും‍ കുഞ്ഞുരാമൻ വിലങ്ങനെ  നിന്ന്, ലാത്തി വീശി. 

'അതൊക്കെയടയ്‌ക്കേണ്ടത് അപ്പുറത്തെ ഓഫീസിലാ. നീയിപ്പം അങ്ങോട്ടോടിച്ചെന്നാൽ ജഡ്ജിക്കു കൈക്കൂലി കൊടുത്തെന്ന പേരിൽ പുതിയ ചാര്‍ജ്ജും ചേർത്ത് രൂപാ പതിനായിരം കൊടുക്കേണ്ടിവരും. കുഞ്ഞുരാമൻ അവന്റെ ചെവിയിലാണ്  അതു പറഞ്ഞത്. 

'അയ്യോ! ചതിക്കല്ലേ സാറേ...'

'നീ എന്റെകൂടെ വാ. ഇനിയിപ്പം നിന്റെ ഉത്തരവാദിത്തം എനിക്കാ.'

അപ്പോഴും ജഡ്ജ് അവനെ ഇടങ്കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. 

'സാറു‍ ക്ഷമിക്കണം. അവനൊരബദ്ധം പറ്റിയതാ.'

കുഞ്ഞുരാമൻ താഴ്മയോടെ പറഞ്ഞു. ജഡ്ജി ഗൗരവം വിടാതെ കൽപ്പിച്ചു :

'ഒരു പ്രാവശ്യം പുറത്തേക്കു പോകാം. ഭക്ഷണം കഴിക്കണമെങ്കിൽ മാത്രം.'

'എടാ, നീ ജഡ്‌ജേമാന്‍ പറഞ്ഞതു കേട്ടല്ലോ. നടക്കെടാ അങ്ങോട്ട്.'

'യജമാനനും ഭൃത്യനുമൊക്കെ പഴയ രാജഭരണകാലത്തല്ലേ സാറേ?'

കുഞ്ഞുരാമനു ദേഷ്യം വന്നു. പോലീസ് മുറയിൽ‍ ലാത്തിയെടുത്ത് ഒന്നു കറക്കി, പരിഹസിച്ചു:

'അവന്റെയൊരു വായീക്കൊള്ളാത്ത വർത്തമാനവും പേരും! പേരെന്തോന്നാ പറഞ്ഞത്? ദേവരൂപായോ?'

അവൻ നടന്നുകൊണ്ട്, അതു തിരുത്തി:

'രൂപായല്ല. രൂപ‍ൻ ദേവരൂപൻ ‍.'

'കണ്ടാലും തോന്നും!'

'സാറിനു വിളിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ‍ വാവരൂ എന്നു വിളിച്ചോളൂ. എല്ലാവരും അങ്ങനെയാ വിളിക്കുന്നത്.'

'ഓ! അതു നിന്റെ ഓമനപ്പേരായിരിക്കും.'

‘ എനിക്കറിയില്ലസാർ . അതൊക്കെ ആദ്യം വിളിച്ചുതുടങ്ങിയ അമ്മയോടുതന്നെ ചോദിക്കണം’

അവന്റെ തർക്കുത്തരമൊന്നും കുഞ്ഞുരാമന് അത്രക്കങ്ങോട്ടു പിടിച്ചില്ല . അയാൾ  പെട്ടന്ന് അവനെയുംകൂട്ടി പുറത്തേക്കിറങ്ങി. ലഞ്ച് സമയമായതുകൊണ്ടാവാം, വരാന്തയിൽ നല്ല തിരക്കുണ്ടായിരുന്നു. എതിരേ വന്ന ഗുമസ്തൻ ‍ മമ്മൂക്ക അവരെക്കണ്ടു, ചെക്കനെ ഒന്നു സൂക്ഷിച്ചുനോക്കി. 

'സാറെന്താ ഉച്ചനേരത്ത്   ഈ ആദിവാസിപയ്യനുമായി‘

അതിഷ്ടപ്പെടാതെ, ദേവരൂപൻ അയാളെ തറപ്പിച്ചു നോക്കി.

'അയ്യോ, മമ്മൂക്കാ, അങ്ങനെയൊന്നും വിളിച്ചേക്കല്ലേ. നമ്മള്‍ രണ്ടും അകത്താകും. ഭൂമിയുടെ ശരിക്കുള്ള അവകാശികളാ!'

'അതൊക്കെപ്പിന്നെ എനിക്കറിയരുതോ? ഞാനും ചെറുതോണിക്കാരനാ ഞങ്ങളുടെ നാട്ടിൽ ഇവനെ വാവരൂ എന്നു പറഞ്ഞാലേ അറിയത്തൊള്ളു. മോട്ടോർ സൈക്കളിൽ ഇരപ്പിച്ചു 

പറന്നുപോകുന്നതേ ഞാൻ‍ കണ്ടിട്ടുള്ളു. ഇതിപ്പം എന്തോ തട്ടുകേടുണ്ടല്ലോ! പെട്ടുപോയോ?'

'പെട്ടതുതന്നെയാ. ചെക്കനൊരു അടിപിടിക്കേസിലെ ഒന്നാം പ്രതിയാ. കൂടെ വന്നവരോടൊക്കെ പിഴയടച്ചിട്ടുപൊക്കോളാൻ പറഞ്ഞു. എന്റെ കസ്റ്റഡിയിലാ ഇവനിപ്പോൾ. 

വാവരൂവിന്, മമ്മൂക്കയുടെ ചോദ്യമൊന്നും പിടിച്ചില്ല. എങ്കിലും കോടതിവളപ്പായതുകൊണ്ടു മാത്രം ആത്മസംയമനം പാലിച്ചു. എന്നിട്ടും മമ്മൂക്ക വിട്ടില്ല. 

‘ഇവന്റെ ശരിക്കുള്ള പേരെന്താണെന്നാ പറഞ്ഞത്’

'ദേവരൂപൻ എന്നാ അവൻ പറഞ്ഞത്.'

'വന്നുവന്നിപ്പം കുറവനും കുറത്തിക്കുമുണ്ടാകുന്ന കുട്ടികൾക്കുവരെ ദേവന്മാരുടെ പേരുകളാ. എന്താണെങ്കിലും ലഞ്ചു കഴിഞ്ഞു കാണാം. എന്താവശ്യമുണ്ടെങ്കിലും എന്നോടു പറഞ്ഞാ മതീട്ടോ..അയാൾ യാത്ര പറഞ്ഞു പോയി. 

'നിനക്കു വിശക്കുന്നുണ്ടോടാ വാവരൂ?' 

കുഞ്ഞുരാമൻ  ആധികാരികമായി ചോദിച്ചു. 

'നല്ല വിശപ്പുണ്ട്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തതല്ലേ സാറേ? രാവിലെ കഴിക്കാനൊന്നും പറ്റിയില്ല.'

'എന്തായാലും ജഡ്ജ് അനുവദിച്ചതല്ലേ? ആ റാഹേലമ്മയിലൊന്നു പോയിനോക്കാം.' 

'റാഹേലമ്മയോ '

'കുയിലിമലയിൽ ‍, അടുത്തുള്ള ഹോട്ടൽ ആന്‍ഡ് ടീ ഷോപ്പാണ് . പേരിലിത്തിരി പഴക്കമുണ്ടെങ്കിലും ഹോട്ടൽ പുതിയതാണ്. ഹോട്ടൽ നടത്തുന്ന  വാവുക്കുട്ട‍ൻ വല്ല്യമ്മച്ചിയുടെ ഓർമ്മക്കിട്ട പേരാ റാഹേലമ്മ. വീട്ടിലെ ഊണുപോലുള്ള ഊണാ. അതു പോരേ നിനക്ക്?'

'അയ്യോ, മതി‍. വിശന്നിട്ടു വയറു കത്തുവാ.'

'എന്നാപ്പിന്നെ നീ ദേ, ആ കാണുന്ന കൗണ്ടറിൽപോയി ആയിരം രൂപാ അടച്ചിട്ടു വാ.'

വാവരൂ പോയിവരുന്നതുവരെ  കുഞ്ഞുരാമൻ ആ വരാന്തയിൽ കാത്തുനിന്നു. അവൻ തിരിച്ചുവന്നപ്പോൾ അയാൾ  ചോദിച്ചു:

'രണ്ടൂണിനുള്ള കാശുണ്ടോ പോക്കറ്റിൽ‘

'അതൊക്കെയുണ്ടു സാറേ‘

വാവരൂ, പോക്കറ്റിൽനിന്ന് കുറേ നോട്ടുകളെടുത്തു കാണിച്ചു. അവന്റെ പോക്കറ്റിൽനിന്ന് പുറത്തേക്കു ചാടിനില്‍ക്കുന്ന ഗാന്ധിത്തലകളിലേക്കുനോക്കി,  കുഞ്ഞുരാമൻ ചോദിച്ചു:

'അപ്പം നീ ആളു കൊള്ളാല്ലോ... നിനക്കെന്താ, കള്ളനോട്ടടിയാണോ?'

'നാടുകാണിയിൽ തിരുമ്മുശാലയാ. പാരമ്പര്യമായി ഞങ്ങള്‍ തിരുമ്മുകാരാ.'

അതൊന്നും ശ്രദ്ധിക്കാതെ,‍ കുഞ്ഞുരാമൻ പോലീസ് ശൈലിയിൽത്തന്നെ ആജ്ഞാപിച്ചു:

'മര്യാദയ്ക്കു ഞാൻ പറയുന്നതുകേട്ടു കൂടെ നിന്നോണം. ഉം, നടക്ക്. ബാക്കി കഥയൊക്കെ ഊണു കഴിച്ചിട്ടു മതി.'

'ഞാൻ ഓടിപ്പോകുമെന്നൊന്നും പേടിക്കണ്ട സാറേ. ആ നീലാണ്ടൻസാറിനെ എനിക്കത്രക്കു വിശ്വാസമാ.'

കുഞ്ഞുരാമന് , ജ്ഡ്ജ് നമ്പൂതിരിയുടെ ചിരി കണ്ടപ്പോൾതൊട്ട് ആകാംക്ഷയാണ്. കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിയണമെന്ന് അയാൾ തീരുമാനിച്ചു. 

കോടതിയിൽനിന്നിറങ്ങി, രണ്ടുപേരുംകൂടി മെയിൻറോഡ് ക്രോസ്സ് ചെയ്ത് റാഹേലമ്മയുടെ വാതിൽക്കലെത്തി. മുറ്റത്തുനിന്ന ആജാനുബാഹു ‍വാവുക്കുട്ടൻ കുഞ്ഞുരാമന് ഒരു ഷായ്ക്ക് ഹാൻഡ് കൊടുത്തിട്ട് ഒന്നു പുഞ്ചിരിച്ചു. ചിരിച്ചില്ലെങ്കിൽ ആരുകണ്ടാലും ആദ്യം ഒന്നു പേടിക്കും . പേരുപോലെ അത്ര ചെറുതൊന്നുമല്ല ,ഒത്ത പൊക്കവും വണ്ണവുമുള്ള കിരീടം സനിമയിലെ കീരിക്കാടൻ ലൂക്കാ. 

“തിരക്കാകുന്നതിനു മുൻപെത്തിയത് നന്നായി . ഉം ഇന്ന് തൊണ്ടിസഹിതമാണല്ലോ. പുതിയ പ്രതിയായിരിക്കും കൂടെ . “എന്നുപറഞ്ഞയാൾ ഒന്ന് ആക്കി ചിരിച്ചെങ്കിലും . അത് ശ്രദ്ധിക്കാതെ അവർ റാഹേലമ്മയുടെ വാതുക്കൽ എത്തി. 

നല്ല വൃത്തിയും മെനയുമുള്ള സ്ഥലം. മുറ്റത്ത് കുറേ പേരമരങ്ങൾ കായിച്ചു നിൽക്കുന്നു. ഒപ്പം ചില വലിയ മരങ്ങളും,ഭംഗിയായി വെട്ടിനിർത്തിയിരിക്കുന്ന ചെടികളും. നടുക്കായി, വൃത്താകൃതിയിലൽ പച്ചപുൽത്തകിടി. ഹോട്ടല്‍ പണിതിരിക്കുന്നത് മുളയും തടിയുംകൊണ്ടാണെങ്കിലും എല്ലാത്തിനും ഒരടുക്കും ചിട്ടയുമുണ്ട്. മുൻ‍വശത്തെ വാതിലിനോടു ചേർ‍ന്ന്, ഒരു മരത്തടിയിൽ ‍ 'ഹോട്ടൽ‍ റാഹേലമ്മ, കുയിലിമല' എന്നു കറുത്ത അക്ഷരത്തിലെഴുതിയിരിക്കുന്നു. തൊട്ടു താഴെ ചെറുതായി 'വീട്ടിലെ ഊണ്' എന്നും എഴുതിയിട്ടുണ്ട്. മുൻ‍വാതിലിൽ‍നിന്നു കയറുന്നിടത്ത്, വാതിൽ‍പ്പടിയുടെ മുകളിൽ‍ തൂക്കിയിട്ടിരിക്കുന്ന ബ്ലാക്ക് ആൻ‍ഡ് വൈറ്റ് ഫോട്ടോയിലെ, കുണുക്കിട്ട റാഹേലമ്മ ചിരിച്ചുകൊണ്ടു സ്വാഗതം പറയുന്നു. രണ്ടുപേരും ഊണു കഴിക്കാനിരുന്നു. ആദ്യം വാഴയില വന്നു. അതു വെള്ളമൊഴിച്ചു വൃത്തിയാക്കുന്നതിനിടെ കുഞ്ഞുരാമനൻ‍ വിഷയമെടുത്തിട്ടു:

'എടാ, നിനക്കെങ്ങനാ, ഈ ജഡ്ജിയുമായി നേരത്തേ വല്ല പരിചയവുമുണ്ടോ?'

'ഉണ്ടോന്നോ! അതെന്താ ചോദ്യമാ സാറേ? അതുകൊണ്ടല്ലേ രണ്ടായിരം രൂപാ കുറച്ചത്?'

'പക്ഷേ നിന്റെ കൂട്ടുകാരെയൊക്കെ വിട്ടില്ലേ? നിന്നെ അഞ്ചുമണിക്കു ജയിലിലേക്കു വിടാനായിരിക്കും. ഒന്നു സൂക്ഷിച്ചോ. കുത്തിയില്ലെങ്കിലും കത്തിയെടുത്ത കേസാ’

'എന്റെ സാറേ, പറഞ്ഞു പേടിപ്പിക്കല്ലേ. ആ ഡോട്ടി കൃത്യം അഞ്ചുമണിക്കു ബൈക്കുമായി വരും.'

'അതാരാ, ഗേള്‍ ഫ്രണ്ടാണോ?'

'അങ്ങനെയൊന്നുമില്ല. അവളൊരു പാട്ടുകാരിയാ, കോട്ടയംകാരി ഡോട്ടി ഡേവിഡ് . ഞങ്ങളുടെ ഊരാളി മ്യൂസിക് ഗ്രൂപ്പിൽ ഇടക്കൊക്കെ പാടാൻ വരും . കുയിലിമല അമലഗിരി കോളേജിൽ ബി കോമിനു പഠിക്കുന്നു . അവളുടെ കോളേജിലാ നാളെ പ്രോഗ്രാം . 

'അപ്പോൾ നിനക്കീ പാട്ടും കൂത്തുമൊക്കെയുണ്ടോ ' 

'സംഗീതമൊക്കെ ഞങ്ങളുടെ രക്തത്തിൽ ഉള്ളതാ സാറേ ,അതു പാരമ്പര്യമായിട്ടു സംരക്ഷിക്കുന്നു അത്രയേയുള്ളൂ . അതിനുവേണ്ടി ഉണ്ടാക്കിയതാ ഈ ഊരാളി ബാൻഡ് 

'എന്തായാലും നിന്റെ ഡോട്ടിയോടു പറഞ്ഞേര്, വിളിച്ചിട്ടു വന്നാ മതിയെന്ന്.'

'അതൊന്നും സാരമില്ല. എന്റെ ബൈക്കിലാ ഇപ്പോൾ അവളുടെ സവാരി. അതുകൊണ്ട് അവളു വന്നോളും. ഞാൻ‍ ജയിലിൽപോകുവോന്നു പേടിച്ച് അവളാകെ വിഷമിച്ചിരിക്കുകയാ. അതിപ്പം എന്നോടുള്ള ഇഷ്ടംകൊണ്ടാണെന്നെന്നും ഞാൻ കരുതുന്നില്ല. നാളെ അവളുടെ കോളേജിലാ പ്രോഗ്രാം അതുകൊണ്ടാ.. പെണ്ണല്ലേ വർഗ്ഗം കാര്യം കാണാൻ അതും അതിലപ്പുറവും ചെയ്യും. ഇനി എന്നെ ജയിലിലേക്കെങ്ങാനും വിടുമോ സാറേ. അതാ എന്റെ പേടി‘

'എനിക്കു ബലമായ സംശയമുണ്ട്. അല്ലെങ്കിൽ‍പ്പിന്നെ നിന്നെ മാത്രം വിടാത്തതെന്താണെന്നാണ് എനിക്കു മനസ്സിലാകാത്തത്’

അപ്പോഴേക്കും ചോറും കറികളുമെത്തി. 

'എന്തെങ്കിലും സ്‌പെഷ്യ‍ൽ ഐറ്റം വേണോ സാറേ?'

വാവുക്കുട്ടൻ‍ അടുത്തുവന്നു ചിരിച്ചുകൊണ്ടു ചോദിച്ചു. അയാളുടെ കച്ചവടനയമാണത്. പ്രതി കൂടെയുള്ളതുകൊണ്ട് കുഞ്ഞുരാമൻറെ ഊണ് ഓസല്ലെന്നയാൾ‍ക്കറിയാം. 

'ഫിഷ് ഫ്രൈ എടുത്തോ, രണ്ടുപേർക്കും’

ദേവരൂപൻ ഓർഡർ ചെയ്തു. 

'സാറിനു വേറെന്തെങ്കിലും വേണോ?' 

ഇവൻ‍ ആളു കൊള്ളാമല്ലോ എന്നാണയാൾ അപ്പോൾ ഓർത്തത്

'ഫിഷ് ഫ്രൈ തന്നെ ധാരാളം.'

കുഞ്ഞുരാമന്‍ അറിയേണ്ടിയിരുന്നത്, ജഡ്ജ് നീലാണ്ടന്റെ ചിരിയുടെ രഹസ്യമാണ്. അതുകൊണ്ടയാൾ ‍ വീണ്ടും വിഷയത്തിലേക്കു വന്നു.

'എത്ര പരിചയമുണ്ടെങ്കിലും നിനക്കും കിട്ടിയില്ലേ ശിക്ഷ? അതും പകൽ‍ മുഴുവന്‍ തടവ്! അതു കഴിയുമ്പോഴറിയാം ബാക്കിക്കാര്യം.'

'സാറു പറയുന്നതിലും കാര്യമുണ്ട്. ഞാൻ‍ വിളിച്ചുചോദിക്കാം.'

'അതിനു നിന്റെ കയ്യിൽ എവിടുന്നാ നമ്പര്‍?'

'അതൊക്കെ ഞങ്ങൾ‍ കൂട്ടുകാരായിരുന്നപ്പോൾ‍ കിട്ടിയതാ. എന്നാലും ഞാൻ‍ വിളിക്കാറൊന്നുമില്ല. അവരൊക്കെ വല്ല്യ ആൾ‍ക്കാരല്ലേ! എന്നെ ഓർ‍ക്കുന്നുണ്ടല്ലോ, അതുമതി. കുറച്ചു ബുൾഗാൻ‍ താടി വച്ചതുകൊണ്ട് എനിക്കാദ്യം കണ്ടപ്പോൾ‍ മനസ്സിലായില്ല. ആ ചിരി ചിരിച്ചപ്പോൾ ഉറപ്പായി. എന്നെ മറന്നിട്ടില്ല. 

കുഞ്ഞുരാമന് അവൻ‍ പറഞ്ഞതിലൊന്നും അത്ര വിശ്വാസം പോരായിരുന്നു. 

'നീ ഊണു കഴിക്ക്. എന്നിട്ടു സമാധാനമായിട്ടു വിളിക്കാം.'

ശാപ്പാടു കഴിഞ്ഞ് ബില്ലു വന്നപ്പോൾ വാവരൂ ഇടത്തെ കൈകൊണ്ടു പോക്കറ്റിലൽനിന്നു കുറേ നോട്ടുകളെടുത്തു മേശപ്പുറത്തേക്കിട്ടിട്ടു കൈ കഴുകാൻ പോയി. കുഞ്ഞുരാമന്റെ അമ്പരപ്പ് ഇരട്ടിച്ചു. സാധാരണയായി, ബില്ലു വരുന്ന സമയത്തു മുങ്ങുന്നവരാണു പ്രതികൾ‍. രണ്ടുപേരും കൈ കഴുകി തിരികെ വന്നിരുന്നപ്പോഴേക്കും, വിളമ്പുകാരൻ‍ വന്ന് ബില്ലും നോട്ടുകളും എടുത്തുകൊണ്ടുപോയി. 

ദേവരൂപൻ‍ കൈ തുടച്ച്, ഫോണെടുത്തു ജഡ്ജിയെ വിളിച്ചു. സ്പീക്കർ‍മോഡിലിട്ട ഫോണിലെ ശബ്ദത്തിനായി കുഞ്ഞുരാമൻ‍ കാതു കൂർ‍പ്പിച്ചിരുന്നു.

'ഹലോ, നീലാണ്ടൻ‍സാറല്ലേ? ഞാൻ‍ ദേവരൂപനാ.'

'അവസാനം നീ എന്റെ വലയിൽ‍ത്തന്നെ വീണു, അല്ലേ?'

അതു പറഞ്ഞ് ജഡ്ജി ചിരിക്കുന്നുണ്ടായിരുന്നു. 

'അല്ല സാറേ, ഒരു സംശയം ചോദിക്കാനാ വിളിച്ചത്.'

'പെട്ടെന്നു ചോദിച്ചോ. ലഞ്ചു കഴിഞ്ഞ് കോടതയിൽ‍ കയറാറായി.'

'സാറെനിക്കു മാത്രം രണ്ടായിരം രൂപാ ഇളവു തന്നത് നമ്മൾ കൂട്ടുകാരായതുകൊണ്ടാണെന്നറിയാം. പക്ഷേ ഈ അഞ്ചുമണിവരെയുള്ള തടവുശിക്ഷ എന്തിനാണെന്നു മാത്രം മനസ്സിലായില്ല.'

'എടാ, നിന്റെ കൂട്ടുകാർ‍ക്കൊക്കെ ശിക്ഷയുടെ തുക കൂടുതലായതുകൊണ്ടാണ് അവരെ വിട്ടത്. നിനക്കു തുകയിൽ‍ ഇളവും ഒരു പകൽ‍ തടവും എന്നാ വിധിയിലെഴുതിയിരിക്കുന്നത്. അല്ലെങ്കിൽ‍ എന്റെ പണി പോകും. മുകളീന്നു ചോദ്യം വരും. നിന്റെ തുക കുറയ്ക്കാൻ‍വേണ്ടി ഞാനൊരു കളി കളിച്ചതല്ലേ!'

'ഓ! ഞാനിതൊട്ടും പ്രതീക്ഷിച്ചില്ല. സാറ് ഈ കോടതിയിലേക്കു സ്ഥലംമാറ്റം കിട്ടി വരുമെന്നൊന്നും എനിക്കറിയില്ലായിരുന്നു.'

'എല്ലാം നിൻറെ ഭാഗ്യം. അല്ലെങ്കിൽ‍ കത്തികാണിച്ചു ഭീഷിണിപ്പെടുത്തിയതിന് ഒന്നാംപ്രതിയെ റിമാന്‍ഡിൽ‍ വയ്‌ക്കേണ്ടതാ. ഞാനന്നു പറഞ്ഞ വാക്കില്ലേ? അതു പാലിച്ചു. എന്നാലും നീയിങ്ങനെ കേസിൽ‍പ്പെട്ട് എന്റെയടുത്തു വരുമെന്ന് ഒട്ടും വിചാരിച്ചില്ല. ഇനിയെങ്കിലും മര്യാദയ്ക്കു വല്ല ജോലീം ചെയ്തു ജീവിച്ചോണം.'

'അതൊരബദ്ധം പറ്റിയതാ സാറേ. കൂട്ടുകാരു കൂടി ബാറിൽ‍ക്കയറി നല്ലതുപോലെ ഒന്നു പൂസ്സായി. ഞങ്ങളു‍ കുറച്ചുച്ചത്തിൽ സംസാരിച്ചെന്നുള്ളതും ശരിയാ. ബാർ‍മാനേജർ ‍ വാസുവേട്ടൻ‍ എന്നെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്നു മാത്രമല്ല, ഇതൊക്കെ മാന്യൻ‍മാരു വരുന്ന സ്ഥലമാണെന്നുപറഞ്ഞു അധിക്ഷേപിച്ചു. അത് കരടി വാസുവാ ഒന്നു സൂക്ഷിച്ചാൽ എല്ലാവര്ക്കും നല്ലതാ . എന്ന് തൊട്ടടുത്തിരുന്ന ഒരു കട്ടപ്പനക്കാരൻ ചേട്ടനാ പറഞ്ഞത്. ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യിതില്ലെങ്കിലും എല്ലാത്തിനേം അടിച്ചു പുറത്താക്കുമെന്നായി വാസുവേട്ടൻ . അയാളുടെ ശിങ്കിടി ഒരു തടിയനും അതേറ്റുപിടിച്ചു, ഞങ്ങൾക്ക് അന്ത്യശാസനം നൽകി .എനിക്കു കലി കേറിയിട്ട്, പുറത്തിറങ്ങിനിന്ന് പിച്ചാത്തിയെടുത്തു കാണിച്ചു. ചുണയുണ്ടെങ്കിൽ ‍ ഇറങ്ങിവാടാ കരടിവാസൂ എന്നു വെല്ലു വിളിച്ചു. അതുകേട്ടു മദ്യപിച്ചുകൊണ്ടിരുന്ന ആ തടിയൻ‍ ഇറങ്ങിവന്നു. എടാ, എന്റെ വാസുവേട്ടനെ മറ്റേപേരുവിളിച്ചാൽ ‍ എല്ലൂരുമെന്നു പറഞ്ഞു. ഞാനും വിട്ടില്ല, കുത്തിനു പിടിച്ചു. അവന്റെ കൂടെയുള്ളവരുംകൂടി വന്ന് ഉന്തും തള്ളുമായി. സത്യത്തിൽ ഞാൻ‍ പിച്ചാത്തി ഒന്നു പേടിപ്പിക്കാനെടുത്തതാ. ഉന്തും തള്ളും വന്നപ്പോൾ‍ തടിയന്റെ മർമ്മത്തുനോക്കി ഒന്ന് കൊടുത്തു . അയാൾ അലറിക്കൊണ്ട് താഴെവീണപ്പോഴേ ആരാണ്ടു പോലീസിനെ വിളിച്ചു. പിന്നെ ആ ഇരുട്ടത്ത് ഇടംവലം നോക്കാതെ ഒറ്റ ഓട്ടമോടി ചെറുതോണി പുഴയരികിൽ‍വരെ പോയി. പോലീസ്സുകാരു ബലം പ്രയോഗിച്ചു വട്ടം പിടിച്ചപ്പോൾ ഒരുത്തനെ കുനിച്ചുനിർത്തി നടുവിനുതന്നെ മുട്ടുകൊണ്ടിടിച്ചിട്ട് ഒറ്റ തള്ളും കൊടുത്തു. അയാൾ തലകറങ്ങി വീണു. അപ്പോഴേക്കും എന്നേ എല്ലാരുകൂടി പൊക്കിയെടുത്തു ജീപ്പിലിട്ടു . അവരു പറഞ്ഞപ്പോഴാ അറിഞ്ഞത്, ആ ബാർ‍ മാനേജർ കരടി വാസു കാലു വയ്യാത്തവനാണെന്ന്. വികലാംഗനെയാണോടാ പിച്ചാത്തിയൂരി കുത്താൻ‍ ചെന്നതെന്നു ചോദിച്ചാണ് ആദ്യത്തെ അടികിട്ടിയത് , പിന്നെ വിലങ്ങുവെച്ചു. ഞാനാ വാസുവേട്ടനെ ടൗണിൽ‍വച്ചൊന്നും കണ്ടിട്ടേയില്ലായിരുന്നു. കൊമ്പൻ‍മീശ കണ്ടാൽ‍ ഒരു റൗഡി ലുക്കാണെങ്കിലും അയാൾക്ക്‌ എഴുന്നേൽ‍ക്കാൻ‍പോലും ആരുടെയെങ്കിലും സഹായം വേണമെന്നറിയില്ലായിരുന്നു. അല്ലെങ്കിൽ‍ എന്നെപ്പോലൊരു എലുമ്പ‍ൻ പയ്യൻ വെല്ലു വിളിച്ചപ്പോൾ ഇറങ്ങിവരാതിരിക്കുമോ! എന്തായാലും അതറിഞ്ഞപ്പോൾ‍ എനിക്കും വിഷമമായി. പാവം പേരിൽമാത്രമേയുള്ളു ഈ കരടി. പിന്നത്തെ കഥ സാറിനറിയാമല്ലോ.'

'നീ വരുമ്പോൾ‍ കാണാം. എനിക്കു പോകാറായി. അപ്പോൾ‍ എല്ലാം പറഞ്ഞതുപോലെ. ഇതൊന്നും നീ ആരോടും പറയണ്ട, കേട്ടല്ലോ.'

'ഇല്ല സാർ ‍. ഈ ഉപകാരം ഞാൻ‍ മറക്കത്തില്ല. ഇടയ്‌ക്കൊക്കെ എന്റെ തിരുമ്മുശാലയിൽ‍ വരുമല്ലോ.'

'തീർ‍ച്ചയായും. അവിടുത്തെ തിരുമ്മോടുകൂടി എന്റെ നടുവേദന മുഴുവനും പോയി. പൂർ‍ണ ആരോഗ്യവാനായി. മനസ്സിനും സുഖമുണ്ട്.'

ഇത്രയും കേട്ടിരുന്ന കുഞ്ഞുരാമനു കാര്യം മനസ്സിലായെങ്കിലും ഒരു ചെറിയ സംശയം:

'നീ പുഴക്കരെ വരെ ഓടിയിട്ടെന്തിനാ പിടി കൊടുത്തത്? അക്കരെ നീന്തിക്കേറി രക്ഷപ്പെടാമായിരുന്നില്ലേ?'

'എന്റെ സാറേ, രണ്ടു മൊബൈൽ ഫോണും പതിനായിരം രൂപയുമാ പോക്കറ്റിൽ ‍. അതൊക്കെ വെള്ളത്തിൽ‍ കളയുന്നതിലും നല്ലത് പോലീസിന്റെ ഇടിയാണന്നാ അപ്പോൾ തോന്നിയത്’

കുഞ്ഞുരാണന്നറിയാം താൻ തന്നെയാ അവനെ വട്ടംകേറി പിടിച്ചതെന്ന് . പക്ഷെ തൽക്കാലം പോലീസുകാരൻ പ്രതിയുടെ ഇടികൊണ്ടതൊന്നും അവനോടു പറഞ്ഞു നാണംകെടേണ്ട ആവശ്യമില്ലല്ലോ. അല്ലെങ്കിലും ആ കുറ്റാകുറ്റിരുട്ടത്തു എങ്ങനെ തിരിച്ചറിയാനാ ആരൊക്കെയാണെന്ന്  . അതുകൊണ്ട് അയാൾ വിഷയം ഒന്ന് മാറ്റിപ്പിടിച്ചു. 

'നീ ആളൊരു പുലിയാണല്ലോടാ വാവരേ? അതിരിക്കട്ടെ, അപ്പോൾ നീയാണോ നീലകണ്ഠനൻനമ്പൂതിരിയെ തിരുമി സുഖപ്പെടുത്തിയത്’

'അതേ. രണ്ടു വർ‍ഷം മുമ്പ് എന്റെ തന്തപ്പടിയുടെ  ഊരാളിശാല എന്ന തിരുമ്മുശാലയിൽ ചികിത്സിക്കാൻ വന്നതാ. അച്ഛൻ‍ മൈലപ്പനെ ഉപ്പുമല കൂപ്പിൽ തടിവെട്ടാൻ പോയപ്പോൾ‍ കാട്ടാന ചവിട്ടിക്കൊന്നതിൽ‍പ്പിന്നെ ഞാനാ മുഖ്യവൈദ്യൻ‍. അമ്മ മൈലമ്മയുമുണ്ട് സഹായിക്കാൻ ‍.'

'നിന്നെ ഞാൻ‍ സമ്മതിച്ചുതന്നിരിക്കുന്നു. ചുമ്മാതല്ല, ആ ജഡ്ജ് നമ്പൂതിരി വീണുപോയത്! ചുരുക്കത്തിൽ‍പ്പറഞ്ഞാൽ‍ നീ ജഡ്ജ് ഏമാനെ തടവി. ജഡ്ജ് ഏമ്മാൻ നിന്നെ തടവിൽ‍നിന്നു രക്ഷപ്പെടുത്തി.'

'ഞങ്ങൾ‍ ആദിവാസി ഊരാളികളാ. പാരമ്പര്യവൈദ്യൻ‍മാരാ‍. സാറ് പറഞ്ഞതു നേരാ ജഡ്ജ് ഏമ്മാൻ തടവിലിടുന്നു ഞങ്ങൾ തവവിക്കൊടുക്കുന്നു’ 

അപ്പോഴേക്കും ആ ആജാനബാഹു വാവുക്കുട്ടൻ‍ ‍ ഒരു നല്ല ചിരി ചിരിച്ചുകൊണ്ട് അവരുടെയടുത്തെത്തി സൗമ്യമായി ചോദിച്ചു. 

'ഒരു ചായയെടുക്കട്ടേ സാറേ? വനില ഐസ്‌ക്രീമുമുണ്ട്.'

വാവുക്കുട്ടൻ‍ അങ്ങനെ ചോദിക്കുന്നതിൽ‍ രണ്ടുദ്ദേശ്യമുണ്ട്: ഒന്നുകിൽ‍ എന്തെങ്കിലും ഓർഡർ‍ ചെയ്യണം. അല്ലെങ്കിൽ‍ ടേബിൽ‍ കാലിയാക്കണം. ഉച്ചയായതുകൊണ്ട് നല്ല തിരക്കുമുണ്ട്. കുഞ്ഞുരാമനു കാര്യം പിടികിട്ടി. 

'വേണ്ട വാവുക്കുട്ടാ. ഞങ്ങളു പോവാ.'

അവർ ‍ എഴുന്നേറ്റ്, എല്ലാത്തിനും ദൃക്‌സാക്ഷിയായി നിഷ്‌കളങ്കമായി ചിരിക്കുന്ന കുണുക്കിട്ട റാഹേലമ്മയുടെ പടത്തിലേക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കി, ഹോട്ടലിനു പുറത്തിറങ്ങി. കോടതിവളപ്പിലേക്കു നടക്കുന്നതിനിടയിൽ‍, ദേവരൂപനു ഫോൺ ‍ വന്നു. അതു ഡോട്ടിയാണെന്ന് അവന്റെ ശരീരഭാഷയിൽ‍നിന്നു മനസ്സിലായി. 

'എടീ അഞ്ചുമണി കഴിയും. ഞാനിവിടെ തടവിലാ’‘

അപ്പോഴേക്കും ഞാനെത്തിയേക്കാം’ അവൾ പറഞ്ഞു.

‘എവിടെയാ നിന്റെ തിരുമ്മുശാല?'

കുഞ്ഞുരാമൻ ‍ ആകാംക്ഷയോടെ ചോദിച്ചു. 

'ഇവിടുന്നധികം ദൂരമില്ല. നാടുകാണീലാ. 

അവർ‍ നടന്നു കോടതിവളപ്പിൽ എത്തിയപ്പോഴേക്കും ദേവരൂപന്റെ ഫോൺ ശബ്ദിച്ചു. ഇത്തവണ ജഡ്ജ് നീലകണ്ഠൻ‍നമ്പൂതിരിയാണു വിളിച്ചത്. 

'എടാ വാവരൂ, നീയിനി നിൽ‍ക്കണ്ട. വന്നൊരു ഒപ്പിട്ടിട്ടു പൊയ്‌ക്കോ. ബാക്കി ഞാന്‍ നോക്കിക്കോളാം.'

'ഞാനിപ്പം ഈ നായരുസാറിന്റെ കസ്റ്റഡിയിലാ.'

'നീ ഫോൺ അയാളുടെ കൈയിൽ‍ കൊടുക്ക്. ഞാൻ‍ പറയാം.'

ജഡ്ജുമായി സംസാരിച്ചശേഷം, കുഞ്ഞുരാമൻ‍ ദേവരൂപനെയും കൂട്ടി ഓഫീസിൽ‍ക്കയറി ഏതൊക്കെയോ പേപ്പറിൽ‍ഒപ്പിടുവിച്ചുകഴിഞ്ഞ് പൊയ്‌ക്കോളാൻ‍ പറഞ്ഞു. 

'നീയൊരു ഭാഗ്യവാനാ.' 

അതു ശ്രദ്ധിക്കാതെ, വാവരൂ ഉടനെ ഡോട്ടിയെ വിളിച്ചു. അവളു‍ വരുന്നതുവരെ, കോടതിയിലെ പാർ‍ക്കിംഗ് ലോട്ടിൽ‍, അവർ സംസാരിച്ചുകൊണ്ടുനിന്നു. ഏതാണ്ട് അര മണിക്കൂർ ‍ കഴിഞ്ഞപ്പോൾ‍, ഡോട്ടി ഡേവിഡ് അവന്റെ പഴയ ബുള്ളറ്റുമായി പാഞ്ഞുവന്നു. അവൾ‍ ബൈക്ക് സ്റ്റാന്‍ഡിൽ‍വച്ച്, ഹെൽ‍മെറ്റൂരി കൈയിൽ‍തൂക്കിപ്പിടിച്ചുകൊണ്ട് അവരുടെയടുത്തേക്കു വന്നു. ദേവരൂപൻ‍ അവളെ കുഞ്ഞുരാമനു പരിചയപ്പെടുത്തി: 

'ഇവളാ ഞാൻ‍ പറഞ്ഞ പാട്ടുകാരി. ഡോട്ടി ഡേവിഡ്.'

അവൾ‍ ഒന്ന് പുഞ്ചിരിച്ചിട്ടു കുഞ്ഞുരാമനോട് 'ഹായ്' പറഞ്ഞു.

ഇരുവരും യാത്ര പറഞ്ഞു ബൈക്കിൽ‍ കയറി യാത്രയായി. വാവരൂവാണ് ബൈക്കോടിച്ചത്. അവൾ‍ ഒരു കൂസലുമില്ലാതെ അവന്റെ അരയ്ക്കു ചുറ്റിപ്പിടിച്ചിരുന്നു.

 ‘ഈശ്വരാ കാലം പോയ പോക്ക്’ കുഞ്ഞുരാമൻ ആത്മഗതം പറഞ്ഞു. അടുത്ത ദിവസമാണ് സംഭവങ്ങളുടെ പരിസമാപ്തി. നേരം പരപരാ വെളുത്തപ്പോൾ‍ ഒരോട്ടോറിക്ഷ നാടുകാണി തിരുമ്മുശാലയുടെ മുമ്പിൽ‍വന്നുനിന്നു. അതിൽ‍നിന്നിറങ്ങിയയാ‍ൾ പരിസരമാകെ ഒന്നു നോക്കി. അവസാനം, വെളുത്ത പെയിൻറടിച്ച പലകയിൽ‍,  'ഊരാളിശാല തിരുമ്മുശാല, നാടുകാണി' എന്നു പച്ചനിറത്തിലെഴുതിയതു വായിച്ച്, ഓട്ടോറിക്ഷക്കാരനു കാശുകൊടുത്തു പറഞ്ഞുവിട്ടു. 

പതിവില്ലാതെ അസമയത്തുവന്നത് ആരാണെന്നറിയാൻ‍, മയിലമ്മ ജനാലയിലൂടെ എത്തിനോക്കി. നല്ല മൂടൽ മഞ്ഞുണ്ടായിരുന്നതുകൊണ്ട് ആളിനെ വ്യക്തമായി കാണാൻ‍ പറ്റിയില്ല. അവരു പോയി വാവരൂവിനെ വിളിച്ചു. 

'എടാ വാവരൂ, ആരാ വന്നിരിക്കുന്നതെന്ന് ഒന്നു നോക്കിയേ.'

അപ്പോഴേക്കും ആഗതൻ‍ കോളിംഗ് ബെല്ലടിച്ചു. വാവരൂ വാതിൽ‍തുറന്നു. വെള്ളമുണ്ടും ഷർ‍ട്ടുമിട്ടു സുമുഖനായി നിൽ‍ക്കുന്ന ഹെഡ് കോണ്‍സ്റ്റബിൾ‍ കുഞ്ഞുരാമൻ‍ നായർ!’

'അയ്യോ, സാറെന്താ മുന്നറിയിപ്പില്ലാതെ ഒരു വരവ്?'

'ഞാനിന്നലെ കുറെ വിളിച്ചു ,നീ ഫോണെടുത്തില്ല '

'ഈ മലമൂട്ടിലൊന്നും റേഞ്ചില്ല സാറേ അത്യാവശ്യത്തിനു ഞാനാ പുഴക്കരയിൽ പോയിരുന്നാ  വിളിക്കുന്നത്‘

'എടാ വാവരൂ, ഞാൻ‍ നിന്നോടു പറഞ്ഞില്ലെന്നേയുള്ളു. അന്നു രാത്രി നിന്നെ വട്ടം പിടിച്ചപ്പോൾ നീ പിടിച്ചൊരു തള്ളു തള്ളിയില്ലേ, അപ്പോൾ  തലകറങ്ങിവീണതു ഞാനായിരുന്നു. അന്നുതുടങ്ങിയതാ നാടുവിനൊരു പിടുത്തം . 

നല്ല കുറ്റാകുറ്റിരുട്ടല്ലായിരുന്നോ സാറേ ഞാനാരേം കണ്ടില്ല . മൂന്നുനാലു പൊലിസുകാരുണ്ടായിരുന്നെന്നാ എൻറെ ഓർമ്മ' .

‘എന്തായാലും നടുവേദന വല്ലാതങ്ങു കൂടി , ഒന്നുരണ്ടു ദിവസമായി രാത്രിയിൽ ഉറങ്ങാൻപറ്റുന്നില്ല.

'അത്രേയുള്ളോ കാര്യം! അതിനൊക്കെ നമുക്കു പരിഹാരമുണ്ടാക്കാം. അതാണല്ലോ നമ്മുടെ പണിതന്നെ , സാർ ഇരിക്ക്.'

തിരിഞ്ഞ്, അമ്മയോടു പറഞ്ഞു:

'അമ്മേ, കുഞ്ഞുരാമൻ‍സാറിനു നല്ല ഏലക്കായിട്ടു കടുപ്പത്തില്‍ ഒരു ചായ.'

ആ സമയത്ത് കുഞ്ഞുരാമൻ‍ മുറിയാകെ നിരീക്ഷിക്കുകയായിരുന്നു. ഭിത്തിയിൽ‍ വരച്ചിരിക്കുന്ന ബ്രൂസ്ലീയുടെ പടം കണ്ടിട്ട്,

'ഇതാരാ ഇവിടുത്തെ കലാകാരൻ‍? അസ്സലായിരിക്കുന്നു' 

'വെറുതേയിരിക്കുമ്പോൾ‍ കരിക്കട്ടയും കൈയിൽ‍ക്കിട്ടുന്ന ചായങ്ങളുമൊക്കെക്കൊണ്ടു വരയ്ക്കുന്നതാ സാറേ.'

'തൊട്ടടുത്തുള്ള പടമേതാ? ബാബു ആന്റണിയെപ്പോലെയുണ്ടല്ലോ!'

അതിനുത്തരം പറഞ്ഞത് മൈലമ്മയാണ്:

'അവൻ‍ യേശുക്രിസ്തുവിനെ വരയ്ക്കാൻ‍ ശ്രമിച്ചതാ. അവസാനം ബാബു ആന്റണിയായി. കാരണം മനസ്സിൽ‍ മുഴുവനും ബ്രൂസ്ലീയും ബാബു ആന്റണിയുമല്ലേ?'

'അതേ. വരച്ചപ്പോൾ‍ എന്റെ രക്ഷകനായെത്തിയത് യേശുക്രിസ്തുവല്ല, സാക്ഷാൽ‍ ബാബു ആന്റണിയാ,. അല്ലെങ്കിലും എനിക്കു വല്ല്യ ദൈവവിശ്വാസമൊന്നുമില്ല സാറേ . ഈ കാടും മേടും പ്രകൃതീമൊക്കെയാ എന്റെ ദൈവം.'

'അപ്പൊ നീ കരാട്ടെയും പഠിച്ചിട്ടുണ്ടോ?'

'ആ... അത്യാവശ്യം അഭ്യാസങ്ങളൊക്കെയറിയാം. ഒന്നു പിടിച്ചു നിൽ‍ക്കണ്ടേ സാറേ? അതുകൊണ്ടല്ലേ ബാറിലെ വാസുവേട്ടനെ വെല്ലുവിളിച്ചത്?' എന്തായാലും അയാൾക്കു കാലു വയ്യാഞ്ഞതു ഭാഗ്യം‘

എല്ലാംകൂടി കേട്ടപ്പോൾ ‍, അയാൾ‍ക്ക് അമ്പരപ്പു കൂടിക്കൂടിവന്നു. ഇനി ഇവനെങ്ങാനും അന്നു എൻറെ മർമ്മത്തു പിടിച്ചാണോ തള്ളിയിട്ടത് , എന്നായിരുന്നു അയാളുടെ അപ്പോളത്തെ സംശയം. ഓ അങ്ങനെയാകാൻ വഴിയില്ല,ഹെഡ് കോൺസ്റ്റബിൾ കുഞ്ഞുരാമൻ നായർ സ്വയം ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു . 

എന്നിട്ട് ഒന്നുകൂടി മനസ്സിലുറപ്പിച്ചു:

'ഇവൻ പുലിയല്ല സിംഹമാ, സിംഹദേവരൂപൻ!'

അപ്പോഴേക്കും മൈലമ്മ ഒരു ട്രേയിൽ നല്ല പഴുത്ത പേരക്കാ മുറിച്ചതും ഏലക്കായിട്ട ചായയുമായി വന്നു.

ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ കുഞ്ഞുരാമൻ നായർ ചുവരിലെ ബാബു ആന്റണിയുടെ ചിത്രത്തിലേക്കു നോക്കി ഒന്നു പുഞ്ചിരിച്ചു. 

Join WhatsApp News
josecheripuram 2021-03-10 02:05:47
A well written short story, narration is natural. Great compliments to Brother Babu, nothing wrong in that. In fact brothers should be like that. Continue writing we are here to read&enjoy.
Antony Thekkek 2021-03-10 17:51:48
Sumesh Menon ബാബു ആന്റണിയും ബ്രൂസിലിയും കഥയിൽ വന്നത് തീർത്തും യാദൃച്ഛികമായി സംഭവിച്ചതാണ്. എന്തായാലും കഥ ഇപ്പോൾ വായനക്കാരുടേതു മാത്രമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . നന്ദി സ്നേഹം Jose Cheripuram
Sree 2021-03-14 06:57:01
Well written
Antony Thekkek 2021-03-14 21:44:44
Review from Sibi Padiyara ഈ കഥ ഒറ്റ ഇരിപ്പിൽ വായിക്കാൻ പറ്റുന്ന ഒന്നാണ്. പ്രമേയവും പുതുമയുള്ളത്. സ്വന്തം തിരുമ്മു കേന്ദ്രമുളള ദേവരു ഒരു കേസിൽ ദിവസ തടവിനു ശിക്ഷിക്കപ്പെടുന്നു ! പക്ഷേ പണ്ട് താൻ ജഡ്ജിയമ്മാവനെ തടവിയിട്ടുളള കഥ അയാളോടു പറഞ്ഞു ദേവരു തടവിൽ നിന്ന് രക്ഷപ്പെടുകയാണ് കഥയിൽ ! ഇതുതന്നെയാണ് ഇന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും ചെയ്യുന്നത് . Everything is “ Give and take “ വാവരു എന്ന കഥയുടെ പ്രമേയവും അതുതന്നെ.
Thekkek 2021-03-15 22:46:58
Review from Sumesh Menon .. ശ്രീ തമ്പി ആൻ്റണിയുടെ വാവരു എന്ന കഥ വായിച്ചപ്പോൾ തോന്നിയ ചില ചിന്തകളാണ് താഴെ കുറിക്കുന്നത്. അധികൃതരുടെ ജീവിതം ഇന്നും ഒരു വെല്ലുവിളിയാണ് എന്നും, അതിനെ അതിജീവിക്കാൻ അവർ നേടിയെടുക്കുന്ന കഴിവുകളും , അത് ഉപയോഗിച്ച് കൊണ്ട് സമൂഹത്തിൽ അവർ നേടിയെടുക്കുന്ന ഐഡൻ്റിറ്റി യും ഒക്കെ കഥയിൽ എനിക്ക് കാണാൻ പറ്റി.. യേശുക്രിസ്തുവിനെ വരച്ചു ബാബു ആൻ്റണി ആയി മാറിയതും, ദേവരൂപൻ എന്ന ആദിവാസ യുവാവിൻ്റെ പേരിലുള്ള വൈരുദ്ധ്യവും ഒക്കെ നിർദോഷമായ ഹാസ്യത്തിൻ്റെ പ്രതീകങ്ങൾ ആയി നിലകൊള്ളുന്നു. "ജഡ്ജി എമാനെ നീ തടവി.. നിന്നെ ജഡ്‌ജിയെമ്മാൻ തടവിൽ നിന്നും രക്ഷപ്പെടുത്തി" എന്നുള്ള വാചകങ്ങളിലും ഇത് വ്യക്തം. മറ്റേത് കഥകളിലെയും പോലെ ഇവിടെയും കഥാകാരൻ കുഞ്ഞിരാമൻ, വാവരു, മയിലമ്മ എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു വച്ച് അവരുടെ ജീവിതത്തിലെ ചില എടുകളിലൂടെ നമ്മളെ കൊണ്ട് പോകുക മാത്രമേ ചെയ്യുന്നുള്ളൂ.. ഒരു വ്യക്തമായ അവസാനം ഈ കഥകളിലും നമ്മൾ കാണുന്നില്ല. ഈ കഥക്കപ്പുറവും കഥാപാത്രങ്ങൾക്ക് ഇനിയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്.. അത് നമ്മുടെ, ഓരോ വായനക്കാരൻ്റെ ഭാവനയ്ക്ക് അദ്ദേഹം വിട്ടു കൊടുക്കുന്നു.. Hatts off..
Dona Mayoora 2021-03-16 02:28:32
Overcoming hassle efficiently has be portrayed very creatively in this story.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക