Image

നിറം ചോർന്ന ആകാശം (ജയശ്രീ രാജേഷ്)

Published on 10 March, 2021
നിറം ചോർന്ന ആകാശം (ജയശ്രീ രാജേഷ്)
സ്വപ്നങ്ങളുടെ  ഊടും
മോഹങ്ങളുടെ പാവും 
കാലത്തിൻ്റെ  നിറം
ചേർത്ത് നെയ്തെടുത്ത -
തായിരുന്നു അവളിലെ
നീലാകാശം

പടർന്നലിഞ്ഞൊരു 
പെണ്ണായി മാറിയനേരം
അവൾ പോലുമറിയാതെ 
ചായക്കൂട്ടണിഞ്ഞു
അവളിലൊരു മുഖം

പടർന്ന പെണ്ണൊടുവിൽ
പൊടിഞ്ഞലിഞ്ഞപ്പോൾ
അവൾ നെയ്ത ആകാശം
നിറങ്ങൾ ചോർന്ന് 
നര പടർന്നു
തുടങ്ങിയതറിഞ്ഞവൾ

തിരമാലകണക്കെ ഒന്നിന് 
പിറകെ ഒന്നൊന്നായണഞ്ഞ
ജീവിതാനുഭവച്ചില്ലകൾ
ചിക്കി പരത്തി 
കാറ്റു പോലെ ഉണക്കി
 നിരത്തി
അമ്മക്കിളികൂട് കൂട്ടിയതും
അവളിലെ മാതൃത്വം

സ്നേഹത്തിൻ പാലൂട്ടി 
ഇഷ്ടത്തിൻ തേനൂട്ടി 
സ്വപ്നത്തിൻ പൂപ്പട്ടിൽ
വിരിഞ്ഞിറങ്ങിയ ജന്മങ്ങൾ
കാലത്തിന്റെ തിരക്കിൽ
കണ്ണിൽ നിന്നും
മറയുന്നതും അറിഞ്ഞവൾ

നരച്ച മിഴിയിൽ
പിഞ്ഞി തുടങ്ങിയ തന്റെ
ആകാശം
പെയ്തൊഴിയുന്നതറിഞ്ഞ്
കൊഴിഞ്ഞ സ്വപ്നത്തിന്റെ
കരിഞ്ഞ ചിറകുകൾ
 വാരിപ്പിടിച്ചു വെറുമൊരു
പെണ്ണായി  വീണ്ടും
മണ്ണിലേക്കലിയുന്നതും
അവൾ

മുഖങ്ങളുടെ
മൂടുപടങ്ങൾക്കിടയിൽ
സ്വന്തം മുഖത്തിൻ്റെ
സ്വത്വം തേടി
അവളുടെ  ഒരു വൃഥാ യാത്ര......

         
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക