Image

ജീവിതത്തിന്റെ നേർക്കാഴ്ചകളിലൂടെ (ബീന ബിനിൽ)

Published on 16 March, 2021
ജീവിതത്തിന്റെ നേർക്കാഴ്ചകളിലൂടെ (ബീന ബിനിൽ)

ലോകവും, സമൂഹവും  സ്ത്രീകളോടുള്ള ആദരവും, ബഹുമാനവും, സ്നേഹവും, അഭിനന്ദനവും, സമത്വാവകാശവും പ്രകടിപ്പിക്കുക അല്ലേ വേണ്ടത്?. ജോലിയിടങ്ങളിലും, പൊതു സമൂഹത്തിലും, കുടുംബത്തിലും സ്ത്രീകളുടേതായ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വളർച്ചയെ, അഭിപ്രായങ്ങളെ അഭിനന്ദിക്കുകയും, അംഗീകരിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുക, മാത്രമല്ല ഇന്നും ഒരു സ്ത്രീയും ഒരിടത്തും സുരക്ഷിതയല്ല, അവരുടെ സുരക്ഷിതത്വം, സംരക്ഷണം എന്നിവ ഉറപ്പിക്കുക തന്നെയാണ് വനിതാ ദിനത്തിൽ സമൂഹം ലക്ഷ്യമാക്കേണ്ടത്.
             അല്ലാതെ, വനിതകളുടെ പ്രസംഗങ്ങളും, മീറ്റിങ്ങുകളും, ജാഥകളും കുറച്ച് പ്രസിദ്ധരായവരെ നിരത്തിയിരുത്തി നടത്തുന്ന പരിപാടികൾ നടത്തുകയല്ല ചെയ്യേണ്ടത്, അത് ഒഴിവാക്കി, സ്ത്രീ ഉന്നമനത്തിനായി ഉള്ള തീരുമാനങ്ങൾ ഉണ്ടാക്കുകയും അത് ലക്ഷ്യപ്രാപ്തിയിലേക്ക് വരുത്തുകയുമാണ് വേണ്ടത്.
        ഏതൊരു സ്ത്രീക്കും അധികവും വീടിനകത്തു നിന്നു തന്നെയാണ് ക്രൂരമായി പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്, ഇന്നും സ്ത്രീപീഡനങ്ങൾ പൂർണ്ണമായും നമ്മുക്ക് ലോക സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാൻ കഴിഞ്ഞിട്ടില്ല. എത്രയോ  വീടുകളിൽ തന്നെ സ്ത്രീകൾ ഗൃഹനാഥൻ മാർക്ക് അടിമകളാണ്, എന്തിനാണ് അവർ അങ്ങിനെയാവുന്നത്, സ്ത്രീകളും പുറത്തു പോയി ജോലി കഴിഞ്ഞ് വന്ന് ശമ്പളം പോലും ഭർത്താക്കൻമാരെ ഏൽപ്പിക്കുന്ന സമ്പ്രദായം പോലും ഇന്നുമുണ്ട്.കൂടാതെ ജോലി സ്ഥലത്തെ ഭാരം, അടുക്കള ജോലികൾ, കുട്ടികളുടെ ചുമതലകൾ ഇതെല്ലാം സ്ത്രീയുടെ മാത്രം ചുമലിൽ അടിച്ചേൽപ്പിക്കുകയാണ്. ഇന്നും ഒരു പാട് സ്ത്രീകൾ മാനസിക സംഘർഷത്തിൽപ്പെട്ട് ആത്മഹത്യയിലും, കൊലപാതകത്തിലും അവസാനിക്കുന്നില്ലേ?. ഇത്രയധികം ദുരിതങ്ങൾ അനുഭവിക്കാൻ സ്ത്രീകൾ ലോകത്തേക്ക് എന്ത് തെറ്റാണ് ചെയ്തത്.
       പക്ഷേ എൻ്റെ ജീവിതവീക്ഷണത്തിൽ സ്വയം പ്രാപ്തയാവണം സ്ത്രീ എന്ന് തന്നെ ഉറപ്പിച്ചു പറയും. ജോലിയിടങ്ങളിലും, കുടുംബത്തിലും, സമൂഹത്തിലും പുരുഷനൊപ്പം യാത്ര ചെയ്യേണ്ടവളും, സ്വന്തം ചിന്താഗതികളെയും, സ്വത്വത്തെയും നിലവിൽ വരുത്തുക തന്നെ വേണം. സ്ത്രീകൾക്കും അവരുടേതായ മോഹങ്ങളും, സങ്കല്പങ്ങളും, സ്വാതന്ത്ര്യവും ഉണ്ട്.അത് ഉണ്ടാക്കിയെടുക്കുകയാണ് ഞാൻ എൻ്റെ ജീവിതത്തിൽ, അതിന് സമൂഹം തൻ്റേടിയെന്നോ, അഹങ്കാരിയെന്നോ, തന്നിഷ്ടക്കാരിയെന്നോ മുദ്രകുത്തും ,അതായി കൊള്ളട്ടെ, ജീവിതത്തെ എപ്പോഴും നേർക്കാഴ്ചകളിലൂടെ നോക്കി കാണുക തന്നെയാണ് ഞാൻ ചെയ്യുന്നത്.
     ഇന്നും നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ, കേവലം ഒരു സ്ത്രീപീഡനം പോലും ഇല്ലാത്ത ഒരു ദിവസം പോലുമില്ലല്ലോ പത്രത്താളുകളിൽ. അതിന് പ്രായഭേദം ഒന്നും തന്നെയില്ല. ജനിച്ച് വീണ പെൺകുഞ്ഞു മുതൽ വാർദ്ധക്യം ബാധിച്ച അമ്മൂമ്മമാർ വരെയുണ്ട് അതാണ് കേരളത്തിൻ്റെ സ്ഥിതി.എനിക്ക് തോന്നിയിട്ടുള്ളത് ഇങ്ങനെ സ്ത്രീ പീഡനത്തിന് ഇരയാവുന്നത് അവൾ സ്ത്രീയായതുകൊണ്ടോ അതോ അവളുടെ വസ്ത്രധാരണം മോശമായതുകൊണ്ടോ ഒന്നുമല്ല, മറിച്ച് ഉപദ്രവിക്കുന്നവൻ പുരുഷൻ എന്ന വർഗ്ഗം ആയതു കൊണ്ടാണ് എന്നും പറയാൻ പറ്റില്ല.എന്തെന്നാൽ അങ്ങിനെ ചെയ്യുന്ന പുരുഷൻ ഗോവിന്ദച്ചാമിയെ പോലെയുള്ളവനോ, ഭ്രാന്തനോ, മൃഗതുല്യനോ ആണ്, ക്രൂരമായ വിഷ സർപ്പമാണ് എന്നൊക്കെയേ പറയാൻ പറ്റൂ, ഒരിക്കലും അവൻ മനുഷ്യകുലത്തിൽ ജീവിക്കുന്നവൻ ആവില്ല.
   ഏതൊരു പെൺകുട്ടിയും, സ്ത്രീയും പീഡിപ്പിക്കപ്പെട്ട് കഴിഞ്ഞാൽ ഇന്നും സമൂഹം അവളെ ആണ് കുറ്റപ്പെടുത്തുന്നത് അത് തന്നെ ക്രൂരന്മാരെ വളർത്താനുള്ള പ്രവണതയാണ്.അത് ശരിയല്ല ആ കാഴ്ചപാടുകൾ മാറേണ്ടതായി തന്നെ ഉണ്ട്. കൃത്യമായ ശിക്ഷ കിട്ടിയാൽ കുറെയൊക്കെ ഇല്ലാതാവും.
    കുഞ്ഞു മക്കളായി വളരുമ്പോൾ തന്നെ ലോകത്ത് നടക്കുന്ന അനീതികളോട് ശക്തമായ രീതിയിൽ പ്രതികരിക്കാൻ നമ്മൾ മക്കളെ പഠിപ്പിക്കണം അതാണ് യഥാർത്ഥ ജീവിതാവബോധം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക