Image

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമാ ന്യൂസ് ടീം Published on 17 March, 2021
 ഫോമാ മുഖാമുഖം -  ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്
ചലച്ചിത്രം പൂര്‍ണ്ണമായും  ഒരു സംവിധയകന്റെ മാത്രം കലയല്ലെന്നും, എഴുത്തുകാരന്‍ തുടങ്ങി നിരവധി പിന്നണി പ്രവര്‍ത്തകരുടെ ഒരു കൂട്ടായ സൃഷ്ടിയാണെന്നും ജീത്തു ജോസഫ്. ഫോമയുടെ മുഖാമുഖം പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ജീത്തു അഭിപ്രായപ്പെട്ടത്. ഓരോ കലാകാരനും പിന്നണി പ്രവര്‍ത്തകനും തന്റേതായ പങ്കു ഒരു ചിത്രത്തിന്റെ വിജയത്തിന് വഹിക്കുന്നുണ്ട്. സംവിധായകന് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടാകും. ഒരു നിര്‍മ്മാതാവിന് സാമ്പത്തിക ദോഷം ഉണ്ടാക്കാതിരിക്കുക എന്നത് തന്റെ കടമയാണ്. അതുകൊണ്ടു ഒരു ചിത്രം സംവിധാനം ചെയ്യുമ്പോള്‍ കൂടുതല്‍ ഉത്തരവാദവും, കടമകളും ഉണ്ട്.  വീടിന്റെ അടിത്തറ പോലെ തന്നെ പ്രധാനമാണ് ശക്തമായ തിരക്കഥ. ദുര്‍ബലമായ ഒരു തിരക്കഥയില്‍ നിന്ന് ശക്തമായ ചിത്രമൊരുക്കുക അസാധ്യമാണ്. സംവിധായകന്‍ എത്ര മികവ് കാട്ടിയാലും, ദുര്‍ബലമായ ഒരു അടിത്തറയിലുയരുന്ന വീടുപോലെ ചിത്രവും ദുര്‍ബലമാകുമെന്ന്  ജീത്തു അഭിപ്രായപ്പെട്ടു. 

ദൃശ്യം രണ്ടില്‍ ആദ്യഭാഗം ഇഴഞ്ഞു നീങ്ങുന്നത് പോലെ അനുഭവവേദ്യമാക്കിയത് കഥയുടെ സമ്പൂര്‍ണ്ണതക്ക് വേണ്ടിയാണ്. വേഗത്തില്‍ കഥ പറഞ്ഞു പോകുന്ന രീതിയാണ് പുതിയ കാലത്തിലെ ചിത്രങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ദൃശ്യം രണ്ടില്‍ അത്തരമൊരു രീതി അവലംബിക്കാന്‍ കഴിയാതിരുന്നത് കുടുംബ ബന്ധങ്ങളുടെ ഇടയഴുപ്പം കഥയിലുടനീളം ഉണ്ടാകുന്നതിനാണു. ദ്ര്യശ്യം മൂന്നിനെക്കുറിച്ചു ആലോചിച്ചു തുടങ്ങിയെന്നും സാഹചര്യങ്ങള്‍ ഒത്തു വന്നാല്‍ ചെയ്യുമെന്നും ജീത്തു പറഞ്ഞു. 

വിവര സാങ്കേതിക വിദ്യകളിലെ നൂതന രീതികള്‍ വരും കാലങ്ങളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിന് കൂടുതല്‍ ആയി അവലംഭിച്ചേക്കാം. ഓ.ടി.ടി. പ്ലാറ്റഫോം തുടര്‍ന്നും ഉപയോഗിക്കപ്പെടാം . ചിത്രങ്ങള്‍ വലിയ ക്യാന്‍വാസില്‍ നിന്ന് വീട്ടിലെ ചെറിയ ക്യാന്‍വാസിലേക്ക് മാറുമ്പോള്‍ അനുഭവവേദ്യമാകുന്നതില്‍ വ്യത്യാസം ഉണ്ടാകും. എന്നാലും ഇനിയുള്ള കാലം ആളുകള്‍ ഈ രീതികളെ സ്വീകരിച്ചേക്കാം. 

കലാകാരന് സാമൂഹ്യ പ്രതിബദ്ധതയുണ്ടാകണമെന്നും, അത്തരം സന്ദേശങ്ങള്‍ നല്‍കുന്ന ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഉണ്ടാകണമെന്നും, സന്ദേശവും, പഞ്ചവടിപ്പാലവും നല്ല ഉദാഹരണങ്ങളാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ജീത്തു ജോസഫ് പറഞ്ഞു. 

നൂറുകണക്കിന് പേര്‍ പങ്കെടുത്ത മുഖാമുഖം പരിപാടി പ്രശസ്ത നടന്‍ ബാബു ആന്റണിയുടെയും, തമ്പി ആന്റണിയുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. തമ്പി ആന്റണിയും, ബാബു ആന്റണിയും മുഖാമുഖത്തില്‍ ജീത്തു ജോസഫുമായി സംവദിച്ചു. 

ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാടന്‍ ജീത്തു ജോസഫിനെ പരിചയപ്പെടുത്തി. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ചടങ്ങില്‍ സംസാരിച്ചു.  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍ നന്ദിയും രേഖപ്പെടുത്തി.

 ഫോമാ മുഖാമുഖം -  ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക