Image

മനുഷ്യൻ പ്രകൃതിയിലും വിശ്വസിച്ചു തുടങ്ങുന്ന കാലം (ചരിത്രമുറങ്ങുന്ന നേപ്പാൾ-22: മിനി വിശ്വനാഥൻ)

Published on 25 March, 2021
മനുഷ്യൻ  പ്രകൃതിയിലും വിശ്വസിച്ചു തുടങ്ങുന്ന കാലം (ചരിത്രമുറങ്ങുന്ന നേപ്പാൾ-22: മിനി വിശ്വനാഥൻ)
കൊടുങ്കാറ്റിനെയും മഴയേയും മനസ്സിൽ നിന്നകറ്റി രുചികരമായ ഭക്ഷണം കഴിച്ച് കഴിയുമ്പോഴേക്കും പുറത്ത് മഴയുടെ ശക്തി കുറഞ്ഞ് തുടങ്ങിയിരുന്നു. നേപ്പാൾ വിരുന്നുകാരെ സങ്കടപ്പെടുത്തില്ല എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ ആതിഥേയൻ ശ്രീക്കുട്ടിക്ക് നേരെ ജീരക മുട്ടായിയുടെ പാത്രം നീട്ടി. രാവിലെ തിരിച്ചു വരുമ്പോൾ ഇതു വഴി വന്നാൽ വീട്ടുനൈയ്യ് തൂവിയ ആലു പൊറോട്ടയും തൈരും അച്ചാറും തരാമെന്ന് പറഞ്ഞു കൊണ്ട്  യാത്രയാക്കി. യാത്ര തുടർന്നപ്പോഴാണ് വിരുന്നുകാരെപ്പോലെ ഞങ്ങളെ സത്കരിച്ച ആ നല്ല മനുഷ്യൻ്റെ പേര് ചോദിച്ചില്ലെന്ന് ഓർമ്മ വന്നത്. നാളെ രാവിലെ തിരിച്ചു വരുമ്പോൾ മറന്നു പോവാതെ ചോദിക്കണമെന്ന് മനസ്സിൽ കുറിച്ച് വെക്കുകയും ചെയ്തു.
 
രണ്ടു ദിവസമായി നിർത്താതെ മഴ പെയ്തതു കാരണം
പൊട്ടിപൊളിഞ്ഞ റോഡിലൂടെ
താമസം ഏർപ്പാടാക്കിയ റിസോട്ടിനരികിലെത്തിയപ്പോഴാണ് പ്രകൃതി ആ പ്രദേശത്ത് ശരിക്കുമൊരു താണ്ഡവമാടിയിട്ടുണ്ടെന്ന് മനസ്സിലായത്. അവിടേക്കു കയറാനുള്ള പടിക്കെട്ടുകൾ പോലും ഇടിഞ്ഞു വീണിരിക്കുന്നു.  ശരിക്കും അസ്ഥികളിൽ കൂടെ ഭയം അരിച്ചു കയറി. പെട്ടെന്നെനിക്ക് കൂടെ വരാത്ത ശ്രീപൂജയേയും ഡാഡിയേയും മമ്മിയെയും കാണണമെന്ന് തോന്നി. മുത്തപ്പനോടും ഗുരുവായൂരപ്പനോടും ഇതെന്താണിങ്ങനെയെന്ന് പരിഭവം പറഞ്ഞു.

ഞങ്ങളെ വണ്ടിയിലിരുത്തി വിശ്വേട്ടനൊപ്പം നരേഷും തകർന്നു കിടക്കുന്ന പടികൾക്കിടയിലൂടെ പിടിച്ചു കയറി  റിസോട്ടിലെത്തി ബുക്കിങ്ങ്
ഡീറ്റൈയിൽസ് കാണിച്ചു കൊടുത്തു. ആ രാത്രി കഴിച്ചുകൂട്ടണമെങ്കിൽ അവിടെ ഉള്ള സൗകര്യത്തിൽ താമസിപ്പിക്കാൻ റിസോർട്ട് മാനേജർ  തയ്യാറായെങ്കിലും കാര്യങ്ങളുടെ യഥാർത്ഥ സ്ഥിതി വിശദീകരിച്ചു തന്നു.
രണ്ടു ദിവസമായി കരണ്ടില്ലാതായിട്ട്. പവർ ബാക്ക് അപ്പ് ഊർദ്ധ്വശ്വാസം വലിച്ചിരിക്കുന്നു. എമർജൻസി ലൈറ്റുകളുടെയും ചാർജ് തീരാറായിരിക്കുന്നു. ഇലക്ട്രിക്ക് പോസ്റ്റുകൾ കാറ്റിൽ വീണുപോയതിനാൽ ഇനിയെപ്പോൾ ഇതൊക്കെ സാധാരണ ഗതിയിലാവുമെന്ന് പറയാനും പറ്റില്ല. ഇതിലും വലിയ ദുരന്തം അനുഭവിച്ചവരായതിനാലായിരിക്കണം ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നിസ്സംഗരായി നിൽക്കുന്ന ജോലിക്കാർ, ചവിട്ടുപടികളിൽ നിന്നും മണ്ണ് നീക്കാനുള്ള ശ്രമം തുടർന്നു.

ബുക്ക് ചെയ്യുമ്പോൾ ഗൂഗിൾ കാണിച്ചു തന്ന ചിത്രങ്ങളും വിവരങ്ങളുമായി ഒട്ടും യോജിക്കാത്ത അന്തരീക്ഷമായിരുന്നു അവിടത്തേതെന്ന് ആ സമയം കൊണ്ട് ഞങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു. നേപ്പാൾ യാത്രയിൽ ഏറ്റവും അധികം പ്രശ്നവും സുരക്ഷിതമായ താമസ സ്ഥലങ്ങളാണ് എന്ന് മനസ്സിലാക്കിത്തരുന്നതായിരുന്നു അവിടത്തെ അനുഭവം.
(ചെറിയ കുഞ്ഞ് അടക്കമുള്ള ഒരു  തമിഴ്ഫാമിലി  ഉണ്ടായിരുന്നു ആ റിസോർട്ടിൽ. അവർക്ക് അടുത്ത ദിവസം ബഹറിനിലേക്ക് തിരിച്ച് പോവാനുള്ളതാണ്. റിസോർട്ട് അധികൃതർക്ക് താമസക്കാരുടെ സുരക്ഷിതത്വത്തിൽ യാതൊരു ശ്രദ്ധയും ഇല്ലെന്ന് അവർ ഞങ്ങളോട് പറഞ്ഞു. നരേഷ് ഔദാര്യപൂർവ്വം അവരെ താഴെയെത്തിക്കാമെന്ന് ഓഫർ ചെയ്തെങ്കിലും അന്ന് രാത്രി മറ്റൊരു താമസ സ്ഥലം കണ്ടു പിടിക്കാനുള്ള ബുദ്ധിമുട്ടോർത്താവണം അത് സ്വീകരിക്കാതിരുന്നത്.

അവിടെ അന്ന് രാത്രി താമസിക്കുന്നത് ശരിയാവില്ല എന്ന് മനസ്സിലാക്കിയ ഞങ്ങൾ തിരിച്ച് തമ്മലിലേക്ക് തന്നെ പോവാമെന്ന് തീരുമാനിച്ചു.  ഇങ്ങോട്ട് വന്ന റോഡുകൾ മുഴുവൻ മണ്ണിടിച്ചിലിൽ മൂടിപ്പോയതു കാരണം വാഹനങ്ങളുടെ വഴി തിരിച്ച് വിട്ടിരുന്നു. അടുത്തുള്ള മിലിട്ടറി ക്യാമ്പിലെ സൈനികർ അടിയന്തിര സഹായവുമായി എത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ റോഡുകളിൽ വീണ മരങ്ങളും മറ്റും മുറിച്ച് മാറ്റിത്തുടങ്ങി. അല്പം ഇടുങ്ങിയതാണെങ്കിലും അവർ നിർദ്ദേശിച്ച സുരക്ഷിത വഴിയിലൂടെ
അതിസാഹസികമായി തന്നെ ഞങ്ങൾ താഴ്വാരത്തിലെത്തി. എന്റെ ഭയപ്പാട് കണ്ട് തമാശകൾ പറഞ്ഞ് എന്നെ കളിയാക്കിയവരും താഴെ എത്തുമ്പോഴേക്ക് നിശബ്ദരായിരുന്നു.  ഈ കൂട്ടത്തിൽ നരേഷിന്റെ ആത്മസംയമനവും ഡ്രൈവിങ്ങ് വൈദദ്ധ്യവും എടുത്തു പറയേണ്ടതാണ്. കാരണം കൊടുങ്കാറ്റിന്റെ ഭീകരത ഞങ്ങളെക്കാളേറെ അയാൾക്ക് മനസ്സിലായിരുന്നു.
ഹിമാലയത്തിന് ഞങ്ങളെ കാണാൻ താത്പര്യമില്ലാത്തതുകൊണ്ടാവാം അതിങ്ങനെ ഒളിച്ച് കളിക്കുന്നതെന്ന് സങ്കടത്തോടെ ഞാൻ ഓർക്കുകയും ചെയ്തു.

ടൗണിലെത്തിയപ്പോഴാണ് പ്രളയാക്രമണത്തിന്റെ യഥാർത്ഥ ചിത്രം റേഡിയോവിലൂടെ കേട്ടു തുടങ്ങിയത്. പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങുകയും ആളപായമുണ്ടാവുകയും ചെയ്തിരുന്നു. രാവിലെ ഞങ്ങൾ കറങ്ങി നടന്ന ഭക്താപ്പൂർ ദർബാർ സ്ക്വയർ ഭാഗത്തും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ട് മണിക്കൂർ കൊണ്ട് അവിടം മുഴുവൻ വെള്ളത്തിൽ ആഴ്ന്നിരുന്നു.
അതിനിടെ ഒരു ഫ്ലൈറ്റ് റൺവേയിൽ നിന്ന് തെന്നിപ്പോയതിനാൽ എയർപോർട്ട് അടച്ചിട്ടിരിക്കുന്നു എന്ന വാർത്ത ഞങ്ങൾക്ക് അതിലും വലിയ ഷോക്കായി. അടുത്ത ദിവസം ഉച്ചക്കുള്ള ബാംഗ്ലൂർ വിമാനത്തിലായിരുന്നു ഞങ്ങൾക്ക് മടങ്ങേണ്ടതാണ്.

ആ രാത്രി സുരക്ഷിതമായി താമസിക്കാനുള്ള ഒരു സ്ഥലമായിരുന്നു ഞങ്ങളുടെ തത്കാലത്തെ ആവശ്യം. വിമാനങ്ങൾ ക്യാൻസൽ ചെയ്തതിനാൽ
സീസൺ അല്ലാഞ്ഞിട്ടു പോലും ഹോട്ടലുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. ചിലർ സാഹചര്യത്തെ മുൻനിറുത്തി അവരുടെ താരിഫ് ഇരട്ടിയാക്കുകയും ചെയ്തു.

നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നതു പോലെ പ്രകൃതിയിലും വിശ്വസിച്ചു തുടങ്ങിയാൽ എല്ലാം ശരിയാവുമെന്ന് പറഞ്ഞ് നരേഷ് ധൈര്യം തന്ന് സമാധാനിച്ചു. നിങ്ങൾ ഇപ്പോൾ  വെറുമൊരു കസ്റ്റമർ മാത്രമല്ല,  അതിഥികൾ കൂടിയാണെന്നും നിങ്ങളെ സുരക്ഷിതരാക്കേണ്ടത് തന്റെ കടമയാണെന്നും  പറഞ്ഞ് ധൈര്യം തന്ന്  റൂം അന്വേഷണം തുടങ്ങി.
ഇതിനിടെ പലരെയും ഫോൺ വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഹമാരാ ദോസ്ത് ലോഗ് എന്നല്ലാതെ കസ്റ്റമർ എന്ന വാക്ക് അയാൾ ഈ സംസാരത്തിനിടയിലൊന്നും ഉപയോഗിച്ചില്ല എന്നത്  എന്നെ ആ പ്രയാസങ്ങൾക്കിടയിലും സന്തോഷിപ്പിച്ചു എന്നത് സത്യമാണ്.

അന്യദേശത്ത് വെച്ചുണ്ടായ ഈ പ്രളയാനുഭവം
യഥാർത്ഥ മനുഷ്യനെന്താണെന്നറിയാനും മനുഷ്യത്വവും നന്മയും തിരിച്ചറിയാനുമൊരു അവസരവുമായി.

അനുഭവങ്ങളിലൂടെ യാത്ര തുടരുന്നു.

തുടരും ....
മനുഷ്യൻ  പ്രകൃതിയിലും വിശ്വസിച്ചു തുടങ്ങുന്ന കാലം (ചരിത്രമുറങ്ങുന്ന നേപ്പാൾ-22: മിനി വിശ്വനാഥൻ)മനുഷ്യൻ  പ്രകൃതിയിലും വിശ്വസിച്ചു തുടങ്ങുന്ന കാലം (ചരിത്രമുറങ്ങുന്ന നേപ്പാൾ-22: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക