Image

ബിരിയാണിയെ തകര്‍ക്കാന്‍ ഒരു വിഭാഗം തിയേറ്ററുകളുടെ നീക്കമെന്ന് സജിന്‍ ബാബു

Published on 27 March, 2021
ബിരിയാണിയെ തകര്‍ക്കാന്‍ ഒരു വിഭാഗം തിയേറ്ററുകളുടെ നീക്കമെന്ന് സജിന്‍ ബാബു

തന്റെ ചിത്രം ബിരിയാണിയെ തകര്‍ക്കാന്‍ ഒരു വിഭാഗം തിയേറ്ററുകള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ സജിന്‍ ബാബു. ടിക്കറ്റ് ചോദിച്ചു വരുന്നവരെ കൗണ്ടറിലുള്ളവര്‍ ഇതില്‍ അശ്ലീലമുണ്ടെന്നും പടം മോശമാണെന്നും പറഞ്ഞു അവിടെ കളിക്കുന്ന മറ്റ് സിനിമകള്‍ക്കുള്ള ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും സജിന്‍ ബാബു പറഞ്ഞു.

സജിന്‍ ബാബുവിന്റെ വാക്കുകള്‍

”ഇന്നലെ റിലീസായ ‘ബിരിയാണി’ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി നല്ല പ്രതികരണങ്ങളോടുകൂടി മുന്നോട്ടുപോകുന്നുണ്ട്. ഈ ചിത്രത്തിന് പിന്തുണ നല്‍കിയ എല്ലാ പ്രേക്ഷകര്‍ക്കും, കോവിഡ് കാലത്ത് ഇതുപോലുള്ള സ്വതന്ത്ര സിനിമയുടെ കൂടെ നില്‍ക്കുന്ന തിയറ്റര്‍ ഉടമകള്‍ക്കും തിയറ്റര്‍ സ്റ്റാഫിനും നന്ദി പറയുന്നു. അതിനോടൊപ്പം തന്നെ പറയാനുള്ള ഒരു പ്രധാനപ്പെട്ട കാര്യം ചില തിയറ്ററുകള്‍ പ്രദര്‍ശനങ്ങള്‍ വെട്ടിച്ചുരുക്കി പ്രദര്‍ശനം തന്നെ നിര്‍ത്താന്‍ ശ്രമിക്കുന്നതായി സുഹൃത്തുക്കളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും കേള്‍ക്കുന്ന പരാതികളാണ്.

ചില തിയറ്ററുകള്‍ മനഃപൂര്‍വം പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട് ബിരിയാണി പ്രദര്‍ശനം നിര്‍ത്തി എന്ന പ്രതീതി സൃഷ്ടിക്കുന്നു. ഇതേ തിയറ്ററുകളില്‍ ബിരിയാണിക്ക് ടിക്കറ്റ് ചോദിച്ചു വരുന്നവരെ കൗണ്ടറിലുള്ളവര്‍ ഇതില്‍ അശ്ലീലമുണ്ടെന്നും പടം മോശമാണെന്നും പറഞ്ഞു അവിടെ കളിക്കുന്ന മറ്റ് സിനിമകള്‍ക്കുള്ള ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ബിരിയാണിയുടെ മാത്രം ബുക്കിംഗ് ചെയ്യാന്‍ തടസ്സങ്ങള്‍ നേരിടുന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ പറ്റുന്നില്ല. ഇതില്‍ ആരൊക്കെയോ സംഘടിതമായ ഗൂഡാലോചന നടത്തുന്നതായി സംശയിക്കുന്നു.

ഒട്ടേറെ സാമ്പത്തിക പരാധീനതകളും കഷ്ടപ്പാടുകളും സഹിച്ചാണ് ഈ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞത്. അതിനെ ഇത്തരത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം സങ്കടകരമാണ്. ഇതില്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക