Image

സ്ത്രീയെ കേന്ദ്രീകരിച്ച് കഥ പറഞ്ഞാലേ സ്ത്രീശാക്തീകരണം ആകൂ എന്ന് വിശ്വസിക്കുന്നില്ല: മഞ്ജു വാര്യര്‍

Published on 27 March, 2021
സ്ത്രീയെ കേന്ദ്രീകരിച്ച് കഥ പറഞ്ഞാലേ സ്ത്രീശാക്തീകരണം ആകൂ എന്ന് വിശ്വസിക്കുന്നില്ല: മഞ്ജു വാര്യര്‍
സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകള്‍ മാത്രമാണ് സ്ത്രീശാക്തീകരണം എന്ന് കരുതുന്നില്ലെന്ന് നടി മഞ്ജു വാര്യര്‍. അടുത്ത കാലത്തായി സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ പ്രോത്സാഹിപ്പിക്കാത്തത് എന്താണെന്ന ചോദ്യത്തിനാണ് മഞ്ജു മറുപടി നല്‍കിയത്.

ഹൗ ഓള്‍ഡ് ആര്‍ യു, റാണി പത്മിനി എന്നിവയല്ലാതെ സ്ത്രീ ശാക്തീകരണം പ്രമേയമാകുന്ന സിനിമകള്‍ തിരഞ്ഞെടുത്തു കണ്ടിട്ടില്ല. ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയിട്ടും എന്തുകൊണ്ടാണ് പ്രോത്സാഹിപ്പിക്കാത്തത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അങ്ങനെയുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കാതിരിക്കല്‍ എന്നൊന്നുമില്ല. താന്‍ ചെയ്ത ഉദാഹരണം സുജാത അത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്ത ചിത്രമാണ്.

ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് മാത്രം കഥ പറഞ്ഞാലേ സ്ത്രീശാക്തീകരണം ആകൂ എന്ന് താന്‍ വിശ്വസിക്കുന്നില്ല. ഏത് ചെറിയ കാര്യത്തില്‍ നിന്നു പോലും നമുക്ക് ശാക്തീകരിക്കപ്പെടാം. അതിന് ഒരു സിനിമ തന്നെ വേണമെന്നില്ല. ഇപ്പോഴത്തെ സ്ത്രീകളെല്ലാം ശക്തിയുള്ളവരാണ്.

വ്യത്യസ്തമായ പ്രമേയങ്ങളും കഥകളും ചെയ്യുമ്പോഴാണ് നിങ്ങള്‍ അടക്കമുള്ള പ്രേക്ഷകര്‍ക്ക് കാണാന്‍ തോന്നുകയുള്ളു. അല്ലെങ്കില്‍ ഒരേ സ്വഭാവമുള്ള ചിത്രങ്ങള്‍ ചെയ്താല്‍ തനിക്കും കാണുന്ന നിങ്ങള്‍ക്കും മടുക്കും എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റിലാണ് മഞ്ജു സംസാരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക