Image

വീട് (കവിത: ജിസ പ്രമോദ്)

Published on 28 March, 2021
വീട് (കവിത: ജിസ പ്രമോദ്)
പടിക്കലൊരു പാദപതന ശബ്ദം കേട്ട്
വീട്ടുകാരുപേക്ഷിച്ച വീട്
വഴിയോരത്തേക്ക്
മാറാലക്കെട്ടിയ  കണ്ണുകൾ വിടർത്തി
പ്രതീക്ഷയോടെ നോക്കി.
ജനാലപ്പടിമേലിരുന്ന തുരുമ്പിച്ച
താക്കോൽക്കൂട്ടം
ഞാനിവിടെയുണ്ടെന്ന് കലമ്പി.
കൊട്ടിയടയ്ക്കപ്പെട്ട ജനാലകൾ
കൊളുത്തുകൾ വിടർത്തി
പുറത്തേയ്ക്ക് തുറക്കാൻ ത്രസിച്ചു.
മാറാലപിടിച്ച മോന്തായത്തിലിരുന്നൊരു  പല്ലി ചിലച്ചു.
പൊടി പിടിച്ച തറയിലൂടെ
കൂറകൾ തലങ്ങും വിലങ്ങും പാഞ്ഞു.
മുറ്റത്തെ കരിയിലകൾക്കിടയിലൂടൊരു
മഞ്ഞച്ചേര മിന്നലുപോലെ പാഞ്ഞുപോയി.
താഴിട്ടു പൂട്ടിയ പടിക്കൽ
നിന്നൊരു വീടില്ലാത്തവൻ
നെടുവീർപ്പോടെ നടന്നകന്നു.
അകന്നുപോകുന്ന പാദപതന
ശബ്ദം കേട്ട്
വീട്ടുകാരുപേക്ഷിച്ച വീടിന്റെ
നരച്ച കണ്ണിൽ  നിന്നൊരു
കണ്ണുനീർത്തുള്ളിയടർന്ന്
വരണ്ട മണ്ണിലേക്കലിഞ്ഞു ചേർന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക