Image

പത്തൊന്‍പതാമത്തെ അടവിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍! (ജെയിംസ് കൂടല്‍)

Published on 29 March, 2021
പത്തൊന്‍പതാമത്തെ അടവിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍! (ജെയിംസ് കൂടല്‍)
'ഒന്നും ഫലിക്കാതെ വരുമ്പോള്‍ കാളന്‍ നെല്ലായി' എന്നത് സാക്ഷാല്‍ കെ. കരുണാകരന്റെ ആപ്തവാക്യങ്ങളി ലൊന്നാണ്. കണ്ണിറുക്കി ചിരിച്ചുകൊണ്ട് ലീഡര്‍ തൃശൂര്‍ നെല്ലായിലെ കാളന്‍ വൈദ്യശാലയുടെ ആ പരസ്യവാചകം തമാശയായി പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് രാഷ്ട്രീയത്തില്‍ ഒന്നും ശരിയാകാതെ വരുമ്പോള്‍ നാടന്‍ അറ്റകൈ പ്രയോഗമായി നടത്തുന്ന ഞൊടുക്കുവിദ്യകളെയാണ്. പറഞ്ഞത് ലീഡറാണെങ്കിലും സത്യത്തില്‍ അതാണിപ്പോള്‍ പിണറായിക്കും തോമസ് ഐസക്കിനും മറ്റും പഥ്യമായിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചോദ്യങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും എതിരെ പിടിച്ചുനില്‍ക്കാനാകാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.

ഇതിനിടെ, ഇലക്ഷന് തൊട്ടടുത്ത ദിവസം സംസ്ഥാനമൊട്ടാകെ കിറ്റു വിതരണം നടത്താനൊരുങ്ങിയതും സ്‌പെഷ്യല്‍ അരിവിതരണവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞപ്പോള്‍ അതിനെതിരെയും സര്‍ക്കാര്‍ കോടതിയിലേക്കാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിഷു കിറ്റ് നേരത്തെ വിതരണം ചെയ്യുന്നു എന്നാരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
അതൊക്കെ പോകട്ടെ, ഒന്നുമില്ലെങ്കിലും ജനങ്ങള്‍ക്ക് 'അരി കിട്ടുന്ന' കാര്യമല്ലേ... പ്രജാക്ഷേമമല്ലേ... എന്തെങ്കിലും ആകട്ടെയെന്ന് കരുതി ക്ഷമിക്കാം. പക്ഷേ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്  മര്യാദരാമന്‍ കളിക്കാനുള്ള ഒരു ഞൊടുക്കുവേലയായിപ്പോയി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ നാടകത്തിന്റെ ഉള്ളുകള്ളികള്‍ തുറന്നുകാട്ടുകയും ചെയ്തു.  ഈ വിവരക്കേട് തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു 'പ്രചരണ സ്റ്റണ്ട്' മാത്രമായി കണ്ടാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണ്ണക്കടത്തു കേസിലും ഡോളര്‍ക്കടത്തു കേസിലും ഗുരുതരമായ മൊഴികളാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതികള്‍ കോടതി മുമ്പാകെ നല്‍കിയത്. ഇത്രയും ഗുരുതരമായ മൊഴികളുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ് ഈ കള്ളക്കളി.  സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മീഷന്‍ ഓഫ് ഇന്‍ക്വയറീസ് ആക്റ്റ് പ്രകാരം ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നുതെങ്ങനെയെന്ന് മനസിലാകുന്നില്ല. കേസില്‍ അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ വലംകയ്യും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി കോടതിക്കു മുന്‍പാകെ കൊടുത്ത മൊഴിയാകട്ടെ മുഖ്യമന്ത്രിയെയും സ്പീക്കറെയും മറ്റു മന്ത്രിമാരെയും പ്രതിക്കൂട്ടില്‍ കയറ്റുന്നതുമാണ്. ഈ ഘട്ടത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് എത്രമാത്രം അപഹാസ്യമാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര സ്വഭാവമുള്ള മൊഴികളാണ് പ്രതികള്‍ നല്‍കിയിട്ടുള്ളതെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികള്‍ കയ്യിലുണ്ടായിരുന്നിട്ടും നേരാംവണ്ണം അന്വേഷണം നടത്താതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു എന്ന് കണ്ടപ്പോള്‍ ജനശ്രദ്ധ തിരിച്ചു വിടുന്നതിനുള്ള പ്രഹസനം മാത്രമാണ് ഈ ജുഡീഷ്യല്‍ അന്വേഷണ തട്ടിപ്പ്. ഇതു കൊണ്ടെന്നും ഗുരുതമായ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ഇ.ഡി. നടപടികളെക്കുറിച്ചു പരിശോധിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനാകുമോ എന്നതില്‍ നിയമവിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഇ.ഡി.ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് നിയമപരമായി കഴിയില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒപ്പുവെച്ച കരാറുകളുടെ നടത്തിപ്പിന്റെ ഭാഗമായാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം നിലവില്‍വരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. 1952ലെ കമ്മിഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുന്നത്. ഇത് ഭരണഘടനയുടെ ഏഴാമത്തെ പട്ടികയില്‍ ഓരോ സര്‍ക്കാരിനും അനുവദിച്ചിട്ടുള്ള വിഷയവുമായി ബന്ധപ്പെട്ടു മാത്രമേ സാധ്യമാകൂ. ഭരണഘടനയുടെ ഏഴാം പട്ടികയില്‍ ലിസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് എന്നിവയില്‍ ഏതു വിഷയത്തിലും കേന്ദ്രസര്‍ക്കാരിന് അന്വേഷണ കമ്മിഷനെ നിയോഗിക്കാം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് ലിസ്റ്റ് രണ്ട്, മൂന്ന് പട്ടികയില്‍ ഉള്‍പ്പെട്ട വിഷയത്തിലേ കമ്മിഷനെ നിയമിക്കാനാകൂ. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള അന്വേഷണം ലിസ്റ്റ് ഒന്നില്‍ ഉള്‍പ്പെട്ട വിഷയമാണ്. അതിനാല്‍ ഇ.ഡി.ക്കെതിരായ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനാകില്ലെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. എം.ആര്‍. അഭിലാഷ് പറഞ്ഞത്. ഇ.ഡി.യുടെ അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ സര്‍ക്കാര്‍ കോടതിയെയാണ് സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കള്ളപ്പണ്ണം വെളുപ്പിക്കല്‍ നിയമപ്രകാരം നടത്തിയ അന്വേഷണത്തെക്കുറിച്ചല്ല ജുഡീഷ്യല്‍ അന്വേഷണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ക്രിമിനല്‍ കുറ്റകൃത്യത്തിലേക്ക് മുഖ്യമന്ത്രിയടക്കമുള്ളവരെ വലിച്ചിഴയ്ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നതാണത്രെ അന്വേഷണ വിഷയം. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഭാഗമാണത്. അത് ഭരണഘടനയുടെ ഏഴാം പട്ടികയില്‍ ലിസ്റ്റ് മൂന്നില്‍ ഉള്‍പ്പെട്ട വിഷയമാണെന്നും വാദം.
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ തന്ത്രപരമായ മറുനീക്കമാണ് കമ്മിഷന്റെ നിയമനമെന്ന വിലയിരുത്തലുമുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിയമപരമായ ഏറ്റുമുട്ടലിന്റെ ഭാഗമാണിത്. ജുഡീഷ്യല്‍ കമ്മിഷന് ആരെയും വിളിച്ചുവരുത്താം. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കു പുറമേ കസ്റ്റംസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്താം. ഇത് ഒഴിവാക്കണമെങ്കില്‍ ഈ വിഷയം ഇ.ഡി.ക്ക് കോടതിയില്‍ ചോദ്യംചെയ്‌തേ മതിയാകൂ. െ്രെകംബ്രാഞ്ച് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചത് വഴിതുറക്കുന്നത് അസാധാരണ നിയമനടപടികളിലേക്ക്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സ്വന്തംനിലയിലാണ് കോടതിയെ സമീപിച്ചിരിക്കുന്നതെങ്കിലും പിന്നില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്ന് വ്യക്തമാണ്. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍, അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറണമെന്നും ഉന്നയിച്ചിട്ടുണ്ട്.

ഇ.ഡി. ഉദ്യോഗസ്ഥനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരിക്കും ബുധനാഴ്ച കോടതിയില്‍ ഹാജരാകുക. െ്രെകംബ്രാഞ്ചിനുവേണ്ടിയും സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകാനാണ് സാധ്യത. ഫലത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റുമുട്ടലായി അത് മാറും.
എഫ്.ഐ.ആര്‍. റദ്ദാക്കുക മാത്രമായിരുന്നു ആവശ്യമെങ്കില്‍ അത്തരത്തില്‍ ഹര്‍ജി ഫയല്‍ചെയ്താല്‍ മതിയായിരുന്നു. ഇവിടെ റിട്ട് ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്. അതിലൂടെയാണ് എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ കഴിയില്ലെങ്കില്‍ അന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചത്. സാധാരണയായി ഇത്തരത്തില്‍ രണ്ട് ആവശ്യങ്ങള്‍ ഒരേ ഹര്‍ജിയില്‍ ഉന്നയിക്കാറില്ല. അസാധാരണ സാഹചര്യം ഉള്ളതിനാല്‍ ഇത്തരത്തില്‍ ഹര്‍ജി നല്‍കിയതില്‍ അസ്വാഭാവികത കാണേണ്ടതില്ലെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ എം.ആര്‍. അഭിലാഷ് പറഞ്ഞത്. കേന്ദ്ര ഏജന്‍സിക്കെതിരേ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരില്‍ സംസ്ഥാന ഏജന്‍സി കേസെടുത്തതാണ് അസാധാരണ സാഹചര്യമായി ചൂണ്ടിക്കാട്ടുന്നത്.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ.. ഇ.ഡി. ഉദ്യോഗസ്ഥന്‍ സ്വന്തംനിലയില്‍ ഫയല്‍ചെയ്ത ഹര്‍ജിയോടൊപ്പം ഔദ്യോഗിക രേഖകളും കോടതിയില്‍ സമര്‍പ്പിച്ചത് ഗുരുതരപിഴവാണെന്ന അഭിപ്രായവും നിയമവൃത്തങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കേസ് ഡയറിയും 161 സ്‌റ്റേറ്റുമെന്റുമൊക്കെ ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഈ രേഖകള്‍ ഹാജരാക്കിയത് കോടതിയിലും ചോദ്യംചെയ്യപ്പെട്ടേക്കാം.

വാല്‍ക്കഷണം
ഏതോ സിനിമയില്‍ ഗോദയില്‍ തോറ്റിട്ട് 'ഞാനെന്റെ പത്തൊന്‍പതാമത്തെ അടവൊന്ന് പുറത്തെടുത്തോട്ടെ, കാണിച്ചുതരാം' എന്നും പറഞ്ഞ് തിരിഞ്ഞുനോക്കാതെ ഓടുന്ന തമാശക്കാരന്റെ രംഗമുണ്ട്. അതാണിപ്പോള്‍ ഓര്‍മ്മവരുന്നത്. ഏതായാലും ചുവന്ന താറും പാച്ചി ജുഡീഷ്യല്‍ അന്വേഷണത്തിനുവേണ്ടിയുള്ള ആ ഓട്ടത്തിനും പത്തൊന്‍പതാമത്തെ അടവിനും നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക