Image

എഴുത്തച്ഛൻ പുരസ്കാരം തന്നെ മികച്ചത്: ഡോ. എം.വി. പിള്ള

Published on 29 March, 2021
എഴുത്തച്ഛൻ പുരസ്കാരം തന്നെ മികച്ചത്: ഡോ. എം.വി. പിള്ള
എസ്. അനിലാലിന്റെ 'സബ്രീനാ' കഥാസമാഹര പ്രകാശനത്തിൽ  ലാനയ്ക്കു വേണ്ടി സക്കറിയക്ക്  ആദരസമര്‍പ്പണം നിര്‍വഹിച്ച് ഡോ: എം വി. പിള്ള:
 
ഇത്തരം ഒരു വലിയ ബഹുമതി ഒരു വായനക്കാരനായ എനിക്ക് നല്‍കിയതിന് കാരണം എനിക്ക് ഭംഗിയായി അറിയാം. കാരണം അള്‍ട്ടിമേറ്റ് ലി കണ്‍സ്യൂമര്‍ ഈസ് ദ കിങ്ങ്. നിങ്ങള്‍ എന്തെഴുതിയാലും വായിച്ചു ആദരിക്കാനും അംഗീകരിക്കാനും ഒരു കണ്‍സ്യൂമര്‍ വേണം. ഉപഭോക്താക്കളുടെ ഈ രാജ്യത്തുനിന്ന് സക്കറിയയെ ആദരിക്കുമ്പോള്‍, എന്റെ തലയില്‍ ഇരിക്കുന്ന കിരീടം വായനക്കാരന്റേതാണെന്ന് എനിക്ക് നന്നായി അറിയാം. 
 
ഞാനിപ്പോള്‍ ഒരു അമ്പരപ്പിന്റെ വക്കിലാണ്. മാര്‍ച്ച് 20 വടക്കേ അമേരിക്കയില്‍ സ്പ്രിങ് ആരംഭിക്കുന്നു. വസന്തകാലത്തിന് ഔദ്യോഗികമായ തുടക്കം. കവി പണ്ടേ നമ്മോട് പറഞ്ഞിട്ടുണ്ട്. വേല നാളെ, ജോലി മാറ്റിവെച്ച് ഈ ഭൂമിയില്‍ വസന്തകാലത്തെ എതിരേല്‍ക്കുക  എന്ന് വിളംബരം ചെയ്യുക. അതിമനോഹരമായ ഈ ധന്യ മുഹൂര്‍ത്തത്തില്‍. സജീവ മലയാളത്തിന്റെ എഴുത്തുകാരായ എന്റെ ഒരുപറ്റം സഹപ്രവര്‍ത്തകരും സഹജീവികളും മലയാളത്തിലെ അദ്വിതീയനായ ഒരു സാഹിത്യ നായകനെ ആദരിക്കാന്‍ ഏഴാം കടലിനക്കരെ ഒത്തു കൂടിയിരിക്കുകയാണ്. ഇവിടെ മുഴുവന്‍ കവിത തുളുമ്പി നില്‍ക്കുന്നു. കേരളീയ ജനസംഖ്യയുടെ ഏഴിലൊന്ന് സംസ്ഥാനത്തിനു പുറത്താണ്. കേരളത്തിനു പുറത്തും അന്യരാജ്യങ്ങളിലുമായിട്ട്. ഏഴിലൊന്ന് മലയാളിയെയാണ് നാമിന്നിവിടെ പ്രതിനിധാനം ചെയ്യുന്നത്. 
 
സപ്തസാഗരങ്ങള്‍ പോലെ, സപ്ത വര്‍ണ്ണങ്ങള്‍ പോലെ, സപ്ത സപ്തസ്വരങ്ങള്‍ പോലെ. പിന്നെയും ഉണ്ട് പ്രത്യേകത, ഇത് ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു സാഹിത്യസമ്മേളനം; വിശിഷ്ടാതിഥി അക്കരെയും. ആതിഥേയരെല്ലാം ഇക്കരെയും നിന്നു കൊണ്ട് സാഹിത്യം ചര്‍ച്ചചെയ്യുന്നത്. മലയാള സാംസ്‌കാരിക ചരിത്രത്തില്‍ ഇതൊരുപക്ഷെ ആദ്യമായിരിക്കാം. കാരണം, സാഹിത്യ നായകന്  ആദരം അര്‍പ്പിക്കുവാന്‍. ഏഴാം കടലിനക്കരെ, ഏഴിലൊന്നു മലയാളികള്‍ ഒത്തുകൂടുന്ന കൂടുന്ന അതിമനോഹരമായ മുഹൂര്‍ത്തം, ഒരു വസന്ത കാലാരംഭത്തില്‍. അതിമനോഹരമായ മുഹൂര്‍ത്തം ഒരു വസന്തകാലത്ത് തുടങ്ങാന്‍ കഴിഞ്ഞു. എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഒരര്‍ത്ഥത്തില്‍ നിങ്ങളുടെ സാഹിത്യസൃഷ്ടികള്‍ എല്ലാം അക്കരപ്പച്ച എന്ന ഗൃഹാതുരത്വത്തിന്റെ ആവിഷ്‌കാരങ്ങള്‍ ആണെന്ന് നമുക്കറിയാം. നാടുവിട്ട്  അമേരിക്കയില്‍ വ ന്ന് എഴുത്തു തുടങ്ങി അക്കരയ്ക്കു നോക്കി നെടുവീര്‍പ്പിടുന്ന എഴുത്തുകാരുടെ രചനകളായിരുന്നു. 
 
പക്ഷേ, ശ്രീ. സക്കറിയയുടെ രചനകളില്‍ കൂടെയാണ് നമുക്ക് മനസ്സിലായത്, അക്കരെ ''വെറും' പച്ചയാണെന്നും, അവിടെ എല്ലാം എല്ലാം ''പച്ചയായി'' തോന്നണമെന്നില്ല എന്നും, അവിടെ ചെല്ലുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ് എന്നും. അതുകൊണ്ട്, പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ,  മലയാളപദങ്ങളില്‍ കോറിയിട്ട, മഹാനായ ഈ സാഹിത്യകാരന്, അക്കരയില്‍ ഉള്ള സക്കറിയയ്ക്ക്, ലാനയുടെ പേരില്‍, ഇക്കര നിന്നുകൊണ്ട്. ലാനയുടെയും എന്റെയും ആദരവ് അര്‍പ്പിക്കുന്നു;  എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍. 
 
എനിക്ക് ശ്രീ സക്കറിയയും ആയി ഒരുപാട് ആത്മബന്ധങ്ങള്‍ ഉണ്ട്. കാരണം ഞങ്ങള്‍ ഒരേ പ്രായക്കാരാണ്. ഒരേ വര്‍ഷം ജനിച്ചവരാണ്, ഒരേ വര്‍ഷം എസ്എസ്എല്‍സി പാസായവരാണ്. അദ്ദേഹം വിളക്കുമാടം സ്‌കൂളില്‍ നിന്നും, സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിന്നും പാസായി ഇറങ്ങി, മലയാളത്തിന്റെ വിളക്കുകളും ആയിട്ടാണ് വലതുകാല്‍ വച്ചു നമ്മുടെ സാഹിത്യത്തിലേക്ക് പ്രവേശിച്ചത്. ഞാന്‍ തിരുവനന്തപുരത്ത് സ്‌കൂളില്‍നിന്ന് പാസായി സയന്‍സിന്റെ മേഖലയിലേക്ക് തിരിഞ്ഞു. പക്ഷേ, ഈ സമാന്തര പാതകളില്‍ പലപ്പോഴും, ഞങ്ങള്‍ക്ക് പരസ്പരം ആശ്ലേഷിക്കാനും സംവദിക്കുവാനും ഉള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. 
 
ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ മലയാളമനോരമ എന്നോട് ഒരു പ്രത്യേകതരം ജോലി ആവശ്യപ്പെട്ടു. കേരളത്തിലെ അറിയപ്പെടുന്ന നാലു പ്രശസ്ത വ്യക്തി കളോടൊപ്പം ഒരു കോളം എഴുതണം എന്ന് . ഞാന്‍, ശ്രീ. തോമസ് ജേക്കബിനോട് പറഞ്ഞു, എനിക്ക് കേരളത്തിന്റെ സംസ്‌കാരത്തെ കുറിച്ചോ, രാഷ്ട്രീയ മണ്ഡലത്തെ കുറിച്ചോ, സാഹിത്യത്തെക്കുറിച്ചോ വളരെ വളരെ ഉപരിപ്ലവമായ അറിവേയുളളൂ. അതുകൊണ്ട് ഞാന്‍ ഇതിന് പറ്റിയ ആളല്ലാ. അപ്പോള്‍ സഹൃദയനും സരസനുമായ അദ്ദേഹം പറഞ്ഞ മറുപടി: അങ്ങനെ ഒരു ആളിനെ തന്നെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അമേരിക്കന്‍ ജൂറി സിസ്റ്റം പോലെ. വാദിയെ അറിയരുത്. പ്രതിയെ അറിയരുത്. സംഭവത്തെക്കുറിച്ചും അറിയരുത്. അങ്ങനെ നിഷ്പക്ഷനായ നിര്‍മ്മമനായ ഒരെഴുത്തുകാരനെ കിട്ടിയാല്‍ നന്നായിരുന്നു. അതിനാണ് ഡോക്ടറെ വിളിച്ചത്. അങ്ങനെ, രണ്ടായിരാമാണ്ടില്‍ ഞാനും ശ്രീ സക്കറിയയും സേതുവും പരേതയായ മേഴ്‌സിരവിയും യശശരീരനായ നടന്‍ മുരളിയും ചേര്‍ന്ന് ആറുമാസത്തോളം ഒരു കോളം എഴുതി. 
 
 
അന്നാണ് എനിക്കൊരു കാര്യം മനസ്സിലായത്. സഖറിയ ജനിച്ചതും ഞാന്‍ ജനിച്ചതും ഒരേ വര്‍ഷം ആണ്. സക്കറിയാ വിളക്കുമാടത്തില്‍ നിന്നും കൊളുത്തി കൊണ്ടുപോയ ആ വിളക്ക് പലര്‍ക്കും പകര്‍ന്നു നല്‍കിയതും എനിക്കറിയാം. സിനിമാ പാട്ടില്‍ പറയുന്നതുപോലെ, നമുക്കൊരേ പ്രായം, നമുക്കൊരേ ദാഹം, നമുക്കൊരേ മോഹം. അക്കാരണത്താല്‍തന്നെ അദ്ദേഹത്തിന്റെ കൃതികളെല്ലാം ഞാന്‍ ആവേശപൂര്‍വ്വം  വായിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഡിസ്റ്റിങ്ങ്യൂഷ്ഡ് ഫെലൊ എന്നീ ബഹുമതികള്‍ എല്ലാം അദ്ദേഹത്തിന് കിട്ടി. ഞങ്ങളെല്ലാവരും ആഹ്ലാദിക്കുന്നു. ഞങ്ങള്‍ വേല മാറ്റിവച്ചു ജഗത്തിനു ഉത്സവവേളയില്‍ ആദരവ് അര്‍പ്പിക്കുന്നു. അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. 
 
ഇനി അല്പം കാര്യം. മലയാള സാഹിത്യ ചരിത്രം പഠിക്കണം എന്നുണ്ടെങ്കില്‍, ലാനയുടെ എല്ലാ അംഗങ്ങളും ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന പുസ്തകം സ്വന്തമായി കരുതണം എന്നു ഞാന്‍ പറയും. ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ, ജനറല്‍ എഡിറ്റര്‍ ഡോക്ടര്‍ കെ എം ജോര്‍ജ്. എന്റെ വല്യച്ഛന്‍  കൈനിക്കര കുമാരപിള്ളയോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ട്, ഈ പുസ്തകം അദ്ദേഹം കൈയ്യൊപ്പിട്ട് എനിക്ക് തന്നതാണ്. മലയാളഭാഷയെ യും സാഹിത്യത്തെക്കുറിച്ചും  പഠിക്കണം എന്നുണ്ടെങ്കില്‍, ഈ പുസ്തകം അത്യാവശ്യമാണ്. ദയവായി ഇത് കൂടെ കരുതുക. 
 
മലയാളസാഹിത്യത്തിന്റെ  വിവിധ ഘട്ടങ്ങളെക്കുറിച്ച് പഠിച്ചു വരുമ്പോഴാണ് സക്കറിയായുടെ നിലപാടുകളും അദ്ദേഹത്തിന്റെ രചനകളും സാഹിത്യത്തിന് ന്റെ ഏതു ദശാസന്ധിയെയാണു സൂചിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അതിമനോഹരമായി മലയാളത്തിന്റെ ആധുനികതയെ വര്‍ണ്ണിച്ച് ശേഷം, ഈ പുസ്തകത്തിലെ ഗ്രന്ഥകാരന്മാര്‍ പറയുന്നത്. മുകുന്ദനും കാക്കനാടനും ഓ വി വിജയനും തുടങ്ങിവച്ച, ആധുനിക ജീവിത നിഷേധത്തിന്റെയും അസ്തിത്വദു:ഖത്തിന്റെയും. വ്യഥകളും നിരാസങ്ങളും ഒക്കെ പറഞ്ഞ് ഒരു മടുപ്പ് നമ്മുടെ വായനക്കാരില്‍ സൃഷ്ടിച്ചു. ആ ദശാസന്ധിയില്‍, അതിമനോഹരമായി ആധുനികതയില്‍ നിന്നും ഒരു പുതിയ ശൈലിയുമായി. ഉയര്‍ത്തെഴുന്നേറ്റ ഒരു നല്ല കഥാകൃത്താണ് ശ്രീ. സക്കറിയ. അദ്ദേഹത്തെ നോണ്‍ കണ്‍ഫോമിസ്റ്റ് എന്നാണ് എല്ലാവരും വിളിക്കുന്നത്. ഒന്നിനോടും ഒത്തുചേര്‍ന്നു പോകാതെ സ്വതന്ത്രമായ നിലപാട്. കാട്ടിലെ ഒരൊറ്റ ആനയുടെരൂപം. അദ്ദേഹം ഇതു നന്നായി സാഹിത്യത്തിലും അനുവര്‍ത്തിക്കുന്നു. 
 
ഇത് ഞാന്‍ പറയാന്‍ കാരണം, എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിക്കൊണ്ട്, നമ്മുടെ സാംസ്‌കാരിക മന്ത്രി  ഏ കെ ബാലന്‍ പറഞ്ഞ ഒരു വാക്യംവളരെ അര്‍ത്ഥവത്തായതുകൊണ്ടുമാണ്. എഴുത്തച്ഛന്‍ പുരസ്‌കാരം ശ്രീ. സക്കറിയായ്ക്കു നല്‍കുന്നത് അദ്ദേഹം മലയാള സാഹിത്യത്തിന് അമ്പതുകൊല്ലം നല്‍കിയ സമഗ്ര സംഭാവനയ്ക്കും മലയാളത്തിലെ ചിന്താധാരയ്ക്ക് നല്‍കിയ സംഭാവനയ്ക്കും ആണെന്നാണ്. രണ്ടാമത്തെ വാചകമാണ് ഏറ്റവും ശക്തം. സാഹിത്യസൃഷ്ടികള്‍ നടത്തിയ ഒരുപാട് പ്രതിഭാശാലികള്‍ നമുക്കുണ്ട്. പക്ഷേ രണ്ടു മൂന്നു തലമുറകളുടെ മുമ്പില്‍ സ്വന്തം ചിന്തകള്‍കൊണ്ട് ചൈതന്യം പകര്‍ന്ന  അപൂര്‍വ്വം എഴുത്തുകാരെയുള്ളൂ. 
 
 സ്വന്തം കോളങ്ങളിലും സ്വന്തം പ്രസംഗങ്ങളിലും ഏറ്റവുമധികം അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത് ഇടതുപക്ഷ ഗവണ്‍മെന്റ്കളെയാണ്. പക്ഷേ, മലയാളി സ്വതസിദ്ധമായ ആത്മാര്‍ത്ഥത, സ്വതസിദ്ധമായ സമര്‍പ്പണം സക്കറിയയെ ആദരിക്കുന്നതില്‍ പുലര്‍ത്തി. എഴുത്തച്ഛന്‍പുരസ്‌കാരം സക്കറിയയ്ക്ക് സമ്മാനിക്കാന്‍ ശ്രീ സച്ചിദാനന്ദനും ശ്രീ വൈശാഖനും, ഒരു ഇടതുപക്ഷ ഗവണ്‍മെന്റും ഒക്കെയാണ് മുന്നോട്ടുവന്നത്. മുഖ്യമന്ത്രിയുടെ പ്രഭാഷണവും അങ്ങേയറ്റം അത്ഭുതമായിരുന്നു. 
 
എടുത്തുപറയട്ടെ, ശ്രീ. സക്കറിയയ്ക്ക് ഞാനപീഠം കിട്ടണമെന്ന്, ബുക്കര്‍പ്രൈസ് കിട്ടണം എന്ന്, പുലിസ്റ്റര്‍പ്രൈസ് കിട്ടണമെന്ന്. നോബല്‍പ്രൈസ് കിട്ടണമെന്ന് ഒരു മലയാളിക്കും ശാഠ്യമുണ്ടാകാന്‍ വഴിയില്ല. കാരണം, അതിനൊക്കെ അപ്പുറത്താണ് എഴുത്തച്ഛന്‍ പുരസ്‌കാരം. ഒരു കാലഘട്ടത്തില്‍, നിലവിലുള്ള അനീതികള്‍ക്കും ദുരാചാരങ്ങകള്‍ക്കും ഒക്കെ എതിരെ, അവര്‍ണ്ണന്‍ വേദം കേട്ടാല്‍ കാതില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് ധരിച്ചിരുന്ന ഒരു വരേണ്യ വര്‍ഗ നിലപാടിനെതിരേനിലകൊണ്ട്, സംസ്‌കൃത ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പകര്‍ത്തിയെഴുതി, മലയാളത്തില്‍ ഒരു ശൈലി ഉണ്ടാക്കി, നമ്മുടെ ആദിമ കാവ്യവും പഞ്ചമവേദവും മലയാളത്തിലേക്ക് പകര്‍ന്നുതന്ന, എഴുത്തച്ഛന്റെ പേരിലുള്ള ഒരു പുരസ്‌കാരം കിട്ടുന്നതിന് അപ്പുറം ആയിട്ട്, ഈ മൂന്നരക്കോടി മലയാളികള്‍ക്ക് കിട്ടാന്‍ വേറെ ഒന്നുമില്ല. ഇത് ഞാന്‍ ആത്മാര്‍ത്ഥതയോടും കൂടി പറയുന്നതാണ്. കാരണം, എന്തിനാണ് ഒരു ബുക്കര്‍ പ്രൈസ്?  എന്തിനാണ് ഒരു പുലിസ്റ്റര്‍പ്രൈസ്? എന്തിനാണ് ഒരു നോബല്‍പ്രൈസ്? അതെല്ലാം തര്‍ജ്ജമകളെ ആസ്പദമാക്കി നല്‍കുന്ന പുരസ്‌കാരങ്ങളാണ്. 
 
ഇവിടെ ഒന്നുമില്ലെങ്കിലും വൈശാഖനും സച്ചിദാനന്ദനും ശ്രീ ബാലനും മുഖ്യമന്ത്രിയും ഒക്കെ, സക്കറിയയുടെ കൃതികള്‍ വായിച്ച് ആസ്വദിച്ച് നല്‍കുന്നതാണ് എഴുത്തച്ഛന്‍പുരസ്‌കാരം. അതുകൊണ്ട്, ഇന്ന് മലയാളത്തില്‍ എന്നും കിട്ടാവുന്ന ഏറ്റവും വലിയ പുരസ്‌കാരം ഇത് തന്നെയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട്, ഒന്നുകൂടി അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് അഭിനന്ദനങ്ങളും ആദരവുകളും അര്‍പ്പിക്കുന്നു. മലയാളത്തില്‍, സാരമായ, ഗൗരവമായ, ഗദ്യം അതിമനോഹരമായ നര്‍മ്മത്തോടെ കൂട്ടിയിണക്കാന്‍ കഴിയുന്ന അധികം പേരില്ല. അംഗുലി പരിമിതങ്ങളായ ആ വ്യക്തിത്വങ്ങളില്‍ ഒന്നാണ് ശ്രീ സക്കറിയ. 
 
എനിക്കൊരു നിര്‍ദ്ദേശം ഉള്ളത്: ഇനി ആറു കൊല്ലത്തിനിടയ്ക്ക് സക്കറിയ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടെന്നിരിക്കും. ശതാഭിഷേകത്തിന് ലാനയുടെ അതിഥിയായി അമേരിക്കയിലേക്ക് വരിക. അമേരിക്കയിലെ ഗദ്യത്തിന് അതിമനോഹരമായി നര്‍മ്മം തുന്നിച്ചേര്‍ത്ത ഒരാള്‍ മിസിസിപ്പിയ്ക്കടുത്തുള്ള സ്സോറിയില്‍ താമസിച്ചിരുന്നു. മാര്‍ക്ക് ടൈ്വന്‍.   മിസിസിപ്പിയിലെ ആ നദിയിലൂടെ  തുഴഞ്ഞു പോകുന്ന സമയത്ത് താങ്കളുടെ ശതാഭിഷേകം ആഘോഷിക്കാന്‍ ലാന മുന്നോട്ടുവരട്ടെ എന്നൊരു ആശംസ കൂടി ഇവിടെ അര്‍പ്പിച്ചുകൊണ്ട് എനിക്ക്, അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ചെറിയ ഒരു വിലയിരുത്തല്‍ കൂടി പറയാനുണ്ട്. 
 
മലയാളത്തിലെ ഏറ്റവും ശക്തമായ കഥയില്‍ ഒന്നാണ്. ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന ചെറുനോവല്‍.. മലയാളത്തിലുള്ള എല്ലാ കൃതികളെക്കുറിച്ചും സാധാരണ പറയാറുള്ള രണ്ടു വാക്കുകളുണ്ട്: സാര്‍വ്വകാലികം സാര്‍വ്വജനീനം. എല്ലാ കാലത്തും എല്ലാ ജനത്തിനും പ്രസക്തമായ കഥാതന്തു. ഭാസ്‌കര പട്ടേലര്‍ എന്ന വ്യക്തിത്വം ഇന്നും എങ്ങും നിറഞ്ഞു നില്‍ക്കുന്നു. അത് ലിബിയയിലെ ഗദ്ദാഫി ആയിട്ട് ആകാം. ഉത്തരകൊറിയയിലെ കിം ജോങ് ഉന്‍ ആകാം. അടുത്തകാലത്ത് വൈറ്റ് ഹൗസ് വിട്ടുപോയ നമ്മുടെ പഴയ പ്രസിഡന്റ് ആകാം. ഒരുപാട് ഒരുപാട് സ്വഭാവവിശേഷങ്ങള്‍ ഭാസ്‌കര പട്ടേലലരില്‍  കാണാം. ഈ കഥ ഇംഗ്ലീഷിലേക്ക് വാസ്തവത്തില്‍ തര്‍ജ്ജമ ചെയ്ത് അമേരിക്കയില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. അത് ന്യൂയോര്‍ക്കര്‍ പോലുള്ള ഒരു പ്രസിദ്ധീകരണം സഹര്‍ഷം പ്രസിദ്ധീകരിക്കുമായിരുന്നു. 
 
അതു തന്നെയല്ല. നാമൊക്കെ പഠിച്ചിട്ടുള്ള ഒരു വലിയ മന:ശാസ്ത്ര സത്യമുണ്ട്. അതിന്റെ പേര് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്നാണ്. ഒരു ഉടമയ്ക്കു കീഴില്‍ കുറേക്കാലം അടിമയായി തുടര്‍ന്നാല്‍ അടിമക്ക് ഒരുപാട് കഷ്ടനഷ്ടങ്ങള്‍. വരുത്തിതീര്‍ത്താലും, അടിമയ്ക്ക് ഉടമയോട് ഒരു വിധേയത്വം ഉണ്ടാകുന്നു. ഇതാണു സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം. ഒരുപാട് ഒരുപാട് പഠനങ്ങള്‍ ഇതിനെക്കുറിച്ച് വന്നിട്ടുണ്ട്. ഈ ആശയം അതിമനോഹരമായി, ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന കൃതിയില്‍ സക്കറിയാ ആവിഷ്‌കരിച്ചിരിക്കുന്നു. തൊമ്മി എന്ന വേലക്കാരന്റെ ഭാര്യയെ പതിവായി വന്ന് പ്രാപിക്കാറുള്ള ഭാസ്‌കര പട്ടേലര്‍ എന്ന ഈ ഉടമ. എങ്ങനെയെങ്കിലും ഭാസ്‌കര പട്ടേലര്‍ ഒന്ന് ഒഴിഞ്ഞു കിട്ടിയാല്‍ എനിക്ക് എന്റെ ഭാര്യയെ തിരിച്ചു കിട്ടും എന്നുള്ള സുന്ദര വിചാരവും ആയി നടക്കുന്ന തൊമ്മി. ഭാസ്‌കര പട്ടേലരുടെ ശത്രുക്കള്‍ വന്ന് അയാളെ വെടിവെച്ച് ഇടാന്‍ നോക്കുകയാണ്. വെടിയേറ്റ് കിണറ്റിലേക്ക് ചാഞ്ഞു വീഴുന്ന ഭാസ്‌കര പട്ടേലരെ തൊമ്മി താങ്ങിയെടുത്തു ആശ്വസിപ്പിച്ച് രക്ഷപ്പെടുത്തുകയാണ്. ഇതില്‍പ്പരം മനോഹരമായി ഒരു കഥയില്‍ എങ്ങനെയാണ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം അവതരിപ്പിക്കാന്‍ പറ്റുക! 
 
അതേപോലെതന്നെ എല്ലാത്തരം ചമല്‍ക്കാരങ്ങളും ഉപേക്ഷിച്ച്പച്ച മലയാളത്തില്‍ എഴുതാറുള്ള ശ്രീ സക്കറിയായില്‍ അനുഗ്രഹീതനായ ഒരു കവി ഒളിഞ്ഞുകിടപ്പുണ്ട് എന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് ഈ കഥയുടെ ഉത്തര ഭാഗങ്ങള്‍. ഏറ്റവുമൊടുവില്‍ ഭാസ്‌കര പട്ടേലരോടൊപ്പം സതേണ്‍ കാനറയുടെ കൊടും കാടുകളിലേക്ക് നടന്നുപോകുന്ന തൊമ്മി. അവസാനം, ആ പോക്കിലുള്ള പരിസ്ഥിതി വര്‍ണ്ണന, മലയാളത്തിലെ ഏറ്റവും നല്ല കവികളെ പോലും അസൂയപ്പെടുത്തുന്നതാണ്. ആ കഥയുടെ അന്ത്യമോ അത്രയും വന്യത. വില്‍ഡര്‍നെസ് സ്വന്തം സ്വഭാവത്തിലും പെരുമാറ്റത്തിലും പുലര്‍ത്തിയിരുന്ന കഥാനായകന്‍ ആയ ഭാസ്‌കര പട്ടേലറിനെ ഏറ്റുവാങ്ങുന്നത് കൊടുംകാടാണ്. ആ കാട്ടിലാണ് ശവശരീരം അടിഞ്ഞു ചേരുന്നത്. ശവശരീരം ഏറ്റുവാങ്ങിയ കാട്ടില്‍നിന്നും തൊമ്മി മടങ്ങിപ്പോരുമ്പോള്‍ കാട്ടുചെമ്പകത്തിന്റെ മണം അയാള്‍ക്ക് തിരിച്ചുകിട്ടുന്നു, ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവരുന്നു. ഇങ്ങനെ കഥയും കവിതയും, ചിത്രകലയും, ശാസ്ത്രവും തുന്നിച്ചേര്‍ത്ത ഈ കഥ, ഒരുപക്ഷേ സക്കറിയാ അമേരിക്കയില്‍ ഇരുന്ന് എഴുതിയിരുന്നെങ്കില്‍ തീര്‍ച്ചയായും അത് പുലിസ്റ്റര്‍ പ്രൈസ്സിനോ നോബല്‍ പ്രൈസ്സിനോ വേണ്ടി പരിഗണി ക്കപ്പെടുമായിരുന്നു.
 
(എസ്. അനിലാലിന്റെ 'സബ്രീനാ' കഥാസമാഹര പ്രകാശനം -കൂടുതല്‍ വിവരങ്ങള്‍- അടുത്ത ലക്കത്തില്‍)
Join WhatsApp News
Sudhir Panikkaveetil 2021-03-29 15:58:58
ഡോക്ടർ എം.വി.പിള്ളയുടെ പ്രഭാഷണം വായിച്ചുകഴിഞ്ഞപ്പോൾ (കേൾക്കുകയല്ല) അക്ഷരങ്ങളുടെ ഒരു സാമ്രാജ്യം കണ്ടു , അവിടെ വാക്കുകളുടെ ചെങ്കോൽ പിടിച്ച്, അറിവിന്റെ കിരീടം ചൂടി നിൽക്കുന്ന സാഹിത്യാസ്വാദകൻ ഡോക്ടർ പിള്ള. ദ്രാക്ഷാമാധുരി പോലെ രസം പകരുന്ന ഭാഷാപ്രവാഹം. വാക്കുകൾ അക്ഷരങ്ങളാകുമ്പോൾ എല്ലായിടത്തും പ്രത്യക്ഷപ്പെടണമെന്നില്ല,അവ എത്താത്ത സ്ഥലങ്ങളില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് വസന്തകാലം. പൂങ്കുയിലുകൾ പാടുന്നു. ഡോക്ടർ , അങ്ങയുടെ വാക്കുകൾ അമേരിക്കൻ മലയാള സാഹിത്യവസന്തത്തിലെ പൂങ്കുയിൽ പാട്ടുകൾ എന്ന് വിശേഷിപ്പിക്കട്ടെ. അനുമോദനങ്ങൾ സാർ.
K Kunhikrishnan 2021-03-30 07:04:41
അതിമനോഹരം.ആശയസമ്പുഷ്ടം. എഴുത്തുകാരെ ഇത്ര ഭംഗിയായി വിലയിരുത്തിയ അവതരണം വേറെ അധികം വായിച്ചിട്ടില്ല. കേരളത്തിലെ ബുദ്ധിജീവികളും സാഹിത്യനായകൻമാരും ഇവിടെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് വ്യാകുലല്ലെന്നാണ് പൊതുവെ കാണുന്നത്. അധികാരക്കിന്റെ പ്രലോഭനങ്ങളിൽ അവർ വീഴുന്നു. സക്കറിയ അങ്ങിനെ വീഴാതിരിക്കട്ടെ.
സുരേന്ദ്രൻ നായർ 2021-03-31 01:04:56
ആസ്വാദ്യവും ഭാഷാ മാധുര്യവും ഒത്തിണങ്ങിയ പിള്ളസാറിന്റെ വാക്കുകൾ പതിവുപോലെ അഭിനന്ദനാർഹം. എഴുത്തച്ഛന്റെ ഔന്നത്യവും സഖറിയയുടെ എഴുത്തുവഴികളും കൂടുതൽ ശോഭയോടെ തിളങ്ങിയ വരികൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക