Image

ആദ്യ ഇന്ത്യൻ വനിതയും ആദ്യ മുസ്ലിമും ഫെഡറൽ ജഡ്ജി സ്ഥാനത്തേക്ക്

Published on 30 March, 2021
ആദ്യ ഇന്ത്യൻ വനിതയും ആദ്യ മുസ്ലിമും ഫെഡറൽ ജഡ്ജി സ്ഥാനത്തേക്ക്

വാഷിംഗ്ടൺ: ഇതാദ്യമായി ഒരു ഇന്ത്യൻ വനിതയെയും മുസ്ലിമിനെയും പ്രസിഡന്റ്  ജോ ബൈഡൻ ഫെഡറൽ കോർട്ട് ജഡ്ജിമാരായി നോമിനേറ്റ്  ചെയ്‌തു.

ഇവരടക്കം 11  ജഡ്ജിമാരെയാണ് ബൈഡൻ നോമിനേറ്റ്  ചെയ്തിരിക്കുന്നത്. ഇതിൽ ഡി.സി. സർക്യൂട്ട് അപ്പീൽസ്സ് കോടതി ജഡ്ജിയായി ആഫ്രിക്കൻ അമേരിക്കൻ കെറ്റഞ്ജി  ബ്രൗൺ ജാക്സണെ നിയമിച്ചത് സുപ്രധാനമായി  കരുതുന്നു. ഇപ്പോഴത്തെ അറ്റോർണി ജനറൽ മെറിക്ക്  ഗാർലാൻഡ് വഹിച്ചിരുന്ന സ്ഥാനമാണത്. സുപ്രീം കോടതിയിൽ ഒഴിവു വരുമ്പോൾ അവരെ നിയമിച്ചേക്കും.

മൂന്ന്‌  ആഫ്രിക്കൻ- അമേരിക്കൻ വനിതകളെയാണ്  സർക്യൂട്ട് കോടതി ഒഴിവുകളിലേക്ക് നിർദ്ദേശിച്ചിരിക്കുന്നത്

നോമിനികളുടെ കാര്യത്തിൽ ബൈഡൻ വൈവിധ്യം പുലർത്തിയെന്നുള്ളത് ശ്രദ്ധേയമാണ്. യു‌എസ് ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം അമേരിക്കൻ ഫെഡറൽ ജഡ്ജി, ഡിസിക്കു വേണ്ടിയുള്ള യുഎസ് ജില്ലാ കോടതിയിലെ ആദ്യത്തെ ഏഷ്യൻ  വനിത, ആദ്യത്തെ സ്ത്രീ , ഡിസ്ട്രിക്റ്റ് ഓഫ്  മേരിലാൻഡിൽ വെളുത്ത വർഗക്കാരിയല്ലാത്ത ആദ്യ വനിത ഫെഡറൽ ജഡ്ജി  എന്നിങ്ങനെ പുതുമയാർന്ന നിയമനങ്ങൾ ഈ നാമനിർദ്ദേശങ്ങൾ സ്ഥിരീകരിക്കപ്പെട്ടാൽ സാധ്യമാകും..

ജഡ്ജി സാഹിദ് എൻ. ഖുറൈഷി:  

യുഎസ് ജില്ലാ കോടതിയിലേക്ക് (ന്യൂജേഴ്‌സി  ഡിസ്ട്രിക്ട്) നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം 2019 മുതൽ ഇതേ കോടതിയിൽ മജിസ്‌ട്രേറ്റ് ജഡ്ജിയാണ്.

മുമ്പ് റിക്കർ ഡാൻസിഗ്  എന്ന അറ്റോർണി സ്ഥാപനത്തിൽ പാർട്ടണർ ആയിരുന്ന  ഖുറൈഷി, സ്ഥാപനത്തിന്റെ വൈറ്റ് കോളർ ക്രിമിനൽ ഡിഫൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്നു. പ്രസ്തുത സ്ഥാപനത്തിലെ  ആദ്യത്തെ ചീഫ് ഡൈവേഴ്സിറ്റി ഓഫീസറും ആയി. 

റിക്കർ ഡാൻ‌സിഗിൽ ചേരുന്നതിന് മുമ്പ്, ജഡ്ജി ഖുറൈഷി 2008 മുതൽ 2013 വരെ ന്യൂജേഴ്‌സിയിലെ യുഎസ് അറ്റോർണി ഓഫീസിലെ അസിസ്റ്റന്റ് യുഎസ് അറ്റോർണി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുമുൻപ്  യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിൽ അസിസ്റ്റന്റ് ചീഫ് കോൺസലായി പ്രവർത്തിച്ചു .

മിലിട്ടറി പ്രോസിക്യൂട്ടർ ആയിരുന്ന ഖുറൈഷി ,  യുഎസ് ആർമി ജഡ്ജ്  അഡ്വക്കേറ്റ് ജനറൽസ് കോർ  ക്യാപ്റ്റൻ പദവി നേടിയിട്ടുണ്ട്. 2004 ലും 2006 ലും ഓപ്പറേഷന്‍ ഇറാഖി ഫ്രീഡത്തിന്റെ ഭാഗമായി ഇറാഖിൽ സേവനമനുഷ്ഠിച്ചു.

2000 ൽ റട്‌ഗേഴ്‌സ് ലോ സ്‌കൂളിൽ നിന്ന് ജെ.ഡി ലഭിച്ച  ഖുറൈഷി, ബി.എ. ബിരുദം  1997 ൽ ജോൺ ജെയ് കോളേജ് ഓഫ് ക്രിമിനൽ ജസ്റ്റിസിൽ നിന്നാണ് നേടിയത്.

ജഡ്ജി രൂപ രംഗ പുട്ടഗുണ്ട: 

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സുപ്പീരിയർ കോടതിയിലേക്കുള്ള നോമിനിയാണ്.

ജഡ്ജി രൂപ രംഗ പുട്ടഗുണ്ട നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായി ഡി.സി റെന്റൽ ഹൗസിംഗ് കമ്മീഷനിലാണ് സേവനം അനുഷ്ഠിക്കുന്നത്. 2013 മുതൽ 2019 വരെ അറ്റോർണി ർ ആയിരുന്നു.
ഡി.സി സുപ്പീരിയർ കോർട്ടിന്റെ ഫാമിലി കോർട്ട് സ്വയം സഹായ കേന്ദ്രത്തിലും അറ്റോർണി നെഗോഷ്യേറ്റർ പ്രോഗ്രാമിലും , ഗാർഹിക ഇരകളെ പ്രതിനിധീകരിക്കുന്ന ഡി.സി സുപ്പീരിയർ കോടതിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടും നിയമപരമായി സന്നദ്ധപ്രവർത്തനം നടത്തിയിട്ടുണ്ട്.

ഡി.സിയിലെ ജഡ്ജി വില്യം എം. ജാക്സന്റെ ലോ ക്ലർക്കായാണ്  ഔദ്യോഗിക ജീവിതം ആരംഭിച്ചത് (സുപ്പീരിയർ കോടതിയിൽ 2008 മുതൽ 2010 വരെ). 
2010 മുതൽ 2011 വരെ ഡി.സി അപ്പീൽ കോടതിയിലും പ്രവർത്തിച്ചു. 
2007 ൽ ഒഹയോ സ്റ്റേറ്റ് മോറിറ്റ്സ് കോളജ് ഓഫ് ലോയിൽ നിന്ന് ജെ.ഡി.യും  2002 ൽ വസർ കോളജിൽ നിന്ന് ബി.എ. യും കരസ്ഥമാക്കി.
ആദ്യ ഇന്ത്യൻ വനിതയും ആദ്യ മുസ്ലിമും ഫെഡറൽ ജഡ്ജി സ്ഥാനത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക