Image

തിരഞ്ഞെടുപ്പിന് ആറ് നാൾ; തീ പാറും പോരാട്ടത്തിൽ കേരളം (സിൽജി ജെ ടോം)

സിൽജി ജെ ടോം Published on 31 March, 2021
തിരഞ്ഞെടുപ്പിന്  ആറ് നാൾ; തീ പാറും പോരാട്ടത്തിൽ  കേരളം (സിൽജി ജെ ടോം)
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്  പ്രചാരണം അവസാന ലാപ്പിലേക്ക്. ആറ് നാൾ കൂടി കഴിഞ്ഞാല്‍ കേരളം പോളിങ് ബൂത്തിലെത്തും. മാറിമറിയുന്ന അധികാര ബലാബലത്തിന്റെ പോർക്കളങ്ങളാണ് കേരളത്തിലെ ഓരോ നിയമസഭാ തിരഞ്ഞെടുപ്പും. അഞ്ച്  വർഷം കൂടുമ്പോൾ മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന കേരളത്തിലെ ചരിത്രം  ഇത്തവണ അവസാനിക്കുമെന്ന് ഇടതു മുന്നണി ആവർത്തിക്കുന്നു . എന്നാൽ അത്തരം പ്രതീക്ഷകൾ അസ്ഥാനത്താണെന്ന്  പ്രതിപക്ഷം അവരെ ഓർമിപ്പിക്കുന്നു. 

 തുടർഭരണമെന്ന ഭരണ കക്ഷിയുടെ  മോഹങ്ങൾക്കപ്പുറം, എല്ലാ മാധ്യമസർവേകളും, ഇത്തരമൊരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

  സംസ്ഥാനത്തെ  140ല്‍ നൂറിലേറെ മണ്ഡലങ്ങളിലും അക്ഷരാര്‍ഥത്തില്‍ തീപാറും പോരാട്ടമാണ്.  ഓരോ വോട്ടിനും വേണ്ടി രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും സകല അടവും പയറ്റുന്ന സമയമാണിത് . ആരോപണങ്ങളും വിവാദങ്ങളും കളം നിറയുമ്പോൾ സത്യമേത് നുണയേത് എന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ് വോട്ടർമാർ . 

സമൂഹമാധ്യമങ്ങളിൽ ഭരണത്തുടര്‍ച്ച തേടി രംഗത്തിറങ്ങിയ എല്‍.ഡി.എഫ് നേരത്തേയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനവും ചിട്ടയായ പ്രവർത്തനവും  മൂലം നേടിയ മേല്‍ക്കൈ ഭൂരിഭാഗം  മണ്ഡലങ്ങളിലും നിലനിര്‍ത്തുന്നു.  സ്ഥാനാർഥിനിർണയത്തിലെ പ്രശ്നങ്ങൾ  കഴിഞ്ഞു വൈകിയാണ് കളത്തിലിറങ്ങിയതെങ്കിലും ആദ്യ ലാപ്പിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പം ഓടിയെത്തി  വിജയത്തിനായി കിണഞ്ഞുശ്രമിക്കുന്നുണ്ട് .

  പ്രചാരണത്തിന് പണമൊഴുക്കി  തിരഞ്ഞെടുപ്പ് രംഗമാകെ കൊഴുപ്പിക്കുന്ന ബി.ജെ.പിയാവട്ടെ  ചില മണ്ഡലങ്ങളിലെങ്കിലും  ശക്തമായ ത്രികോണ മത്സരം സൃഷ്ടിച്ചിരിക്കുന്നു.  

പകുതിയിലധികം മണ്ഡലങ്ങളിലും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സീറ്റുകള്‍ എല്‍ഡിഎഫും യുഡിഎഫും ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു എന്നതാണ് നിലവിലെ അവസ്ഥ . 51 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളും 35 മണ്ഡലങ്ങളില്‍  യു.ഡി.എഫ് സ്ഥാനാര്‍ഥികളും മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ . പ്രവചനം അസാധ്യമായ വിധം ഇടത്തോട്ടും വലത്തോട്ടും  മാറിമറിയുന്ന, ശേഷിക്കുന്ന  54 മണ്ഡലങ്ങളാണ്  കേരളം ആര്  ഭരിക്കും എന്ന് തീരുമാനിക്കുക . ഈ   മണ്ഡലങ്ങളില്‍ 20 മണ്ഡലങ്ങള്‍ ഇടത്തോട്ട് ചാഞ്ഞാല്‍ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ . ദേശീയ തലത്തില്‍ തന്നെ  ശ്രദ്ധിക്കപ്പെട്ട വടകര, നേമം, പാലക്കാട്,  തൃത്താല, 20-20 മത്സരിക്കുന്ന കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളൊക്കെ ഈ പട്ടികയിലുണ്ട്.

'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന പ്രചാരണ വാക്യത്തിനൊപ്പം  ഭരണനേട്ടങ്ങളും ജന  മനസുകളിലേക്ക് എത്തിക്കുന്നതിൽ  എല്‍.ഡി.എഫ് വിജയിച്ചു .  നിപ  തുടങ്ങിയ പകർച്ചവ്യാധികളെ നേരിട്ട രീതിക്കൊപ്പം പ്രളയത്തെയും നിലവിൽ  കോവിഡിനേയും മികച്ച രീതിയിൽ  നേരിട്ട്  ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയതും വീടില്ലാത്തവരെ ലൈഫ് മിഷനിലൂടെ തുണച്ചതും ക്ഷേമ പെൻഷൻ വർധിപ്പിച്ചതുമെല്ലാം പിണറായിയുടെ നേട്ടങ്ങളായി വാഴ്ത്തപ്പെടുന്നു .  

സർക്കാരിന്റെ  ജനക്ഷേമ നടപടികൾ ഒരു വശത്ത് നിൽക്കുമ്പോൾത്തന്നെ  സ്വർണക്കടത്ത്, ലൈഫ് മിഷൻ , സ്പ്രിൻക്ലർ വിവാദങ്ങൾ, ആഴക്കടൽ മത്സ്യബന്ധനവിവാദം,  പിൻവാതിൽ നിയമനം,  പൊലീസ് അതിക്രമങ്ങൾ തുടങ്ങിയ  ഭരണവിരുദ്ധവികാരത്തിലെ നിർണായക ഘടകങ്ങൾ എങ്ങനെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു . സ്വര്‍ണക്കടത്തു കേസിലെ  പുതിയ വെളിപ്പെടുത്തലുകളും ഇരട്ടവോട്ട് ആക്ഷേപവുമടക്കം നിരവധി  പ്രശ്നങ്ങളാണ് എൽ ഡി എഫിനെ പിന്തുടരുന്നത്. ഭരണവിരുദ്ധ വികാരത്തിൽ നിർണായകമായേക്കാവുന്ന  ഇത്തരം വിഷയങ്ങൾ കൂടി  മറികടക്കാൻ  എൽ.ഡി.എഫിന്  സാധിക്കേണ്ടിയിരിക്കുന്നു.

ഇതിനിടയിലാണ് ശബരിമല വിഷയം ഉയർത്തുന്ന പ്രത്യേക സാഹചര്യം. ശബരിമല സംബന്ധിച്ച്  സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാറിന് കനത്ത തിരിച്ചടി  ഉണ്ടായത് ശ്രദ്ധേയമാണ് . ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് യു.ഡി.എഫിന് ഗുണം ചെയ്തു എന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ  ഉപതെരഞ്ഞടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലുമൊന്നും ശബരിമല വലിയ ഘടകമായില്ല .ശബരിമല വിഷയമേയല്ലെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കള്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുമ്പോഴും പ്രചാരണത്തിന്റെ  അവസാന ലാപ്പിലും ശബരിമല  യു.ഡി.എഫും ബി.ജെ.പിയും ചര്‍ച്ചയാക്കുമ്പോള്‍ സി.പി.എം പ്രതിരോധത്തിലാകുന്നുണ്ട്  .

ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ വാദങ്ങൾ പൊളിഞ്ഞതും സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ സിബിഐ അന്വേഷണ നീക്കത്തിന്റെ പൊള്ളത്തരം ക്രൈംബ്രാഞ്ച് റിപ്പോർട്ടിലൂടെ  വെളിപ്പെട്ടതും തുടർഭരണം എന്ന ഇടത് മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തുമോ എന്ന് കാത്തിരുന്നു കാണുക  . 

സംസ്ഥാനത്തുടനീളം വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാർ  കടന്നുകൂടിയിട്ടുണ്ടെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്. 4,30,000ത്തോളം ഇരട്ട-കള‌ള വോട്ടുകള്‍ ഉണ്ടെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് ഇരട്ടവോട്ടുകള്‍ 38,586 മാത്രമെന്നാണ്  തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് . തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിലും  വ്യാജവോട്ടുകൾ കണ്ടെത്തിയിരിക്കെ  ജനവിധി അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ മതിയായ നടപടികൾ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടതാണ് . 

സ്ഥാനാർത്ഥി നിർണയത്തിന്റെ ഭാഗമായുള്ള പതിവ് പൊട്ടലും ചീറ്റലും ഉണ്ടായെങ്കിലും പൊതുവെ മെച്ചപ്പെട്ട  സ്ഥാനാര്‍ഥികളെ അവതരിപ്പിച്ച്‌ കൈയടി വാങ്ങിയ യു.ഡി.എഫിനാവട്ടെ ന്യായ് പദ്ധതി ഉള്‍പ്പെടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ വോട്ടര്‍മാര്‍ക്കു മുന്നില്‍ വേണ്ടവിധം അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ് . രാഹുൽ  ഗാന്ധിക്ക് പിന്നാലെ അവസാന ഘട്ട പ്രചാരണത്തിന്റെ ഭാഗമായി  പ്രിയങ്ക ഗാന്ധി കൂടി വന്നതിന്റെ ആവേശം  യു.ഡി.എഫ് ക്യാമ്പുകളിൽ കാണുന്നുണ്ട് . 
 
 കേരളത്തില്‍ പതിറ്റാണ്ടുക‌ള്‍ക്ക്‌ ശേഷംഭരണതുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം ‌ ഇടതുപക്ഷ ത്തെ  നയിക്കുമ്പോൾ തുടര്‍ഭരണത്തിലേക്കാണ് നാട് പോകുന്നതെങ്കിൽ   കോണ്‍ഗ്രസ്‌ നയിക്കുന്ന യുഡിഎഫിൽ അത്  ഉണ്ടാക്കാന്‍ പോകുന്ന ആഘാതം വലുതായിരിക്കും.

ഒരു പരാജയത്തെ കൂടി നേരിട്ട്‌ രാഷ്ട്രീയമായി മുന്നോട്ടു പോകാനുള്ള ശേഷി കോണ്‍ഗ്രസ്‌ പാർട്ടിക്കു ‌ണ്ടാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഗ്രൂപ്പ് പോര് ഒരു പകർച്ചവ്യാധി പോലെ കോൺഗ്രസിനെ കാർന്നുതിന്ന്  തുടങ്ങിയിട്ട് കാലമേറെയായി. ഒരു കാലത്ത് രാജ്യം  ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടി,  ഗ്രൂപ്പ് കളിച്ചും തമ്മിലടിച്ചും  ഇപ്പോൾ നാലോ അഞ്ചോ സംസ്ഥാനത്തേക്ക് മാത്രമായി ഒതുങ്ങിയത് പരിതാപകരമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 170 കോൺഗ്രസ് എം.എൽ.എമാരാണ് വിവിധ സംസ്ഥാനങ്ങളിൽ കൂറുമാറി ബി.ജെ.പിയിലേക്ക് പോയതെന്നാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്  റിഫോംസ് എന്ന സംഘടന വെളിപ്പെടുത്തിയത്.

കോൺഗ്രസിലെ പ്രശ്നങ്ങൾ അടിയന്തരമായി  പരിഹരിക്കപ്പെടേണ്ടതുണ്ട് . അല്ലാത്തപക്ഷം വലിയ വിലകൊടുക്കേണ്ടിവരുന്നത് ഉറപ്പാണ്. 

അധികാര കസേരമാത്രം ലക്ഷ്യമിട്ട് ജനാധിപത്യത്തെ കുരുതിക്കഴിക്കാൻ രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്ന  ബിജെപിയിലേക്ക്‌, രാജ്യത്തെ മറ്റ്‌ ഇടങ്ങളില്‍ കണ്ടത്‌ പോലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒഴുകുമെന്ന ആശങ്കകൾ സജീവമാണ് .  

പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും അദ്ദേഹത്തെ ​ ​പ​രി​ഹാ​സ്യ​ ​ക​ഥാ​പാ​ത്ര​മാ​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​പ​ല​ ​കേ​ന്ദ്ര​ങ്ങ​ളും​  ന​ട​ത്തു​ന്നത് നിഷേധിക്കാനാവില്ല . ​ ​​അ​ടു​ത്ത​ ​കാ​ല​ത്തൊ​ന്നും​ ​ഇ​ത്ര​യും​ ​ക്രി​യാ​ത്മ​ക​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​മ​റ്റൊ​രു​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​ ​കാ​ണാ​നാ​വി​ല്ല​​ന്നത് തന്നെയാണ് യാഥാർഥ്യം .​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ലെ​ ​പി​ഴ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​തെ​ളി​വ് ​സ​ഹി​ത​മു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഒ​ടു​വി​ൽ​ ​ഹൈ​ക്കോ​ട​തി​ ​വ​രെ​ ​ശ​രി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ ​പ്രതിപക്ഷനേതാവ് ഉയർത്തുന്ന ആരോപണങ്ങൾ ​ ​സ​ർ​ക്കാ​ർ​ ആദ്യഘട്ടത്തിൽ ​ ​നി​ഷേ​ധി​ക്കുമെങ്കി​ലും​ ​തെ​ളി​വു​ക​ൾ​ ​ഓ​രോ​ന്നാ​യി​ ​പു​റ​ത്തു​വ​രുന്ന​തോ​ടെ​ ​സർക്കാർ പലപ്പോഴും പ്രതിരോധത്തിലാകുന്ന  സന്ദർഭങ്ങൾ ഏറെയുണ്ടായി 

 ബിജെപി സഹകരണം സംബന്ധിച്ച   ചര്‍ച്ചകള്‍ പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും  സജീവമാണ്  . കോണ്‍ഗ്രസ്സുമായിട്ടാണ് ബിജെപിയുടെ വോട്ട് കച്ചവടം എന്ന് സിപിഎമ്മും , സിപിഎമ്മുമായി രഹസ്യ ഇടപാടെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. രണ്ട് ആരോപണങ്ങളേയും ബിജെപിയുടെ ഔദ്യോഗിക നേതൃത്വം തള്ളുന്നുണ്ട്. കോ ലീ ബി  സഖ്യത്തിൽ തുടങ്ങി  കേരളത്തിലെ തിരഞ്ഞെടുപ്പ്‌ രംഗത്ത്‌  പ്രധാനപ്പെട്ട ഇരുമുന്നണികളും പരസ്‌പരം ഉന്നയിക്കുന്ന ആരോപണമാണ്‌ ബിജെപിയുമായുള്ള അവിശുദ്ധ സഖ്യത്തെക്കുറിച്ചുള്ളത്‌.  വോട്ടിന്‌ വേണ്ടി ഇടതുപക്ഷത്ത്  അടുത്തകാലത്തായി ദൃശ്യമാകുന്ന  നിലപാടു മാറ്റങ്ങള്‍ നാടിന്റെ മതേതര ബോധത്തെ മുറിപ്പെടുത്തുന്നുവെന്നത് വസ്തുതയാണ്. ഹിന്ദുത്വ ബോധത്തെ പ്രീതിപ്പെടുത്തി  നിർത്താനുള്ള രാഷ്‌ട്രീയ തന്ത്രങ്ങളുണ്ടാക്കുന്ന  പ്രത്യാഘാതങ്ങൾ ന്യൂന പക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്നതുപോലെ തന്നെ  അപകടകരമായിരിക്കുമെന്ന്  ബന്ധപ്പെട്ടവർ ഓർക്കേണ്ടിയിരിക്കുന്നു .

കോണ്‍ഗ്രസിന്റെ സമീപകാല  ദൗർബല്യം മുതലെടുത്ത് എത്ര എളുപ്പത്തിലാണ്‌ ഭൂരിപക്ഷ വർഗീയത ഇന്ത്യയില്‍ പലസംസ്ഥാന ങ്ങളിലും അപകടകരമാവിധം പടര്‍ന്നു കയറിയതെന്നതിന് ‌ സമീപകാല ചരിത്രം സാക്ഷി . 

കഴിഞ്ഞതവണ നേടിയ ഒരു സീറ്റിനപ്പുറം  സീറ്റ് നേടാനായാൽ കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാകും അത് എന്നതിൽ തർക്കമില്ല.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ മൂന്ന് മുന്നണികളും നിറഞ്ഞ ആത്മവിശ്വാസത്തിലാണ്. 

 പ്രചാരണം തീപാറുന്ന ഈ ദിനങ്ങളിൽ മണ്ഡലത്തിലെ അടിയൊഴുക്കുകളെ  തങ്ങള്‍ക്ക് അനുകൂലമാക്കാൻ  സ്ഥാനാര്‍ഥികൾക്ക് എത്രത്തോളം കഴിയും എന്നത് വിജയസാധ്യതയെ സ്വാധീനിക്കുമെന്നുറപ്പാണ്.  
Join WhatsApp News
Ancy Sajan 2021-03-31 12:27:32
അഭിനന്ദനങ്ങൾസിൽ ജീ..🎉🎉🎉🎉
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക