Image

വരുന്നു സിക്കാഡകള്‍! (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 31 March, 2021
വരുന്നു സിക്കാഡകള്‍! (ജോര്‍ജ് തുമ്പയില്‍)
17 വര്‍ഷങ്ങളുടെ നീണ്ട നിശബ്ദതയ്ക്ക് ശേഷം, പിന്നെയും ഈ വേനല്‍ക്കാലത്ത് അവ വന്നേക്കാം. ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിന്. ചുവന്ന കണ്ണുകളും നീണ്ട കൊമ്പുമായി ചെറിയൊരു പ്രാണിയെ പോലെ, ഈ ചീവിടുകള്‍ വലിയൊരു കൂമ്പാരമായി ചെവിതുളക്കാന്‍ തയ്യാറെടുക്കുന്നു. അടുത്ത ഏതാനും ആഴ്ചകളില്‍, ലക്ഷക്കണക്കിന് ചീവീടുകള്‍ സംസ്ഥാനത്തുടനീളം നിലത്തുനിന്ന് ഉയിര്‍കൊള്ളും.  കൂടാതെ ഇല്ലിനോയിസ് മുതല്‍ ജോര്‍ജിയ വരെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ശതകോടിക്കണക്കിന് ചീവീടുകള്‍ ഉയിര്‍കൊള്ളുമെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 17 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഒരു ഇണചേരല്‍ അനുഷ്ഠാനത്തിനായുള്ള തയ്യാറെടുപ്പിലാണവര്‍.

ഓരോ 13 വര്‍ഷത്തിലും വിവിധ ഇനം ചീവീടുകള്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലൊഴിച്ച് ലോകത്തിന്റെ ബാക്കിയെല്ലായിടങ്ങളിലും ചീവീടുകളെ കാണാം. എന്നാല്‍, ഇവിടെ ഓരോ വര്‍ഷവും കൂടുതല്‍ ഇനം കാണപ്പെടുന്നു. ഇങ്ങനെ ഉയര്‍ന്നുവരുന്ന വിവിധ ചീവീടുകളുടെ ശ്രേണി വലിയൊരു ശല്യമാണ് മനുഷ്യര്‍ക്കു സൃഷ്ടിക്കുക. ലക്ഷക്കണക്കിന് ചീവീടുകള്‍ നിര്‍ത്താതെ ഒച്ചയുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. അതാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. മണ്ണിന്റെ താപനില ആവശ്യത്തിന് ഊഷ്മളമാകുമ്പോള്‍ വസന്തത്തിന്റെ അവസാനത്തിലും വേനല്‍ക്കാലത്തിന്റെ തുടക്കത്തിലും ചീവീടുകള്‍ പ്രത്യക്ഷപ്പെടും. അവരുടെ ആദ്യത്തെ ദൗത്യം അടുത്തുള്ള ഒരു വൃക്ഷത്തിന്റെ മുകളിലേക്ക് കയറി അതിന്റെ തൊലി കളയുക എന്നതാണ്. പിന്നെ, അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുകയായി. ഭൂമിയില്‍ നിന്ന് ഉയര്‍ന്നുവന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ചീവീടുകള്‍ ഇണചേരുന്നു. അവര്‍ പകല്‍സമയത്ത് ഏറ്റവും സജീവമാണെങ്കിലും ഇടതടവില്ലാത്ത ശബ്ദമുണ്ടാക്കുന്നത് പ്രഭാതത്തിനും സന്ധ്യയ്ക്കും ഇടയിലാണ്. ഇണയെ കണ്ടെത്താനുള്ള ഉന്മാദമാണ് നിരന്തരമായ ശബ്ദത്തിന് കാരണം. ഇണചേരലിനായി പുരുഷ ചീവീടുകള്‍ പരസ്പരം മത്സരിക്കുന്നു, ഇണയെ കണ്ടെത്താന്‍ തീവ്രമായി ശ്രമിക്കുന്നു.

പ്രിന്‍സ്റ്റണ്‍ പ്രദേശമാണ് ചീവീടുകള്‍ തങ്ങളുടെ ശബ്ദം ഏറ്റവും കൂടുതല്‍ കേള്‍പ്പിച്ച സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ട്. ന്യൂ ബ്രണ്‍സ്വിക്ക് ഏരിയയും ഹണ്ടര്‍ഡണ്‍ കൗണ്ടിയും ചീവീടുകളുടെ കേന്ദ്രങ്ങളായി മാറി. ഈ വേനല്‍ക്കാലത്ത് പ്രിന്‍സ്റ്റണ്‍ വീണ്ടും ചീവീടുകളെ കൊണ്ടു നിറയുമെന്നാണ് കരുതുന്നത്. പ്രിന്‍സ്റ്റണ്‍ സ്‌റ്റേറ്റ് പാര്‍ക്ക് ചീവീടുകളുടെ കേന്ദ്രമായിരിക്കുമെന്നാണ് അനുമാനിക്കുന്നത്. ചീവീടുകളെ വളരാന്‍ അനുവദിക്കുന്ന കൂടുതല്‍ വൃക്ഷങ്ങള്‍ ഓരോ വര്‍ഷവും ന്യൂജേഴ്‌സിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വികസനത്തിനായി വെട്ടിമാറ്റുന്നു. എങ്കിലും ചീവിടുകള്‍ക്ക് ഒരു കുറവുമില്ല. സൗത്ത് ജേഴ്‌സിയില്‍ ഭൂരിഭാഗത്തെയു ചീവീടുകളുടെ ശല്യം ബാധിക്കില്ല, കാരണം ഈ പ്രാണികള്‍ വനങ്ങള്‍ക്കിടയിലുള്ള തടികളിലാണ് താമസിക്കുന്നത്. നഗരപ്രദേശങ്ങളില്‍ സാധാരണയായി ചീവീടുകളെ ആകര്‍ഷിക്കാന്‍ ആവശ്യമായ മരങ്ങള്‍ ഇല്ല. 

ഇണചേരലിനുശേഷം, പെണ്‍ ചീവീടുകള്‍ മരങ്ങളില്‍ മുട്ടയിടുന്നു. ഈ പ്രക്രിയ മാത്രമാണ് സസ്യജാലങ്ങള്‍ക്ക് ഭീഷണിയാകുന്നത്. ഇളം മരങ്ങളുടെയും കുറ്റിച്ചെടികളുടെയും വളര്‍ച്ച ചീവീടുകള്‍ മുരടിക്കാന്‍ ഇടയാക്കുമെന്നും അതിനാല്‍ ഈ പ്രക്രിയ അവസാനിക്കുന്നതു വരെ പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും നിലവിലുള്ള യുവ കുറ്റിച്ചെടികളെ തുറസ്സായ നെയ്ത തുണികൊണ്ട് മൂടാനും അഞ്ച് ആഴ്ചയോളം അത് തടയാനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചീവീടുകള്‍ക്കെതിരായ പോരാട്ടത്തില്‍ കീടനാശിനികള്‍ തളിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍, അതു കൊണ്ട് ഇവയെ നശിപ്പിക്കാനാവില്ല, ഉയര്‍ന്നുവരുന്ന സ്ഥലത്ത് നിന്ന് രണ്ട് മൈല്‍ വരെ പറക്കാന്‍ ഇവയ്ക്ക് കഴിയും. 

ഇണചേരല്‍ ഉന്മേഷം ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കും, തുടര്‍ന്ന് ചീവീടുകളുടെ ശബ്ദവും ഇല്ലാതാകും. ആറോ ഏഴോ ആഴ്ച മുട്ടയിടീല്‍ പ്രക്രിയ തുടരുന്നു, തുടര്‍ന്ന് അവ മണ്ണിലേക്ക് മടങ്ങും. ഏകദേശം പതിനേഴ് വര്‍ഷത്തോളം ഇത് മണ്ണില്‍ തന്നെ സുഷുപ്തിയിലാവും. ഏകദേശം മൂവായിരത്തിലധികം ഇനം ചീവീടുകളുണ്ട്. അമേരിക്കയിലുടനീളം കാണുന്ന പിരിയോഡിക്കല്‍ സിക്കാഡക്ക് 17 വര്‍ഷം വരെ ഈ സുഷുപ്തി നീണ്ടുനില്‍ക്കുന്നു. മുട്ടയില്‍ നിന്നും പുറത്തുവന്ന് നിംഫ് ആയി 12 വര്‍ഷത്തോളം മണ്ണിനടിയില്‍ കഴിയുന്നു. മരനീരുകളാണ് ചീവീടുകളുടെ പ്രധാന ഭക്ഷണം. ധാരാളം മരങ്ങള്‍ ഉള്ള ഒരു തോപ്പില്‍ ആയിരക്കണക്കിനു ചീവീടുകള്‍ ഉണ്ടായിരിക്കും. ഓരോന്നും അരിമണിയോട് സാമ്യമുള്ള നൂറുകണക്കിനു മുട്ടകളിടും. ആറാഴ്ചയാണ് മുട്ട വിരിയാന്‍ ആവശ്യം. അതിനുശേഷം അവ നിംഫ് ആയി മണ്ണിലേക്കു വീഴും. കുറച്ചുകാലം പിന്നെ മണ്ണിനകത്താണ്. അതിനുശേഷം പുറത്തുവരുന്ന അവ മരത്തില്‍ പറ്റിക്കയറി തോടുകള്‍ക്കിടയില്‍ താമസമാക്കും. ഇതിനിടയില്‍ അവയുടെ പുറം തോടുകള്‍ നഷ്ടപ്പെടുന്നു. മണ്ണില്‍ വസിക്കുന്ന കാലം വ്യത്യസ്തമാണെങ്കിലും മിക്കവാറും ചീവീടുകളും മണ്ണില്‍ നിന്നും പുറത്തുവന്നാല്‍ ആറാഴ്ച മാത്രമേ പിന്നീട് ജീവിക്കുകയുള്ളു. പ്രകൃതിയുടെ ഓരോ വിരോധാഭാസങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക