Image

നിയമസഭാ തെരഞ്ഞെടുപ്പ്; ശബരിമല വിഷയം ഇന്നും പ്രസക്തമോ? (സൂരജ് കെ. ആർ)

Published on 31 March, 2021
നിയമസഭാ തെരഞ്ഞെടുപ്പ്; ശബരിമല വിഷയം ഇന്നും പ്രസക്തമോ? (സൂരജ് കെ. ആർ)
കേരള സമൂഹത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വാദപ്രതിവാദത്തിനും, തെരുവിലേയ്ക്ക് നീണ്ട അക്രമത്തിനുമാണ് ശബരിമല വിഷയത്തില്‍ 2018 സെപ്റ്റംബറിലെ സുപ്രീം കോടതി വിധി കാരണമായത്. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ള എല്ലാവരെയും, സ്ത്രീ-പുരുഷ, പ്രായഭേദമെന്യേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു ചരിത്രപ്രധാനമായ ആ വിധി. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന പലവിധങ്ങളായ ആചാരങ്ങളുടെയും, ദുരാചാരങ്ങളെയും പൊളിച്ചെഴുത്താണ് വിധിയെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ദൈവത്തിന് മുമ്പില്‍ പോലും സ്ത്രീകള്‍ക്ക് വിവേചനം കല്‍പ്പിക്കുന്ന ആണത്ത മേല്‍ക്കോയ്മയ്ക്കുള്ള അടിയാണ് വിധിയെന്നും അഭിപ്രായമുയര്‍ന്നു.

തുടര്‍ന്ന് വിധിയെ പിന്തുണച്ചും, എതിര്‍ത്തും കേരളത്തിലെയും, പുറത്തെയും വിവിധ രാഷ്ട്രീയ, മത, ജാതി കക്ഷികള്‍ മുന്നോട്ടുവന്നു. കേരളത്തിലെ ഭരണകക്ഷിയായ എല്‍ഡിഎഫും, പ്രധാന കക്ഷിയായ സിപിഐഎമ്മും വിധി അംഗീകരിക്കുന്നതായി പ്രസ്താവിച്ചപ്പോള്‍ ആദ്യ ഘട്ടം മുതല്‍ തന്നെ വിധിയെ വൈകാരികമമാക്കി മാറ്റി ജനങ്ങളെ, പ്രത്യേകിച്ച് ഭക്തരെ കൂടെ നിര്‍ത്താനും, സിപിഐഎമ്മിനെയും, സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളുമാണ് ബിജെപി നടത്തിയത്. ഇക്കാലമത്രയും കേരളത്തില്‍ നിലനില്‍പ്പില്ലാതെ വലഞ്ഞ ബിജെപി, ഇതിലൂടെ രാഷ്ട്രീയ നേട്ടവും മുന്‍കൂട്ടി കണ്ടു. കോണ്‍ഗ്രസ് ആകട്ടെ അവിടെയും ഇവിടെയും ഇല്ല എന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്. ശേഷം ഭക്തരുടെ കൂടെയാണ് പ്രസ്താവിക്കുകയും ചെയ്തു.

എന്നാല്‍ പ്രശ്‌നം രൂക്ഷമായത് 2019 ജനുവരി 2-ന് രണ്ട് സ്ത്രീകളെ പൊലീസ് സംരക്ഷണത്തില്‍ ശബരിമല ദര്‍ശനത്തിന് അനുവദിച്ചതോടുകൂടിയാണ്. സര്‍ക്കാരും, മുഖ്യമന്ത്രി പിണറായിയും ഹിന്ദുക്കള്‍ക്കും, ദൈവവിശ്വാസികള്‍ക്കും എതിരാണ് എന്ന തരത്തില്‍ പ്രചരണം ശക്തമാക്കിയ ബിജെപി, സ്ത്രീകളെ രംഗത്തിറക്കി നാമജപ സമരങ്ങളും, ശബരിമല പ്രദേശത്തും, മറ്റ് പലയിടങ്ങളിലും സായുധ സമരങ്ങളും വരെ നടത്തി. ഇവരെ നേരിടാന്‍ പോലീസ് എത്തിയതോടെ പ്രശ്‌നം യുദ്ധസമാനമായി. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച നടപടിയില്‍, സുപ്രീം കോടതി ഉത്തരവ് പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിശ്വാസികള്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപി നിലപാട്. പൊതുമുതല്‍ നശിപ്പിച്ചതിനും, മാരകായുധങ്ങളുമായി അക്രമം നടത്തിയതിനും നൂറുകണക്കിന് സമരക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുക കൂടി ചെയ്തതോടെ, പ്രശ്‌നം രൂക്ഷമായി.

ബിജെപി നേതാവ് കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കെ.പി ശശികല, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരെല്ലാം സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. പലപ്പോഴും ഉന്നത പോലീസുദ്യോഗസ്ഥരുമായി നേര്‍ക്കു നേര്‍ നിന്ന് തര്‍ക്കിക്കുന്ന നിലയിലേയ്ക്ക് വരെ കാര്യങ്ങളെത്തി. ബിജെപി മന്ത്രിസഭയിലുണ്ടായിരുന്ന പൊന്‍ രാധാകൃഷ്ണന്‍ ശബരിമല സന്ദര്‍ശിക്കുന്ന വേളയിലും അക്രമാസക്തമായിരുന്നു പ്രദേശം. യുവതികള്‍ ദര്‍ശനത്തിനായി എത്തുന്നില്ല എന്ന് ഉറപ്പുവരുത്താനായി ആര്‍എസ്എസ്, ഹനുമാന്‍ സേന, ബജ്‌റംഗദള്‍ പോലുള്ള വിവിധ സംഘടനകളിലെ പ്രവര്‍ത്തകര്‍ സന്നിധാനത്തേയ്ക്കുള്ള ബസുകളും മറ്റും തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന അരാജകത്വത്തിലേയ്ക്കും കാര്യങ്ങളെത്തി.

ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മ്മാണം നടത്താത്തത് കേരളത്തില്‍ കലാപം നടത്താനുള്ള, ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കുടിലതന്ത്രമാണെന്ന് സിപിഐഎം നിലപാടെടുത്തു. നിയമനിര്‍മ്മാണം നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് പറഞ്ഞ കോണ്‍ഗ്രസ് പക്ഷേ ശബരിമലയിലെ സര്‍ക്കാര്‍ ഇടപെടല്‍ പരാജയമായെന്ന് തുറന്നടിച്ചു. പ്രകോപനപരമായ തരത്തിലായിരുന്നു സര്‍ക്കാരിന്റെ ഇടപെടലെന്നും പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തി.

മണ്ഡലകാലത്തിന് ശേഷം പ്രശ്‌നത്തില്‍ അയവു വന്നെങ്കിലും പിന്നീട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും, ബിജെപി ശബരിമല ആയുധമാക്കി എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്തി. വിശ്വാസികള്‍ക്കൊപ്പമെന്നായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ പ്രധാന പ്രചരണ വാക്യം. പോസ്റ്ററുകളിലും ശബരിമല സമരങ്ങത്തിന്റെ ചിത്രങ്ങള്‍ നിറഞ്ഞു.

വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്ന് യുഡിഎഫും പ്രസ്താവിച്ച തെരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ 19 എണ്ണവും നേടി കോണ്‍ഗ്രസ് പാളയം കരുത്തുകാട്ടിയപ്പോള്‍, ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ പോലും ബിജെപി പരാജയമേറ്റുവാങ്ങി. ഇവിടെ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടപ്പോള്‍, യുഡിഎഫിന്റെ ആന്റോ ആന്റണി വിജയം കരസ്ഥമാക്കി. ശബരിമല ജനങ്ങളെ ബാധിച്ചില്ലെന്ന് ഇതെത്തുടര്‍ന്ന് എല്‍ഡിഎഫ് പ്രസ്താവിക്കുകയും കൂടി ചെയ്തതോടെ ആ വിഷയത്തിന് ഏറെക്കുറെ ശമനവുമുണ്ടായി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഉജ്ജ്വലവിജയത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് പാളയം പക്ഷേ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ തകര്‍ന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫ് ജയിച്ചുകയറിയപ്പോള്‍, മുന്‍സിപ്പാലിറ്റികളില്‍ ഒപ്പത്തിനൊപ്പം നിന്നതായിരുന്നു യുഡിഎഫിന് ആശ്വാസം. അതേസമയം മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടും, ഒരു മുനിസിപ്പാലറ്റിയും, ഏതാനും പഞ്ചായത്തുകളും അധികം പിടിച്ചത് ബിജെപി നേട്ടമായി പ്രഖ്യാപിച്ചു. ഈ തെരഞ്ഞെടുപ്പിലും വികസനമോ, ദൈനംദിന പ്രശ്‌നങ്ങളോ വിഷയമാക്കാത്ത ബിജെപി ശബരിമല വിഷയത്തെ തന്നെയായിരുന്നു കൂട്ടുപിടിച്ചത്. അതേസമയം വിശ്വാസ വിഷയത്തിന് അവധി കൊടുത്ത കോണ്‍ഗ്രസ്, സര്‍ക്കാരിന്റെ അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയെങ്കിലും, അവ വോട്ടോക്കുന്നതില്‍ പരാജയപ്പെട്ടു.

ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഏറെ നാളത്തെ ഇടവേളയില്ലാതെ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എത്തുന്നത്. മുമ്പത്തെ പോലെ അത്ര തീവ്രമായ രീതിയില്‍ ശബരിമല വിഷയം ചര്‍ച്ചയാകപ്പെടുന്നില്ലെങ്കിലും, പറ്റുന്നിടത്തെല്ലാം ഈ വിഷയം അവതരിപ്പിച്ച് വൈകാരിക പിന്തുണ ലഭിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അതേസമയം മുന്‍ തെരഞ്ഞെടുപ്പില്‍ ശരിയായി ഉന്നയിക്കാനും, വെളിവാക്കാനും സാധിക്കാത്ത അഴിമതി ആരോപണങ്ങളാണ് യുഡിഎഫ് ഇത്തവണയും സര്‍ക്കാരിനെതിരായി പ്രധാന ആയുധമാക്കുന്നത്. എന്നാല്‍ നിലവിലെ ഭരണനേട്ടങ്ങളും, ഒപ്പം പ്രളയവും, കോവിഡും നേരിട്ടതുമെല്ലാം ഉര്‍ത്തിക്കാട്ടുന്ന എല്‍ഡിഎഫ് തുടര്‍ഭരണ പ്രതീക്ഷയിലാണ്. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് പ്രവാസികളെ തിരിച്ചെത്തിച്ചതും, വ്യാപനം നിയന്ത്രണാതീതമാകുന്നത് തടഞ്ഞതും സര്‍ക്കാരിന്റെ വലിയ നേട്ടമായാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം ശബരിമലയില്‍ എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വീടുതോറും കയറിയിറങ്ങി നേതാക്കള്‍ വിശദീകരണം നല്‍കിയത്, തദ്ദേശതെരഞ്ഞെടുപ്പില്‍ അനുകൂലമായെന്നും പാര്‍ട്ടി വിശ്വസിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിലെ ചില നേതാക്കള്‍ മലക്കം മറിയുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴുള്ള കാഴ്ച. അതില്‍ പ്രധാനിയാകട്ടെ ദേവസ്വം മന്ത്രിയും, കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രനുമാണ്. പോലീസ് സംരക്ഷണത്തില്‍ സ്ത്രീകളെ ശബരിമലയില്‍ കയറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച സുരേന്ദ്രന്‍, അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും പ്രസ്താവിച്ചു. മണ്ഡലത്തില്‍ സുരേന്ദ്രനെതിരെ മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനാണ്. നാമജപ സമരത്തിലും, ശബരിമല വിഷയത്തിലും സജീവമായി ഇടപെട്ട ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്തെ ജനങ്ങള്‍ പിന്തുണച്ചേക്കുമോ എന്ന ഭയമാകാം സുരേന്ദ്രനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുമ്പോള്‍ വിശ്വാസികളുമായും, വിവിധ രാഷ്ട്രീയകക്ഷികളുമായും കൂടിയാലോചന നടത്തുമെന്നും പിണറായി പക്ഷക്കാരനായ അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് സുരേന്ദ്രന്‍ കരുതിയ ഈ പ്രസ്താവന സത്യത്തില്‍ തിരിച്ചടിക്കുകയാണ് ചെയ്തിരിക്കുന്നത്. ശബരിമല വിഷയം വീണ്ടും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുകയും, സുരേന്ദ്രന്റെ പ്രസ്താവന സര്‍ക്കാരിന്റെ തിരിച്ചറിവാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. വിഷയത്തില്‍ പിണറായി ജനങ്ങളോട് മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. മറ്റൊരു തരത്തിലും ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബിജെപിക്കാര്‍ മാത്രം ഈയിടെയായി ഉയര്‍ത്തിക്കാട്ടുന്ന വിഷയം വീണ്ടും ചര്‍ച്ചയാക്കിയതിനെത്തുടര്‍ന്ന് വിവിധ രാഷ്ട്രീയ, സാമുദായിക കക്ഷികളില്‍ നിന്നായി സുരേന്ദ്രന്‍ കടുത്ത വിമര്‍ശനം നേരിടുകയാണ്.

എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായരാണ് അതില്‍ പ്രധാനി. സുരേന്ദ്രന്റെ ഈ പ്രസ്താവന ആയുധമാക്കി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് അദ്ദേഹം. എന്‍എസിഎസിന്റെ ചുമലിലേറി ഏതാനും മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപി മോഹങ്ങള്‍ക്ക് ഇന്ധനം പകരുന്നത് കൂടിയായി ഈ പ്രസ്താവന. നേരത്തെ തന്നെ സര്‍ക്കാരിനെതിരെ തിരിഞ്ഞ എന്‍എസ്എസിലൂടെ നായര്‍ വോട്ടുകള്‍ പെട്ടിയിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴക്കൂട്ടം, കോന്നി അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടു ബാങ്കാണ് നായര്‍ സമൂഹം എന്നതും ബിജെപി കണക്കുകൂട്ടുന്നുണ്ട്. കഴക്കൂട്ടത്ത് 22%, കോന്നിയില്‍ 28% വീതം നായര്‍ വോട്ടകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരില്‍ 16.7% നായര്‍ വോട്ടുകളുണ്ട്. സുരേഷ് ഗോപിയാകട്ടെ ശബരിമല വിഷയത്തെപ്പറ്റിയുള്ള വൈകാരിക ചര്‍ച്ചകള്‍ പ്രചരണത്തിനിടെ നടത്തിവരികയുമാണ്.

അസേമയം തന്നെ പാര്‍ട്ടിക്കകത്തും സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നു. അതില്‍ പ്രധാനം വൈദ്യുത മന്ത്രി എം.എം മണിയുടേതായിരുന്നു. 'സുരേന്ദ്രനെ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ പാര്‍ട്ടി ഏല്‍പ്പിച്ചിട്ടില്ല' എന്ന് മണി തുറന്നടിച്ചു.

ദേശീയ തലത്തിലും സിപിഎമ്മില്‍ സുരേന്ദ്രന്റെ വാക്കുകള്‍ അസ്വസ്ഥതയുളവാക്കി. സുരേന്ദ്രന്റെ ഖേദപ്രകടനം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതേസമയം വിഷയത്തില്‍ പക്ഷം പിടിച്ചില്ലെങ്കിലും, സുപ്രീം കോടതിയുടെ അന്തിമവിധിക്ക് ശേഷം വിശ്വാസികളുമായി ചര്‍ച്ച നടത്തുമെന്ന സുരേന്ദ്രന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്.

സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മുമ്പു വരെ, ബിജെപി ഉയര്‍ത്തുന്ന വിശ്വാസലംഘന പ്രചാരണം മാത്രമാണ് നിലവില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. എന്നിരുന്നാലും ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമേ ഇക്കാര്യത്തില്‍ കാണുന്നുള്ളൂവെന്ന് ജനങ്ങള്‍ മനസിലാക്കുകയും, ഒപ്പം, ഇക്കാലമത്രയും അധികാരമുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ശബരിമലയ്ക്കായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ല എന്നത് കൂട്ടിവായിക്കുകയും കൂടി ചെയ്യുമ്പോള്‍, എല്‍ഡിഎഫിന്റെ  ഭരണനേട്ടങ്ങളും, യുഡിഎഫ് ചൂണ്ടിക്കാട്ടുന്ന അഴിമതി പ്രശ്‌നങ്ങളും തന്നെയാകും കേരളത്തില്‍ ഇത്തവണ ജനവിധി നിര്‍ണ്ണയിക്കുക.
Join WhatsApp News
surendran Nair 2021-03-31 22:35:01
ശബരിമലയിൽ വമ്പിച്ച പോലീസ് സന്നാഹത്തോടെ ചാക്കുകെട്ടിലാക്കി ചുവന്നെത്തിച്ച സ്‌ത്രീകളെക്കുറിച്ചു കേരള ഹൈക്കോടതി പറഞ്ഞ പരാമർശം കൂടി പറയാമായിരുന്നു. സുപ്രിം കോടതിയിൽ പ്രവേശനാനുമതിക്കായി ഒരു വിശ്വാസി യുവതിയും പരാതി നൽകുകയോ വിധി വന്നശേഷം ആ വിഭാഗത്തിൽ നിന്നും ഒരാളും ആ വഴി പോയതായും ആരും കണ്ടില്ല. അതാണ് ഈ വിഷയത്തിലെ താത്പര്യങ്ങൾ നിഗുഢമാക്കുന്നതു
onlooker 2021-03-31 22:39:32
ശബരിമല നായന്മാരുടെതാണോ? എൻ.എസ.എസ. മാത്രമാണല്ലോ രോഷം കൊള്ളുന്നത്. മറ്റു ജാതിക്കാർക്ക് പ്രശ്നമില്ല?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക