Image

കായംകുളത്തു അരിതാരവം ഉയരുമോ കെട്ടടങ്ങുമോ? (പ്രവാസി കാഴ്ച-5 ജോർജ് എബ്രഹാം)

Published on 01 April, 2021
കായംകുളത്തു അരിതാരവം ഉയരുമോ  കെട്ടടങ്ങുമോ? (പ്രവാസി കാഴ്ച-5  ജോർജ് എബ്രഹാം)
മുൻപെങ്ങും കണ്ടിട്ടില്ലാത്ത ആവേശത്തോടെയാണ് അരിതാ ബാബുവിന്റെ സ്ഥാനാർത്ഥിത്വം കായംകുളം നിവാസികൾ ഏറ്റെടുത്തിരിക്കുന്നത് . മണ്ഡലത്തിലെ സ്ത്രീകളിൽ നിന്ന് വലിയ പിന്തുണയാണ്  അരിതയ്‌ക്ക് ലഭിച്ചിക്കുന്നത്.  കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ  ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന പരിഗണന കൂടി. യുവതീ-യുവാക്കൾ നിറഞ്ഞ ആവേശത്തോടെയാണ്  തങ്ങൾക്കിടയിൽ നിന്നൊരാൾ മത്സരക്കളത്തിൽ നിൽക്കുന്നതിനെ ഉറ്റുനോക്കുന്നത് .
 
തികച്ചും സാധാരണ പശ്ചാത്തലത്തിൽ നിന്നാണ് അരിതയുടെ വരവ്. പാലുവിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. എന്നാൽ, സാമൂഹിക പ്രവർത്തനങ്ങളും പ്രതിബദ്ധതയും ചെറിയ പ്രായത്തിൽ ജില്ലാ പഞ്ചായത്തംഗം എന്ന സ്ഥാനത്തേക്ക് അരിതയെ ഉയർത്തി. തന്റെ ചുറ്റുവട്ടത്തെ ഏതൊരാളുടെ അരികിലേക്കും സഹായഹസ്തവുമായി  ഓടിയെത്താൻ ശ്രമിക്കുന്നതുകൊണ്ടു തന്നെ ഏവർക്കും പ്രിയങ്കരിയാണ് ഈ സ്ഥാനാർഥി. ലാളിത്യം കൊണ്ടും വിനയംകൊണ്ടും 'അയലത്തെ കുട്ടിയോട്' തോന്നുന്ന സ്നേഹവായ്പ്പാണ് കായംകുളത്തുകാർക്ക് അരിതയോടുള്ളത്.
 
സിറ്റിംഗ് എംഎൽഎ കൂടിയായ എൽഡിഎഫ് സ്ഥാനാർത്ഥി യു.പ്രതിഭയുമായി മത്സരിക്കാൻ കരുത്തയാണോ ഈ പുതുമുഖം എന്ന ചോദ്യം ഉയരാം. ഇതേ മണ്ഡലത്തിൽ പ്രതിഭയുടെ രണ്ടാം അങ്കമാണ് നടക്കാൻ പോകുന്നത്. സി.കെ.സദാശിവനായിരുന്നു അതിന് മുൻപ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഊർജ്ജസ്വലമായ വ്യക്തിത്വത്തിലൂടെ വോട്ടർമാരുടെ വിശ്വാസം പിടിച്ചുപറ്റിയ മത്സരാർത്ഥിയാണ് പ്രതിഭ. തന്റെ സാരഥ്യത്തിൽ മണ്ഡലം കൈവരിച്ച പുരോഗതിയും വികസനങ്ങളും ബോധ്യപ്പെടുത്തിക്കൊണ്ട് പുതിയ വാഗ്ദാനങ്ങൾ മുന്നോട്ടുവയ്ക്കാൻ സാധിക്കുന്നത് പ്രതിഭയ്ക്ക് മുൻ‌തൂക്കം ലഭിക്കാവുന്ന ഘടകമാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ അവർക്ക് കായംകുളത്തിന്റെ മുക്കും മൂലയും പരിചിതമാണ്. വര്‍ഷങ്ങളായി നാട്ടുകാരുമായി ഇടപഴകുന്നതുകൊണ്ട് കരുത്തുറ്റ പിൻബലം പ്രതിഭയ്ക്ക് കൈമുതലായുണ്ട്.
 
 
എന്നിരുന്നാലും, അരിതാ ബാബുവിലൂടെ മണ്ഡലത്തിൽ യുഡിഎഫ് പുതിയൊരു തരംഗത്തിന് തുടക്കം കുറിക്കുന്നത്, സീറ്റ് നിലനിർത്താനുള്ള പ്രതിഭയുടെ പ്രതീക്ഷയ്ക്ക് വെല്ലുവിളിയാകും. കായംകുളം ഒരുകാലത്തും സിപിഎമ്മിന്റെ കോട്ട ആയിരുന്നില്ല. എന്നാൽ, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റുകളിൽ 19 എണ്ണവും യുഡിഎഫ് തൂത്തുവാരിയപ്പോൾ, ആലപ്പുഴയിൽ മാത്രം ഇടതുപക്ഷ സ്ഥാനാനാർത്ഥി എ.എം. ആരിഫ് വിജയിച്ചതിൽ കായംകുളംകാരുടെ പിന്തുണ വളരെ വലുതായിരുന്നു. 
 
പുതുമുഖ  സ്ഥാനാർത്ഥികൾക്ക്  വോട്ടർമാരുമായി  പരിചയപ്പെടാൻ  അവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നത് കോൺഗ്രസ് നേരിടുന്ന വലിയൊരു പ്രതിബന്ധമാണ്. കായംകുളത്തും സ്ഥിതി വ്യത്യസ്തമല്ല.
 
അരിതാ ബാബുവിന് വിജയിക്കണമെങ്കിൽ, ചെട്ടിക്കുളങ്ങരയിലെയും ഭരണിക്കാവിലെയും വോട്ടർമാരുടെ അടുത്ത് ചെന്ന്, ശേഷിക്കുന്ന ഏതാനും ദിവസങ്ങൾ ആ പഞ്ചായത്തുകളിലെ  പ്രചാരണത്തിന് വിനിയോഗിച്ചേ രക്ഷയുള്ളൂ. 
 
പുതിയ  റിപ്പോർട്ടുകൾ അനുസരിച്ച് 43 മണ്ഡലങ്ങളിൽ  ഒരു പാർട്ടിക്കും മേൽക്കൈ അവകാശപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അത്തരത്തിൽ ഏത് ദിശയിലേക്കും കാറ്റുവീശാവുന്ന മണ്ഡലമാണ് കായംകുളവും.
 
മഹിളാ സമ്മേളനം നടക്കുമ്പോൾ, അരിതയുടെ വീട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ നടത്തിയ അക്രമം, സഖാക്കൾക്കിടയിൽ വിജയസാധ്യത മങ്ങിയതിന്റെ സൂചനയായി  കണക്കാക്കണോ അതോ മത്സരം കൂടുതൽ മുറുകുന്നതിന്റെ ലക്ഷണമാണോ എന്ന സംശയമാണുള്ളത്.
 
സ്ത്രീകൾക്ക് പ്രാധാന്യം നൽകിയ ഒത്തുചേരൽ എന്ന നിലയിൽ, നമ്മുടെ സ്വന്തം ലീല മാർട്ടിനെ  ( ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് ) ആദരസൂചകമായി സംഘാടകർ 'അരിതാരവ' ത്തിന്റെ സ്റ്റേജിലേക്ക് ക്ഷണിച്ച് ഇരുത്തി. ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് സെക്രട്ടറി ഷാമിന ഷഫീക്ക്, അനില ആന്റണി, ദൃശ്യം 2 ഫെയിം അഡ്വ. ശാന്തിദേവി എന്നിവരും പങ്കെടുത്ത പ്രമുഖരിൽ ഉൾപ്പെടുന്നു. 
 
നടൻ ജഗദീഷ് പിണറായി സർക്കാരിന്റെ നയങ്ങളെ തേച്ചൊട്ടിച്ചുകൊണ്ട് നടത്തിയ തീപ്പൊരിപ്രസംഗം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഓവർസീസ് കോൺഗ്രസ് കമ്മ്യൂണിറ്റിയിലെ സജീവ സാന്നിധ്യവും പ്രവാസികൾക്ക് സുപരിചിതനുമായ ഷാജി കറ്റാനം, അരിതയുടെ പ്രചരണത്തിൽ നെടുംതൂണായി പ്രവർത്തിക്കുന്നുണ്ട്.
see also
 
 
കായംകുളത്തു അരിതാരവം ഉയരുമോ  കെട്ടടങ്ങുമോ? (പ്രവാസി കാഴ്ച-5  ജോർജ് എബ്രഹാം)കായംകുളത്തു അരിതാരവം ഉയരുമോ  കെട്ടടങ്ങുമോ? (പ്രവാസി കാഴ്ച-5  ജോർജ് എബ്രഹാം)കായംകുളത്തു അരിതാരവം ഉയരുമോ  കെട്ടടങ്ങുമോ? (പ്രവാസി കാഴ്ച-5  ജോർജ് എബ്രഹാം)കായംകുളത്തു അരിതാരവം ഉയരുമോ  കെട്ടടങ്ങുമോ? (പ്രവാസി കാഴ്ച-5  ജോർജ് എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക