Image

ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി

Published on 01 April, 2021
ഒസിഐ കാര്‍ഡ് പുതുക്കല്‍ കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി


ന്യൂഡല്‍ഹി: വിദേശ പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജരുടെ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡിന്റെ പുതുക്കല്‍ നടപടികള്‍ 2021 ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മാത്രമല്ല , പുതിയ പാസ്‌പോര്‍ട്ട് എടുത്തിട്ടുള്ളവര്‍ ഒസിഐ കാര്‍ഡിനൊപ്പം പഴയ പാസ്‌പോര്‍ട്ടുകൂടി കൈവശം കരുതണമെന്ന നിബന്ധനയും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

പഴയതും കാലഹരണപ്പെട്ടതുമായ പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇനിമുതല്‍ ആവശ്യമില്ലെന്നാണ് ് മാര്‍ച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങള്‍ ലോകത്തിന്റെ വിവിധ ഇന്‍ഡ്യന്‍ എംബസികള്‍തന്നെ വ്യക്തമാക്കി. കോവിഡ് മൂലം ഒസിഐ കാര്‍ഡ് പുതുക്കാനാവാതെ ആയിരങ്ങള്‍ പ്രവാസികള്‍ ആശങ്കയില്‍ കഴിയുന്‌പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഏറെ ആശ്വാസമായി. നിലവില്‍ ജൂണ്‍ 30 വരെയായിരുന്നു പുതുക്കല്‍ കാലയളവ് അനുവദിച്ചിരുന്നത്. ഈ കാലയളവാണ് ഇപ്പോള്‍ ഡിസംബര്‍ 31 വരെ നീട്ടിയിരിയ്ക്കുന്നത്.

അതുകൊണ്ടു തന്നെ പുതിയ ഉത്തരവനുസരിച്ച് ഇരുപതിനും അന്പതിനും മധ്യേ പ്രായമുള്ളവര്‍ നാട്ടിലേക്ക് യാത്രചെയ്യുന്‌പോള്‍ പുതുക്കിയ പാസ്‌പോര്‍ട്ടിനൊപ്പം പഴയ പാസ്‌പോര്‍ട്ടുകൂടി കൊണ്ടു നടക്കേണ്ട ആവശ്യമില്ലാതെ വന്നിരിയ്ക്കയാണ്. ഇനിമുതല്‍ വിമാനടിക്കറ്റിനൊപ്പം യാത്രക്ക് പുതിയ പാസ്‌പോര്‍ട്ടും ഒസിഐ കാര്‍ഡും മാത്രം കൈയില്‍ കരുതിയാല്‍ മതിയാകും.

2005 ലെ സിറ്റിസണ്‍ഷിപ്പ് ഭേദഗതി നിയമത്തിലെ വ്യവസ്ഥപ്രകാരം 20 വയസില്‍ താഴെയുള്ളവരും 50 വയസിന് മുകളിലുള്ളവരും ഓരോ തവണയും വിദേശ പാസ്‌പോര്‍ട്ട് പുതുക്കുന്‌പോള്‍ ഒസിഐ കാര്‍ഡ് പുതുക്കണമെന്ന വ്യവസ്ഥ ഒട്ടെറെ പ്രവാസികള്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ പുതുക്കലുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതുതന്നെയുമല്ല കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നും. ഇതും പുതുക്കല്‍ പ്രക്രിയയെ സാരമായി ബാധിച്ചിരുന്നു. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍തന്നെ മുന്‍ പുതുക്കല്‍ കാലയളവുകള്‍ നീട്ടി നല്‍കിയിരുന്നു.

ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്ക് ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് വിതരണം ചെയ്യുന്നുണ്ട. വോട്ടവകാശം, സര്‍ക്കാര്‍ സേവനം, കാര്‍ഷിക ഭൂമി വാങ്ങല്‍ എന്നിവയൊഴികെ ഒരു ഇന്ത്യന്‍ പൗരന്റെ എല്ലാ ആനുകൂല്യങ്ങളും ഒസിഐ കാര്‍ഡിലൂടെ നല്‍കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധനകള്‍ ബാധകമാണ്. ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസ സൗജന്യ യാത്രയും അനുവദിയ്ക്കുന്നുണ്ട്. പുതിയ ഉത്തരവ് ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ലോകമെന്പാടും ആശ്വാസം പകരും,പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് യാത്രകള്‍ സുഗമമാകട്ടെയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ആശംസിച്ചു

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക