Image

കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം (കുര്യൻ പാമ്പാടി)

Published on 02 April, 2021
കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)
കൊച്ചിയിൽ നിന്ന് കൊൽകൊത്തയിലേക്കു റോഡ്മാർഗം 2388  കിലോമീറ്റർ ദൂരം. എങ്കിലും മലയാളികളുടെയും ബംഗാളികളുടെയും മനസുകൾ തമ്മിൽ  ജന്മാന്തര ബന്ധങ്ങളുണ്ട്. മലയാളികൾ വിശ്വഭാരതിയിൽ പഠിക്കാൻ പോവുന്നു. ബംഗാളികൾ കേരളം കണ്ടശേഷം കന്യാകുമാരിയിലെ വിവേകാന്ദ സ്മൃതിയിലേക്ക് തീർഥാടനം നടത്തുന്നു.

ബംഗാളിലെ മാൽഡക്കാരനായ കോൺഗ്രസ് നേതാവ് ഗനിഖാൻ ചൗധരി കേന്ര റെയിൽവേ മന്ത്രി ആയിരിക്കുമ്പോൾ കേരളത്തിലേക്കു ഒട്ടേറെ പുതിയ ട്രെയിനുകൾ നൽകി. പക്ഷെ അതെല്ലാം സ്വന്തം നാട്ടുകാരെ കന്യാകുമാരിയിലേക്ക് അയക്കാൻ വേണ്ടിയായിരുന്നുവെന്നു പലരും പറഞ്ഞു നടന്നു.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാത--കന്യാകുമാരി--ദിബ്രുഗർ വിവേക് എക്പ്രസ് റൂട്ട്--ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തമിഴ്നാടിനെയും കേരളത്തെയും വടക്കു കിഴക്കേ അറ്റത്തുള്ള ബംഗാളും ആസാമുമായി കൂട്ടിയിണക്കുന്നു ആകെ 4286 കിമീ.

സ്വാമി വിവേകാനന്ദന്റെ 150ആം ജന്മവാർഷികം പ്രമാണിച്ച് ആരംഭിച്ച ഈ ട്രെയിനിന്റെ 2011 നവംബർ 26നു നടന്ന കന്നി യാത്രയിൽ പങ്കെടുത്ത ആളാണ് ഞാൻ. മദ്രാസിലെ  ദി ഹിന്ദു ന്യൂസ് ഫോട്ടോഗ്രാഫർ എസ് ആർ രഘുനാഥും ഒപ്പം കൂടി.  ചെന്നൈ സ്പർശിക്കാതെ പോയ ട്രെയിൻ കാട്പാടിയിൽ എത്തിയതോടെ വടക്കു കിഴക്കൻ യാത്രക്കാർ ഇടിച്ചു കയറി. അവരെ ഉൾക്കൊള്ളിക്കാൻ വേണ്ടി സ്ലീപ്പർ യാത്രക്കാർക്ക് എസി കൊച്ചുകളിലേക്കു സൗജന്യ പ്രൊമോഷൻ നൽകി.  

കന്യാകുമാരിയിൽ നിന്ന് രാത്രി 11നു പുറപ്പെട്ട ട്രെയിൻ  85 മണിക്കൂർ പിന്നിട്ടു അഞ്ചാം ദിവസം രാവിലെയാണ് ദിബ്രുഗറിൽ എത്തിയത്. ബംഗാളിൽ കൊൽക്കത്തയിലെ ഹൗറയിൽ പോകാതെ ഹിജില്ലി, മിഡ്നാപൂർ, ബാങ്കുര, ആദ്ര, അസൻസോൾ, ദുർഗാപ്പൂർ, രാംപൂർ ഹഥ്, മാൽഡാ ടൌൺ, കിഷൻഗഞ്ജ്, ന്യൂ ജൽപൈഗുരി, ആലിപ്പൂർ ദ്വാർ എന്നിവിടങ്ങളിലൂടെ ആസാമിൽ പ്രവേശിച്ചു.

ബംഗാൾ  ഗ്രാമങ്ങളിലെ കാളപൂട്ടുന്ന കൃഷിയിടങ്ങളും മീൻ വളർത്തുന്ന വീട്ടു കുളങ്ങളും കൊക്കരക്കോ വിളിക്കുന്ന കോഴി താറാവുകളും കൺകുളുർക്കെ കണ്ടു കൊണ്ടായിരുന്നു യാത്ര. ഇടയ്ക്കിടെ മൂന്ന് പതിറ്റാണ്ടു അവർ ആഞ്ഞു വീശിയ ചെങ്കൊടിയുടെ വാലറ്റങ്ങളും കണ്ടു. സത്യജിത് റേയും മൃണാൾ സെന്നും ഋതുപർണ ഘോഷും വരച്ച ബംഗാൾ ജീവിതത്തിന്റെ നേർക്കാഴ്ചകൾ.

"ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു," എന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ പ്രസ്താവന ഉദ്ധരിച്ചു കൊണ്ടാണ് എഴുത്തുകാരൻ ഇ സന്തോഷ് കുമാർ മാതൃഭൂമിയുടെ മാർച്ച് 28 ലെ വരാന്തപ്പതിപ്പിൽ  ബംഗാൾ യാത്രാവിവരണം തുടങ്ങുന്നത്. "അത്തരമൊരു മനോഭാവം ബംഗാളികൾ ഇ ന്നും പുലർത്തുന്നത് കാണാം. സാമ്പത്തിക മേഖലയിലൊക്കെ തകർച്ച നേരിടുമ്പോഴും തങ്ങളുടെ സാംസ്കാരികമായ മൂലധനത്തെപ്രതി ഊറ്റം കൊള്ളുന്നവരാണ് എല്ലാവരും."

"ടാഗോറും ശരച്ചന്ദ്ര ചാറ്റർജിയും താരാശങ്കറും ബിമൽ മിത്രയും സുനിൽ ഗംഗോപാധ്യയും മഹേശ്വതാ ദേവിയും അടങ്ങുന്ന വലിയ എഴുത്തുകാരുടെ നിര, ചൈതന്യ മഹാപ്രഭുവും രാമകൃഷ്ണ പരമഹംസരും വിവേകാനന്ദനും അരബിന്ദഘോഷും അടങ്ങുന്ന സന്യാസി പരമ്പര, സുഭാഷ് ചന്ദ്രബോസ് മുതൽ ജ്യോതിബസു വരെ തലയെടുപ്പുള്ള രാഷ്ട്രീയക്കാർ.." അങ്ങിനെ പോകുന്നു വിവരണം.
 
രണ്ടിടത്തും കമ്മ്യൂണിസം വേരോടി. കാലാന്തരത്തിൽ ഒരിടത്ത്  ക്ഷയിച്ച് നാമാവശേഷമായി. മറ്റേയിടത്ത് പച്ചപിടിച്ചു നിൽക്കുന്നു. അതു കൊണ്ടാണ് രണ്ടിടത്തെയും നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കു ജനം പരസ്പരം ഉറ്റുനോക്കുന്നത്. ആദ്യം വോട്ടെടുപ്പ് നടന്ന ബംഗാളിൽ 80 ശതമാനം പേർ വോട്ടു ചെയ്തു എന്നത് കേരളത്തിലെ പോലെ അവിടെയും രാഷ്ട്രീയപ്രബുദ്ധത ഉയർന്നു നിൽക്കുന്നുഎന്നതിന്റെ തെളിവാണ്.  

സുന്ദർബൻസിൽ പോയി മടങ്ങി വരുമ്പോൾ സന്തോഷ് കുമാർ ഒരു വാഹനക്കുരുക്കിൽ പെട്ടു. ആയിരക്കണക്കിന് തൃണമൂൽ പ്രവർത്തകരുടെ സൈക്കിൾ റാലിയാണ്. പല്ലും നഖവും കൊണ്ട് നേരിടും എന്നാണ് അവരുടെ മുദ്രാവാക്യം. "ഖേലാ ഹോബേ" ഇനി ഞങ്ങൾ ഒരു കളി കളിക്കും എന്ന് അവർ ഗർജിക്കുന്നു. "ഖേലാ ഖതം,"  കളി കഴിഞ്ഞു എന്ന് ബിജെപിയുടെ തിരിച്ചടി.

കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം പോരാടുബോൾ ബംഗാളിൽ അവർ തോളോടു തോൾ ചേർന്ന്  മമതയെ നേരിടുന്നു എന്ന വൈരുധ്യം നിലനിൽക്കുന്നു. ഭവാനിപൂരിനു പകരം നന്ദിഗ്രാമിലാണ് ഇത്തവണ മമത മത്സരിക്കുന്നത്. തൃണമൂലിൽ നിന്ന് തെറ്റിപിരിഞ്ഞു ബിജെപിയിൽ എത്തിയ മന്ത്രി സുവേന്ദു അധികാരിയാണ് എതിരാളി.  

ചൈന ആദ്യമായി പങ്കെടുത്ത 33ആമത്  വേൾഡ് ടേബിൾ ടെന്നീസ് റിപ്പോർട്ട് ചെയ്യാനാണ് 1975ൽ  ഞാൻ ആദ്യമായി കൊൽക്കൊത്ത സന്ദർശിക്കുന്നത്. 1982ൽ മികച്ച റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്മാൻ അവാർഡ് ആദ്യമായി കേരളത്തിലേക്കു കൊണ്ടു വരാൻ വീണ്ടും എത്തി. പിന്നീട് പലതവണ പോയി. സ്റ്റേറ്റ്സ്മാന്റെ അതിഥിയായി പാർക് സ്ട്രീറ്റിലെ  കെനിൽവർത്ത് എന്ന ഫോർ സ്റ്റാർ ഹോട്ടലിൽ സകുടുംബം കഴിഞ്ഞ ഞാൻ  പിന്നീടെല്ലാം ഹൗറയിൽ നിന്ന് 12 കിമീ അകലെ എക്ബൽപൂരിൽ മനോരമയുടെ ബിസിനസ് മാനേജർ കെ എം തോമസിന്റെയും ലിസിയുടെയുംആതിഥ്യം സ്വീകരിച്ചു.
 
വടക്കൻ ബംഗാളിലെ ചായത്തോട്ടം മേഖലയിൽ നക്സൽബാരി വിപ്ലവാചാര്യൻ ചാരു മജ്ഉംദാരെ   കാണാൻ പോകുമ്പോഴും വിശ്വഭാരതി യൂണിവേഴ്സിറ്റി സന്ദർശിക്കാൻ ഹൗറയിൽ നിന്ന് അഞ്ചര കിമീ അകലെയുള്ള സിയാൽദ സ്റ്റേഷനിൽ എത്തുമ്പോഴും ഡാർജീലിങ്, സിക്കിം, ഭൂട്ടാൻ പര്യടനങ്ങൾക്ക് പുറപ്പെടുമ്പോഴും ബംഗ്ളദേശ് സന്ദർശനത്തിന് അവരുടെ ബിമാൻ വിമാനത്തിൽ ചേക്കേറാൻ ഡംഡം എയർപോർട്ടിൽ പോകുമ്പോഴും ഏക്ബൽപൂരിൽ നിന്നാണ് പുറപ്പെട്ടത്.

റാന്നിയിലെ ഉതിമൂട്ടിൽ നിന്ന്  കൊൽക്കൊത്തയിൽ എത്തി മനോരമ ബിസിനസ് മാനേജർ ആയ തോമസും ലിസിയും അവിടെ 25 വർഷത്തോളം കഴിഞ്ഞു. കുട്ടികൾ നാലും അവിടെ ജനിച്ചവർ. ലൊറേറ്റോ, ലയോള പോലുള്ള നല്ല സ്‌കൂളുകളിൽ പഠിക്കാൻ കഴിഞ്ഞ അവർ ഡാളസ്, ദുബായ്, ബഹറിൻ, ബുഡാപെസ്റ് തുടങ്ങിയ വിദൂരങ്ങളിൽ എത്തി.

അപർണ സെന്നിന്റെ '36 ചൗരിങ്ങീ ലേൻ' എന്ന പുതിയ ചിത്രം കാണിക്കാൻ എന്നെ കൂട്ടികൊണ്ടു പോയത് മൂത്തമകൻ സുനിൽ ആയിരുന്നു. കോയമ്പത്തൂരിലേക്ക് സ്ഥലം മാറി വന്ന തോമസ് (85) അവിടെ മേട്ടുപ്പാളയം റൂട്ടിൽ കുറിഞ്ഞി നഗറിൽ സ്ഥിര താമസമാക്കി.

"കോൺഗ്രസ്‌ഭരണകാലത്തതാണ് 1961ൽ ഞാൻ ആദ്യമായി ബെഗാളിൽ എത്തുന്നത്. അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേയ്ക്കുശേഷം അധികാരമേറിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ജ്യോതി ബസു 23 വർഷം ഭരിച്ചു. പിന്നീട് ബുധ്ധദേബ് ഭട്ടാചാര്യയും.ബസു ഭരിക്കുമ്പോൾ 1986ൽ ഞാൻ സ്ഥലം മാറി പോന്നു. നിരന്തരമായ തൊഴിൽ സമരങ്ങൾ മൂലം വ്യവസായങ്ങൾ പൂട്ടിക്കൊണ്ടിരുന്ന കാലം. നഗരമാകെ അന്ന് അന്ന് ദിവസവും നാലു മണിക്കൂർ പവ്വർകട്ട് ഉണ്ടായിരുന്നു, ബ്രിട്ടന്റെ തലസ്ഥാനം ആയിരുന്ന കൊൽക്കൊത്തയിലേക്കു ബ്രിട്ടീഷ്  എയർവെയ്‌സ് സർവീസ് അവസാനിപ്പിച്ചു," തോമസ് ഓർമ്മിച്ചെടുക്കുന്നു.

കൊൽക്കൊത്തയിൽ ജനിച്ച ബിപ്ലബ് സെൻഗുപ്ത മനോരമ  ബംഗാളി ഇയർ ബുക്ക് എഡിറ്റുചെയ്യാൻ ഭാര്യ നൈരിറ്റ ഭട്ടാചാര്യയുമൊത്ത് കോട്ടയത്തേക്ക് വന്നതും ഓർക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെ കേരളത്തിൽ കഴിഞ്ഞ ആളാണ്. കൊൽക്കൊത്തയിലെ ജാദവ്പുർ യൂണിവെഴ്സിറ്റിയിൽ ഒന്നിച്ച് പഠിച്ചിരുന്നവർ, പ്രണയിച്ചു വിവാഹം കഴിച്ചു.

കൊൽക്കൊത്ത, ഡൽഹി സർവകലാശാലകളിൽ പഠിച്ച നൈരിറ്റ, ജാദവ്പൂരിൽ തമിഴ് പഠിക്കുകയായിരുന്നു. കേരളത്തിൽ വന്നപ്പോൾ കഴക്കൂട്ടത്തിനടുത്ത് 26 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സാർവദേശീയ ദ്രാവിഡ ഭാഷാ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ ബംഗാളി പഠിപ്പിച്ചു. ഹൃദയ വാൽവിലെ അസുഖം മൂലം അവർ ജന്മനാട്ടിലേക്കു മടങ്ങി 2015ൽ കൊൽക്കൊത്തയിൽ മരിച്ചു. ബിപ്ലബിനു മനോരമ കൊൽക്കൊത്ത ഓഫീസിലേക്ക് മാറ്റം നൽകുകയും ചെയ്തു.

ബിപ്ലബ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഭാര്യയുടെ ചിത്രങ്ങളും ഔദ്യോഗിക ജേർണലിൽ വന്ന അനുസ് മരണവും ഡയറക്ടർ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ സംഘടിപ്പിച്ചു. അവ ഞാൻ ബിപ്ലവിനു ഫോർവേഡ് ചെയ്തു. അദ്ദേഹം എന്നെ ദുഃഖവെള്ളിയാഴ്ച രാവിലെ വിളിച്ചു, നന്ദി പറയാൻ. വാക്കുകൾ കിട്ടാതെ നിരുദ്ധകണ്ഠനായി സംസാരിച്ചു.. "നന്ദിഗ്രാമിൽ ദീദി വലിയ വെല്ലുവിളി നേരിടുന്നു" എന്നു മാത്രം പറഞ്ഞു അവസാനിപ്പിച്ചു.  

ത്രിപുരയെപ്പോലെ കേരളത്തെ എളുപ്പം വീഴ്ത്താമെന്നാണ് ബിജെപി കണക്കു കൂട്ടുന്നെങ്കിൽ അവർക്കുതെറ്റി എന്ന് ഇൻഡ്യാ ടുഡേയുടെ മാർച്ച് 25 ലെ ലക്കത്തിൽ ജീമോൻ ജേക്കബ് എഴുതുന്നു. ത്രിപുരയിൽ 83  ശതമാനം പേരും ഹിന്ദുക്കളാണ്. കേരളത്തിൽ രണ്ടായിരം വർഷമായി മത സഹിഷ്ണതയും സമഭാവനയും വച്ചു പുലർത്തുന്ന ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ആണുള്ളത്. ത്രിപുരയിലെ പരിപ്പ് ഇവിടെ വേവുകയില്ല.  

കേരളത്തിലേക്കു വന്നാൽ, കണ്ണൂരിലെ ധർമ്മടത്ത് ഇടത്തിന്റെ ക്യാപ്റ്റൻ  പിണറായിക്കു വാക്കോവർ ആയിരിക്കും. . അദ്ദേ ഹത്തിന് എതിരാളികളെ കണ്ടെത്താൻ പോലും യുഡിഎഫും ബിജെപിയും നെട്ടോട്ടം നടത്തേണ്ടി വന്നു. കഴിഞ്ഞ തവണ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് എതിരാളി മമ്പരം ദിവാകരനെ അദ്ദേഹം തോൽപ്പിച്ചത്. ഇത്തവണ മുന്നിൽ നിർത്താൻ വിഎസ് അച്യുതാനന്ദൻ ഇല്ല. സ്വന്തംകാലിൽ നിൽക്കണം.

പിണറായി കഴിഞ്ഞാൽ കേരളത്തിൽ മുഖ്യമന്ത്രിയായി കാണാൻ ജനം ഇഷ്ടപെടുന്ന ഏക സിപിപിഎം കാരിആരോഗ്യ മന്ത്രി കെകെ ശൈലജയാണ്. കഴിഞ്ഞ തവണ കൂത്തുപറമ്പയിൽ മുൻമന്ത്രി പി ആർ കുറുപ്പിന്റെ മകൻ കെപി മോഹനനെ 12,291 വോട്ടിനാണ് തോൽപ്പിച്ചത്. ബിജെപി 20,787 വോട്ട് കരസ്ഥമാക്കി. ഇത്തവണ ജന്മനാടായ മട്ടന്നൂറാണ് മണ്ഡലം. 2011 ലും 2016 ലും മന്ത്രി എപി ജയരാജൻ ജയിച്ച മണ്ഡലം. ഒരു പ്രയാസവും കാണില്ല.

മലപ്പുറത്തെ വേങ്ങരയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കും അനായാസേന വിജയം ലഭിക്കും. 2016ൽ അദ്ദേഹം സിഎമ്മിലെ അഡ്വ. പിപി ബഷീറിനെ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്പിച്ചു. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ച് ജയിക്കാൻ പോയപ്പോൾ പകരം നിന്ന  കെഎൻഎ ഖാദർ വൻ ഭൂരിപക്ഷത്തിനു വീണ്ടും ബഷീറിനെ തോൽപ്പിച്ചു. വേങ്ങരയിലേക്കു മടങ്ങിവരുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ചരിത്രം ആവർത്തിക്കുമെന്നുറപ്പാണ്.  

തെക്കോട്ടു വന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ വീണ്ടും വാക്കോവർ തീർച്ച. അര നൂറ്റാണ്ടായി അദ്ദേഹത്തെ കൈവിടാത്ത മണ്ഡലമാണ് പുതുപ്പള്ളി. മുമ്പ് എതിരായി വന്നവരെപ്പോലെ ഇതവണയും സിപിഎമ്മിന്റെ യുവ തുർക്കി  ജൈക് തോമസിനെ അദ്ദേഹത്തിന് നേർച്ചകോഴിയായി കിട്ടി. പതിവുപോലെ സെന്റ് ജോർജ് പള്ളിപെരുന്നാളിന് അദ്ദേഹം കോഴിയെ "വച്ചൂട്ടിനു" നൽകുമെന്നു ആരാധകർ പറയുന്നു.

ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിജയം ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ ചില തിരിച്ചടികൾ നിയമസഭാ മത്സരത്തിൽ പ്രതിഫലിക്കില്ല. കഴിഞ്ഞ തവണ 18,621 വോട്ടിനു ചെന്നിത്തല സിപിഐയിലെ പി പ്രസാദിനെ തോൽപ്പിച്ചു. ബിജെപി 12985 വോട്ട് പിടിച്ചു. അൽപം ടഫ് ആണെങ്കിലും ചെന്നിത്തല ജയിക്കണം.

മുൻ കെ പിസിസി പ്രസിഡന്റും ലോക്സഭാംഗവും ആയ കെ. മുരളീധരൻ മത്സരിക്കുന്ന നേമം ആണ് ഏറ്റവും വെല്ലുവിളി നേരിടുന്ന തട്ടകം. സിപിഎമ്മിലെ എ. ശിവൻകുട്ടിയും ബിജെപിയിലെ കുമ്മനം രാജശേഖരനും എതിരാളികളായ ഈ മത്സരം രാജ്യ ശ്രദ്ധ ആകർഷിക്കുന്നു. ബിജെപിയുടെ ഏക മണ്ഡലം നിലനിർത്താനാണ് കുമ്മനത്തിന്റെ ശ്രമം.

ബംഗാളിലെപ്പോലെ കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് നിന്ന് പൊതു സ്ഥാനാനാർത്ഥിയെ നിർത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നുചിന്തിക്കുന്ന ധാരാളം പേർ കേരളത്തിൽ ഉണ്ട്.  കുമ്മനം ജയിച്ചാൽ മുരളിയുടെയും ശിവൻ കുട്ടിയുടെയും രാഷ്ട്രീയ ഭാവിക്കു അത് കനത്ത ആഘാതം ഏൽപ്പിക്കും. കേരളത്തിന്റെ ചരിത്രം മാറ്റി എഴുതേണ്ടിയും വരും.
കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)കേരളം, ബംഗാൾ--രാജ്യം ഉറ്റു നോക്കുന്ന മരണപ്പോരാട്ടം  (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക