Image

ഇരുള്‍: മലയാളത്തില്‍ നിന്നൊരു ലക്ഷണമൊത്ത ത്രില്ലര്‍ (സൂരജ് കെ.ആര്‍)

സൂരജ് കെ.ആര്‍. Published on 03 April, 2021
ഇരുള്‍: മലയാളത്തില്‍ നിന്നൊരു ലക്ഷണമൊത്ത ത്രില്ലര്‍ (സൂരജ് കെ.ആര്‍)
മുമ്പില്ലാത്തവിധം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് കോവിഡ് കാലം ഈ മേഖലയില്‍ ഉണ്ടാക്കിയ പ്രധാന മാറ്റങ്ങളിലൊന്ന്. യുഎസിലും, പശ്ചാത്യ രാജ്യങ്ങളിലും നേരത്തെ തന്നെ ഒറിജിനല്‍ ഒടിടി സിനിമകള്‍ വ്യാപകമാണെങ്കിലും, ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ഷന്റെ പരിമിതികളാണ് അത് ഇവിടെ ജനകീയമാകാതിരിക്കാന്‍ കാരണം. എന്നാല്‍ കോവിഡ് വ്യാപനം ചലച്ചിത്ര മേഖലയെ സ്തംഭിപ്പിച്ചതും, പഴയ പോലെ തിയറ്റര്‍ കാലം തിരികെ വരാന്‍ സമയമെടുക്കുമെന്ന സത്യം മനസിലാക്കിയതും, മലയാളം അടക്കമുള്ള ഭാഷകളില്‍ ഒടിടി സിനിമകള്‍ക്ക് പുതിയ സാധ്യതകള്‍ നല്‍കിയിരിക്കുകയാണ്. തുടക്കത്തില്‍, തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്ന സിനിമകളാണ് ഒടിടി വഴി റിലീസ് ചെയ്തിരുന്നതെങ്കില്‍, ഇന്ന് ഒടിടിക്കായി മാത്രം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന തരത്തിലേയ്ക്ക് ചലച്ചിത്ര മേഖല മാറിയിട്ടുണ്ട്.ആ നിരയില്‍ മലയാളത്തില്‍ ഏറ്റവും പുതുതായി ഒടിടി റിലീസ് ആയെത്തിയ സിനിമയാണ് 'ഇരുള്‍.' ഏപ്രില്‍ 2-നാണ് ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സ് വഴി ലോകമെമ്പാടും റിലീസ് ചെയ്തത്. 'സീ യൂ സൂണ്‍' എന്ന ചിത്രത്തിന് ശേഷം ഫഹദിന്റെയും, ദര്‍ശനയുടെയും തുടര്‍ച്ചയായ രണ്ടാമത്തെ ഒടിടി സിനിമയുമാണ് 'ഇരുള്‍.' 

മലയാള ചലച്ചിത്ര ലോകത്ത് ത്രില്ലര്‍ സിനിമകള്‍ക്ക് പ്രിയം ഏറെയാണെങ്കിലും, ആ ജോണറിനോട് കൃത്യമായി നീതിപുലര്‍ത്താന്‍ സാധിക്കുന്ന ചിത്രങ്ങള്‍ വിരളമാണ്. ഭൂരിഭാഗം പ്രേക്ഷകരെ തിയറ്ററിലേയ്ക്ക് ആകര്‍ഷിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയില്‍, തിരക്കഥയ്ക്ക് അനുയോജ്യമായ രംഗങ്ങളില്‍ നിന്ന് മാറി, പലപ്പോഴും അനാവശ്യമായ ഗാനങ്ങള്‍, സംഘട്ടനം എന്നിവയെല്ലാം കുത്തിക്കയറ്റി അവിയല്‍ പരുവത്തിലാണ് മലയാള ത്രില്ലര്‍ സിനിമകള്‍ തിയറ്ററുകളിലെത്തിയിരുന്നത്. അവയില്‍ പലതുംബോക്‌സ് ഓഫീസ് വിജയങ്ങളാണെങ്കില്‍ക്കൂടി, ലക്ഷണമൊത്ത ത്രില്ലര്‍ എന്ന് വിളിക്കാവുന്നവ വിരളമാണ്. എന്നാല്‍ ഒടിടി റിലീസ് ആയതിനാല്‍ അത്തരം ബാധ്യതകളേതുമില്ലാതെ, സ്രഷ്ടാവിന് സ്വതന്ത്രമായി ആഖ്യാനം നടത്താന്‍ അവസരം നല്‍കുന്ന 'ഇരുള്‍' ലക്ഷണമൊത്ത ഒരു ത്രില്ലര്‍ എന്ന വിശേഷണത്തിന് തീര്‍ത്തും അനുയോജ്യമായ സൃഷ്ടിയാണ്. ത്രില്ലര്‍ എന്നതില്‍ നിന്ന് ഒരുപടി കൂടി കടന്ന്, സൈക്കോളജിക്കല്‍ ത്രില്ലറായും ചില നേരങ്ങളില്‍ മാറുന്നുണ്ട് ഈ സിനിമ. 

അമേരിക്കന്‍, യൂറോപ്യന്‍ ത്രില്ലര്‍ സിനിമകളുമായി പ്രമേയത്തിലും, ആഖ്യാനത്തിലും സാമ്യത പുലര്‍ത്തുന്ന സിനിമയാണ് 'ഇരുള്‍.' കഥാപാശ്ചാത്തലത്തിലും അങ്ങനെ തന്നെ. എഴുത്തുകാരനായ അലക്‌സ്, കാമുകിയും അഭിഭാഷകയുമായ അര്‍ച്ചന എന്നിവര്‍, ജോലിത്തിരക്കുകളില്‍ നിന്നകന്ന്, തങ്ങളുടേതായ കുറച്ച് സമയം ചെലവഴിക്കാനായി ഒരു യാത്ര പോകുകയാണ്. ജോലി സമയത്തെ ഫോണ്‍ വിളികളില്‍ നിന്ന് രക്ഷപ്പെടാനായി രണ്ടു പേരും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി വന്ന മഴയില്‍, രാത്രി കാര്‍ കേടാകുകയും, സഹായത്തിനായി വിജനമായ പ്രദേശത്തെ ഒരു വീട്ടിലേയ്ക്ക് ഇവര്‍ക്ക് ചെല്ലേണ്ടിവരികയും ചെയ്യുന്നു. ആ വലിയ വീട്ടില്‍ അവരെ കാത്തിരുന്നത് അസാധാരണവും, നിഗൂഢവുമായ സ്വഭാവത്തിനുടമയായ ഒരു വ്യക്തിയായിരുന്നു. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന, പേരില്ലാത്ത ഈ കഥാപാത്രവുമായി ഒരു രാത്രി ആ വീട്ടില്‍ തങ്ങേണ്ടിവരുന്ന അലക്‌സും അര്‍ച്ചനയും നേരിടുന്ന ഭയാനകമായ അനുഭവങ്ങളുടെ കാഴ്ചയാണ് 'ഇരുള്‍.' 

അലക്‌സ് എഴുതിയ ക്രൈം നോവലായ 'ഇരുളി'നെ പറ്റിയുള്ള സംഭാഷണം മുതല്‍, പിന്നീടങ്ങോട്ട് കഥാപാത്രത്തിന്റെയും, പ്രേക്ഷകരുടെയും മനസിനെ കുഴപ്പിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവം ചില സ്ഥലങ്ങളില്‍ സിനിമ കൈവരിക്കുന്നുണ്ട്. അനാവശ്യ കൂട്ടിച്ചേര്‍ക്കലുകളില്ലാത്തിനാല്‍ തന്നെ, ഒരു ത്രില്ലര്‍ സിനിമ ആവശ്യപ്പെടുന്നതെന്തോ, അത് കൃത്യമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. 

അതേസമയം സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച അലക്‌സ് എന്ന കഥാപാത്രം, കാസ്റ്റിങ്ങിന്റെ പോരായ്മ അനുഭവപ്പെടുത്തി. ബിസിനസുകാരനായ എഴുത്തുകാരന്‍ എന്നാണ് പറയുന്നതെങ്കിലും, ഒരെഴുത്തുകാരന്റെ ശരീരഭാഷയോ, സംഭാഷണ ശൈലിയോ അല്ല സൗബിന്‍ ആ കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്. ഒരു മുഴുവന്‍ സമയ എഴുത്തുകാരനല്ല ആ കഥാപാത്രം എന്ന് വാദിച്ചാല്‍പ്പോലും, ചില പ്രത്യേക ഇടങ്ങളില്‍ ഗൗരവകരമായ സംഭാഷണങ്ങള്‍ വേണ്ടിവരുമ്പോള്‍ കല്ലുകടിയാകുന്നുണ്ട് സൗബിന്റെ സംഭാഷണശൈലി. 

സൗബിന് പുറമെ ഫഹദ്, ദര്‍ശന എന്നിവര്‍ മാത്രമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കഥാഗതിയില്‍ രണ്ട് വ്യത്യസ്ത സമയങ്ങളില്‍, രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായി പകര്‍ന്നാട്ടം നടത്തിയ ഫഹദ് ഏറെ കൈയടി അര്‍ഹിക്കുന്നു. ഒരുവേള അര്‍ച്ചന എന്ന കഥാപാത്രത്തിന് തോന്നിയ സംശയം പ്രേക്ഷകരിലേയ്ക്ക് കൂടി വ്യാപിപ്പിക്കാന്‍ സഹായകമായത് ഫഹദിന്റെ പ്രകടന മികവ് തന്നെയാണ്. 

കെട്ടുറപ്പുള്ള തിരക്കഥ, പലപ്പോഴും ഒറ്റക്കാഴ്ചയിലോ, സംഭാഷണത്തിലോ പ്രേക്ഷകര്‍ക്ക് പിടിതരാത്ത ഡീറ്റെയിലിങ്ങുകള്‍ ഒളിപ്പിച്ചുവച്ചാണ് തയ്യാറാക്കപ്പെട്ടത്. സിനിമയെ ആദ്യാവസാനം, ത്രില്ലടിപ്പിക്കുന്ന അനുഭവമാക്കി മാറ്റുന്നതില്‍ തിരക്കഥ വഹിച്ച പങ്ക് വലുതാണ്. ചില സീനുകളിലെ സംഭാഷണങ്ങള്‍ അച്ചടി ഭാഷയിലായതാണ് പോരായ്മയായി തോന്നിയത്. 

സാങ്കേതിക രംഗത്ത് വളരെയേറെ ശ്രദ്ധ പുലര്‍ത്തി നിര്‍മ്മിക്കപ്പെട്ട ചിത്രം കൂടിയാണ് 'ഇരുള്‍.' ചിത്രത്തിന്റെ ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണ്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. ലൈറ്റിങ്, കളര്‍ പാറ്റേണ്‍, ഷോട്ട് ഡിവിഷന്‍ എന്നിവയിലെല്ലാം അദ്ദേഹം (സംവിധായകനും) പുലര്‍ത്തിയ ശ്രദ്ധ, സിനിമയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. അതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു മേഖല പശ്ചാത്തല സംഗീതമാണ്. ശ്രീരാഗ് സജി കൈകാര്യം ചെയ്ത സംഗീതം, ചിത്രത്തിന്റെ പ്രമേയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതും, ആ ലോകത്തേയ്ക്ക് പ്രേക്ഷകരെ എടുത്തെറിയുന്നതുമാണ്. ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നതില്‍ പ്രധാനപ്പെട്ടതായി. പ്രധാനമായും ഒരു ലൊക്കേഷന്‍ മാത്രമാണ് ഉള്ളതെങ്കിലും, അത് വിശ്വസനീയമായ രീതിയില്‍ അണിയിച്ചൊരുക്കിയ കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരിക്കും നിറഞ്ഞ കൈയടി. 

പ്രേക്ഷകര്‍ എന്ത് കരുതും എന്ന മുന്‍വിധികളെ ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കുന്നു എന്നത് ഒടിടി സിനിമകള്‍ക്കുള്ള ഒരു പ്രധാന സാധ്യതയാണ്. നിര്‍ബന്ധപൂര്‍വ്വമായ കച്ചവട കൂട്ടിച്ചേര്‍ക്കലുകള്‍ അതുവഴി ഒഴിവാക്കാനും, മൗലികമായ സൃഷ്ടികള്‍ നടത്താനും അത് സഹായകമാകും. ഈ സാധ്യത പ്രയോജനപ്പെടുത്തി മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകട്ടെ എന്ന പ്രത്യാശയോടെ നിരൂപണം അവസാനിപ്പിക്കുന്നു.
ഇരുള്‍: മലയാളത്തില്‍ നിന്നൊരു ലക്ഷണമൊത്ത ത്രില്ലര്‍ (സൂരജ് കെ.ആര്‍)
ഇരുള്‍: മലയാളത്തില്‍ നിന്നൊരു ലക്ഷണമൊത്ത ത്രില്ലര്‍ (സൂരജ് കെ.ആര്‍)
ഇരുള്‍: മലയാളത്തില്‍ നിന്നൊരു ലക്ഷണമൊത്ത ത്രില്ലര്‍ (സൂരജ് കെ.ആര്‍)
ഇരുള്‍: മലയാളത്തില്‍ നിന്നൊരു ലക്ഷണമൊത്ത ത്രില്ലര്‍ (സൂരജ് കെ.ആര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക