Image

പൗരത്വം  ചോദ്യചിഹ്നം ആകുന്ന ഇന്ത്യയിൽ ,കേരളത്തിലെ ഇടതുപക്ഷസർക്കാർ പ്രതീക്ഷയുടെ തുരുത്തായി : സ്വാമി സന്ദീപാനന്ദഗിരി

Published on 03 April, 2021
പൗരത്വം  ചോദ്യചിഹ്നം ആകുന്ന ഇന്ത്യയിൽ ,കേരളത്തിലെ ഇടതുപക്ഷസർക്കാർ പ്രതീക്ഷയുടെ തുരുത്തായി : സ്വാമി സന്ദീപാനന്ദഗിരി
ദമ്മാം: സ്വന്തം പൗരത്വം പോലും സർക്കാർ ചോദ്യം ചെയ്യുന്ന വർത്തമാന ഇന്ത്യയിൽ, പൗരത്വനിയമം ഞങ്ങൾ നടപ്പിലാക്കില്ലെന്ന്  ധീരമായി പ്രഖ്യാപിക്കുന്ന ഇടതുപക്ഷ സർക്കാർ, മതേതരത്വം പിന്തുടരുന്ന എല്ലാവിഭാഗം ജനങ്ങൾക്കും പ്രതീക്ഷയുടെ തുരുത്തായി മാറിയിരിക്കുന്നുവെന്ന് സാമൂഹ്യപ്രവർത്തകനായ സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.

സൗദി അറേബ്യ കിഴക്കൻ പ്രവിശ്യ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗ്ഗീയതയുടെ ഫാസിസ്റ്റ് തത്വശാസ്ത്രങ്ങൾ പടർത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയിലെ ഭരണവർഗ്ഗം വ്യാപകമായി പ്രചരിപ്പിക്കുന്നത്. അതിനെ എതിർക്കാനുള്ള ഉത്തരവാദിത്വമുള്ള കോൺഗ്രസ്സ് എന്ന മുഖ്യപ്രതിപക്ഷ പാർട്ടിയാകട്ടെ, തീവ്രവർഗ്ഗീയതയെ മൃദുവർഗ്ഗീയത കൊണ്ട്  നേരിടാനാണ് നോക്കുന്നത്. ജനങ്ങൾ പിന്തുണ കൊടുത്തു ജയിപ്പിച്ചാൽ പോലും, ബിജെപി നൽകുന്ന പണവും അധികാരവും കൊതിച്ച്  നേരം ഇരുട്ടി വെളുക്കുമ്പോൾ കാല് മാറുന്ന കോൺഗ്രസ് എം.പിമാരും, എം.എൽ.എ മാരും വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിലെ അപഹാസ്യമായ കാഴ്ചയാണ്. ഈ അധർമ്മത്തിന്റെ കെട്ടകാലത്ത് , പ്രതീക്ഷയുടെ തുരുത്താണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ആ സർക്കാരിന് തുടർഭരണം നൽകുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണെന്ന്  അദ്ദേഹം ഓർമ്മപ്പെടുത്തി.

ആലപ്പുഴ ജില്ലയിലെ ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു കൊണ്ട് സൂമിലും ഫേസ്ബുക്കിലുമായി നടന്ന ഓൺലൈൻ നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗമായ ജോർജ്ജ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ജീവകാരുണ്യപ്രവർത്തകൻ ഷാജി മതിലകം ആശംസപ്രസംഗം നടത്തി.യോഗത്തിന് അനിൽ സ്വാഗതവും, അൻവർ ആലപ്പുഴ നന്ദിയും പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക