Image

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 04 April, 2021
ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)
സ്‌നേഹം മനസില്‍ മരിച്ചവന്‍,
വഞ്ചന രൂപമെടുത്തവന്‍,
സത്യം തിരിച്ചറിയാത്തവന്‍,
ദ്രവ്യാശമൂലം നശിച്ചവന്‍,
മകനേ, യൂദാസ്കറിയോത്താ,
ഒറ്റിക്കൊടുത്ത നിന്നമ്മ ഞാന്‍,
എത്ര ഹതഭാഗ്യ ഭൂമിയില്‍!
നിത്യം പരിഹാസപാത്രവും.
കുറ്റപ്പെടുത്തുന്നു മിത്രങ്ങള്‍,
ഒറ്റപ്പെടുത്തുന്ന ബന്ധുക്കള്‍,
വിട്ടുപിരിയുന്ന കൂട്ടുകാര്‍,
ആട്ടിയിറക്കുന്ന വീട്ടുകാര്‍;
ചുറ്റുമിരുട്ടില്‍ കരിമ്പടം,
ചുട്ടുപൊള്ളിക്കുന്ന ജീവിതം,
ദു:ഖക്കടലായുള്‍ത്തടം-
കണ്ണീര്‍മുത്തുകള്‍ക്കുറവിടം.
എന്‍ മകന്‍ "യൂദാസ്കറിയോത്താ',
ദുര്‍വിധി കയ്യൊപ്പു ചാര്‍ത്തിയോന്‍;
മുപ്പത് വെള്ളിപ്പണത്തിനായ്,
നീതിയെ വിറ്റുതുലച്ചവന്‍;
കുറ്റബോധത്താല്‍ പൊടുന്നനെ,
ജന്മം കുടുക്കിലൊടുക്കിയോന്‍;
എന്തിനീ പാതകം ചെയ്തു നീ?
ലാളിച്ച് ഞാന്‍ വഷളാക്കിയോ?
തന്നിഷ്ടം താന്തോന്നിയാക്കിയോ?
കൂട്ടുകെട്ടില്‍ വഴിതെറ്റിയോ?
സ്വാര്‍ത്ഥതയീവിധമാക്കിയോ?
രക്തബന്ധങ്ങള്‍ മറുന്നുവോ?
പീലി വിടര്‍ത്തിടുന്നോര്‍മ്മകള്‍,
മാറ്റൊലിക്കൊള്ളുന്നു പിന്‍വിളി,
മാടി വിളിക്കുന്നു വേദിക,
മായാത്ത സുന്ദര ചിത്രങ്ങള്‍....
ഗര്‍ഭപാത്രത്തില്‍ നിന്‍ സ്പന്ദനം,
നിര്‍വൃതിദായക മന്ത്രണം;
മോഹങ്ങള്‍ പൂവിട്ട തായ്മരം,
നര്‍ത്തനമാടിയ നാളുകള്‍...
അമ്മിഞ്ഞപ്പാലഭിഷേകമായ്,
പുത്രന് പൂജാരിയായിവള്‍,
നെഞ്ചകം താരാട്ടുതൊട്ടിലായ്,
പാടിയുറക്കിയ ലാളന;
എല്ലും തൊലിയുമായിന്നിതാ,
വാടിക്കരിയുന്ന വേദന;
മാതാപിതാക്കളീയൂഴിയില്‍,
മക്കളാല്‍ നിന്ദിതരെത്ര പേര്‍?
ആലംബം തേടുവോര്‍ യാത്രയില്‍-
മോചനം യാചിച്ചിടുന്നവര്‍;
കാറ്റിലിവരുടെ ഗദ്ഗദം,
രാപ്പകലാവര്‍ത്തനങ്ങളായ്;
പൊക്കിള്‍ക്കൊടി ബന്ധമന്യമോ?
ഓര്‍ക്കുക, സൗഭാഗ്യമാര്‍ക്കിതില്‍?

Join WhatsApp News
Joy parippallil 2021-04-05 01:01:11
വേറിട്ട ചിന്താധാരയിൽ രൂപപ്പെട്ട വ്യത്യസ്തമായ ഒരു മനോഹര കവിത....!! മാർഗരറ്റ് ജോസഫ് ന് അഭിനന്ദനങ്ങൾ..❤️🌹 Joy parippallil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക