Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

Published on 05 April, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

വഴിയറിയാതെ

കോളേജ് ഡേ പരിപാടിയില്‍ പങ്കെടുക്കാനായി കുട്ടികളും ക്ഷണിതാക്കളും വേദിയിലേക്ക് കടന്നുവന്നു. സാനിട്ടോറിയമായിരുന്നു വേദി. അവിടുത്തെ അന്തേവാസികളുമായി കുട്ടികള്‍ അടുത്തിടപെട്ടുകൊണ്ടിരുന്നു. അതില്‍ കൈകാല്‍ നഷ്ടപ്പെട്ടവരും അംഗവൈകല്യമുള്ളവരും മൂക്കള ഒലിപ്പിക്കുന്നവരും മുറിവു കെട്ടിവച്ചവരും വടയൂന്നി നടക്കുന്നവരും പ്രായാധിക്യത്തില്‍ നടക്കുന്നവരും ഉണ്ടായിരുന്നു. അവരുടെയുള്ളിലെ കത്തിയെരുന്ന വിദ്വേഷവും വീര്‍പ്പുമുട്ടലും  ഉണ്ടായിരുന്നു.
ചാരുംമൂടന്‍ എല്ലാവരെയും പരിചയപ്പെട്ടു. അവിടുത്തെ ഹതഭാഗ്യരായ മനുഷ്യര്‍ക്ക് ഒരു പുനരധിവാസം ആവശ്യമാണെന്ന് ചാരുംമൂടന് തോന്നി. മനസ്സില്‍ കുഷ്ഠരോഗം ബാധിച്ച ബന്ധുമിത്രാദികള്‍ അവരെ സ്വീകരിക്കില്ലെന്ന് ഉറപ്പുണ്ട്. വൃദ്ധന്റെ വാക്കുകള്‍ മനസ്സിനെ തൊട്ടുണര്‍ത്ത, ''പ്രായമായില്ലേ ഇനിയെങ്ങോട്ടു പോകാനാണ്''. വൃദ്ധന്റെ ചുമലില്‍ തട്ടി ചാരുംമൂടന്‍ പറഞ്ഞു, ''ഉള്ളസമയം സന്തോഷമായി ഇവിടെ കഴിയുക.''
പിന്നെ ലൈബ്രറിയിലേക്ക് നടന്നു. അവിടെ കുട്ടികളുടെ തിരക്കായിരുന്നു. കരുണും കിരണും അവിടെയുണ്ടായിരുന്നു. അലമാരയിലെ പുസ്തകങ്ങള്‍ കണ്ട് കരുണിന് ആശ്ചര്യമായിരുന്നു. ഇത്രമാത്രം പുസ്തകങ്ങള്‍ ഇവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. അഗാധമായ ദുഃഖത്തിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ സംഗീതവും സാഹിത്യവും സഹായിക്കും. ഞാനും എത്രയോ വായിച്ചു. അതിനുള്ളിലേക്ക് ചാരുംമൂടന്‍ വന്നത് അവര്‍ കണ്ടില്ല. വലിയ ഹാളിന്റെ ഒരു ഭാഗത്തുനിന്ന് അദ്ദേഹം താളിയോലഗ്രന്ഥങ്ങള്‍ മറിച്ചുനോക്കിക്കൊണ്ടിരുന്നു.
സൂഷ്മദൃഷ്ടിയോടെ ഒരു നോവലില്‍ മുഴുകി നിന്ന കിരണിനോട് അരുണ ചോദിച്ചു, ''എന്താടീ, പ്രണയനോവലാണോ?''
''ഹേയ് പപ്പായുടെ നോവലാണ്.''
ഇതിനിടയില്‍ മൈക്കിലൂടെ പുറത്ത് നില്ക്കുന്നവര്‍ ഹാളിലേക്ക് കയറിയിരിക്കാനുള്ള അറിയിപ്പ് വന്നു. അവര്‍ ഹാളിലേക്ക് നടന്നു. ഒരു ഭാഗത്ത് അവിടുത്തെ അന്തേവാസികളും മറ്റൊരു ഭാഗത്ത് കുട്ടികളും കസേരകളില്‍ ഇരുന്നു.മുന്‍നിരയില്‍ സന്നിഹിതരായിരുന്ന ജില്ലാ കളക്ടര്‍ രമേശനും വേദിയിലെത്തി. ഇതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ കരുതിവച്ചിരുന്ന സമ്മാനപ്പൊതികള്‍ അന്തേവാസികള്‍ക്കായി വിതരണം ചെയ്തു. യാതൊരു മടിയോ സങ്കോചമോ കൂടാതെ കുഷ്ഠരോഗികളെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ കുട്ടികളെ ഉള്ളാലെ അഭിനന്ദിച്ചു. ഇതവര്‍ക്ക് അപൂര്‍വ്വമായ അനുഭവം നല്കുന്നു. ഈ ജന്മത്തില്‍ ഇങ്ങനെയൊരു സംഗമം അവര്‍ പ്രതീക്ഷിച്ചതല്ല. ഇതിനിടയില്‍ കിരണിന്റെ കണ്ണുകള്‍ കരുണിനെ പരതി. ആ നോട്ടത്തില്‍ ഒരു പ്രണയം പ്രകടമാണ്. അതില്‍ ഒളിഞ്ഞിരിക്കുന്ന ആശങ്ക അരുണ അവനെ പ്രേമിക്കുന്നുണ്ടോ എന്നതാണ്. അവളുടെ സംസാരിത്തില്‍ നിന്നും കുറച്ചത് വായിച്ചെടുക്കാം. ഞാനവനെ പ്രണയിക്കുന്ന കാര്യം അവള്‍ക്കറിയില്ല.
പെട്ടെന്ന് സെക്രട്ടറി റഹീം സ്റ്റേജിലെത്തി. എല്ലാവരും അതാത് സ്ഥാനങ്ങളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരെയും സ്‌നേഹപുരസ്സരം സ്വാഗതം ചെയ്തിട്ട് പ്രിന്‍സിപ്പലിനെ വേദിയിലേക്ക് ക്ഷണിച്ചു. കുട്ടികള്‍ ഒന്നടങ്കം കയ്യടിച്ചു. ഇങ്ങനെ ഒരവസരം ഉണ്ടാക്കിത്തന്ന എല്ലാ ഭാരവാഹികളോടും അന്തേവാസികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
''ഞങ്ങള്‍ എല്ലാവര്‍ഷവും കോളേജ് ദിനം ആഘോഷിക്കുന്നത് സമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവരോട് ഒപ്പമാണ്. പുതിയ വര്‍ഷം 2014 ഞങ്ങള്‍ തെരഞ്ഞെടുത്തത് ലെപ്രസി സാനിട്ടോറിയമാണ്. നമ്മുടെ കുട്ടികള്‍ അക്ഷരവെളിച്ചം കാണുന്നതിനൊപ്പം ജീവകാരുണ്യപ്രവര്‍ത്തനത്തിലും പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് ഇത്. നിങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും ഞങ്ങളെ സമീപിക്കാം. ഇത്തരം സംവിധാനങ്ങള്‍ ലോവര്‍ പ്രൈമറി സ്കൂള്‍ മുതല്‍ നമ്മള്‍ തുടങ്ങണം. ഇതിനാവശ്യമായ പ്രചോദനവും പിന്തുണയും കൊടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം.''
ജില്ലാ കളക്ടര്‍ അത് ശ്രദ്ധയോടെ കേട്ടിരുന്നു. ഇതില്‍ പങ്കാളികളായ എല്ലാം കുട്ടികള്‍ക്കും ഒപ്പം ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബഹുമാനപ്പെട്ട ജില്ലാകളക്ടര്‍ക്കും, ചാരുംമൂടന്‍ സാറിനും നന്ദി അര്‍പ്പിച്ചുകൊണ്ട് പ്രിന്‍സിപ്പാള്‍ പിന്‍വാങ്ങി. ഒരു അന്തേവാസിയുടെ വിപ്ലവഗാനത്തിന് ശേഷം ചാരുംമൂടന്‍ പരിപാടി ഉദ്ഘാടനം നടത്തി. എല്ലാവരോടും നന്ദി രേഖപ്പെടുത്തി പ്രസംഗത്തിലേക്ക് കടന്നു.
''പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, അന്തേവാസികളെ, അറിവിന്റെ വിശാലതയിലേക്ക് നിങ്ങള്‍ വളര്‍ന്നു വരുന്നതിനൊപ്പം നമ്മുടെ ദേശീയ പാഠ്യപദ്ധതിയില്‍ പെടാത്ത ഒരു വ്യക്തമായ നിശാബോധകാല്‍വയ്പാണ് ഇവിടെ ഇന്ന് കാണാന്‍ കഴിഞ്ഞത്. പഠനത്തിനൊപ്പം വ്യഥകളും നൊമ്പരങ്ങളുമായി കഴിയുന്ന പാവങ്ങളെ തേടി ഒരാശ്വാസ സാന്ത്വനമായി ക്ലാസുമുറികളില്‍ നിന്നും ഇവിടെ എത്തിയ കുഞ്ഞുങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസരംഗത്തുള്ളവര്‍ നിങ്ങളെ കണ്ടുപഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ പാഠ്യപദ്ധതിയില്‍ കൈക്കൂലി, അഴിമതി, ഇങ്ങനെയുള്ള വിഷയങ്ങളില്‍ വേണ്ടുന്ന ശ്രദ്ധയില്ല. ഇവിടെയെല്ലാം വിദ്യാഭ്യാസത്തിന് വലിയൊരു പങ്കുണ്ട്. അറിവും കാര്യക്ഷമതയുമുള്ള ഒരു ഭരണത്തിന് മാത്രമേ മൂല്യബോധമുള്ള ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. വേലി തന്നെ വിളവുതിന്നുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ കൂട്ടര്‍ നമ്മുടെ മുന്നില്‍ പറന്നുനടക്കുന്ന ഈച്ചയ്ക്ക് തുല്യമാണ്. എന്താണ് ഈച്ചയുടെ പ്രത്യേകത. അത് എല്ലാ അശുദ്ധിനിറഞ്ഞ വസ്തുക്കളിലും വന്നിരിക്കും ഭക്ഷിക്കും. നിങ്ങള്‍ അതുപോലെയാകാന്‍ പാടില്ല.
നിങ്ങള്‍ ഓരോരുത്തരും തേനീച്ചകളായി വളരേണം. തേനീച്ചകള്‍ ഒരിക്കലും അശുദ്ധിയില്‍ വളരുന്നവ അല്ല. അവര്‍ അധ്വാനശീലരാണ്. തേനീച്ചകള്‍ നല്കുന്നത് മധുരമാണ്. നിങ്ങളും നമ്മുടെ സമൂഹത്തിന് മധുരം നല്കണം. ഇന്ന് കാണുന്ന അധികാരമധുരം നിങ്ങളെ ആകര്‍ഷിക്കരുത്. അത് സമൂഹത്തിനും നിങ്ങള്‍ക്കും ആപത്താണ്. അധികാരതിമിരം ബാധിക്കാത്ത ഒരു തലമുറയാണ് നമുക്കു വേണ്ടത്. അധികാരികളുടെ കാല്‍കഴുകി അല്ലാത്തതിനാല്‍ എനിക്ക് ഒരു പുരസ്കാരവും ലഭിക്കില്ല. എനിക്ക് നിങ്ങളോട് ഒരു ചോദ്യമേ ഉള്ളൂ. അത് ചിന്തിച്ച് എടുക്കേണ്ട തീരുമാനമാണ്. നിങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ സൂര്യനെപ്പോലെ പ്രകാശിക്കൂ. മറ്റുള്ളവരുടെ നിഴലുകളായി എന്തിനിങ്ങനെ ജീവിക്കണം. മറ്റുള്ളവരുടെ ഉല്പന്നമായി ഉല്പാദനച്ചരക്കായി നിങ്ങള്‍ മാറുന്നത് വരും തലമുറയ്ക്ക് ആപത്താണ്. അങ്ങിനെ മാറുന്നതുകൊണ്ടാണ് നമ്മുടെ സമ്പത്ത് വിദേശബാങ്കുകളില്‍ ഈ കൂട്ടര്‍ കൊള്ളയടിച്ചുകൊണ്ടുപോകുന്നതും ഇന്ത്യ പട്ടിണിയിലാകുന്നതും.
ഇതൊക്കെ സൂക്ഷ്മദൃഷ്ടിയോടെ കാണണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ധാരാളമായി വായിച്ച് അറിവുണ്ടാക്കണം. ആ അറിവ് നിങ്ങളെനോക്കി പുഞ്ചിരിക്കും. നിങ്ങള്‍ നാളെയുടെ മുഴങ്ങുന്ന ശബ്ദമായി മാറണം. എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്. ജയ് ഹിന്ദ്.''
ചാരുംമൂടന്‍ പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ കോളേജിന്റെ ഹരവും അഭിമാനവുമായ കരുണിന്റെ ഗാനമായിരുന്നു. പുഞ്ചിരി തൂകുന്ന മുഖവുമായി മൈക്കിന് മുന്നിലെത്തി. പെണ്‍കുട്ടികളില്‍ പലര്‍ക്കും അവനോട് പ്രത്യേക സ്‌നേഹമാണ്. ഇത്തവണത്തെ കോളേജ് തെരഞ്ഞെടുപ്പില്‍ അവന്‍ ജയിക്കുമെന്നറിയാം. അവനു പാടാനുള്ള ഗാനം എഴുതിക്കൊടുത്തത് ചാരുംമൂടനാണ്. അതിനായിരുന്നു അവര്‍ തമ്മിലുള്ള രഹസ്യചര്‍ച്ചകള്‍.
അവന്റെ പാട്ടില്‍ ലയിച്ചിരുന്നുപോയി ആ സദസ്സ്. അതൊരു പ്രണയഗാനമായിരുന്നു. സുഖകരമായ ഒരനുഭൂതി കിരനുണ്ടായി. അവളുടെ മനസ് പാറിപ്പറന്ന് നിറപ്പകിട്ടാര്‍ന്ന ഒരു പൂന്തോപ്പിലെത്തി. ഓരോ വരികളിലും അസാധാരണവും അഗാധവുമായ ഒരു തീവ്രത തോന്നി. പ്രണയം ആലിംഗനം ചെയ്യപ്പെട്ട നിമിഷങ്ങള്‍.
പാട്ട് തീര്‍ന്നപ്പോള്‍ എല്ലാവരും കയ്യടിച്ചു. എന്നാല്‍, ഒരാളുടെ മാത്രം കയ്യടി തീര്‍ന്നില്ല. പലരും പിറകിലേക്ക് തിരിഞ്ഞുനോക്കി. അടുത്തിരുന്ന അരുണ കിരണിന്റെ കൈകളില്‍ പിടിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. അവള്‍ ലജ്ജിച്ച് തലതാഴ്ത്തിയിരുന്നു. എന്താണ് സംഭവിച്ചത്?
മനസ്സാകെ വസന്തം പൂത്തുലഞ്ഞ പൂന്തോപ്പിലായിരുന്നു. മ്ലാനമായ കണ്ണുകളോടെ മുഖമുയര്‍ത്തി വേദിയിലേക്ക് നോക്കി. അന്തേവാസികള്‍ നടത്തിയ തമാശരംഗങ്ങള്‍ പലരിലും ചിരിയുണര്‍ത്തി.പിന്നീട് നടന്നത് അവാര്‍ഡ് വിതരണമായിരുന്നു. കളക്ടര്‍ എല്ലാവര്‍ക്കും അവാര്‍ഡ് സമര്‍പ്പിച്ചു. കരുണ്‍ അവാര്‍ഡ് വാങ്ങിയപ്പോള്‍ കിരണിന്റെ കണ്ണുകള്‍ തിളങ്ങി നിന്നു. ആ നോട്ടത്തിന് നിരവധി നിറങ്ങളുണ്ടായിരുന്നു. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി കരുണ്‍ അതിനെ കണ്ടു. എന്നെ ഇതിന് അര്‍ഹനാക്കിയ ചാരുംമൂടന്‍ സാറിന് ഞാനിത് സമര്‍പ്പിക്കുന്നതായി പറഞ്ഞപ്പോള്‍ കരഘോഷമുയര്‍ന്നു. അവന്‍ ട്രോഫിയുമായി വന്ന് ചാരുംമൂടന്റെ കാലില്‍ തൊട്ടു വന്ദിച്ചു പുറത്തേക്കു പോയി. അവന്‍ വികാരാധീനനായി മാറിയിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. അത് സ്‌നേഹമാണോ സന്തോഷമാണോ സങ്കടമാണോ ഒന്നുമറിയില്ല. അകത്തുനിന്നും അഭിനന്ദിക്കാനെത്തിയ കിരണ്‍ അവന്‍ കണ്ണീര്‍ പൊടിക്കുന്നതുകണ്ട് അമ്പരന്നു നിന്നു.
ആരുടെയും ശ്രദ്ധയില്‍ പെടാതെ ഇവന്‍ പുറത്തുവന്നത് കരയാനാരുന്നോ? ഇതില്‍ ഇത്രമാത്രം സങ്കടപ്പെടാന്‍ എന്തിരിക്കുന്നു? ഒരുപക്ഷേ, ഇങ്ങനെയുള്ള അപൂര്‍വ്വ മുഹൂര്‍ത്തങ്ങളില്‍ സന്തോഷത്തിന്റെ വേലിയേറ്റമുണ്ടായി അടക്കാനാവാത്ത വികാരം പുറത്തുവന്നതായിരിക്കും. അവന്‍ കണ്ണുകള്‍ തുടച്ച് അവനെ നോക്കി. അവള്‍ അഭിനന്ദനമറിയിച്ച് അവനെ പ്രശംസിച്ചു. ഇങ്ങനെയുള്ള അവസരങ്ങളില്‍ മനോധൈര്യം നഷ്ടപ്പെടുത്തരുതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ആത്മധൈര്യം പകര്‍ന്നുതന്ന സുഹൃത്തിനെ ആത്മാര്‍ത്ഥതയോടെ നോക്കി.
ചെറുപ്പം മുതലെ അവളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ജീവിച്ചത്. വീട്ടിലെ വെറുമൊരു ജോലിക്കാരന്‍ എന്നതില്‍ കവിഞ്ഞ് അവള്‍ തന്നെ പരിഗണിച്ചില്ല. ഇന്നതിന് ഒരു മാറ്റം കണ്ടതില്‍ ഉള്ളം സന്തോഷിച്ചു. അവന്റെ നോട്ടത്തില്‍ മധുരമായിട്ടൊന്ന് മന്ദഹസിച്ച് അവനെയും കൂട്ടി അകത്തേക്കു വന്നു. കളക്ടര്‍ കരുണിനെ പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിലെ കിസാന്‍ കൃഷിവകുപ്പും കരുണിനെ ആദരിക്കാന്‍ മുന്നോട്ടുവരുന്നത് കേട്ട് എല്ലാവരും കരഘോഷം മുഴക്കി.
''കോളേജിലെ പച്ചക്കറിത്തോട്ടം ഞാന്‍ നേരില്‍ കണ്ടപ്പോള്‍ എനിക്കാശ്ചര്യമാണ് തോന്നിയത്. നിങ്ങളില്‍ ഓരോരുത്തര്‍ക്കും അതിന് കഴിയും. അധ്വാനമില്ലാത്ത ഒരു വ്യക്തിയോ രാജ്യമോ വളരില്ല. കരുണിനെപ്പോലെയുള്ള ഊര്‍ജ്ജം ചെറുപ്പത്തില്‍ എനിക്കുമുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഞാനീ നിലയിലെത്തിയത്. ഇന്ന് കുട്ടികളില്‍ കാണുന്ന ഒരു ദുഷിച്ച പ്രവണതയാണ് മദ്യപാനം പുകവലി മുതലായവ. ഇത് നമ്മില്‍ മാനസിക രോഗം കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ മാത്രമല്ല സൃഷ്ടിക്കുന്നത് മറിച്ച് വിശുദ്ധി, വിജ്ഞാനം വിവേകം എല്ലാംതന്നെ നഷ്ടപ്പെടുത്തുന്നു. നിങ്ങള്‍ ഇതില്‍ നിന്ന് പിന്‍മാറുന്നില്ലെങ്കില്‍ നിങ്ങളില്‍ ഒരു ചെകുത്താന്‍ വളര്‍ന്നു വരുന്നുണ്ടെന്ന് ഓര്‍ക്കുക. ഇങ്ങനെയുള്ള അലസന്മാരും മടിയന്മാരും ചാരുംമൂടന്‍ സാര്‍ പറഞ്ഞതുപോലെ സാമൂഹ്യരംഗത്ത് കൂട്ടിലടച്ച എലികളെപ്പോലെ ജീവിക്കേണ്ടിവരും. അതിനാല്‍ ഇവിടുത്തെ അന്തേവാസികളെപ്പോലെ നിങ്ങളും ആത്മവിശ്വാസം നഷ്ടപ്പെടാത്തവരായി രാജ്യത്തെ സേവിക്കാന്‍ മുന്നോട്ടു വരിക. എല്ലാവര്‍ക്കും ഭാവുകങ്ങള്‍'', കളക്ടര്‍ വാക്കുകള്‍ ഉപസംഹരിച്ചു. സെക്രട്ടറിയുടെ നന്ദിയോടെ കാര്യപരിപാടികള്‍ അവസാനിച്ചു.
ജീവിതത്തിലാദ്യമായി കരുണിന് ഒരുവെള്ളിവെളിച്ചം പകര്‍ന്ന ദിനമായിരുന്നു അത്. എല്ലാവരിലും ഉന്മേഷവും ഉത്സാഹവും നിറഞ്ഞുനിന്നു. കിരണ്‍ അരുണയുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു. കരുണുമായി അവള്‍ സംസാരിക്കുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിച്ചു. സ്വതന്ത്രമായി സംസാരിക്കാന്‍ അവള്‍ക്കും ആഗ്രഹം കാണാതിരിക്കില്ല. കരുണിനെ നോക്കിയപ്പോള്‍ അവന്‍ പപ്പായുടെ അടുത്താണ്. കുട്ടികള്‍ പപ്പായ്‌ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയാണ്. അവള്‍ അവിടേക്ക് നടന്നു. ബാഗില്‍ കിടന്ന ക്യമറ അരുണയെ ഏല്പിച്ചിട്ട് പറഞ്ഞു. എടീ എന്റെ ഫോട്ടോ കൂടിയെടുക്ക്. അവള്‍ പപ്പായ്‌ക്കൊപ്പം ചേര്‍ന്നു നിന്നപ്പോള്‍ കരുണിനെയും അടുത്ത് പിടിച്ചു നിര്‍ത്തിയതില്‍ ആഹ്ലാദം തോന്നി. അവനൊപ്പമുള്ള ഫോട്ടോ വളരെ ആഗ്രഹിച്ചതാണ്.
കരുണിനും കിരണിനോട് ഒരു മമത തോന്നാതിരുന്നില്ല. അവളുടെ വാക്കുകള്‍ പ്രശംസകള്‍ ഹൃദയത്തെ സ്പര്‍ശിക്കതന്നെ ചെയ്തു. മറ്റുള്ളവരും ഫോട്ടോയൊടുക്കാന്‍ മുന്നോട്ടുവന്നു. അവന്‍ മാറിനിന്ന് ഒരു നിമിഷം ആലോചിച്ചു. എന്റെ ജീവിതം എത്ര വേഗത്തിലാണ് മാറിമറിയുന്നത്. ഇത്രമാത്രം അറിയപ്പെടാന്‍ കാരണം ഗുരുതുല്യനായ ചാരുംമൂടന്‍സാര്‍ തന്നെയാണ്. ഈ ലോകത്ത് എത്രയോ മനുഷ്യര്‍ പട്ടിണിയിലും നിരാശയിലും ദുഃഖത്തിലും ജീവിക്കുന്നു. സഹജീവികളോട് കാരുണ്യം തോന്നുന്ന ഈശ്വരന്റെ സന്താനങ്ങള്‍ ഈ മണ്ണില്‍ ധാരാളമുണ്ട്. അതില്‍ ഒരാളാണ് അദ്ദേഹം. മനുഷ്യന്റെ ജീവിതം മാറ്റിമറിക്കാന്‍ ചിലരുടെ വാക്കുകള്‍, പുസ്തകങ്ങള്‍ ധാരാളമായി ഗുണം ചെയ്യുമെന്നവന്‍ മനസ്സിലാക്കി. അറിയപ്പെടാതിരുന്നവനെ പൊടുന്നനെ അറിയപ്പെട്ടവനാക്കിയ ആ മുഖത്തേക്ക് പ്രസന്നനായി നോക്കി നിന്നു.
കുട്ടികളുടെ എല്ലാ ചോദ്യത്തിനും ചാരുംമൂടന്‍ ഒരു ധിക്കാരിയുടെ ഭാവത്തിലും നോട്ടത്തിലും ഉത്തരം കൊടുത്തുകൊണ്ടിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് കുട്ടികള്‍ അവരവരുടെ വാഹനങ്ങളില്‍ കയറി. അവരുടെ അടുത്ത ലക്ഷ്യം കായകുളം കടല്‍ കാണാനായിരുന്നു. അവിടെ ആര്‍ത്തിരമ്പി വരുന്ന തിരമാലകല്‍ കരയ്ക്ക് തലതല്ലി തകരുന്നത് കാണുന്നതിനെക്കാള്‍ അവര്‍ ഇഷ്ടപ്പെട്ടത് സുനാമിയില്‍ പൊലിഞ്ഞുപോയവരുടെ കുടുംബാഗങ്ങളെ കാണുന്നതിലായിരുന്നു.
ചാരുംമൂടന്റെ മനസ്സില്‍ കുട്ടികള്‍ മായാതെ നിന്നു. നല്ല മഹാമനസ്കതയുള്ള കുഞ്ഞുങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി കിരണിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വോളന്റിയര്‍ ക്ലബില്‍ അംഗങ്ങളായിട്ടുള്ളവരും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരുമാണ് ഇവിടേക്ക് വന്നത്. ആ ക്ലബിന്റെ രക്ഷാധികാരിയാണ് പ്രിന്‍സിപ്പലെങ്കിലും നല്ല കാര്യങ്ങള്‍ക്ക് അനുമതി നല്കുന്ന ചുമതല മാത്രമേ അദ്ദേഹത്തിനുള്ളൂ. മകള്‍ വഴി വേണ്ടുന്ന സഹായം ചെയ്യുന്നുണ്ട്. കുറെ ധനം അതിനായി മാറ്റി വയ്ക്കുന്നുണ്ടെങ്കിലും ഒരു ലക്ഷ്യമേ അതിന്റെ പിറകിലുള്ളൂ. കുട്ടികളുടെ വായനാശീലവും വ്യക്തിപ്രഭാവും വളര്‍ത്തുക. അവരിലെ നന്മകള്‍ കാണാന്‍ ശ്രമിക്കുക. ഒരാളുടെ വിജയപരാജയത്തിന് പ്രധാന കാരണം അവനിലെ വ്യക്തിപ്രഭാവത്തിന് വളര്‍ച്ചയില്ലന്നുള്ളതാണ്. യഥാര്‍ത്ഥ സേവനം എന്നത് സ്വയം പരിത്യാഗം ചെയ്യുകയനാണ്. അത് വ്യക്തിയുടെ സമര്‍പ്പണമാണ്. ആ വഴി തെരഞ്ഞെടുക്കുന്നവര്‍ അപൂര്‍വ്വമാണ്. ഈ ലോകത്തിന്റെ കാപട്യത്തില്‍ വിശ്വാസിയാകാതെ സ്വന്തം മകളെയും കരുണിനെയും മുന്നേറ്റാനേ ശ്രമിച്ചിട്ടൂള്ളൂ. തന്റെ പിതാമഹന്മാരും അതുതന്നെയാണ് ചെയ്തിട്ടുള്ളത്.
മകളെക്കുറിച്ച് എന്നും അഭിമാനം മാത്രമേ ഉള്ളൂ. കരുണിനെപ്പോലെ അവളെയും മറ്റുള്ളവര്‍ അറിയുന്ന കാലം വരും. ഒരു വ്യക്തിയുടെ വ്യക്തിത്വം അനാവരണം ചെയ്യാന്‍ അവരവരാണ് ആദ്യം ശ്രമിക്കേണ്ടത്. അതിനാവശ്യം അറിവും കഠിനാധ്വാനവുമാണ്. അവിടെ കൂടിനിന്ന അന്തേവാസികളോടും സെക്രട്ടറിയോടും യാത്ര പറഞ്ഞ് കരുണിനൊപ്പം ചാരുംമൂടന്‍ യാത്ര തിരിച്ചു.
ആഴ്ചകള്‍ കഴിഞ്ഞു. വീടിന്റെ പടിഞ്ഞാറു ഭാഗത്ത് പപ്പയും കരുണും കൂടി പാവല്‍ കൃഷിയിടത്തിലാണ്. അവര്‍ക്കൊപ്പം കിരണുമുണ്ട്. അവള്‍ പയര്‍ അടര്‍ത്തിയെടുക്കുന്നു. അവനെ ഒറ്റയ്‌ക്കൊന്ന് കിട്ടാന്‍ യാതൊരു വഴിയുമില്ല. വീട്ടിലാണെങ്കില്‍ എപ്പോഴും പപ്പയുടെ പിന്നാലെയാണ് അവന്‍. കോളേജിലെ സ്ഥിതിയും മറിച്ചല്ല, കൂട്ടുകാരൊക്കെ കണ്ടാല്‍ അവരൊക്കെ എന്താണ് പറഞ്ഞു പരത്തുക എന്ന് പറയാന്‍ പറ്റില്ലല്ലോ.
അവള്‍ നായ്ക്കൂട്ടിനടുത്തേക്ക് നടന്നു. അവ സ്‌നേഹത്തോടെ അവളുടെ അടുത്തേക്ക് ചെന്നു. സൂര്യന്റെ ശക്തി കുറഞ്ഞുവന്നു. ഒരിളംകാറ്റ് അവളെ തഴുകി കടന്നുപോയി. കൂടിനുള്ളില്‍ കിടക്കുന്ന മുയലുകളെ നോക്കിയവള്‍ പുഞ്ചിരിച്ചു. പത്തോളം മുയലുകളുണ്ട്. ഇതിനെ ഇങ്ങിനെ കൂട്ടിലിട്ടു വളര്‍ത്തുന്നത് നന്നല്ലെന്ന് അവള്‍ക്കുതോന്നി. ആണും പെണ്ണും ഒന്നിച്ചുള്ളതുകൊണ്ട് അവരുടെ ജീവിതം ഏകാന്തമല്ല. അവനെപ്പോലെ പപ്പായ്ക്കും ഇതിനോട് താല്പര്യമുള്ളതുകൊണ്ടല്ലേ വില്പനവരെ നടത്തുന്നത്. ഒരു പ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍വരെ ഉണ്ടാകാറുണ്ട്. കമ്പിവലയ്ക്കുള്ളിലെ മുയലിന്റെ നേര്‍ക്ക് പ്ലാവിലെ നീട്ടിയപ്പോള്‍ രണ്ടെണ്ണം ഓടിയെത്തി അവള്‍ നീട്ടിയ ഇലയില്‍ പിടുത്തമിട്ടു. അവ അത് കടിച്ചുമുറിച്ചു തിന്നുന്നതുകാണാന്‍ നല്ലരസം തോന്നി.
അപ്പോള്‍ ഓമനയുടെ വിളി കാതിലെത്തി, ''നീ കരാട്ടേ ക്ലാസ്സില്‍ പോകുന്നില്ലേ...?''
അവള്‍ തിരിഞ്ഞുനോക്കി. പെട്ടെന്നവള്‍ വീട്ടിലേക്ക് നടന്നു. വസ്ത്രം മാറി വന്ന് മമ്മിയോട് യാത്ര പറഞ്ഞിട്ട് സ്കൂട്ടറില്‍ യാത്ര തിരിച്ചു. യാത്രയിലും അവളുടെയുള്ളില്‍ കരുണായിരുന്നു. അവനോടുള്ള താല്പര്യം ഓരോ ദിവസം ചെല്ലുന്തോറും ഏറി വരികയാണ്. അവന്‍ കണ്ണില്‍ പെടുമ്പോഴൊക്കെ സംസാരിക്കാനുള്ള വ്യഗ്രത അനുരാഗത്തിന്റെ ലക്ഷണമല്ലേ. മാധുര്യമൂറി നിന്ന നിമിഷത്തില്‍ പിറകില്‍ വന്ന ഒരാള്‍ ഹോണ്‍ അടിച്ചത് അവള്‍ ശ്രദ്ധിച്ചു.
വണ്ടിയോടിക്കുന്നത് നന്നായി ശ്രദ്ധിച്ചു തന്നെയാണ്. നിത്യവും ഇവിടുത്തെ റോഡുകളില്‍ പൊലിയുന്ന മനുഷ്യരെ കാണുമ്പോള്‍ ഉള്ളില്‍ ഭയമാണ്. നാട്ടില്‍ റോഡുകള്‍ മിക്കതും മരണശയ്യയിലാണ്. നോക്കുകുത്തികളായ ഭരണകര്‍ത്താക്കള്‍. വാഹനം വാങ്ങി കയ്യില്‍ തരുമ്പോള്‍ പപ്പ ആവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു. വാഹനമോടിക്കുമ്പോള്‍ മറ്റൊരു ചിന്തയും മനസ്സിലേക്ക് കടന്നു വരരുത്. അടുത്തുകൂടി വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളെ സംശയത്തോടെ കാണുക. മദ്യപിച്ചും അലസന്മാരായും വാഹനമോടിക്കുന്ന ധാരാളം പേരുള്ള സ്ഥലമാണിത്. സ്വന്തമായിട്ടെടുത്തിരിക്കുന്ന ഒരു ശപഥത്തെയാണ് ബോധതലം കീഴ്‌പ്പെടുത്തിക്കളഞ്ഞത്. ഇനി അതുണ്ടാകരുത്. പെട്ടെന്ന് അവളുടെ മനസ്സില്‍ കുടിയേറിയത് മാതാപിതാക്കള്‍ തന്നെയായിരുന്നു. പപ്പായുടെ വാക്കുകള്‍ ഓര്‍ത്തു. എല്ലാ മനുഷ്യനും ഒരിക്കല്‍ മരിക്കും. അത് അപകടം വരുത്തി സ്വയം മരിക്കണോ? റോഡുകളില്‍ പതുങ്ങിയിരിക്കുന്ന ഒരു വന്യമൃഗമല്ലേ അപകടം. എത്ര വേഗത്തിലാണ് മനുഷ്യശരീരം മാംസതുണ്ടുകളായിത്തീരുന്നത്. വാഹനമോടിക്കുമ്പോള്‍ ക്ഷമയും അച്ചടക്കവും വേണം.
പറമ്പില്‍ നിന്ന് കൊട്ട നിറയെ പച്ചക്കറിയുമായി കരുണ്‍ കയറിവന്നു. ഒരുപിടി ചീരയുമായി ചാരുംമൂടനും ഒപ്പമുണ്ടായിരുന്നു.
കരുണിനോട് പറഞ്ഞു, ''നിനക്ക് ആവശ്യമുള്ളത് എടുക്ക്. ബാക്കി കടക്കാര്‍ വന്ന് കൊണ്ടുപൊയ്‌ക്കോളും.''
അകത്തേക്ക് നോക്കി ഓമനയോട് ചായ ഇടാന്‍ ആവശ്യപ്പെട്ടു. അവന്‍ ആവശ്യമുള്ള പച്ചക്കറി കവറിലാക്കി മാറ്റി വച്ചു. കാലും മുഖവും കഴുകി വന്ന ചാരുംമൂടന്‍ അവനോടും കാലും കയ്യും കഴുകാന്‍ പറഞ്ഞു.
''കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഫലം കിട്ടുന്നില്ല അല്ലേ?''
''ഈ വര്‍ഷം വല്ലാത്ത ചൂടല്ലേ സാറെ, അതാ.''
 അപ്പോഴാണ് സ്വന്തം ശരീരത്തുനിന്നു വന്ന വിയര്‍പ്പും കരുണ്‍ ശ്രദ്ധിച്ചത്. പച്ചക്കറിക്കാരനോട് വണ്ടിയുമായി വരാന്‍ ചാരുംമൂടന്‍ ഫോണ്‍ ചെയ്തു. ഓമന കാപ്പിയും പലഹാരങ്ങളുമായി മുറ്റത്തേക്കു വന്നു. കാപ്പി കഴിക്കവെ ചെറിയൊരു പെട്ടിവണ്ടി മുറ്റത്തേക്കു വന്നു. അതില്‍ നിന്ന് ഡ്രൈവര്‍ പുറത്തിറങ്ങി. പെട്ടന്ന് ഓമനയും തനിക്കാവശ്യമുള്ള പച്ചക്കറികള്‍ മാറ്റിവച്ചു. സാധാരണ പറമ്പില്‍ നിന്ന് എടുക്കാറാണ് പതിവ്.
''എന്താ ഷാജീ നാട്ടുകാര്‍ ഇതുപോലെ പച്ചക്കറികള്‍ സ്വന്തമായി ഉണ്ടാക്കിയാല്‍ തമിഴുനാടിന്റെ വിഷം കഴിക്കേണ്ടി വരുമോ? ഈ ഭൂമി സ്വര്‍ഗ്ഗതുല്യമെന്ന് പറയുന്നത് ഇതുപോലുള്ള സൃഷ്ടികള്‍ നടത്തുമ്പോഴാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചെങ്കില്‍ നമുക്കും ഇതുപോലുള്ള സൃഷ്ടികള്‍ നടത്താം. എന്തായാലും ഞങ്ങളായി കുറച്ചുപേര്‍ നല്ല പോഷകാഹാരങ്ങള്‍ കഴിക്കട്ടെ. അല്ലേ കരുണ്‍യ''
അവന്‍ പുഞ്ചിരിച്ചു. ഇതൊക്കെ അവന്റെ അധ്വാനഫലമാണ്. എന്നെക്കാള്‍ അതില്‍ ശ്രദ്ധിക്കുന്നതും അവനാണ്. അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഈ കാര്യത്തില്‍ അവനുണ്ട്. മരക്കൊമ്പുകളിലിരുന്ന് കിളികളും കാക്കകളും ചിലച്ചു. രണ്ടു ഓന്തുകള്‍ അവരെ തുറിച്ചുനോക്കി അ. അകത്തേ മുറിയില്‍ നിന്നും ക്ലോക്കില്‍ നിന്നുള്ള സമയമറിയിപ്പെത്തി. പച്ചക്കറി തൂക്കുന്നതും കണക്കെഴുതുന്നതും കരുണിനോട് പറഞ്ഞിട്ടാണ്. അവന്‍ മൊത്തത്തില്‍ കണക്കുകൂട്ടി തുക കരുണിനെ ഏല്പിച്ചു.
''കരുണ്‍ എന്റെ കൂടെ അത്യാവശ്യമായി ഒന്നുവരണം. മൂന്നു വീടുകളിലും പച്ചക്കറി വിത്തുകള്‍ വാങ്ങി വച്ചിട്ട് ആഴ്ചകള്‍ ആയി. കരുണിനെ കണ്ടാല്‍ ഉടന്‍ കൂട്ടിച്ചെല്ലണം എന്നാണ് അവരുടെ ഓര്‍ഡര്‍.''
കരുണ്‍ അവനൊപ്പം പോയി.
''കരുണേ നീ എല്ലാ ജോലിയും ഏറ്റെടുക്കാതെ ചെയ്യാവുന്ന ജോലി മാത്രം ഏറ്റെടുക്കൂ'', ചാരുംമൂടന്‍ പറഞ്ഞു.
''നാളെ നിനക്ക് മീന്‍ പിടിക്കണ്ടായോ?''
''സാറെ മീന്‍ വില്ക്കാന്‍ കാണുമോ?'', ഷാജി ചോദിച്ചു.
''ഇത് അലങ്കാര മീനാ ഷാജീ. ചൂടുകാരണം എല്ലാം ചത്തുപൊങ്ങുവാ, അതാ. ഞാന്‍ നാളെ വരാം'', കരുണ്‍ പറഞ്ഞിട്ട് പുറത്തേക്കു നടന്നു.
ആകാശത്തുനിന്ന് ഒഴുകിയിറങ്ങുന്ന പ്രകാശത്തിന് ശക്തി കുറഞ്ഞുവന്നു. അകത്തുവന്ന ചാരുംമൂടന്റെ മനസ്സിലൂടെ കരുണിന്റെ ചിന്തകള്‍ കടന്നുപോയി. ഏതൊരു പണിയും ചെയ്യാന്‍ മടിയില്ലാത്ത പയ്യനാണ് അവന്‍. ഇന്നത്തെ കുട്ടികള്‍ക്ക് മണ്ണില്‍ തൊടാന്‍തന്നെ മടിയാണ്. അധ്വാനിക്കാന്‍ താല്പര്യമില്ല. എന്തിനും കുറുക്കുവഴിയും എളുപ്പവഴിയുമാണ് കണ്ടെത്തുക. അതിലൊന്നാണ് ഫാസ്റ്റ് ഫുഡ്. ആധുനിക ഇന്റര്‍നെറ്റ് സംവിധാനം വഴി എന്തും ഏതും പണമടച്ച് ഓര്‍ഡര്‍ ചെയ്താല്‍ ഏതുസാധനവും വീട്ടിലെത്തും. ഫാസ്റ്റ് ഫുഡും അതുപോലെയാണ് യൗവനക്കാര്‍ കടയില്‍ നിന്ന് വരുത്തി കഴിക്കുന്നത്. അത് ശരീരത്തിന് ഹാനികരമാണെന്ന് അവര്‍ ചിന്തിക്കുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക