Image

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

എസ സുന്ദര്ദാസ് Published on 06 April, 2021
തമിഴ് നാട്  രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ  (എസ സുന്ദര്ദാസ്)
പ്രചാരണ കോലാഹലങ്ങളും വോട്ടെടുപ്പും  കഴിഞ്ഞ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഭരണം പിടിച്ചെടുക്കുക  ആരായിരിക്കും?  ഡി എം കെ അധികാരത്തിലെത്തതാണ് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത.എ  ഐ എ ഡി എം കെ  -ബിജെ പി മുന്നണി അധികാരത്തിലെത്തുക എന്നത് ഒരു വിദൂരസാധ്യത മാത്രമാണ്. കമലഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ കാര്യത്തിൽ അവർക്ക് എത്ര സീറ്റുകളും വോട്ട് ശതമാനവും ലഭിക്കും എന്നതാണ് കാണാനുള്ളത്. 
ഡി എം കെ  തനിച്ച് ഭൂരിപക്ഷം നേടിയാൽ ദ്രാവിഡ രാഷ്ട്രീയം വലിയ മാറ്റങ്ങളില്ലാതെ തുടരും. എന്നാൽ കോൺഗ്രസ് അടക്കമുള്ള സഖ്യകക്ഷികളുടെ പിന്തുണകൂടി  ഭൂരിപക്ഷം ലഭിക്കാൻ ആവശ്യമായിവന്നാൽ അത് ഡി എം കെയെ സർക്കാർ തലത്തിലും പാർട്ടി തലത്തിലും ദുര്ബലപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യും. പാർട്ടിയിൽ സ്റ്റാലിനെതിരെ വെല്ലുവിളികൾ ഉയരാൻ ആ സാഹചര്യം വഴിയൊരുക്കും. കോൺഗ്രസ്സും സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കും. അതിനാൽ സ്വന്തം അംഗബലത്തിൽ അധികാരം നേടേണ്ടത് ഡി എംകെ യുടെ അനിവാര്യമായ ആവശ്യമാണ്. സ്റ്റാലിൻ ഈ പ്രതിസന്ധി മനസ്സിലാക്കുന്നുണ്ട്. പ്രചാരണരംഗത്ത് രാഹുലിനെ അമിതമായി ആശ്രയിക്കാതിരിക്കാൻ സ്റ്റാലിൻ ശ്രദ്ധിച്ചതും അതുകൊണ്ടുതന്നെ. 
അധികാരത്തൽ കുറഞ്ഞ ഒന്നും എ  ഐ എ ഡി എം കെക്ക് ജിവിശ്വാസം  പകരുകയില്ല. അധികാരം നിലനിർത്തതാണ് ബിജെപിയുടെയോ ഏതെങ്കിലും സാഹചര്യത്തിൽ ദിനകര പക്ഷത്തിന്റെയോ പിന്തുണ അനിവാര്യമായാൽ അത് അവർക്ക് വലിയ തലവേദനയാകും. എ  ഐ എ ഡി എം കെയുടെ സഹായത്തോടെ ബി ജെപി സീറ്റുകൾ വല്ലതും നേടുമോ അല്ലെങ്കിൽ എത്രസീറ്റുകൾ നേടും എന്നത് തമിഴ്നാട് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇതുവരെ നിയമസഭയിൽ ബി ജെ പിക്ക് കാലുകുത്താനായിട്ടില്ല. അതിനാൽ ഈ തെരഞ്ഞെടുപ്പിൽ എത്ര കുറവ് സീറ്റുകൾ ലഭിച്ചാലും അത് അവർക്ക് നേട്ടമാണ്; ഭാവിയിലേക്ക് തുറന്നുകിട്ടുന്ന വാതായനമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് സ്വന്തം നേതൃത്വത്തിൽ ശക്തമായ ഒരു മുന്നണി സംസ്ഥാനത്ത് രൂപീകരിക്കുക എന്നതാണ് ബി ജെ പിയുടെ ലക്‌ഷ്യം. 
ഒന്നോരണ്ടോ സീറ്റുകൾ മാത്രം ലഭിച്ച് പരിമിതപ്പെടേണ്ടിവന്നാൽ കമലഹാസന്റെ ഭാവി വിജയകാന്തിന്റേതിന് തുല്യമാകും. ഏതായാലും ഒരു കാര്യം ഉറപ്പാണ്; തമിഴ്നാട്ടിൽ സിനിമാരാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു. എം ജി ആറിന്റെയോ ജയലളിതയുടെയോ പോലെ വ്യക്തിപ്രഭാവമുള്ള ഒരു രാഷ്ട്രീയ നേതാവ് ഇനി തമിഴ് സിനിമയിൽനിന്നും ഉയർന്നുവരികയില്ല. ആരോഗ്യ പ്രശ്നങ്ങൾക്കുപരി ഈ യാഥാർഥ്യം മനസ്സിലാക്കിയതുകൊണ്ടാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശത്തിൽനിന്നും പിന്മാറിയത്. തന്റെ പല സിനിമകളിലൂടെയും രാഷ്ട്രീയ പ്രവേശത്തിന്റെ സൂചന നൽകിയ വിജയ് ഒടുവിൽ പിന്മാറിയതിനെ കാരണവും മറ്റൊന്നല്ല. 
ഈ തെരഞ്ഞെടുപ്പിനുശേഷമുള്ള  സാഹചര്യത്തിൽ കോൺഗ്രസ് , ബി ജെ പി എന്നീ ദേശീയ കക്ഷികൾ എത്രതത്തോളം തമിഴ് നാട് രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞുകയറുമെന്നുള്ളത് പ്രധാനമാണ്. ഈ രണ്ട് കക്ഷികളിൽ ഏതെങ്കിലും ഒന്നിന് അധികാരത്തിൽ ഇടപെടാനുള്ള അത്രയും സീറ്റുകൾ ലഭിച്ചാൽ അത് ദ്രാവിഡരാഷ്ട്രീയത്തിന്റെ അവസാനത്തിന്റെ ആരംഭമായിരിക്കും.  കൂടുതൽ വിലപേശലുകൾ നടത്തി ദ്രാവിഡരാഷ്ട്രീയത്തെ കൂടുതൽ  ശിഥിലമാക്കാനാകും അവർ ശ്രമിക്കുക. 
തമിഴ്‌നാടിന്റെ ഭാവി രാഷ്ട്രീയത്തിൽ ഏതെങ്കിലും തരത്തിൽ ഇടപെടാൻ ഇനി വി കെ ശശികലയ്ക്ക്  കഴിയുമോ? അവർ സന്ദർഭം കാതട്ടിത്തിരിക്കുകയാണെന്നുവേണം കരുതാൻ. ചെന്നൈയിലെ ആയിരം വിളക്ക് മണ്ഡലത്തിലെ വോട്ടർപട്ടികയിൽനിന്ന് തന്റെ പേര് നീക്കം ചെയ്യപ്പെട്ടത് അവർ ഒരു രാഷ്ട്രീയ വിവാദമാക്കാൻ ശ്രമിക്കുന്നത് അവർ തക്കം നോക്കിയിരിക്കുകയാണ് എന്നതിന്റെ സൂചനയാണ്. വിജയകാന്തുമായി സഖ്യമുണ്ടാക്കി തെരഞ്ഞഞ്ഞെടുപ്പിൽ മത്സരിക്കുന്ന, ടി ടി  വി ദിനകരന്റെ   'അമ്മ മക്കൾ മുന്നേറ്റ കഴകം (എ എം എം കെ ) ലക്ഷ്യമിടുന്നത് ജയലളിതയുടെ ഭരണം തിരിച്ചുകൊണ്ടുവരുവാനാണ്. അതിനുള്ള ത്രാണിയൊന്നും ആ കക്ഷിക്ക് ഇല്ലെങ്കിലും കോവിൽ പെട്ടിയിൽ മത്സരിക്കുന്ന ദിനകരൻ വിജയി ച്ചാൽത്തന്നെ അത് അവർക്ക് ഒരു വലിയ നേട്ടമായിരിക്കും. 
പുറമേ കാണുന്ന ശാന്തത വിശ്വസിക്കാമെങ്കിൽ സ്റ്റാലിന്റെ തോണി അധികാരത്തിന്റെ കരയിലെത്തും . എന്നാൽ അടിയൊഴുക്കുകൾ ഏത് സാധ്യതയേയും അട്ടിമറിക്കുമെന്ന് നാം മറന്നുകൂടാ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക