Image

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

Published on 06 April, 2021
18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ചെറു സ്വകാര്യ ക്‌ളിനിക്കുകളിലും കൂടുതല്‍ സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പൊതു സ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തണമെന്നും ഐ.എം.എ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യയില്‍ 90,000ലേറെയാണ് പ്രതിദിന കൊവിഡ് രോഗികള്‍. തിങ്കളാഴ്ച രേഖപ്പെടുത്തിയത് 1,03,558 പുതിയ കേസുകളാണ്. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് വലിയ ഉയരങ്ങളിലെത്തുകയാണെന്ന് ഐ.എം.എയുടെ കത്തില്‍ സൂചിപ്പിക്കുന്നു. ജനങ്ങളുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്തി കൊവിഡ് കേസുകള്‍ നിയന്ത്രിക്കാന്‍ വാക്‌സിനേഷനിലൂടെ സാധിക്കും.

ചെറിയ കാലയളവിലുളള ലോക്ഡൗണുകള്‍ ഏര്‍പ്പെടുത്തുന്നത് രോഗവ്യാപനത്തിന്റെ ശൃംഖല തകര്‍ക്കാന്‍ ഉചിതമാകുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളായ സിനിമാശാലകള്‍, സാംസ്കാരിക, മത സ്ഥാപനങ്ങള്‍, സ്‌പോര്‍ട്‌സ് സംരംഭങ്ങള്‍ ഇങ്ങനെ ജനം ഒത്തുകൂടുന്നയിടങ്ങളെല്ലാം ലോക്ഡൗണ്‍ ചെയ്യണം. വാക്‌സിനേഷന്‍ നടപടികള്‍ ശക്തമാക്കണമെന്നും ഐ.എം.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക