Image

കേരള പോലീസ് സൈബര്‍ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോണ്‍, രജിസ്ട്രേഷന്‍ അവസാന തീയ്യതി ഏപ്രില്‍ 10 ന്

പി.പി.ചെറിയാന്‍ Published on 08 April, 2021
 കേരള പോലീസ് സൈബര്‍ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോണ്‍, രജിസ്ട്രേഷന്‍ അവസാന തീയ്യതി ഏപ്രില്‍ 10 ന്
കേരള പോലീസ് സൈബര്‍ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോണ്‍ 2021 ജൂണില്‍ സംഘടിപ്പിക്കുന്നു. ഉയര്‍ന്നു വരുന്ന സൈബര്‍ ഭീഷണികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി കേരള പൊലീസിന് നൂതനവും നിര്‍ണായകവുമായ പരിഹാരങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും, സാങ്കേതിക വിദ്യയില്‍ ഉത്സുകരായവര്‍ക്ക് ഒത്തു ചേരുന്നതിനുള്ള വേദിയാണ് Hac'KP.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 100 ല്‍ അധികം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 40 ദിവസത്തോളം നീണ്ടുനിന്ന Hac'KP 2020 ഒരു വന്‍ വിജയമായിരുന്നു. ഇന്നത്തെ പോലീസ് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മികച്ച പ്രോഗ്രാമര്‍മാരും ഡിസൈനര്‍മാരുമായി സഹകരിച്ച് നൂതന പരിഹാരമാര്‍ഗങ്ങള്‍ നിര്‍മ്മിക്കുവാന്‍ Hac'KP 2020 ലൂടെ സാധിച്ചു. സൈബര്‍ ഡോം നേരിടുന്ന പലവിധത്തിലുള്ള പ്രശ്‌ന പ്രസ്താവനകള്‍ക്ക് നൂതനമായ വ്യത്യസ്ത പരിഹാരങ്ങള്‍ നല്‍കിയ 11 ടീമുകളില്‍ നിന്നും അവസാന മൂല്യനിര്‍ണയത്തിനു ശേഷം വിജയിച്ച 3 ടീമുകള്‍ക്ക് യഥാക്രമം 5 ലക്ഷം, 2.5 ലക്ഷം, 1 ലക്ഷം രൂപ പാരിതോഷികം നല്‍കി.

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ Hac'KP 2021 ഉം പുതിയ രൂപത്തില്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 'demystifying the dark web' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡാര്‍ക്ക് നെറ്റുമായി ബന്ധപ്പെട്ട് ക്രമസമാധാന മേഖലകള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരൊറ്റ പരിഹാരം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പങ്കെടുക്കുന്നവര്‍ക്കുള്ള എല്ലാ നിര്‍ദേശങ്ങളും പിന്തുണയും Hac'KP യുടെ വിദഗ്ധ ഉപദേശകര്‍ നല്‍കും. മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നവര്‍ക്കായുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് 2021 ഫെബ്രുവരി 15 ന് ഹാക്കത്തോണ്‍ ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐ പി എസിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച രജിസ്ട്രേഷന്‍ ഏപ്രില്‍ 10 ന് അവസാനിക്കും.
ഈ ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനും വിശദവിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക : https://hackp.kerala.gov.in/

 കേരള പോലീസ് സൈബര്‍ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോണ്‍, രജിസ്ട്രേഷന്‍ അവസാന തീയ്യതി ഏപ്രില്‍ 10 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക