Image

യു.എസിൽ രോഗികൾ കൂടുന്നു; പക്ഷെ  കോവിഡ്  മരണസംഖ്യ കുറയുന്നു

Published on 08 April, 2021
യു.എസിൽ രോഗികൾ കൂടുന്നു; പക്ഷെ  കോവിഡ്  മരണസംഖ്യ കുറയുന്നു

കഴിഞ്ഞ ഒരാഴ്ചയായി  പുതിയ കോവിഡ്  കേസുകളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശനം നേടുന്നവരുടെ എണ്ണവും ഉയർന്നെങ്കിലും   പ്രതിദിന മരണസംഖ്യ 20 ശതമാനത്തോളം കുറഞ്ഞതായി അധികൃതർ അറിയിച്ചു. 

ദിവസേനയുള്ള കൊറോണ വൈറസ് കേസുകൾ  2.3 ശതമാനം വർദ്ധിച്ചു. ദിവസേന  ആശുപത്രിയിൽ പ്രവേശിതരാകുന്ന രോഗികളുടെ നിരക്ക്  2.7 വർദ്ധിച്ചു.

മാർച്ച് 30 നും ഏപ്രിൽ 5 നും ഇടയിൽ പ്രതിദിനം മരണസംഖ്യ  745 ആണ്. മുൻ ആഴ്‌ച  ശരാശരി 928 ആളുകൾ പ്രതിദിനം മരണപ്പെട്ടിരുന്നു. മരണസംഖ്യയിൽ  19.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

വാക്സിനേഷൻ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് മരണനിരക്ക് കുറയുന്നത്.
യുഎസിൽ പ്രതിദിനം, ഏകദേശം 3 മില്യൺ ആളുകൾക്ക് ഇപ്പോൾ ഡോസ് ലഭിക്കുന്നുണ്ട്.

മോഡേണ വാക്സിന് ഫൈസറിന്റേതിനെ അപേക്ഷിച്ച്  കൂടുതൽ പാർശ്വഫലങ്ങൾ 

വാഷിംഗ്ടൺ: മോഡേണ വാക്സിൻ എടുക്കുന്നവരിൽ ഫൈസർ‌ ഡോസ് എടുക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
വി-സേഫ് എന്ന പേരിൽ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രോഗ്രാം വഴി, വാക്സിൻ സ്വീകർത്താക്കളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പാർശ്വഫലങ്ങൾ കണ്ടെത്തി ശേഖരിച്ച് വിശകലനം ചെയ്ത് നടത്തിയ പഠനം ജമാ(JAMA ) ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

ആകെ  3,643,918 പേരാണ് വി-സേഫിൽ രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി 21 ന് മുമ്പ് ആദ്യത്തെ ഡോസ് സ്വീകരിച്ച്  ഏഴു ദിവസത്തിനുള്ളിലാണ് ഇവർ ആരോഗ്യ സർവേയിൽ പങ്കെടുത്തത്.
1,920,872 പേർ രണ്ടാമത്തെ ഡോസിന് ശേഷം ഏഴു ദിവസത്തിനുള്ളിലാണ് സർവേയിൽ പങ്കെടുത്തത്.

70 ശതമാനം പേരും വാക്സിനേഷൻ സൈറ്റിൽ വച്ചുതന്നെ വേദന, നീർവീക്കം എന്നിങ്ങനെ തങ്ങൾക്ക് ഏതെങ്കിലും പ്രതികരണം അനുഭവപ്പെട്ടിരുന്നതായി പറഞ്ഞു. പകുതി പേർക്കും ക്ഷീണവും മരവിപ്പും പോലെ പൊതുവായ പ്രതികരണവുമുണ്ടായി.
  ഫൈസർ വാക്സിൻ  ലഭിച്ചവരുമായി താരതമ്യപ്പെടുത്തുമ്പോൾ,   മോഡേണ സ്വീകരിച്ചവരിൽ റിയാക്റ്റോജെനിസിറ്റി അഥവാ വാക്സിൻ സ്വീകരിച്ച് ഉടനെ പ്രകടമാകുന്ന പാർശ്വഫലം കൂടുതലാണെന്ന് റിപ്പോർട്ടിൽ കണ്ടെത്തി.
  മോഡേണ സ്വീകരിച്ചവരിൽ  73 ശതമാനമാണ് പാർശ്വഫലങ്ങൾ കണ്ടതെങ്കിൽ  ഫൈസർ‌  ലഭിച്ചവരിൽ  65 ശതമാനം മാത്രമായിരുന്നു.

ഏത് വാക്സിൻ സ്വീകരിച്ചാലും 65 വയസ്സിന് താഴെയുള്ളവരെ അപേക്ഷിച്ച് 65 വയസ്സിനു മുകളിലുള്ളവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ [പറഞ്ഞു.
 വാക്സിൻ പാസ്‌പോർട്ടുകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്ന സംസ്ഥാനങ്ങൾ 

വാക്സിൻ പാസ്‌പോർട്ടുകളുടെ  ഉപയോഗം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണുള്ളത്.
ന്യൂയോർക്ക്  ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ഈ ആശയം സ്വീകരിക്കുമ്പോൾ, മറ്റുള്ളവർ നിരോധിക്കാനുള്ള  നീക്കത്തിലാണ് .

കഴിഞ്ഞ മാസമാണ്,  രാജ്യത്ത് ഔദ്യോഗികമായി ഡിജിറ്റൽ വാക്സിൻ പാസ്‌പോർട്ട് ഏർപ്പെടുത്തുന്ന ആദ്യത്തെ സംസ്ഥാനമായി ന്യൂയോർക്ക് മാറിയത്.
 കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖയ്ക്ക് എക്സൽസിയർ പാസ് എന്ന പേരാണ് ന്യൂയോർക്കിൽ നൽകിയിരിക്കുന്നത്. 
വാക്സിനേഷൻ സ്റ്റാറ്റസ്  അല്ലെങ്കിൽ സമീപകാല കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണ് ഫലം എന്ന് തെളിയിച്ചുകൊണ്ട് ഇവന്റുകളിലേക്കും ബിസിനസ്സുകളിലേക്കും പ്രവേശനം നേടുന്നതിന്  ന്യൂയോർക്കുകാരെ അനുവദിക്കുന്ന പാസാണിത്.

മാഡിസൺ സ്ക്വയർ ഗാർഡനും ആൽബനിയിലെ ടൈംസ് യൂണിയൻ സെന്റരിലും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങി കഴിഞ്ഞു.  കല, വിനോദം കൂടാതെ ഇവന്റുകൾ  പാസ് ഉപയോഗപ്പെടുത്തുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്ന് ഗവർണർ  ആൻഡ്രൂ കോമോയുടെ വക്താവ്  പറഞ്ഞു.

 വാക്സിൻ പാസ്‌പോർട്ടിന് ആവശ്യമായ സാങ്കേതികവിദ്യയെക്കുറിച്ച് തന്റെ സംസ്ഥാനം പഠിച്ചുവരികയാണെന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഹവായി ഗവർണർ 
 ഡേവിഡ് ഈഗെ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
  
പാസ്‌പോർട്ടുകളെ പിന്തുണയ്ക്കുന്നുവെന്ന് ഇല്ലിനോയി ഗവർണർ ജെ.ബി പ്രിറ്റ്‌സ്‌കറും അഭിപ്രായപ്പെട്ടു. എന്നാൽ, ഒരു ഇവന്റിലോ മറ്റോ പ്രവേശിക്കാൻ അവ ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

കേസുകളിൽ അധികവും ഇപ്പോൾ യുകെ വേരിയൻറ് മൂലം 

വളരെയധികം വ്യാപനശേഷിയുള്ള യുകെ കൊറോണ വൈറസ് വേരിയൻറ് ഇപ്പോൾ യു എസിൽ കൂടുതലാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഏറെയും വകഭേദം മൂലമാണെന്ന് 
 സിഡിസി ഡയറക്ടർ ഡോ. റോഷൽ വലെൻസ്കി അഭിപ്രായപ്പെട്ടു.
ജാഗ്രത പാലിക്കണമെന്ന് അവർ ഓർമ്മപ്പെടുത്തി.

ബി117 വേരിയന്റിന്റെ വ്യാപനതോത്  70 ശതമാനം വരെ കൂടുതലാണെന്നാണ് കരുതുന്നത്.
എല്ലാ 50 യുഎസ് സംസ്ഥാനങ്ങളിലും ഇതിനകം ഈ വേരിയന്റ് കണ്ടെത്തിക്കഴിഞ്ഞു.
രാജ്യത്തെ കേസുകളിൽ പകുതിയിലധികം കേസുകളും യുകെ വേരിയന്റ് മൂലമാണ്.
കഴിഞ്ഞയാഴ്ച ന്യൂയോർക്ക് സിറ്റിയിൽ പുതിയ കോവിഡ്  കേസുകളിൽ 70 ശതമാനവും വകഭേദങ്ങൾ  മൂലമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അവയിൽ കൂടുതൽ കേസും ന്യൂയോർക്കിൽ തന്നെ കണ്ടെത്തിയ B.1.526 വേരിയൻറ് മൂലമാണ്.

ജെ&ജെ വാക്സിൻ സ്വീകരിച്ച 13 പേരിൽ പാർശ്വഫലങ്ങൾ കണ്ടതോടെ വാക്സിനേഷൻ സൈറ്റ് അടച്ചു 
കൊളറാഡോയിൽ  ജോൺസൺ & ജോൺസൺ വാക്സിൻ സ്വീകരിച്ച 13 പേരിൽ പാർശ്വഫലങ്ങൾ കണ്ടതോടെ വാക്സിനേഷൻ സൈറ്റ് ഒരു ദിവസത്തേക്ക് അടച്ചിട്ടു. 
 ബുധനാഴ്ചയാണ് സംഭവം.
ഏത്‌ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായതെന്ന്  ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
കൊമേഴ്‌സ് സിറ്റിയിലെ സ്‌പോർട്ടിംഗ് ഗുഡ്സ് പാർക്കിൽ 1,700 ൽ അധികം ആളുകൾ വാക്സിൻ സ്വീകരിച്ചതിൽ  1 ശതമാനത്തിൽ താഴെ ആളുകൾക്കാണ് പാർശ്വഫലം  റിപ്പോർട്ട് ചെയ്തത്.
സെഞ്ചുറ ഹെൽത്തും സ്‌റ്റേറ്റും  സംയുക്തമായാണ് വാക്സിനേഷൻ പ്രക്രിയ നടത്തിയിരുന്നത്.
സൈറ്റ് അടച്ചതോടെ, ബുധനാഴ്ചത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്ത 600 ലധികം ആളുകൾക്ക്  കുത്തിവയ്പ്പ് എടുക്കാൻ കഴിഞ്ഞില്ല.
ഇവർക്ക്  ഞായറാഴ്ച മറ്റൊരു സൈറ്റിൽ അവരുടെ അപ്പോയിന്റ്മെന്റ്  വീണ്ടും ഷെഡ്യൂൾ ചെയ്യാൻ കഴിയും.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക