Image

എൽ ഡി എഫ് സർക്കാർ ഭരണകാലഘട്ടവും; പ്രതിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളും

സ്വന്തം ലേഖകൻ Published on 08 April, 2021
എൽ ഡി എഫ് സർക്കാർ ഭരണകാലഘട്ടവും; പ്രതിപക്ഷത്തിന്റെ ചെറുത്തു നിൽപ്പുകളും

വാഗ്ധാനങ്ങളുടെ നീണ്ട പട്ടികയുമായി ജനങ്ങളിലേക്കിറങ്ങിവന്ന ഒരു ഗവണ്മെന്റ് കാലഘട്ടം കൂടി കേരളത്തിൽ അവസാനിക്കുകയാണ്. തുടർഭരണം ഉണ്ടാകുമോ? അതോ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പതിവ് പോലെ മാറി ചിന്തിക്കുമോ? അതുമല്ലെങ്കിൽ പുതിയൊരു അട്ടിമറിക്കുള്ള സാധ്യതയെ കണക്കിലെടുക്കാമോ എന്നൊക്കെയാണ് എല്ലായിപ്പോഴത്തെയും പോലെ ജനങ്ങളിൽ നിന്നുയരുന്ന ചർച്ചകൾ.

എന്തായിരുന്നു കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ?

എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്ന ക്യാപ്‌ഷന്റെ അമിത വിശ്വാസങ്ങളുടെ പുറത്താണ് കേരളത്തിൽ ഇടതിന്റെ ഭരണം അരങ്ങേറുന്നത്. പൂട്ടിയ ബാറുകൾ തുറന്ന കളങ്കം മാറ്റാൻ പൂട്ടിയ സ്കൂളുകൾ കൂടി തുറന്നാണ് എൽ ഡി എഫ് മാതൃകയായത്. എല്ലാ സർക്കാർ സ്കൂളുകളും ഹൈടെക്ക് ആക്കുന്നതിൽ സർക്കാരിന്റെ വിദ്യാഭ്യാസ നയം ഒരുപാട് സഹായിച്ചു. ചോർന്നൊലിക്കുന്ന മേൽക്കൂരകളൊക്കെ വാർത്തു വാർത്താണ് എൽ ഡി എഫ് ഭരണത്തിലെ പല വിവാദങ്ങളും മറ്റും മായ്ച്ചു കളഞ്ഞത്. ഒരുതരത്തിൽ നോക്കിയാൽ രണ്ടു പ്രളയവും, നിപ്പയും, കൊറോണയും തുടങ്ങി ബാധിച്ച എല്ലാ കഷ്ടങ്ങളെയും കേരളത്തിൽ നിന്ന് പുറത്തേക്കെറിയാൻ വലിയ ആർജ്ജവം തന്നെയാണ് പിണറായി സർക്കാർ നടത്തിയിട്ടുള്ളത്. പ്രളയ സമയത്തെ സർക്കാരിന്റെ ഇടപാടുകൾ വല്ലാതെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ അവിടെയും അഴിമതികളും അനാവശ്യ തീരുമാനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷം രംഗത്ത് വന്നത്. പ്രളയകാലത്തെ പല നേതാക്കളുടെയും അഴിമതികളെ പൊളിച്ചെഴുതുന്നതിൽ ആ വിമർശനനങ്ങൾക്ക് വലിയ പങ്കുണ്ട്.

തുടർന്ന് വന്ന നിപ്പയിൽ സർക്കാരിന്റെ ആരോഗ്യ രംഗം വലിയൊരു പ്രതീക്ഷയാണ് കേരളത്തിന്‌ നൽകിയത് പൊരുതിത്തന്നെയാണ് അതിനെ സർക്കാർ ഇല്ലാതാക്കിയത്. ലോകം മുഴുവൻ കോവിഡ് 19 വ്യാപനത്തിലേക്ക് നീങ്ങിയത്തോടെയാണ് ഗവണ്മെന്റ് ഒന്നുകൂടി ആരോഗ്യ രംഗത്തിൽ മെച്ചപ്പെടാൻ തുടങ്ങിയത്. ആരോഗ്യ രംഗത്തെ കൂട്ടായ പ്രവർത്തനം മറ്റു രാജ്യങ്ങൾക്ക് മുൻപിൽ കേരള മോഡൽ സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. ലോക് ഡൗൺ കാലഘട്ടങ്ങളിലെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സർക്കാർ ജനങ്ങളിലേക്ക് കൂടുതൽ അടുത്തത് കോവിഡ് 19 കാലഘട്ടത്തിലായിരുന്നു.

പക്ഷെ പ്രതിപക്ഷം അടങ്ങിയിരുന്നില്ല. സ്വർണ്ണക്കടത്തു മുതൽ ലാവ്‌ലിൻ കേസും പ്രളയ കാരണവുമൊക്കെ പറഞ്ഞ് രമേശ്‌ ചെന്നിത്തലയും സംഘവും സർക്കാറിനോടൊപ്പം തന്നെയുണ്ടായിരുന്നു. യോജിക്കേണ്ട ഇടങ്ങളിൽ യോജിച്ചും വിയോജിക്കേണ്ട ഇടങ്ങളിൽ വിയോജിച്ചും തന്നെയാണ് പ്രതിപക്ഷം നടന്നു നീങ്ങിയത്. പി എസ് ഇ നിയമനത്തിലെ ക്രമക്കേടുകൾക്കെതിരെ തെരുവിലും മറ്റും ശബ്ധിച്ച പ്രതിപക്ഷത്തെ കേരള രാഷ്ട്രീയത്തിന് ഒരിക്കലും മറക്കാനാവില്ല. സർക്കാരിനെ പലപ്പോഴും അത് സമ്മർദ്ദത്തിലാക്കിയിരുന്നു എന്ന് മാത്രമല്ല ഗവണ്മെന്റ് ന്റെ പല പ്രശ്നങ്ങളും പരിഹരിക്കാനും അത് കാരണമായിട്ടുണ്ടായിരുന്നു. സ്പ്രിംഗ്ലർ അഴിമതിയും ഭക്ഷ്യക്കിറ്റിന്റെ പേരിലുള്ള വോട്ടഭ്യർത്ഥനയും വാളയാർ പെൺകുട്ടികളുടെ തുടങ്ങി മറ്റു പല മരണങ്ങളുടെയും ദുരൂഹതയും സമൂഹത്തിനു മുൻപിലേക്കെത്തിച്ചത് പ്രതിപക്ഷം തന്നെയാണ്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു നല്ല കാലഘട്ടം തന്നെയാണ് കടന്നുപോകുന്നത്. ഹൈടെക് ആയ സ്കൂളുകൾ, സൗജന്യ ചികിത്സകൾ ഉള്ള ആശുപത്രികൾ അങ്ങനെ നീളുന്നുണ്ട് നേട്ടങ്ങളുടെ നിര. എങ്കിലും പ്രതിപക്ഷത്തിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ട് ജനങ്ങൾ തിരിച്ചറിഞ്ഞ പല പ്രശ്നങ്ങളും ഉണ്ടായതും ഈ കാലഘട്ടത്തിൽ തന്നെയാണ്. കണ്ടറിയാം ഭക്ഷ്യക്കിറ്റും കൊറോണയും പ്രളയവുമൊക്കെ എങ്ങനെ കേരളത്തിന്റെ അടുത്ത രാഷ്ട്രീയഭാവി നിർണ്ണയിക്കുമെന്ന്. എന്ത് തന്നെയായാലും ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്നവർ ജനങ്ങൾക്ക് വേണ്ടി തന്നെ നിലകൊള്ളുന്നവരാകട്ടെ എപ്പോഴും എല്ലാക്കാലവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക