Image

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 09 April, 2021
ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കുതിരക്കച്ചവടത്തിലൂടെ ജനകീയ ഗവണ്‍മെന്റുകളെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുക. സംസ്ഥാനത്തെ വിഭജിച്ചും നിയമനിര്‍മ്മാണസഭ പിരിച്ചുവിട്ടും ജനാധിപത്യത്തെ ഇല്ലാതാക്കുക. കെട്ടിവച്ച കാശുപോലും ലഭിക്കാതെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്വന്തം പാര്‍ട്ടിയില്‍പെട്ട മൂന്നുപേരെ നിയമനിര്‍മ്മാണ സഭയിലേക്ക് ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ സഹായത്തോടെ നോമിനേറ്റ് ചെയ്ത് സത്യപ്രതിജ്ഞ ചെയ്യിച്ച് ഇവരുടെ സഹായത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ ഭരണത്തില്‍ നിന്നും പുറത്താക്കുക. ഇവയെല്ലാം മോദി-ഷാമാര്‍ നയിക്കുന്ന ഭാരതീയ ജനപാര്‍ട്ടിയുടെ സ്ഥിരം ജനാധിപത്യ(വിരുദ്ധ) ലീലാ വിലാസങ്ങള്‍ ആണ്. ഇതില്‍ കുതിരക്കചവടത്തിലൂടെ ജനകീയ ഗവണ്‍മെന്റുകളെ അട്ടിമറിച്ച് സ്വന്തം ഗവണ്‍മെന്റുകളെ തല്‍സ്ഥാനത്ത് അവരോധിച്ചതിന് ഒട്ടേറെ സംസ്ഥാനങ്ങള്‍ ഉദാഹരങ്ങള്‍ ആയിട്ടുണ്ട്. സംസ്ഥാനത്തെ വിഭജിച്ചിട്ട് നിയമനിര്‍മ്മാണ സഭയെ പിരിച്ചുവിട്ടുകൊണ്ട് ജനാധിപത്യഹത്യ നടത്തിയത് ജമ്മു-കാശ്മീരില്‍ ആണ്. കെട്ടിവച്ച കാശു ലഭിക്കാതെ തോറ്റുപോയ ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ രഹസ്യമായി രാത്രിയില്‍(ജൂലൈ നാല്, 2017) ലഫ്റ്റനന്റ് ഗവര്‍ണ്ണറെകൊണ്ട്(കിരണ്‍ ബേദി) നോമിനേറ്റഅ ചെയ്ത് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത് കോണ്‍ഗ്രസ്-ഡി.എം.കെ. സഖ്യകക്ഷി ഗവണ്‍മെന്റിനെ വീഴിച്ചത് പുതുച്ചേരിയില്‍ ആണ്. ഇതില്‍ നിന്നുമെല്ലാം ബി.ജെ.പി. വീണ്ടും മുമ്പോട്ടു പോയിരിക്കുന്നു. ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ദല്‍ഹിയില്‍ ബി.ജെ.പി. പാര്‍ലിമെന്റിന്റെ സഹായത്തോടെ ആണ് ജനാധിപത്യത്തെ അട്ടിമറിച്ചിരിക്കുന്നത്. ഒരു ജനകീയ ഗവണ്‍മെന്റിനെ തികച്ചും നിര്‍വീരീകരിക്കുവാന്‍ ആണ് ഗവണ്‍മെന്റ് മുമ്പോട്ടുവന്നിരിക്കുന്നത്. അതും മൂന്നുപ്രാവശ്യം ആം ആദ്മി പാര്‍ട്ടിയോട് ജനാധിപത്യത്തിന്റെ യുദ്ധക്കളത്തില്‍ തോറ്റതിന് ശേഷം മാര്‍ച്ച് 24-ാം തീയതി ആണ് രാജ്യസഭ ഈ ബില്‍ പാസാക്കിയത്(നാഷ്ണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദല്‍ദി(ഭേദഗതി, 2021) പാസാക്കിയത്. ലോകസഭ നേരത്തെതന്നെ ഇത് പാസാക്കിയിരുന്നു. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും ദുഃഖകരമായ ഒരു ദിനമെന്ന് ഈ ബില്ലിന് പാര്‍ലിമെന്റ് അംഗീകാരം നല്‍കിയ ദിനത്തെ കേജരിവാളും പ്രതിപക്ഷ കക്ഷികളും നിയമ ഭരണഘടന വിദഗ്ധരും വിശേഷിപ്പിച്ചു. ഈ വിവാദബില്‍ നിയമം ആയാല്‍ ദല്‍ഹി ഗവണ്‍മെന്റിന് ലഫ്റ്റ്‌നന്റ് ഗവര്‍ണ്ണറുടെ അനുവാദം ഇല്ലാതെ ഭരണപരമായ ഒരു തീരുമാനവും എടുക്കുവാന്‍ സാധിക്കുകയില്ല. ദല്‍ഹി ഗവണ്‍മെന്റ് എ്‌നു പറയുന്നത് മുഖ്യമന്ത്രി അല്ല. മറിച്ച് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ആണ്. ലഫ്റ്റ്‌നന്റ് ഗവര്‍ണ്ണറാകട്ടെ കേന്ദ്രഗവണ്‍മെന്റിന്റെ പ്രതിനിധിയും. ഇതാണ് ഇവിടെ ജനാധിപത്യത്തിന്റെ അവസ്ഥ.

കേജരിവാള്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ കേന്ദ്രവും ദല്‍ഹി ഗവണ്‍മെന്റും തമ്മില്‍ നിത്യേന തര്‍ക്കവും സംഘട്ടനവും ആയിരുന്നു ഭരണത്തിന്റെ എല്ലാ മേഖലയിലും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ഗവണ്‍മെന്റിന് ആം ആദ്മി പാര്‍ട്ടിയുമായി രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. മാറിമാറി വന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍മാരിലൂടെ ഭരണതടസം സൃഷ്ടിക്കുക എന്നത് ഒരു നിത്യസംഭവം ആയി. കേജരിവാള്‍ ദല്‍ഹിക്ക് ഫുള്‍ സ്റ്റേറ്റ് ഹുഡിനായി സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ദല്‍ഹി ദേശീയ തലസ്ഥാനം ആയതിനാല്‍ ഇത് അത്ര എളുപ്പം അല്ല. ഇപ്പോള്‍ തന്നെ പോലീസും, ഭൂമിയും, ക്രമസമാധാനവും കേന്ദ്രത്തിന്റെ കീഴില്‍ ആണ്. അതിനാല്‍ തന്നെ ദല്‍ഹി ഗവണ്‍മെന്റിനെ വിമര്‍ശകര്‍ ഒരു ഗ്ലോറിഫൈഡ് മുനിസിപ്പാലിറ്റി എന്ന് വിളിച്ച് ആക്ഷേപിക്കുമായിരുന്നു. ഇപ്പോള്‍ ഈ ഗ്ലോറിഫൈഡ് മുനിസിപ്പാലിറ്റിയെ കേന്ദ്രത്തിന്റെ വാലാട്ടിപ്പട്ടി ആയി മാറിയിരിക്കുന്നു. ഇത് ജനാധിപത്യത്തോടുള്ള , ഒരു വലിയ പ്രഹസനം ആണ്. ധ്വംസനം ആണെന്ന് രാഷ്ട്രീയ നിരീക്ഷകരും ഭരണഘടന വിദ്ഗധരും അഭിപ്രായപ്പെടുന്നു. ഈ ബില്ലും ഇതിന്റെ രാഷ്ട്രീയ ഉദ്ദേശങ്ങളും ജനാധിപത്യ മാനദണ്ഡങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ വിമര്‍ശനങ്ങള്‍ ശരിയാണെന്ന് ബോദ്ധ്യമാകും.

ആരംഭത്തില്‍ ദല്‍ഹി ഒരു പാര്‍ട്ട് 'സീ'സ്റ്റെയിറ്റ് ആയിരുന്നു. 1951-ല്‍ ഒരു നിയമനിര്‍മ്മാണ സഭയും മൂന്ന് മന്ത്രിസ്ഥാനവും നിലവില്‍ വന്നു. 1952-ല്‍ ചൗധരി ബ്രഹപ്രകാശ് ദല്‍ഹിയുടെ ആദ്യമുഖ്യമന്ത്രിയുമായി. കേന്ദ്രവുമായുള്ള അഭിപ്രായ ഭിന്നതമൂലം ഇദ്ദേഹം 1955-ല്‍ രാജിവച്ചു. 1956-ല്‍ ദല്‍ഹി ഒരു യൂണിയന്‍ ടെറിട്ടറി ആയി. ലെജിസ്ലേറ്റീവ് അസംബ്ലിയും കൗണ്‍സിലും പിരിച്ചുവിട്ടു. ഇതിനെതിരെ പാര്‍ലിമെന്റില്‍ വലിയ പ്രതിഷേധം ഉണ്ടായി. ദല്‍ഹിയുടെ ഭരണം രാഷ്ട്രപതി നിയമിക്കുന്ന ഒരു അഡ്മിനിസ്‌ട്രേറ്ററില്‍ നിക്ഷിപ്തമായി. 1966-ല്‍ ദല്‍ഹി അഡ്മിനിസ്്‌ട്രേറ്റീവ് ആക്ട് പ്രകാരം ചെറിയ തോതില്‍ ജനപ്രാതിനിധ്യ ്‌സ്വഭാവമുള്ള ഒരു ഗവണ്‍മെന്റിന് അനുമതിയായി. തെരഞ്ഞെടുക്കപ്പെട്ട 56 അംഗങ്ങളും നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളും ഉള്ള മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ നിലവില്‍ വന്നു. ഈ ഒരു സംവിധാനം കുറെകാലം തുടര്‍ന്നു. അപ്പോഴെല്ലാം ഫുള്‍സൈയിറ്റ്ഹുഡിനായിട്ടുള്ള മുറവിളി ഉയര്‍ന്നുകൊണ്ടേയിരുന്നു.

1989-ല്‍ ബാലകൃഷ്ണന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടുപ്രകാരം ദല്‍ഹിയുടെ യൂണിയന്‍ ടെറിട്ടറി സ്റ്റാറ്റസ് നിലനിര്‍ത്തിക്കൊണ്ട് ഒരു നിയമനിര്‍മ്മാണ സഭയ്ക്കും, മന്ത്രിസഭയും മുഖ്യമന്ത്രിയ്ക്കും ശുപാര്‍ശയുണ്ടായി. ഇതിന്റെ ഫലമായി 69-ാം ഭരണഘടനഭേദഗതിയുടെയും നാഷ്ണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദല്‍ഹി ആക്ട്, 1991-ന്റെയും അടിസ്ഥാനത്തില്‍ രാജ്യതലസ്ഥാനത്ത് ജനാധിപത്യം ഒരു വിധത്തില്‍ പുനഃസ്ഥാപിക്കപ്പെട്ടു. ലഫ്റ്റനല്‍ ഗവര്‍ണ്ണറും നിയമിക്കപ്പെട്ടു. ഇതിനെയാണ് ഇപ്പോള്‍ ബി.ജെ.പി. ഗവണ്‍മെന്റ് അട്ടിമറിയ്ക്കുവാന്‍ നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് സര്‍വ്വാധികാരവും നല്‍കിക്കൊണ്ട്.
1991-ന് ശേഷം കോണ്‍ഗ്രസും ബി.ജെ.പി.യും ദല്‍ഹി മാറിമാറി ഭരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഷീലാദീക്ഷിത്ത് തുടര്‍ച്ചയായി 15 വര്‍ഷം ദല്‍ഹി ഭരിച്ചു. ഇതില്‍ ഭരിച്ചിരുന്നത് എ.ബി.വാജ്‌പേയ് ആയിരുന്നു. അന്നൊന്നും ഈ വക സംഘട്ടനങ്ങളോ ജനാധിപത്യനിഗ്രഹപരമായ നടപടികളോ ഉണ്ടായിരുന്നില്ല. 2014-ല്‍ നരേന്ദ്രമോദി കേവലഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. സ്ഥിതിഗതികള്‍ മാറുവാന്‍ തുടങ്ങി. 2019-ല്‍ വീണ്ടും മോദി വര്‍ദ്ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. 2015-ലും 2020-ലും കേജരിവാളും ശക്തനായി ദല്‍ഹിയില്‍ അധികാരത്തില്‍ എത്തി. മൂ്ന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും കേജരിവാളിനെ തടയുവാന്‍ മോദിക്ക് സാധിച്ചില്ല.

കേന്ദ്രവും ദല്‍ഹി ഗവണ്‍മെന്റും തമ്മിലുള്ള സംഘര്‍ഷം അതിന്റെ പാരമ്യതയിലെത്തിയപ്പോള്‍ വിഷയം സുപ്രീം കോടതി മുമ്പാകെ എത്തി. 2018-ല്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ദല്‍ഹി ഗവണ്‍മെന്റിനും ജനാധിപത്യ മര്യാദയ്ക്കും അനുകൂലമായി ഒരു വിധി പുറപ്പെടുവിച്ചു: പാര്‍ലിമെന്റ് നാഷ്ണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദല്‍ഹിക്ക് ജനപ്രതിനിധി സ്വഭാവമുള്ള ഒരു ഗവണ്‍മെന്റാണ് വിഭാവന ചെയ്തിരിക്കുന്നത്. ഇത് പ്രകാരം ദല്‍ഹി ഭരിക്കുന്നത് ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്ത ഒരു നിയമനിര്‍മ്മാണ സഭയാണ്. ഈ നിയമനിര്‍മ്മാണസഭയ്ക്ക് ഭരണഘടനാനുസൃതമായ നിയമനിര്‍മ്മാണം നടത്തുവാന്‍ അധികാരം ഉണ്ട്. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ച് പ്രവര്‍ത്തിക്കാം. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണ്ണര്‍ക്ക് ഇത് രാഷ്ട്രപതിക്ക് അന്തിമതീരുമാനത്തിനായി വിടാവുന്നതാണ്. സുപ്രീംകോടതി അതിന്റെ വിധിയില്‍ ഫെഡറല്‍ തുലനാവസ്ഥയെക്കുറിച്ചും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കേന്ദ്രീകൃതമായ ഭരണത്തിന് എതിരെന്നപോലെതന്നെ ഒരു ഫെഡറല്‍ ബാലന്‍സിങ്ങിന് ഇത് അനുകൂലവും ആണ്. യൂണിയന്‍ സര്‍വ്വഅധികാരവും കയ്യാളരുത്. കേന്ദ്രത്തിന്റെ ഇടപെടല്‍ ഇല്ലാതെ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച് കൊടുക്കണം. ഇതില്‍ നിന്നും വ്യക്തം ആണ് സുപ്രീം കോടതിയുടെ അഭിപ്രായത്തില്‍ ദല്‍ഹി ഗവണ്‍മെന്റിന്റെ സര്‍വ്വാധികാരം ലഫ്റ്റനന്റ് ഗവര്‍ണ്ണറില്‍ അല്ല തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളടങ്ങുന്ന നിയമനിര്‍മ്മാണസഭയിലും മന്ത്രിസഭയിലും മുഖ്യമന്ത്രിയിലും ആണ്.

സുപ്രീംകോടതിയുടെ ഈ വിധിയെ മറിക്കടക്കുവാനാണ് കേന്ദ്രം ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുവാന്‍ ബില്ല് പാസാക്കിയെടുത്തിരിക്കുന്നത്. പക്ഷേ, ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത് സുപ്രീംകോടതിയുടെ വിധി ശരിക്കും പ്രാവര്‍ത്തികമാക്കുവാനാണ് ഈ നിയമ ഭേദഗതി എന്നാണ്. ഒപ്പം ഗവണ്‍മെന്റ് എന്ന പദത്തിന് കൂടുതല്‍ വ്യക്തതയും ഉറപ്പു വരുത്തണമത്രെ! 
ഈ നിയമഭേദഗതി ജനാധിപത്യത്തെ അട്ടിമറിക്കുവാനുള്ള മോദി-ഷാ കൂട്ടുകെട്ടിന്റെ മറ്റൊരു തന്ത്രം ആണ്. ഇവിടെ തീരുമാനിക്കപ്പെടേണ്ടത് ദല്‍ഹി ആരാണ് ഭരിക്കേണ്ടത്? അത് തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് ആണോ? അതോ കേന്ദ്രം നിയമിക്കുന്ന ഒരു ഏജന്റ് ആണോ? ഗവണ്‍മെന്റ് അല്ലെങ്കില്‍ എന്തിന് ഈ ജനാധിപത്യം എന്ന പ്രഹസനം? എന്തിന് ഈ തെരഞ്ഞെടുപ്പുകള്‍? എ്തിന് ജനം വോട്ട് ചെയ്യുവാന്‍ പോളിങ്ങ് ബൂത്തില്‍ പോകണം? എ്ന്തിന് ഈ നിയമനിര്‍മ്മാണ സഭ? എന്തിന് കോടിക്കണക്കിന് നികുതി ദായകരുടെ പണം ഇതിന്റെ നടത്തിപ്പിനായി ദുര്‍വ്യയം ചെയ്യണം? 70  നിയമസഭാംഗങ്ങളെ തെരഞ്ഞെടുത്തു വിട്ടിട്ട് അവരെയും അവരുടെ സമ്മതിദായകരെയും നോക്കുകുത്തികളാക്കുവാനാണോ ഈ മോദി-ഷാ നിയമത്തിന്റെ ഉദ്ദേശം?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക