Image

അടുത്തയാഴ്ച ജോൺസൺ & ജോൺസൺ വാക്സിന്റെ വിതരണം 80 ശതമാനം കുറയും

Published on 10 April, 2021
അടുത്തയാഴ്ച ജോൺസൺ & ജോൺസൺ വാക്സിന്റെ  വിതരണം 80 ശതമാനം കുറയും

അടുത്തയാഴ്ച യുഎസിൽ ജോൺസൺ & ജോൺസൺ വാക്സിന്റെ വിതരണം 80 ശതമാനം കുറയുമെന്ന് സിഡിസി വ്യക്തമാക്കി.ഉൽപാദനവുമായി ബന്ധപ്പെട്ടുള്ള ചില സങ്കീർണതകളാണ് അളവ് കുറയാൻ കാരണം.
സി‌ഡി‌സിയുടെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നത് ജെ & ജെ യുടെ 4.9 മില്യണിലധികം ഡോസുകൾ കഴിഞ്ഞ ആഴ്ചയ്ക്കുള്ളിൽ  യുഎസിൽ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ, വരുന്ന ആഴ്ച 700,000 ഡോസുകൾ മാത്രമേ നൽകാൻ സാധിക്കൂ.

വാക്സിൻ വിതരണത്തിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് ഫെഡറൽ ഉദ്യോഗസ്ഥർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ,അടുത്ത ആഴ്ച എന്തുകൊണ്ട് 
 ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകുന്നു എന്നത് വ്യക്തമല്ല.

ബാൾട്ടിമോറിലെ പ്ലാന്റിൽ തൊഴിലാളികൾക്ക് പിഴവ് പറ്റി, വാക്സിൻ നിർമ്മാണ സാമഗ്രികൾ ഉപയോഗശൂന്യമായത് വിതരണത്തെ ബാധിച്ചിരിക്കുമോ എന്ന കാര്യത്തിൽ  ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.  രാജ്യത്ത് വാക്സിൻ വിതരണം ചെയ്യാനുള്ള അംഗീകാരം ആ പ്ലാന്റിന് യുഎസ് റെഗുലേറ്റർ‌മാർ‌ നൽകിയിട്ടില്ല.

ന്യൂജേഴ്‌സി ആസ്ഥാനമായുള്ള കോർപ്പറേഷന്റെ ഒറ്റ-ഡോസ് വാക്സിനുകൾ,അമേരിക്കക്കാർക്ക് വിതരണം ചെയ്തിരിക്കുന്നത് നിർമ്മിച്ചത് യൂറോപ്പിലാണ്. നെതർലാൻഡ്സിൽ കമ്പനിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള പ്ലാന്റിൽ ഉത്പാദിപ്പിച്ച വാക്സിനാണ് ഫെബ്രുവരി അവസാനം അംഗീകാരം ലഭിച്ചത്. 

40 വയസ്സിന് താഴെയുള്ള  സ്ത്രീകൾക്ക് വാക്സിൻ പാർശ്വഫലങ്ങൾക്ക് കൂടുതൽ സാധ്യത

 40 വയസ്സിന് താഴെയുള്ള  സ്ത്രീകൾക്ക്  കോവിഡ്  വാക്സിൻ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധർ പറയുന്നു.
വേദന, വീക്കം എന്നീ പാർശ്വഫലങ്ങൾ ഈ പ്രായപരിധിയിലെ സ്ത്രീകളിൽ  പ്രതിരോധ കുത്തിവയ്പ്പിന് ശേഷം കൂടുതൽ അനുഭവപ്പെടുന്നത്  ഈസ്ട്രജൻ ഹോർമോണിന്റെ അളവിന് ആനുപാതികമായാണോ എന്ന് വ്യക്തമാകാൻ കൂടുതൽ പഠനം വേണ്ടിവരും.
മനംപുരട്ടൽ, നിസാരമായ പനി തുടങ്ങിയവയും വാക്സിൻ എടുത്തവർ പ്രകടിപ്പിക്കാറുണ്ട്.

കൊളറാഡോയിൽ  ജോൺസൺ & ജോൺസൺ വാക്സിൻ സ്വീകരിച്ച 13 പേർക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സൈറ്റ് അടച്ചിടേണ്ട സാഹചര്യം പോലും ഉണ്ടായി. 
 വാക്സിൻ ഫലപ്രദമാകുന്നതിന്റെ സൂചനയാണ് ഇത്തരം പ്രതികരണങ്ങൾ എന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ,  പ്രതികരിക്കാത്തവരിൽ മരുന്ന് ഫലം കാണില്ലേ എന്ന ചോദ്യം ഉയരാം.
വിദഗ്ദ്ധർ പറയുന്നത് വാക്സിന്റെ ഫലപ്രാപ്തിയും ഇത്തരം പ്രതികരണങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ്.
പ്രതികരണം ഉണ്ടാകാത്തവരിലും വാക്സിൻ എടുക്കുന്നതോടെ നിശ്ചിത സമയം ആകുമ്പോൾ രോഗപ്രതിരോധം സാധ്യമാകും.

വംശീയമായ വേർതിരിവ് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് സിഡിസി ഡയറക്ടർ 

യുഎസിലെ പൊതുജനാരോഗ്യത്തിന് വംശീയമായി നിലനിൽക്കുന്ന വേർതിറീവ്  ഗുരുതരമായ ഭീഷണി ഉയർത്തുന്നതായി സിഡിസി ഡയറക്ടർ ഡോ. റോഷൽ വലൻസ്‌കി പറഞ്ഞു. കോവിഡ് ഈ അസമത്വങ്ങൾ  വർദ്ധിപ്പിച്ചു എന്നും അവർ അഭിപ്രായപ്പെട്ടു. നോൺ-വൈറ്റ് കമ്മ്യൂണിറ്റിയെ വൈറ്റിനെ അപേക്ഷിച്ച് കൂടുതലായി കോറോണവൈറസ് വലിയ രീതിയിൽ ബാധിച്ചത്, മരണങ്ങളുടെയും  കേസുകളുടെയും അനുപാതം ചൂണ്ടിക്കാണിച്ചുകൊണ്ട്  വലൻസ്കി വ്യക്തമാക്കി. ഈ അസമത്വം കഴിഞ്ഞ ഒരു വർഷത്തിന്റെ ഫലമല്ലെന്നും, തലമുറകളായി നിലനിൽക്കുന്നതും വെളിപ്പെടുത്താതെയും ശ്രദ്ധിക്കപ്പെടാതെയും പോയ വംശീയതയുടെ മുഖം കോവിഡ് വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

വംശീയതയെ പൊതുജനാരോഗ്യ പ്രതിസന്ധിയോ അടിയന്തരാവസ്ഥയോ ആയോ കാണുന്ന 170- ലധികം മുനിസിപ്പാലിറ്റികൾ ഉൾച്ചേർത്ത് അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ തയ്യാറാക്കിയ മാപ്പിനെപ്പറ്റിയും (map ) വലൻസ്കി വിശദീകരിച്ചു.

ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിന് കൂടുതൽ പണം ചിലവഴിച്ചുകൊണ്ട്  വംശീയമായ അന്തരം പരിഹരിക്കുന്നതിന്, ഫെഡറൽ ഏജൻസി പദ്ധതികൾ വിപുലീകരിക്കുന്നുണ്ടെന്നും  വലൻസ്കി പറഞ്ഞു. 'വംശീയതയും ആരോഗ്യവും(racism and health )' എന്ന പുതിയ വെബ് പോർട്ടലും ഏജൻസി ആരംഭിക്കുന്നുണ്ട്. പൊതു വ്യവഹാരത്തിന്  ഉത്തേജകമായി ഇത് പ്രവർത്തിക്കുമെന്ന പ്രതീക്ഷയും സിഡിസി ഡയറക്ടർ പങ്കുവച്ചു.

വാക്സിനേഷൻ ഊർജ്ജിതമാക്കിയിട്ടും കേസുകളും ആശുപത്രിയിൽ ചികിത്സതേടുന്നവരുടെ എണ്ണവും കൂടുന്നു 

20 ശതമാനം അമേരിക്കക്കാർ പൂർണ്ണമായും വാക്സിൻ സ്വീകരിച്ചിട്ടും, കോവിഡ് കേസുകളുടെയും ആശുപത്രിയിൽ പ്രവേശിതരാകുന്ന രോഗികളുടെയും എണ്ണം കൂടുന്നു.
66.2 മില്യണിലധികം അമേരിക്കക്കാർ ( ജനസംഖ്യയുടെ 19.9 ശതമാനം ) ഇപ്പോൾ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചിട്ടുണ്ട്.
രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള  മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച വരെ, യുഎസിലുടനീളം 112 മില്യണിലധികം ആളുകൾക്ക്  (ജനസംഖ്യയുടെ 33.7 ശതമാനം)കുറഞ്ഞത് ഒരു വാക്സിൻ ഡോസ് ലഭിച്ചിട്ടുണ്ട്.
 പ്രായപൂർത്തിയായ അമേരിക്കക്കാരിൽ നാലിലൊന്നിലധികം ആളുകൾ പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചതായി  വൈറ്റ് ഹൗസ് കൊറോണ വൈറസ്റെസ്പോൺസ്  കോർഡിനേറ്റർ ജെഫ് സിയാന്റിസ്  വെള്ളിയാഴ്ച വെർച്വൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

ഇന്നുവരെ, ന്യൂയോർക്കിലെ 5 ൽ 1 -ലധികം  പേർക്ക് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം വാക്സിൻ വിതരണം ന്യായവും തുല്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ  കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട് . കോവിഡിനെ വാക്സിൻ കൊണ്ട്  പരാജയപ്പെടുത്തുന്നതിൽ  മുന്നേറിക്കൊണ്ടിരിക്കുമ്പോഴും , ന്യൂയോർക്കുകാർ ജാഗരൂകരായി തുടരണം. നിയന്ത്രണങ്ങൾ പിന്തുടരേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും ഈ അവസരത്തിൽ  നിർണായകമാണ്.

* ആശുപത്രിയിൽ  പ്രവേശിതരായ രോഗികളുടെ എണ്ണം 4,351 ആയി കുറഞ്ഞു. 
 304,956 ടെസ്റ്റുകളിൽ 9,014പേരുടെ ഫലം  പോസിറ്റീവാണ്. പോസിറ്റിവിറ്റി നിരക്ക്: 2.96 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് :3.37 ശതമാനം. ഐസിയുവിൽ  899 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: 56.
 
* ന്യൂയോർക്കിലെ 36.0 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ്  വീതം സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 294,412 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിലെ 23.1 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി.

* എം‌വി‌എ ജീവനക്കാരുടെ കുടുംബങ്ങൾക്ക് കോവിഡ് ഫാമിലി ഡെത്ത് ബെനിഫിറ്റ് പ്രോഗ്രാമിലൂടെ  സംസ്ഥാനം അധിക നികുതി ഇളവ് നൽകും. 
 2022 സാമ്പത്തിക വർഷം നടപ്പാക്കിയ ബജറ്റിന്റെ ഭാഗമായി, കോവിഡ് ഫാമിലി ഡെത്ത് ബെനിഫിറ്റ് പ്രോഗ്രാം വഴി എം‌ടി‌എ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നേരിട്ട് നൽകുന്ന പേയ്‌മെന്റുകൾ മഹാമാരിയിൽ സ്വന്തം ജീവൻ മറന്ന് പ്രവർത്തിച്ചവരെ  ആദരിക്കുന്നതിനാണിത്. 
ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ട  എം‌ടി‌എ ജീവനക്കാരുടെ കുടുംബങ്ങൾക്കായി  62 മില്യൺ ഡോളർ നേരിട്ടുള്ള പേയ്‌മെന്റ്  അനുവദിക്കും.
 
4. കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പതിനാറ് പോപ്പ്-അപ്പ് വാക്സിനേഷൻ സൈറ്റുകൾ കൂടി  അടുത്ത ആഴ്ച വരും. ഈ സൈറ്റുകളിലൂടെ പ്രതിവാരം,  7,100 ൽ അധികം ആളുകൾക്ക് വാക്സിനേഷൻ നൽകാമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 15 മുതൽ 200 -ലധികം കമ്മ്യൂണിറ്റി അധിഷ്ഠിത പോപ്പ്-അപ്പ് സൈറ്റുകളിലൂടെ  77,000 ൽ അധികം കോവിഡ്  വാക്സിൻ നൽകിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക