Image

10 കോടി കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ ഏറ്റവും വേഗമേറിയ രാജ്യമായി

Published on 11 April, 2021
10 കോടി കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ ഏറ്റവും വേഗമേറിയ രാജ്യമായി
ന്യൂഡല്‍ഹി: രാജ്യത്തു ജനങ്ങള്‍ക്കു നല്‍കിയ കോവിഡ് വാക്‌സീന്‍ ഡോസുകളുടെ എണ്ണം 10 കോടി കടന്നു. 85 ദിവസത്തിനുള്ളില്‍ 10 കോടി ഡോസുകള്‍ നല്‍കുന്ന ഏറ്റവും വേഗമേറിയ രാജ്യമാണ് ഇന്ത്യയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 കോടി ഡോസ് വാക്‌സീന്‍ നല്‍കാന്‍ യുഎസ് 89 ദിവസമെടുത്തു, ചൈന 102 ദിവസവും. 85 ദിവസത്തിനുള്ളില്‍ യുകെ 21.32 മില്യന്‍ ഡോസുകള്‍ നല്‍കി.

ആഗോളതലത്തില്‍ പ്രതിദിന ഡോസുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, ദിവസവും ശരാശരി 38,93,288 ഡോസ് നല്‍കി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. രാജ്യത്ത് ഇതുവരെ നല്‍കിയ കോവിഡ് വാക്‌സീന്‍ ഡോസുകളുടെ എണ്ണം 10,12,84,282 ആണ്. ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കും (1.28 ശതമാനം) ഇന്ത്യയിലാണ്.

മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ്, കേരളം എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസിന്റെ 60.62 ശതമാനവും. 45നും 59നും ഇടയില്‍ പ്രായമുള്ള 3,01,14,957 പേര്‍ക്ക് ആദ്യ ഡോസും 6,37,768  പേര്‍ക്ക് രണ്ടാമത്തെ  ഡോസും നല്‍കി.

വാക്‌സിനേഷന്‍ ഡ്രൈവിന്റെ 85ാം ദിവസമായ ശനിയാഴ്ച രാത്രി 8 മണി വരെ മൊത്തം 29,65,886 വാക്‌സീന്‍ ഡോസുകള്‍ നല്‍കി. ഇതില്‍ 26,31,119 പേര്‍ക്ക് ആദ്യ ഡോസും 3,34,767 പേര്‍ക്ക് രണ്ടാമത്തെ ഡോസും നല്‍കി. രാജ്യത്ത്, 45 വയസ്സിനു മുകളിലുള്ളവര്‍ക്കായുള്ള വാക്‌സീന്‍ കവറേജ് വിപുലീകരിക്കുന്നതിനായി ജോലി സ്ഥലങ്ങളിലും വാക്‌സിനേഷന്‍ എടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക