തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍പൂരം നിയന്ത്രണങ്ങളോടെ നടത്തിയില്ലെങ്കില്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വന്‍ വിപത്തായിരിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പൂരം സാധാരണപോലെ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് നിലവിലെ സാഹചര്യത്തില്‍ തൃശൂര്‍ ഡിഎംഒ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണപോലെ പൂരം നടന്നാല്‍ അപകടകരമായ സ്ഥിതിയിലേക്ക് സംസ്ഥാനംഎത്തുമെന്നും,ഒന്നര വര്‍ഷമായി സംസ്ഥാനം നടത്തുന്ന കോവിഡ് പ്രതിരോധമെല്ലാം ഇതോടെ പാളിപ്പോകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ 20,000 പേര്‍ക്കെങ്കിലും രോഗബാധയുണ്ടാകുമെന്നും 10 ശതമാനം രോഗികള്‍ മരണം വരെ സംഭവിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ ഉത്തരവാദിത്വം ആരോഗ്യവകുപ്പിന് ആയിരിക്കില്ലെന്നാണ് ഡിഎംഒയുടെ നിലപാട്.
അതേസമയം പൂരം ആചാരങ്ങളെല്ലാം പാലിച്ച് നടത്തണമെന്നാണ് ദേവസം ബോര്‍ഡുകളുടെ നിലപാട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജനങ്ങള്‍ ടിവിയിലൂടെ പൂരം കാണാന്‍ തയാറാകണമെന്നുമാണ് ദേവസ്വം പ്രതിനിധികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, പൂരം തകര്‍ക്കാന്‍ ഡിഎംഒ ശ്രമിക്കുകയാണെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്തെത്തിയിട്ടുണ്ട്. പൂരത്തിന് ആളുകളെ നിയന്ത്രിക്കണമെന്ന ഡിഎംഒയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പാറമേക്കാവിന്റെ ആരോപണം.ഊതിപ്പെരുപ്പിച്ച കണക്കാണ് ഡിഎംഒ സര്‍ക്കാരിന് നല്‍കിയിരിക്കുന്നതെന്നും, പൂരത്തിന് ആളുകളെ നിയന്ത്രിക്കാന്‍ ദേവസ്വങ്ങള്‍ തയാറാണെന്നും. ആചാരങ്ങളെല്ലാം പാലിച്ച് പൂരം നടത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.